Foto

ജോക്കോയ്ക്ക് ഗ്രാസ് കോർട്ട് വെറും പുല്ല് ക്ലേ കോർട്ട് പുപ്പുല്ല് !

ജോക്കോയ്ക്ക്  ഗ്രാസ്  കോർട്ട്  വെറും പുല്ല്
ക്ലേ കോർട്ട്  പുപ്പുല്ല്  !

GOAT (The greatest of all time)  ടെന്നീസിലെ ഓപ്പൺ യുഗത്തിൽ എക്കാലത്തേയും ഏറ്റവും വലിയ പുരുഷതാരം ആരായിരിക്കും?  കഴിഞ്ഞ ഞായറാഴ്ച ടെന്നിസിന്റെ മെക്കയായ വിംബിൾഡൺ സെന്റർ കോർട്ടിൽ തുടർച്ചയായി മൂന്നാം വട്ടവും ട്രോഫി ഉയർത്തിയതോടെ ഇനി ധൈര്യ മായി പറയാം:  നൊവാക് ജോക്കോവിച്ച് തന്നെ. പുൽക്കോർട്ടിൽ ആറാമത്തെ ചാമ്പ്യൻഷിപ്പ് വിജയത്തോടെ ഈ സെർബിയക്കാരൻ സ്വിറ്റ്‌സർലാണ്ടിന്റെ റോജർ ഫെഡററിനും, സ്‌പെയിനിന്റെ  റഫേൽ നദാലിനുമൊപ്പം ഗ്രാൻഡ്സ്ലാം വിജയങ്ങളിൽ ഒപ്പമെത്തിക്കഴിഞ്ഞു . 2003  - ൽ റോജർ ഫെഡറർ ആദ്യ ഗ്രാൻഡ്സ്ലാം  വിജയത്തോടെ ലോക ടെന്നീസിന്റെ മുഖ്യനിരയിലേക്ക് കാലെടുത്തു വച്ചതിനു ശേഷമാണ്    നദാലും, ജോക്കോവിച്ചും റാക്കറ്റുമായി ഇറങ്ങിയത്. കഴിഞ്ഞ പതിനേഴ് വർഷങ്ങളിൽ 20 വീതം 60 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് ഈ മൂവർ സംഘം പങ്കിട്ടെടുത്തിരിക്കുന്നത്. ഈ വർഷം ഓസ്‌ട്രേലിയൻ ഓപ്പൺ വിജയത്തോടെ ഐശ്വര്യമായി തുടങ്ങിയ ജോക്കോവിച്ചിന്റെ ജൈത്രയാത്രയിൽ ഫ്രഞ്ച് ഓപ്പണും,   ഇപ്പോഴിതാ വിംബിൾഡണും സ്വന്തമായിരിക്കുന്നു. പാരീസിലെ കളിമൺ കോർട്ടിൽ, 13 ഫ്രഞ്ച്    വിജയങ്ങളുടെ തുടർച്ചയായാണ് നദാലിനെ തകർത്ത് ജോക്കോവിച്ച് സ്വന്തമാക്കിയത്.
    
ടെന്നീസ് കോർട്ടിൽ തനിക്കു മുൻപേ റാക്കറ്റുമായി ഇറങ്ങിയ ഫെഡറർ  - നദാൽമാരുടെ    പ്രകടനങ്ങൾ അളവുകോലായി കണ്ട് കളി പാകപ്പെടുത്തി അവർക്കൊപ്പമെത്താൻ കഠിന പ്രയത്‌നം ചെയ്ത കളിക്കാരനാണ് ജോക്കോ.  ഇറ്റലിയുടെ മാറ്റിയോ ബെററ്റി കന്നി
ഗ്രാൻഡ്സ്ലാം സ്വപ്നങ്ങൾ തകർത്താണ് ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ജോക്കോ അടുത്ത മൂന്ന് സെറ്റുകളിൽ ആധികാരിക വിജയത്തോടെ                  ഫെഡറർ- നദാൽ സൂപ്പർ താരങ്ങൾക്കൊപ്പമെത്തിയത്. 30  ഗ്രാൻഡ്സ്ലാം കലാശക്കളികളിൽ 20     തവണയാണ് ജോക്കോ വിജയത്തെ തനിക്കൊപ്പം ചേർത്തു നിറുത്തിയത്.
    
മൂന്നു വർഷങ്ങൾക്ക് മുൻപ്, 2018 ലെ സീസണിൽ ജോക്കോവിച്ച്, തൊട്ടുമുന്നിൽ നടന്ന ആറു  ഗ്രാൻഡ്സ്ലാം ചാമ്പ്യൻ ഷിപ്പുകൾ പങ്കിട്ടെടുത്ത ഫെഡറർ - നദാൽ ജോടികൾക്ക് ഏറെ പിന്നിലായിരുന്നു. ഫെഡറർ അന്നുതന്നെ 20- കിരീടങ്ങളോടെ മുന്നിലും, നദാൽ 17 ചാമ്പ്യൻഷിപ്പ് നേട്ടങ്ങളോടെ തൊട്ടു പിന്നിലുമായിരുന്നു. രണ്ട് വർഷങ്ങൾ പരിക്കും, ഫോമിലേക്ക് ഉയരുവാൻ കഴിയാതെ വന്നതും ജോക്കോയെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നു. വിംബിൾഡണിൽ പന്ത്രണ്ടാം സീഡായി കളിക്കുവാൻ ഇറങ്ങുമ്പോൾ 31 കാരനായ  ആ സെർബിയക്കാരനിൽ ഇനിയുമേറെ ടെന്നീസ് ബാക്കിയുണ്ടെന്ന്   സംശയിച്ചവർ ഏറെയുണ്ടായിരുന്നു. വിംബിൾഡൺ വിജയത്തോടെ തന്റെ തിരിച്ചു വരവ് ഉജ്ജ്വലമാക്കിയ ജോക്കോവിച്ച് തിരിഞ്ഞു നോക്കിയിട്ടില്ല. കഴിഞ്ഞ 12 മേജറുകളിൽ എട്ടെണ്ണം ജോക്കോയുടെ ഷോകേസിലേക്കാണ് പോയത്. 2018 ൽ വിംബിൾഡൺ ഫൈനലിൽ ഫെഡററിൽ നിന്നും കിരീടം   പിടിച്ചെടുത്ത  ജോക്കോ ഇക്കഴിഞ്ഞ ഫ്രഞ്ച് ഓപ്പൺ സെമി ഫൈനലിൽ നദാലിന്റെ പതിന്നാലാമത്തെ ക്ലേ കോർട്ട് വിജയമാണ് തട്ടിത്തെറിപ്പിച്ചത്. ഫൈനലിൽ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ അഞ്ചു സെറ്റു നീണ്ട കടുത്ത മൽസരത്തിലാണ് ജോക്കോ അടിയറ പറയിച്ചത്. തന്റെ  ഗ്രാൻഡ്സ്ലാം നേട്ടങ്ങൾക്കായി അടുത്ത തലമുറക്കാരിൽ ഡൊമിനിക് തീം, ഡാനിൽ മെഡ്വഡേവ്, തുടങ്ങിയ യുവതാരങ്ങളെ പരാജയപ്പെടുത്തിയ ജോക്കോ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
    
ഇക്കഴിഞ്ഞ ഫ്രഞ്ച്, വിംബിൾഡൺ ഫൈനലുകളിൽ ഫോമിലുപരി പരിചയസമ്പത്താണ്    തുടക്കത്തിൽ തന്റെ താളം തെറ്റിച്ച
യുവപ്രതിഭകളെ കീഴടക്കുവാൻ പ്രാപ്തനാക്കിയത്. നിർണായകമായ അഞ്ചാം സെറ്റിലും പതിവു സമചിത്തത കൈവിടാതെ പൊരുതുന്ന ജോക്കോയുടെ അടുത്ത ലക്ഷ്യം ഓഗസ്റ്റ് 30ന് തുടങ്ങുന്ന യു.എസ്. ഓപ്പണിന് മുൻപുള്ള ടോക്കിയോ ഒളിംപിക്‌സാണ്. ഒളിംപിക്‌സ്                 വിശ്വകായിക മേളയിൽ നദാൽ സ്വർണ്ണമെഡൽ നേടിയിട്ടുണ്ട്. ഫെഡററും, ജോക്കോയും ടോക്കിയോ ലിസ്റ്റിലുണ്ട്. ടോക്കിയോ ഗെയിംസിൽ സ്വർണ്ണമെഡൽ നേടി തുടർന്ന് ന്യൂയോർക്കിൽ യു.എസ്. ഓപ്പൺ കിരീടം കൂടി സ്വന്തമാക്കുവാൻ കഴിഞ്ഞാൽ ഈ കലണ്ടർ വർഷത്തിൽ ഗ്രാൻഡ്സ്ലാം  ഗോൾഡൺ സ്‌ലാമാക്കി മാറ്റാം. 52 വർഷങ്ങൾക്ക് മുൻപ് ഓസ്‌ട്രേലിയയുടെ റോഡ് ലേവറാണ് കലണ്ടർ ഗ്രാൻഡ്സ്ലാം അവസാനമായി നേടിയ പുരുഷ ടെന്നീസ് താരം.
    
ലോക റാങ്കിങ്ങിൽ 329 ആഴ്ചയായി ഒന്നാം സ്ഥാനത്തു നിൽക്കുന്ന ജോക്കോയുടെ കരിയർ നേട്ടത്തിന്റെ ഔന്നത്യമറിയുവാൻ ഒരൊറ്റ വിശകലനം മതി. ജോക്കോ അല്ലാതെ നാളിതുവരെ ഗ്രാൻഡ്സ്ലാമിൽ  എല്ലാ ചാമ്പ്യൻഷിപ്പ് വിജയവും രണ്ട് തവണ നേടിയ മറ്റാരുമില്ല. എ ടി പി മാസ്റ്റേഴ്‌സിൽ 1000 വിജയങ്ങൾ വർഷാവസാനം നടക്കുന്ന എ ടി പി ഫൈനൽസിൽ രണ്ട് തവണ ജോക്കോ നേടിയിട്ടുണ്ട്.
    
ഫെഡററും  നദാലും അവരുടെ മികച്ച ഫോമിലല്ല. നാൽപതുകാരനായ ഫെഡറർക്ക് പ്രായത്തിന്റെ പ്രശ്‌നങ്ങളുണ്ട്. നദാലിനാകട്ടെ പരിക്ക് സന്തത സഹചാരിയാണ്. ഈ ഘട്ടത്തിൽ തന്റെ ഇന്നത്തെ ഫോമിൽ ജോക്കോവിച്ചിന് വരുന്ന വർഷങ്ങളിൽ തുടർച്ചയായി ഗ്രാൻഡ്സ്ലാം ടൂർണമെന്റ് വിജയങ്ങൾ കൈപ്പിടിയിൽ ഒരുക്കാം. ഓസ്ട്രേലിയയുടെ മാർഗരറ്റ് കോർട്ടിന്റെ 24  ഗ്രാൻഡ്സ്ലാം സിംഗിൾസ് വിജയങ്ങളുടെ റിക്കാർഡ് തകർക്കുവാൻ സാധ്യതകൾ ജോക്കോക്കാണുള്ളത്.
    
വരുന്ന നാളുകളിൽ കൂടുതൽ വിജയങ്ങൾക്കായി ജോക്കോവിച്ച് റാക്കറ്റേന്തുമ്പോൾ ടെന്നീസ്     പ്രേമികൾക്ക് മികച്ച കളിവിരുന്നുകൾ ന്യായമായും പ്രതീക്ഷിക്കാം. പുൽ കോർട്ടിലായാലും, കളിമൺ പ്രതലത്തിലായാലും, ഹാർഡ് കോർട്ടിൽ കളിക്കേണ്ടി വരുമ്പോഴും കളിയുടെ സൗന്ദര്യം  ജോക്കോ കാത്തുസൂക്ഷിക്കുന്നുണ്ട്. നീണ്ട റാലികളും, മൃദുലമായ ഡ്രോപ് ഷോട്ടുകളും, അളന്നു മുറിച്ച റിട്ടേണുകളും ജോക്കോ തന്റെ റാക്കറ്റുകൊണ്ട് ഒരു ഇന്ദ്രജാലക്കാരനെപ്പോലെ കളിക്കുമ്പോൾ ആരാണ് നോക്കി നിൽക്കാതെ പോകുന്നത് ?  ജോക്കോയെ ടെന്നീസ് പ്രേമികൾ സ്‌നേഹിക്കുന്നത് ഇങ്ങനെയാണ്.

എൻ . എസ് . വിജയകുമാർ

 

Foto
Foto

Comments

leave a reply

Related News