Foto

അവിടെ പന്തുകളി നമുക്ക് നെഞ്ചിടിപ്പ്

അവിടെ പന്തുകളി നമുക്ക്  നെഞ്ചിടിപ്പ്

യുവേഫ (UEFA) യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ, യൂറോ 2020ന്റെ കലാശക്കളിയിൽ, ചരിത്രമുറങ്ങുന്ന ഇംഗ്ലണ്ടിലെ, ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ, ജൂലൈ 11 ഞായറാഴ്ച യൂറോപ്യൻ വൻകരയുടെ ഫുട്‌ബോൾ മേധാവിത്വത്തിനായുള്ള കലാശക്കളിയിൽ കിരീടത്തിൽ ആരായിരിക്കും മുത്തമിടുക ?    1960 മുതൽ നാളിതുവരെ നടന്ന 15 യൂറോ കപ്പുകളിൽ ഒരിക്കലെങ്കിലും വിജയിച്ചവരോ, അതോ 2004-ൽ ഫുട്‌ബോൾ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് കടന്നുവന്ന ഗ്രീസിനെപ്പോലെ പുതിയൊരു ചാമ്പ്യൻ ആയിരിക്കുമോ  യൂറോകപ്പിന്റെ പതിനാറാം എഡിഷനിൽ കാണുവാൻ കഴിയുക ?
    കാൽപന്തുകളിയുടെ സകല സൗന്ദര്യവും ആസ്വദിക്കുവാൻ കഴിഞ്ഞ രാവുകളിൽ പതിനെട്ടടവുകളും പയറ്റിയാണ്, 24 ടീമുകളിൽ നിന്നും ക്വാർട്ടർ ഫൈനലിനായി എട്ടു ടീമുകൾ ജയിച്ചു കയറിയിരിക്കുന്നത്. നോക്കൗട്ടിന്റെ ആദ്യ ഘട്ടമായ പ്രീക്വാർട്ടറിൽ തന്നെ മുൻലോകകപ്പ് ജേതാക്കളായ ഫ്രാൻസ്, ജർമനി, കഴിഞ്ഞ യുറോ (2016) ചാമ്പ്യന്മാരായ പോർച്ചുഗൽ, വൻ ടൂർണമെന്റുകളിൽ അവസാനഘട്ടങ്ങളിൽ അടി പതറുന്ന, 1988 ലെ യൂറോ കപ്പ് നേട്ടം മാത്രം കൈമുതലായുള്ള ഹോളണ്ട്, ലോക കപ്പ് റണ്ണർ അപ്പായ ക്രൊയേഷ്യ എന്നീ വൻ ടീമുകളുടെ പതനമാണ് യൂറോ 2020-ൽ കണ്ടത്. പ്രീ ക്വാർട്ടറിൽ മൂന്നു കളികളിൽ അധികസമയത്താണ് വിധി നിർണ്ണയിക്കപ്പെട്ടത്. ഒരു മൽസരം ഒരിക്കലും മറക്കുവാൻ കഴിയാത്ത ഷൂട്ടൗട്ടിലും.
    ലോക കിരീടം നേടിയിട്ടില്ലെങ്കിലും, നിലവിലെ ലോക ഒന്നാം നമ്പർ ടീം ബെൽജിയം, ലോക കപ്പും, യൂറോ കപ്പും വിജയിച്ചിട്ടുള്ള ഇറ്റലിയും, സ്‌പെയിനും, ലോക ചാമ്പ്യന്മാരായിരുന്നിട്ടും ഒരിക്കലും തങ്ങളുടെ വൻകരയുടെ ആധിപത്യം നേടാൻ കഴിയാത്ത ഇംഗ്ലണ്ടുമാണ് ക്വാർട്ടറിലെ വമ്പന്മാരും,                 ഫേവറിറ്റുകളും. അട്ടിമറികളിലൂടെ പ്രീ ക്വാർട്ടർ മൽസരങ്ങളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച  കറുത്ത കുതിരകളായ ഡെൻമാർക്ക് ചെക്ക് റിപ്പബ്ലിക്ക്,  സ്വിറ്റ്‌സർലാൻഡ്, യുക്രൈൻ ടീമുകൾ വമ്പൻമാർക്ക് ഒപ്പം മാറ്റുരക്കുവാൻ ഇറങ്ങുമ്പോൾ ക്വാർട്ടറിലെ നാലു മൽസരങ്ങളും മികച്ച നിലവാരത്തിലേക്ക് ഉയരും. ഇത്തവണ യൂറോ കപ്പ് നേടാൻ സകല സാദ്ധ്യതകളും കല്പിക്കപ്പെട്ടിരുന്ന ഫ്രാൻസിനെ വീഴ്‌ത്തിയ  സ്വിറ്റ്‌സർലാൻഡ് 2008, 2012 യൂറോ ചാമ്പ്യന്മാരായ സ്‌പെയിനുമായി  വെള്ളിയാഴ്ച രാത്രി ആദ്യ ക്വാർട്ടർ ഫൈനലിൽ സെയിന്റ് പീറ്റേഴ്‌സ് ബർഗ് സ്റ്റേഡിയത്തിൽ ആദ്യ ക്വാർട്ടർ ഫൈനൽ   പോരാട്ടത്തിനിറങ്ങുന്നത്. രണ്ടാമത്തെ മൽസരത്തിൽ ക്രിസ്റ്റ്യനോ റൊണാൾഡോയുടെ പോർച്ചുഗലീനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് നിലവിലെ ഒന്നാം നമ്പർ ടീമായ ബെൽജിയം, ലോകകപ്പുകളും 1968-ൽ യൂറോ കപ്പും വിജയിച്ചിട്ടുള്ള ഇറ്റലിയുമായി അങ്കത്തിനിറങ്ങുന്നത്. ശനിയാഴ്ച ആദ്യ മൽസരത്തിൽ ഹോളണ്ടിന്റെ സ്വപ്നങ്ങൾ തകർത്ത  ചെക്ക് റിപ്പബ്ലിക്ക്, ഗാരത് ബെയിലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് അനായാസം ജയിച്ചു കയറിയ ഡെൻമാർക്കുമായാണ് കളിക്കുക. അവസാന മൽസരത്തിൽ, അധിക സമയത്തിന്റെ ഇൻജൂറി ടൈമിൽ വിജയഗോൾ നേടി സ്വീഡനെ കീഴടക്കിയ യുക്രൈൻ,   യൂറോ കിരീടം കിട്ടാക്കനിയായി തുടങ്ങുന്ന ഇംഗ്ലണ്ടിനെ നേരിടുന്ന ക്ലബ്ബ് ഫുട്‌ബോളിന്റെ തറാവാടായ, നിരവധി ലോകതാരങ്ങളെ കാൽപന്തുകളിക്ക് സമ്മാനിച്ചിട്ടുള്ള ഇംഗ്ലണ്ട് വെംബ്ലി സ്റ്റേഡിയത്തിൽ ലോക കപ്പിൽ മുത്തമിട്ടിട്ടുണ്ടെങ്കിലും നാളിതുവരെ യൂറോ കപ്പിൽ കിരീടം കരസ്ഥമാക്കിയിട്ടില്ല.
    മൽസര ക്രമമനുസരിച്ച് അട്ടിമറികൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ബെൽജിയം, ഇറ്റലി, സ്‌പെയിൻ എന്നീ ടീമുകളിലൊന്നു മാത്രമേ ഫൈനലിൽ കളിക്കാൻ അർഹത നേടുകയുള്ളൂ. ജർമനിയോടുള്ള   പ്രീ ക്വാർട്ടർ കളി പുറത്തെടുക്കുകയാണെങ്കിൽ ഇംഗ്ലണ്ടിന് തങ്ങളുടെ പ്രിയപ്പെട്ട വെംബ്ലി സ്റ്റേഡിയത്തിൽ ഫൈനലിന് എത്താം.
    അടുത്ത ഏഴു മൽസരങ്ങൾ ഫുട്‌ബോൾ പ്രേമികൾക്ക് ഇമ വെട്ടാതെ കാണേണ്ട കളികൾ തന്നെയാണ്. ലാറ്റിൻ അമേരിക്കൻ ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായ യൂറോപ്യൻ ഫുട്‌ബോളിന്റെ കരുത്തും, സൗന്ദര്യവും ഇനിയുള്ള ദിനങ്ങളിൽ നല്ലൊരു കളിവിരുന്നു സമ്മാനിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഒരു ടീമിനെയും എഴുതി തള്ളാൻ കഴിയില്ല. തങ്ങളുടെ ദിനത്തിൽ ആവേശകരമായ മൽസരങ്ങളിലൂടെ അവർ യൂറോ 2020 കിരീടത്തിനായി  മുന്നേറുമ്പോൾ മറക്കാനാവാത്ത കളി  നിമിഷങ്ങൾക്കായി  നമുക്ക് കാത്തിരിക്കാം ....

എൻ. എസ്‌ . വിജയകുമാർ

 

Foto
Foto

Comments

leave a reply