ഫാ. ജോഷി മയ്യാറ്റിൽ
പഴയനിയമത്തിലെ ദൈവപ്രത്യക്ഷങ്ങൾ (തെയോഫനി) പൊതുവേ ഭീതിജനകങ്ങളായിരുന്നു - ഇടിമുഴക്കം, മിന്നൽപ്പിണർ, കാഹളധ്വനി, ധൂമം, ഭൂകമ്പം! ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ എന്ന് മോശയോട് ഒന്നടങ്കം ആവശ്യപ്പെടാൻ ആ ഭീകരാനുഭവങ്ങൾ ഇസ്രായേല്ക്കാരെ പ്രേരിപ്പിച്ചു (പുറ 20,18.19). അത്തരം ദൈവാനുഭവങ്ങളുടെ സ്മരണ ഉള്ളിൽ പേറിയവർ എക്കാലവും ദൈവത്തെ പ്രതീക്ഷിച്ചിരുന്നത് പേടിയോടെയാണ്... ആകാശം ചായിച്ച് ഇറങ്ങിവരുന്നവൻ (സങ്കീ 18,9), പാഞ്ഞുവരുന്ന വചനം (സങ്കീ 147,15), ദാവീദിൻ്റെ സിംഹാസനത്തിലും രാജ്യത്തിലും നിസ്സീമമായ ആധിപത്യമുള്ളവൻ (ഏശ 9,7), ഇസ്രായേലിനെ ഭരിക്കേണ്ടവൻ (മിക്കാ 5,2) - ഇങ്ങനെ എത്രയെത്ര വമ്പൻ പദപ്രയോഗങ്ങളാണ്, വരാനിരിക്കുന്നവനെക്കുറിച്ച് അല്പമെങ്കിലും വിവരം കിട്ടിയ ചിലരെങ്കിലും നടത്തിയത്! ഒരു മാസ് എൻട്രിയായിരുന്നു, കിടുകിടെ വിറപ്പിക്കുന്ന ഒരു തകർപ്പൻ പ്രത്യക്ഷമായിരുന്നു സ്വാഭാവികമായും അവർ വിഭാവനംചെയ്തത്!
പക്ഷേ, ഇടയന്മാർ ബേത്ലഹേമിൽ ചെന്നപ്പോൾ കണ്ടത് പുൽത്തൊട്ടിയിൽ കിടന്ന് കൈകാലിട്ടടിക്കുകയും ഇടയ്ക്കിടെ കരയുകയും ഇടയ്ക്കിടെ ചിരിക്കുകയും ചെയ്യുന്ന കേവലം ഒരു ശിശുവിനെ ആയിരുന്നു - നിർഭയത്വം അനർഗളം പ്രസരിപ്പിക്കുന്ന, ഓമനത്തം തുളുമ്പുന്ന ഒരു സാന്നിധ്യം! പുല്ത്തൊട്ടിയിൽ ശയിക്കുന്ന ഒരു ദൈവം ആരെ ഭയപ്പെടുത്താൻ? വാവിട്ടു കരയുകയും മോണകാട്ടി ചിരിക്കുകയും ചെയ്യുന്ന ഒരു ശിശു ആരുടെ ഉറക്കംകെടുത്താൻ?
സംഗീതം ധ്യാനിച്ചു ശക്തരാകാം
ആനന്ദവും ആശ്വാസവും പ്രത്യാശയും പകർന്ന സാന്നിധ്യമായിരുന്നു അത് - ലോകത്തെ കർണാനന്ദകരമായ സംഗീതത്തിൽ ആറാടിച്ച, മനുഷ്യരൂപം പൂണ്ട ദൈവം! "അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം! ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം!" എന്ന ആനന്ദഗീതം ലോകം പഠിച്ചത് ആ ക്രിസ്മസ്സ് രാവിലാണ്...
Comments