Foto

ഓര്‍മ്മച്ചെപ്പിലെ മിന്നാമിനുങ്ങുകള്‍

ഓര്‍മ്മച്ചെപ്പിലെ മിന്നാമിനുങ്ങുകള്‍

മാര്‍ഷല്‍ ഫ്രാങ്ക്


അങ്ങിനെ ഞാനും സെമിനാരിയില്‍ ചേര്‍ന്നു. 1960 കളിലാണ് സംഭവം. ഞായറാഴ്ച കുര്‍ബ്ബാന മദ്ധ്യേ, ദൈവവേലയ്ക്കായി പോകുവാന്‍ താല്‍പര്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ വികാരിയച്ചനെ സമീപിക്കുവാന്‍ അറിയിപ്പുണ്ടായിരുന്നു. ഏഴുമക്കളെ ലഭിച്ചതില്‍ ഒരാളെ ദൈവം നേരത്തെ വിളിച്ചിരുന്നു. പിന്നീടുള്ളവരില്‍ നിന്നൊരാളെ ദൈവവേലയ്ക്കായി വിടുവാന്‍ അപ്പനും അമ്മയും തീരുമാനിച്ചു. കുറിവീണത് എനിക്കായിരുന്നു. ഇടവക പള്ളിയില്‍ പേരു കൊടുത്തു. പ്രാഥമിക കൂടിക്കാഴ്ചയ്ക്കായി അറിയിപ്പ് ലഭിച്ചതിന്മേല്‍ ഒരു ദിവസം കൊല്ലത്ത് തങ്കശ്ശേരിയിലെ തിരുമേനിയുടെ അരമനയില്‍ചെന്നു. ഞാനും അപ്പനും കൂട്ടിനായി ഒരു ബന്ധുവും. ബന്ധുവിന്റെ മകന്‍ നിലവില്‍ സെമിനാരിയില്‍ സീനിയര്‍ വൈദികാര്‍ത്ഥിയായിരുന്നു. ആയതിനാല്‍ ഈ രംഗത്തു അദ്ദേഹത്തിന്റെ മുന്‍പരിചയമാണ് കൂടെ കൂട്ടാന്‍ ഇടയാക്കിയത്. ഏകദേശം നൂറ്റിഅമ്പതോളം കുട്ടികളുണ്ടായിരുന്നു അവിടെ. തോട്ടപ്പള്ളിയില്‍ തുടങ്ങി ആര്യങ്കാവു വരെയും അവിടെ നിന്നും തെക്കോട്ട് പരവൂര്‍ വരെയും ഉള്ള ഇടങ്ങളില്‍ നിന്ന് ആളുകള്‍ എത്തിച്ചേര്‍ന്നിരുന്നു. (അന്ന് പുനലൂര്‍ രൂപത നിലവില്‍ വന്നിട്ടില്ലായിരുന്നു). ഊഴം കാത്തു നില്ക്കവേ, ഇന്റര്‍വ്യൂ വേളയില്‍ ചോദിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ ബന്ധു പറഞ്ഞു തന്നു. അതില്‍ ഒരെണ്ണം ഇങ്ങനെ; ''മകനേ, നീ എന്തിനായി ഇവിടെ വന്നു?'' ഉത്തരവും പറഞ്ഞു. ഭവ്യതയോടെ കൈകള്‍ കൂപ്പി, ഇങ്ങനെ പറയണമത്രെ; പിതാവേ, കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തില്‍ വേലചെയ്യുവാനായി ഞാന്‍ വന്നിരിക്കുന്നു.'' അങ്ങനെ റെഡിമെയ്ഡ് ചോദ്യവും ഉത്തരവു ലഭിച്ചു. പിന്നീട് എത്രയോവട്ടം ഞാനത് ചൊല്ലിപറഞ്ഞ് മന:പാഠമാക്കി. വീണ്ടും വീണ്ടും ചോദ്യവും ഉത്തരവും പലവട്ടം ആവര്‍ത്തിച്ച് മനസ്സില്‍ പറഞ്ഞുകൊണ്ടിരുന്നു. കാരണം, സംഗതി എനിക്ക് നന്നേ ബോധിച്ചിരുന്നു. എത്രയോ ദിവസം പള്ളിയില്‍ പോയി. അള്‍ത്താര ശുശ്രൂഷകനും ആയിരുന്നു. പക്ഷേ, കര്‍ത്താവിനു മുന്തിരിത്തോട്ടമുള്ള കാര്യം ആരും പറഞ്ഞുതന്നിരുന്നില്ല. ഇപ്പോള്‍ ദേ സെമിനാരിയില്‍ ചേര്‍ന്നാല്‍ നേരെ പോകുന്നത് മുന്തിരിത്തോട്ടത്തിലേക്കാണ്. ആനന്ദലബ്ധിക്കിനിയെന്തു വേണം! ഏഴാം ക്ലാസ്സുകാരന്റെ മനസ്സില്‍ ലഡു പൊട്ടി. വരിവരിയായി നില്ക്കവേ എന്റെ ഊഴം വന്നു. ബന്ധു പഠിപ്പിച്ചതിന്‍ പ്രകാരം വശങ്ങളിലിരിക്കുന്ന അച്ചന്മാര്‍ക്ക് സ്തുതി ചൊല്ലി. പിന്നീട് മദ്ധ്യത്തിലിരിക്കുന്ന ആളുടെ കൈപിടിച്ച് ചുംബിക്കണം. കട്ടികണ്ണടവച്ച് താടിയുള്ളയാള്‍ ജറോം പിതാവായിരുന്നു. ആ മുഖത്ത് ഒന്ന് പാളി നോക്കി. ദിവ്യതേജസ്സ്! ആ കൂടിക്കാഴ്ചയുടെ അനുഭൂതി ഇന്നലെത്തേതുപോലെ ഇന്നും എന്റെ മനസ്സില്‍ പച്ചപിടിച്ചു നില്ക്കുന്നു. ശാന്തമായ ആ വദനത്തില്‍ ദീപ്തമായ സൗമ്യതയും പ്രകാശവും പ്രസരിപ്പും ഇരിക്കുവാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. ഞാനിരുന്നു. ഒരു ചെറുപുഞ്ചിരിയുടെ അകമ്പടിയില്‍ ആദ്യ ചോദ്യം: ''മകനെ എന്തിനായി ഇവിടെ വന്നു?'' രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും പാല് തന്നെ! സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യാത്ത അവസ്ഥ. തോക്കില്‍ നിന്നും വെടിച്ചില്ല് പായുന്ന മാതിരി എന്റെ ഉത്തരവും വന്നു. ''കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തില്‍ വേലയെടുക്കുവാനായി ഞാന്‍ വന്നു പിതാവേ! മുന്നൊരുക്കത്തിന്റെ ശക്തിയാകണം എന്റെ ശബ്ദം ഉച്ചത്തിലായിരുന്നു. വശങ്ങളിലിരുന്ന അച്ചന്മാര്‍ പൊട്ടിച്ചിരിച്ചു. പിതാവിന് മന്ദഹാസം. അടുത്ത ചോദ്യവും പിതാവിന്റേതു തന്നെ. ''ഇങ്ങനെ ഇവിടെ വന്നുപറയുവാന്‍ ആരാണ് മകനെ പഠിപ്പിച്ചത്.'' ഞാനാണെങ്കില്‍ പണ്ടും 'സത്യം' മാത്രം പറയുന്ന ആളായിരുന്നുവല്ലോ! ''പിതാവേ, ആരും പറഞ്ഞു പഠിപ്പിച്ചതല്ല. ഞാന്‍ ഒറ്റയ്ക്കു പറഞ്ഞതാണ്!'' വീണ്ടും പിതാവിന്റെ മുഖത്ത് പുഞ്ചിരിയുടെ സ്ഥായീഭാവം. ഒന്നു രണ്ടു നിമിഷം ഞാനൊന്ന് നോക്കി എന്നെയും നോക്കി പിന്നീട് പറയുവാന്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നതൊക്കെയും മഞ്ഞുരുകുന്നതുപോലെ അലിഞ്ഞുതീര്‍ന്നു. ശരീരത്തിന് ചെറിയൊരു വിറയല്‍. കൂടുതല്‍ നേരം പിടിച്ചു നില്ക്കാനായില്ല. സംഗതി കരച്ചിലിന്റെ വക്കിലെത്തി....ഉള്ളകാര്യം തുറന്നു പറഞ്ഞു. ആരും പറഞ്ഞുപോകും. കാരണം, ആ കണ്ണുകളിലെ തീക്ഷ്ണത അത്രമേല്‍ തീവ്രമാണ്. എന്റെ തോളില്‍ മെല്ലെ തട്ടി ആശ്വസിപ്പിച്ചു. മുകളിലത്തെ നിലയില്‍ നിന്നും ഇറങ്ങിവരുമ്പോള്‍ കൊച്ചുമനസ്സില്‍ കുറ്റബോധം- പിതാവിന്റെ മുമ്പില്‍ അസത്യം പറഞ്ഞതിലെ ജാള്യത മുഖത്തു നിന്ന് വായിച്ചെടുക്കുവാന്‍ പാകത്തിലെ ചമ്മല്‍. ഈ ഒറ്റക്കാരണം കൊണ്ട് പ്രവേശനത്തിന്റെ കാര്യം 'സ്വാഹ' എന്നു തീര്‍ച്ചയായി. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഇടവകയില്‍ നിന്നും പങ്കെടുത്ത മറ്റെല്ലാവരെയും പിന്തള്ളി എന്നെ മാത്രം തെരഞ്ഞെടുത്തുകൊണ്ട് അറിയിപ്പു ലഭിച്ചു. വീട്ടിലെല്ലാവര്‍ക്കും സന്തോഷം. ദൈവത്തിന് നന്ദി ചൊല്ലി പ്രാര്‍ത്ഥിച്ചു.
(സെമിനാരിയില്‍ പോയതിനെക്കാള്‍ വേഗത്തില്‍ ഞാന്‍ വീട്ടില്‍ തിരിച്ചുവന്നുവെന്നുള്ളത് പിന്നീടുള്ള ചരിത്രം).

പൊതുവേ ശാന്തനും, സൗമ്യനും, മൃദുഭാഷിയുമായ ജറോം പിതാവിന്റെ മുഖം രൗദ്രഭാവം പൂണ്ട ചുരുക്കം ചില സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. അതിലൊന്നു ഫാത്തിമ മാതാ നാഷണല്‍ കോളജിലെ സമരവുമായി ബന്ധപ്പെട്ടതാണ്. സാധാരണ വിദ്യാര്‍ത്ഥിസമരം പോലും അന്യമായിരുന്ന കോളജില്‍ ഇക്കുറി സമരം വിളിച്ചത് ഒരു ന്യൂനപക്ഷം അദ്ധ്യാപകരായിരുന്നു. 1960 കളുടെ അവസാനമാണ് സംഭവം. അക്കാലത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും ഉത്തരവാദിത്വപ്പെട്ട മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്ക് അച്ചടക്കത്തിലൂന്നിയുള്ള മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതിന് ആശ്രയിക്കുന്ന ചുരുക്കം ചില കലാലയങ്ങളില്‍ മുമ്പന്തിയിലായിരുന്നു ഫാത്തിമ കോളജ്. കൊല്ലം ലത്തീന്‍ രൂപതയുടെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അദ്ധ്യാപക-അനദ്ധ്യാപക നിയമനത്തിനും, വിദ്യാര്‍ത്ഥി പ്രവേശനത്തിനും തലവരി വാങ്ങുന്ന പതിവില്ലായിരുന്നു. മറ്റു കോളജുകളില്‍ 25,000/- മുതല്‍ 35,000/- വരെ (അന്ന് ഒരു പവന്‍ സ്വര്‍ണ്ണവില 150/- രൂപയില്‍ താഴെയായിരുന്നു എന്ന് ഓര്‍ക്കുക.) കോഴ വാങ്ങുമ്പോഴാണ് ഒരു പൈസ പോലും വാങ്ങാതെ ജാതിമത പരിഗണന നോക്കാതെ, യോഗ്യതയുടെ മാനദണ്ഡത്തിനുമാത്രം അദ്ധ്യാപകരെ നിയമിച്ചിരുന്നത്. ഇങ്ങനെ നിയമനം ലഭിച്ച ചില അദ്ധ്യാപകരുടെ ഭാഗത്തു നിന്നും ഗുരുതരമായ അച്ചടക്കലംഘനമുണ്ടായപ്പോള്‍, അവര്‍ക്കെതിരെ മാനേജ്‌മെന്റ് ചില നടപടികള്‍ സ്വീകരിച്ചു. ഇതായിരുന്നു സമരത്തിന്റെ മുഖ്യ ഹേതു. ശാന്തമായ അന്തരീക്ഷം, മനോഹരവും ശുചിത്വവുമുള്ള പരിസരം. വിശാലമായ കെട്ടിടസമുച്ചയം എല്ലാ സംവിധാനങ്ങളുമുള്ള ലൈബ്രററി ലാബോറട്ടറി, തുടങ്ങി ഗുണനിലവാരത്തില്‍ മുന്‍പന്തിയിലായിരുന്ന പിന്നാക്കക്കാരുടെ കലാലയം പലരുടെയും കണ്ണിലെ കരടായിരുന്നു. 1950-ല്‍ ഈ കലാലയം ആരംഭിച്ചതുമുതല്‍ പിന്നാമ്പുറത്തു ഇതിനെതിരായ കരുക്കള്‍ നീക്കിയിരുന്ന കറുത്ത ശക്തികള്‍, സമരസഹായമുന്നണിയുടെ ലേബലില്‍ രംഗത്തുവന്നു.  മത്സ്യത്തൊഴിലാളി സമൂഹത്തിലെ കുട്ടികളുടെ വിദ്യാഭ്യാസപുരോഗതിക്ക് അത്താണിയായിരുന്ന കലാലയത്തെ തകര്‍ക്കുവാന്‍ എല്ലാ ആയുധങ്ങളും എടുത്തു പ്രയോഗിച്ചു. കോളജിന്റെ കെട്ടിടവും അനുബന്ധ ഉപകരണങ്ങളും തച്ചുടച്ചു. ഇതിനെതിരെ ശബ്ദിച്ച അല്മായരെ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍വച്ച് ആക്രമിച്ചു. പുരോഹിതരെയും സന്യസ്തരെയും അധിക്ഷേപിച്ചു. കൈയേറ്റം ചെയ്യുവാനും ശ്രമമുണ്ടായി. നെടുനാളത്തെ നിതാന്തപരിശ്രമത്തിനൊടുവില്‍, ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്ത്, ചില്ലിക്കാശ് സ്വരൂപിച്ച് പടുത്തുയര്‍ത്തിയ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അഭിമാനസ്തംഭമായ കോളജ് (അന്ന് തിരുവനന്തപുരം ആലപ്പുഴ രൂപതകള്‍ക്ക് സ്വന്തമായി കോളജ് ഉണ്ടായിരുന്നില്ല. അവിടുത്തെ ലത്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏക ആശ്രയമായിരുന്നു ഫാത്തിമാ കോളജ്) തകര്‍ക്കപ്പെടുന്നതു കണ്ട് സങ്കടത്താലും ഒപ്പം രോഷത്താലും പിതാവിന്റെ മനസ്സു പിടഞ്ഞു. സമുദായവിരുദ്ധവും നിരീശ്വരവാദികളുമായ ചില രാഷ്ട്രീയപ്രസ്ഥാനങ്ങളും ഈ അവസരം നന്നായി മുതലെടുത്തു. അക്കാലത്ത് പ്രതിഷേധയോഗങ്ങളും, കോളജ് സംരക്ഷണപ്രവര്‍ത്തനങ്ങളും ധാരാളമായി ഉണ്ടായി. പട്ടണമദ്ധ്യത്തില്‍ പിതാവ് തന്നെ നേരിട്ട് ഇതിനു നേതൃത്വം നല്കി. ഇടയലേഖനങ്ങള്‍ വഴി, വിഷയത്തിന്റെ ഗുരുതരാവസ്ഥ തന്റെ അജഗണങ്ങളെ പിതാവ് തെര്യപ്പെടുത്തി. മറ്റു സഹോദരസമുദായങ്ങളിലെ നിഷ്പക്ഷരും, സമാധാനകാംക്ഷികളും ജാതിമതസ്പര്‍ദ്ധയില്ലാത്തവരുമായി ഒട്ടേറെ സുമനസ്സുകള്‍ പിതാവിനോടൊപ്പം ഈ ധര്‍മ്മസമരത്തില്‍ അണിനിരന്നു. ഈ സമരത്തിന്റെ കാലത്ത്, മറ്റൊരിക്കലും കണ്ടിട്ടില്ലാത്ത പിതാവിന്റെ മുഖം; ധാര്‍മ്മികരോഷത്തില്‍ രൗദ്രഭാവം പൂണ്ട മുഖം കാണുവാന്‍ കേരളത്തിലെ ജനങ്ങള്‍ക്കു ഇടവന്നു.


1973--74 ഞാനന്ന് കൊല്ലം കര്‍മ്മലറാണി ട്രെയിനിംഗ് കോളജില്‍ ബി.എഡ്. വിദ്യാര്‍ത്ഥി. മൊത്തം വിദ്യാര്‍ത്ഥികള്‍ നൂറ് മാത്രം. കോളജ് യൂണിയന്റെ ഉദ്ഘാടനത്തിന് രൂപതാദ്ധ്യക്ഷനും കോളജ് മാനേജരുമായ അഭിവന്ദ്യ ജറോം തുപ്പാശ്ശേരി പിതാവായിരുന്നു മുഖ്യാതിഥി. ഉദ്ഘാടനത്തിനുശേഷം ചില കലാപരിപാടികള്‍. അതിലൊന്ന് എന്റെ വക മിമിക്രി. നാടകാചാര്യന്‍ എന്‍.എന്‍.പിള്ള (ഗോഡ്ഫാദര്‍ സിനിമയിലെ അഞ്ഞൂറാന്‍), ഏഴു രാത്രി സിനിമയിലെ പാഷാണം വര്‍ക്കിയെന്ന കഥാപാത്രത്തെ തന്മയത്വമായി അവതരിപ്പിച്ച ആലുംമൂടന്‍, കൊല്ലം അസ്സീസി ആര്‍ട്‌സ് ക്ലബിന്റെ ജീവാത്മാവും പരമാത്മാവുമായിരുന്ന കപ്പൂച്ചിന്‍ സന്യാസി റവ. ഫാ.ഫൗസ്റ്റിന്‍ തുടങ്ങിയവരുടെ തുടങ്ങിയവരുടെ ശബ്ദവും ഭാവങ്ങളുമായിരുന്നു വിഷയം. ഇവരുടെയൊക്കെ സംഭാഷണത്തിന് പ്രത്യേകിച്ചൊരു 'സ്ലാംഗ്' ഉണ്ടായിരുന്നു.  അതായിരുന്നു ഈ പരിപാടിയുടെ ഹൈലൈറ്റ്. കുട്ടികളും അദ്ധ്യാപകരും നന്നേ ആസ്വദിച്ചു. കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. ഇതിന്റെ ആവേശത്തില്‍ ഞാന്‍ ഒരു ഐറ്റം കൂടി അവതരിപ്പിച്ചു. ആയത് ജറോം പിതാവിന്റെ പള്ളിപ്രസംഗം ആയിരുന്നു. അക്കാലത്ത് പിതാവിന്റെ വര്‍ത്തമാനം അനുനാസികത്തില്‍ ആയിരുന്നു. ആയതിനെയാണ് ഞാന്‍ പ്രധാനമായും കയറിപ്പിടിച്ചത്. പ്രേഷകര്‍ക്ക് ഇതു ഒരു പുതിയ അനുഭവമായിരുന്നു. ഏവരും ആവോളം ആസ്വദിച്ചു. എന്നാല്‍ പെട്ടെന്ന് നിശ്ശബ്ദരായ പോയ ഒരു വിഭാഗം ഉണ്ടായിരുന്നു. അത് ഞങ്ങളുടെ പ്രിന്‍സിപ്പാള്‍ പ്രൊഫ.ജോസഫൈന്‍ ചെറിയാനും, മറ്റ് അദ്ധ്യാപകരുമായിരുന്നു. അഭിവന്ദ്യപിതാവിനെ ഇത്തരത്തില്‍ അനുകരിക്കുന്നത് ഒരു അക്ഷന്ത്യമായ തെറ്റായിത്തന്നെ ചിത്രീകരിക്കപ്പെട്ടു. പരിപാടിയുടെ അവസാനം സ്റ്റേജിനു പിന്നില്‍ ഓടിയെത്തിയ പരിഭ്രാന്തരായ പ്രിന്‍സിപ്പാളിന്റെയും അദ്ധ്യാപകരുടെയും മുഖത്തുനിന്ന് കാര്യത്തിന്റെ ഗൗരവം എനിക്കും വായിച്ചെടുക്കുവാന്‍ കഴിഞ്ഞു. ചെറുപ്പത്തിന്റെ തിളപ്പില്‍, വരുംവരായ്കള്‍ ചിന്തിക്കാതെ, ആവേശത്തിന്റെ പുറത്ത് എടുത്തുചാടിയതില്‍ എനിക്കും കുറ്റബോധം തോന്നി. കുറച്ചു സഹപാഠികളും അല്പം കടന്നുപോയെന്ന് അഭിപ്രായപ്പെട്ടു. മുഖത്തെ ചായമൊക്കെ കഴുകി പിതാവിന്റെ പക്കല്‍ പൊറുതി പറയുവാനായി ഞാന്‍ ചെന്നു. പിതാവ് കാറില്‍ കയറുവാന്‍ തുടങ്ങുകയായിരുന്നു. പ്രിന്‍സിപ്പാളും കൂടെയുണ്ട്. എന്നെ കണ്ട പിതാവ് അടുത്തേക്ക് വിളിച്ചു; പേരു ചോദിച്ചു. കത്തോലിക്കനാണെന്നറിഞ്ഞപ്പോള്‍ ഇടവക അന്വേഷിച്ചു. ഒരു നിമിഷത്തെ മൗനം. തുടര്‍ന്നു തോളില്‍ തട്ടി ഇങ്ങനെ; ''ഞാന്‍ പോലും എന്റെ ശബ്ദം ഇങ്ങനെയാണെന്ന് മോന്‍ പറഞ്ഞപ്പോഴാണറിയുന്നത്'' തുടര്‍ന്ന് വശ്യസുന്ദരമായ സ്ഥായീഭാവം- പുഞ്ചിരി സമ്മാനിച്ച് കാറില്‍ കയറി യാത്രയായി. കോളജ് അധികൃതരുടെ മുഖത്ത് ആശ്വാസത്തിന്റെ നെടുനിശ്വാസം. വിരുദ്ധാഭിപ്രായം പാസ്സാക്കി, എതിരായി സംസാരിച്ചവരുടെ മുഖത്തു നിരാശയുടെ കാളിമ. സര്‍വ്വം ശുഭപര്യവസാനച്ചതില്‍ എനിക്ക് അഭിമാനവും. അതായിരുന്നു അഭിവന്ദ്യ ജറോം മരിയ ഫെര്‍ണാന്‍ഡസ് തിരുമേനി.


1960 കളിലാണ് വീണ്ടും സംഭവം. ഒരു ദിവസം തങ്കശ്ശേരിയിലെ പിതാവിന്റെ അരമനയുടെ തെക്കുവശത്ത് റോഡില്‍ നിന്ന് ഒരാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു. ആക്രോശവും വെല്ലുവിളിയും. പിതാവിന് എതിരെയാണ് സംസാരം മുഴുവനും. ശബ്ദം കേട്ട് പരിസരവാസികള്‍ അടുത്തുകൂടി. പലരും ഇയാളോടു നിറുത്താന്‍ ആവശ്യപ്പെട്ടു. വീണ്ടും ശബ്ദം ഉച്ചസ്ഥായിലാക്കി അയാള്‍ നിന്ന് പ്രസംഗിക്കുകയാണ്. ജനം കൂടിവന്നു. ഒപ്പം ഇയാള്‍ക്കെതിരെ കൈയോങ്ങുന്ന സ്ഥിതി വന്നു. അപ്പോള്‍ രോഷം പൂണ്ട് സംസാരിക്കുന്ന അയാളുടെ സ്വരത്തിന് അവരോഹണം വന്നു. കോപം താപമായി. വിങ്ങിപ്പൊട്ടലിന്റെ വക്കിലെത്തി. കൂടിനിന്നവര്‍ കാര്യമന്വേഷിച്ചു. സംഗതി ഇങ്ങനെ: 'കഥാപുരുഷന്‍ പിതാവിന്റെ അടുത്ത ബന്ധുവാണ്. തന്റെ ജന്മദേശമായ കോയിവിള ഇടവകയില്‍ നിന്ന് രാവിലെ പുറപ്പെട്ട്, അഷ്ടമുടിക്കായലില്‍ കൂടി വള്ളത്തില്‍ സഞ്ചരിച്ച്, നീണ്ടകരയില്‍ ഇറങ്ങി നടന്ന് ശക്തികുളങ്ങരയില്‍ വന്ന് ബസ്സുകയറി അഞ്ചുകല്ലുമൂട്ടില്‍ ഇറങ്ങി, ഏകദേശം രണ്ടുകീലോമീറ്റര്‍ വീണ്ടും കാല്‍നടയായി എത്തി പിതാവിനെ സന്ദര്‍ശിക്കുകയായിരുന്നു. പത്താംതരത്തില്‍ തോറ്റുപോയ ഇയാള്‍ക്ക് രൂപത വക സ്‌കൂളില്‍ ശിപായിയുടെ പണിവേണം. രക്തബന്ധമുള്ളയാള്‍ രൂപതാദ്ധ്യക്ഷനായിരിക്കുമ്പോള്‍ തന്റെ ന്യായമായ ആവശ്യം ശ്രവണമാത്രയില്‍ സാധിച്ചുതരുമെന്നു ഇദ്ദേഹത്തിന്റെ പ്രതീക്ഷയ്ക്കു കടകവിരുദ്ധമായ മറുപടിയാണ് പിതാവില്‍ നിന്നു ലഭിച്ചത്. തന്റെ ദൗത്യം വെളിപ്പെടുത്തിയ ഇദ്ദേഹത്തോട് പിതാവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നുവത്രെ: ''അപ്പുറത്ത് ഒരു ഓഫീസുണ്ട്. അവിടെ ഒരു അച്ചനിരുപ്പുണ്ട്. ഒരു വെള്ളക്കടലാസില്‍ ഒരു അപേക്ഷ എഴുതി കൊടുക്കുക. നിനക്ക് അര്‍ഹതയുണ്ടെങ്കില്‍ ജോലി ലഭിക്കും.''
അപേക്ഷ കൊടുത്തിട്ട് മാസങ്ങളായെന്നും ഇതുവരെ മറുപടി ലഭിക്കാത്തതുകൊണ്ടാണ് നേരിട്ട് വന്നതെന്നും, പിതാവ് അച്ചനെ വിളിച്ചുപറഞ്ഞാല്‍ ഞൊടിയിടയില്‍ ജോലി ലഭിക്കുമെന്നും ഉദ്യോഗാര്‍ത്ഥി പറഞ്ഞു. അപ്പോള്‍ സൗമ്യനായി പിതാവ് ഇങ്ങനെ: ''ഇതിന് ചില നടപടിക്രമങ്ങളുണ്ട്. മുന്‍ഗണനാക്രമത്തിലാണ് ജോലി കൊടുക്കുക. നിന്റെ ഊഴം വന്നിട്ടില്ലായിരിക്കാം. അതുവരുന്നതുവരെ കാത്തിരിക്കുക. അതിനായി പ്രാര്‍ത്ഥിക്കുക.'' ഈ മറുപടി തീരെ അങ്ങോട്ടു ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അടുത്ത ബന്ധുവായ പിതാവ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഒരു വാക്കൊന്നു വിളിച്ചു പറഞ്ഞാല്‍ തനിക്ക് ജോലി കിട്ടുമെന്ന് അയാള്‍ വീണ്ടും കട്ടിയായി പറഞ്ഞു. ഈ നിലപാട് പിതാവിന് തീരെ ഇഷ്ടപ്പെട്ടില്ല. അയാളോട് പുറത്തുപോകാന്‍ രോഷാകുലനായി പറഞ്ഞു. അതായിരുന്നു അദ്ദേഹത്തിന്റെ രോഷപ്രകടനത്തിനു കാരണം. 


സ്വജനപക്ഷപാതം അശേഷമില്ലായിരുന്നു. സാമ്പത്തികകാര്യത്തില്‍ തികഞ്ഞ അച്ചടക്കം പാലിച്ചിരുന്ന, ഉടുപ്പിലും, നടപ്പിലും, കിടപ്പിലും ലാളിത്യം സൂക്ഷിച്ചിരുന്ന, സാധാരണക്കാരന്റെ ഭക്ഷണശീലം പാലിച്ചിരുന്ന, അങ്ങനെ ഒരു നിഷ്‌കാമ കര്‍മ്മിയായ സന്യാസിവര്യന് ആവശ്യം വേണ്ട എല്ലാ ചിട്ടവട്ടങ്ങളും കര്‍ശനമായി പാലിച്ചിരുന്ന പുണ്യശ്ലോകനായിരുന്നു ജറോം പിതാവ്. റിട്ടയര്‍മെന്റിനുശേഷം, രൂപതാവക കാറ് തിരികെ നല്കി. യാത്രയ്ക്ക് പൊതുഗതാഗത സംവിധാനത്തെ ആശ്രയിച്ച്, പട്ടണത്തിലെ ജംഗ്ഷനുകളില്‍ കൈകാണിച്ചിട്ട് നിറുത്താതെ പോകുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസ്സിന്റെ പിറകെ ഓടുന്ന താടിയും മുടിയും വളര്‍ത്തിയ കാഷായവസ്ത്രധാരി 1970 കളിലും 80 കളിലും ഒരു സാധാരണ കാഴ്ചയായിരുന്നു. കൊട്ടിയത്തെ സെന്റ് ജോസഫ്‌സ് പ്രീസ്റ്റ് ഹോമില്‍, മരക്കട്ടിലില്‍ ഒരു തഴപ്പായ വിരിച്ച് സുഖമായി ഉറങ്ങുന്നതില്‍ സായൂജ്യം കണ്ടിരുന്ന ഈ യോഗ്യവര്യന്‍ പലര്‍ക്കും  ഒരു  പുത്തന്‍ അനുഭവമായിരുന്നു. ഇദ്ദേഹത്തിന്റെ ജീവചരിത്രം യുവതലമുറ വായിച്ചുപഠിക്കേണ്ടതാണ്. ഏവര്‍ക്കും റോള്‍മോഡലായി ഭവിക്കേണ്ടതാണ്. പിതാവിലെ ശാന്തവും സൗമ്യവു ദീപ്തവുമായ സ്മരണയ്ക്കുമുമ്പില്‍ പ്രണാമം
 

Foto

Comments

  • Raju O Ninan
    12-04-2022 02:50 PM

    Dear Marshall, Beutiful article and glad to note Bishop's true self and impeccable life style. May God show him mercy.

leave a reply