ആരാധനാക്രമമനുസരിച്ചുള്ള ആഗമനകാലത്തിന്റെ പശ്ചാത്തലത്തിൽ റോം രൂപതയിലെ വിവിധ സെക്ടറുകളിലുള്ള അഞ്ച് ഇടവകകൾ ലിയോ പതിനാലാമൻ പാപ്പാ സന്ദർശിക്കുമെന്നും, വിശുദ്ധ ബലിയർപ്പിക്കുമെന്നും ഒക്ടോബർ 28 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ റോം വികാരിയാത്ത് അറിയിച്ചു. നവംബർ 27 മുതൽ ഡിസംബർ 20 വരെയുള്ള കാലയളവിലായിരിക്കും രൂപതാ മെത്രാൻ കൂടിയായ പരിശുദ്ധ പിതാവ് ഈ സന്ദർശനങ്ങൾ നടത്തുക. കഴിഞ്ഞ നോമ്പുകാലത്തും പരിശുദ്ധപിതാവ് സമാനമായ സന്ദർശനങ്ങൾ നടത്തിയിരുന്നു.
നവംബർ 27-ന് മധ്യമേഖലയിലെ സാന്ത് അന്ത്രെയാ ദെല്ലെ ഫ്രാത്തെ (Sant’Andrea delle Fratte), നവംബർ 29-ന് ദക്ഷിണമേഖലയിലെ സാൻ കാർലോ ദ സെത്സെ (San Carlo da Sezze), ഡിസംബർ 6-ന് കിഴക്കൻ മേഖലയിലെ സാന്ത് എലീജിയോ (Sant’Eligio), ഡിസംബർ 13-ന് പടിഞ്ഞാറൻ മേഖലയിലെ സാന്താ ലൂച്ചിയ (Santa Lucia), ഡിസംബർ 20-ന് വടക്കൻ മേഖലയിലെ സാൻ റോബെർത്തോ ബെല്ലാർമിനോ (San Roberto Bellarmino) എന്നീ ഇടവകകളിലാണ് പാപ്പാ എത്തുക.
തന്റെ രൂപത സന്ദർശിക്കുന്ന ഇടയനെ, റോം രൂപതയിലേക്കുള്ള പാപ്പായുടെ വികാരി, കർദ്ദിനാൾ ബാൾഡോ റെയ്ന, അതാതു പ്രദേശങ്ങളുടെ ചുമതലയുള്ള സഹായമെത്രാൻ, ഇടവക വികാരി എന്നിവർ ചേർന്ന് സ്വീകരിക്കും. അഞ്ചു ദിവസങ്ങളിലും ഉച്ചകഴിഞ്ഞായിരിക്കും പാപ്പാ ഈ സന്ദർശനങ്ങൾ നടത്തുകയെന്നും, ഇടവകകളിലെ വിവിധ സമിതികളുമായും സംഘടനകളുമായും കൂടിക്കാഴ്ച നടത്തുകയും തുടർന്ന് ഇടവകസമൂഹത്തിനൊപ്പം വിശുദ്ധ കുർബാന അർപ്പിക്കുമെന്നും വികാരിയാത്ത് അറിയിച്ചു.
പരിശുദ്ധ പിതാവിന്റെ സന്ദർശനങ്ങൾ റോം രൂപതയ്ക്കാകെ ആഘോഷത്തിന്റെ നിമിഷമാണെന്ന് പ്രസ്താവിച്ച കർദിനാൾ റെയ്ന, ഇടവകകളിലെ അജപാലന പ്രവർത്തനങ്ങൾ വിലയിരുത്താനും വിശ്വാസസമൂഹങ്ങളെ ശക്തിപ്പെടുത്താനും, പ്രാർത്ഥനയിലും വിശ്വാസത്തിലും സഭൈക്യത്തിലും വളരാനും ഈ സന്ദർശനങ്ങൾ പ്രയോജനപ്പെടുമെന്ന് വ്യക്തമാക്കി.
സന്ദർശനങ്ങളിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന മാധ്യമപ്രവർത്തകർ, ഓരോ പരിപാടിയും നടക്കുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും, പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസിന്റെ press.vatican.va/accreditamenti എന്ന ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിക്കണമെന്നും വികാരിയാത്ത് അറിയിച്ചു.










Comments