ഇഞ്ചിഞ്ചായി ഫിഞ്ചിന്റെ ടീം
കിവീസിനെ കൊത്തിക്കീറി
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് സൂക്ഷ്മതയോടെ വീക്ഷിക്കുന്ന ഒരാൾക്ക് ട്വന്റി 20 ലോക കപ്പിലെ എട്ടു വിക്കറ്റിന്റെ ന്യൂസിലാൻഡിനെതിരെയുള്ള വിജയത്തെക്കുറിച്ച് സംശയമുണ്ടാകില്ല. ഒരു ലോക കപ്പ് ഫൈനൽ എങ്ങനെ കളിക്കണമെന്ന് ഓസ്‌ട്രേലിയ്ക്കു നല്ല ധാരണയുണ്ടായിരിക്കും. കലാശപോരാട്ടത്തിൽ സമ്മർദ്ദങ്ങൾക്കടിപ്പെടാത്ത അവർക്ക് കഴിഞ്ഞ കാലത്ത് മുന്നു തവണ മാത്രമേ പൊരുതി തോൽക്കേണ്ടി വന്നിട്ടുള്ളു. കെയിൻ വില്യംസണിന്റെ കിവീസിനെതിരെ ഓസീസ് അവരുടെ സ്ഥിരം ശൈലിയിൽ കളിച്ചു. മറ്റൊരു ടീമിനും കഴിയാത്ത എത്ര വലിയ സ്‌കോറായാലും പിന്തുടർന്ന് നേടുവാൻ ഓസീസിന് കഴിയുമെന്ന് ആരോൺ ഫിഞ്ചിന്റെ ടീം ഏഴു പന്തുകൾ ബാക്കിയിരിക്കെ ആധികാരിക വിജയത്തോടെ തെളിയിച്ചിരിക്കുന്നു. ആക്രമിച്ചു കളിച്ച് എതിരാളികളിൽ അങ്കലാപ്പുണ്ടാക്കി വിജയം നേടാനുള്ള പോരാട്ട മികവ് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഒരിക്കൽകൂടി പുറത്തെടുത്തപ്പോൾ, തങ്ങളുടെ ടാസ്മാൻ അയൽക്കാരായ ന്യൂസിലൻഡിന് അടിയറവ് പറയേണ്ടതായി വന്നു.
പതിനാല് വർഷമായി ഓസ്‌ട്രേലിയ കൊതിക്കുന്ന ഒന്നായിരുന്നു ട്വന്റി 20 ലോകകപ്പ്. തിങ്കളാഴ്ച പ്രഭാതം പൊട്ടിവിടരുമ്പോൾ മെൽബണിലും, സിഡ്‌നിയിലും ആയിരക്കണക്കിന് ഓസ്‌ട്രേലിയൻ ആരാധകർ കാണുന്നത് ന്യൂസിലൻഡിന്റെ ടീം സൗത്തിയുടെ അവസാന ഓവറിലെ അഞ്ചാമത്തെ വെള്ള കുക്കാബുറ പന്ത് ഒരു റിവേഴ്‌സ് സ്വീപ്പിലൂടെ തേഡ്മാൻ അതിർത്തി വരെ കടത്തി വിട്ട് ഓസ്‌ട്രേലിയക്കു വിജയം നേടിത്തരുന്നതായിരുന്നു. ടാസ്മാൻ കടലിനപ്പുറം ക്രൈസ്റ്റ് ചർച്ചിലും, ഓക്ലാൻഡിലുമൊക്കെ നന്നായി കളിച്ചിട്ടും, നന്നായി മാനേജ് ചെയ്തിട്ടും കെവിൻ വില്യംസണിന്റെ ടീമിന് തുടർച്ചയായി മറ്റൊരു ലോക കപ്പ് ടൂർണമെന്റ് കപ്പിനും, ചുണ്ടിനുമിടയ്ക്കു കൈ വിട്ട് പോകുന്നതാണ് കാണേണ്ടിവന്നത്. ടോസു നേടിയ ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച്, ബാറ്റിങ്ങിന് ക്ഷണിച്ച കെയിൻ വില്യംസൺ, കളിയുടെ 23-ാംമത്തെ പന്തിൽ ഡാരിൽ മിച്ചൽ പുറത്തായപ്പോൾ മാർട്ടിൻ ഗുപ്തിനുമൊപ്പം ചേർന്ന് ഓസീസിനെതിരെ 85 റൺസ് വാരിക്കൂട്ടി പൊരുതുവാൻ പോന്ന ഒരു ടോട്ടലിൽ ടീമിനെ എത്തിച്ചതായിരുന്നു. നിശ്ചിത 20 ഓവറിൽ ന്യൂസിലാന്റ് പടുത്തുയർത്തിയ 172 റൺസ് ദുബായ് സ്റ്റേഡിയത്തിൽ രാത്രി ക്രിക്കറ്റിൽ നല്ലൊരു ടാർജറ്റായിരുന്നു. പക്ഷെ സെമി ഫൈനലിൽ പാക്കിസ്ഥാന്റെ 176 റൺസ് 19 ഓവറിൽ മറി കടന്ന ഓസീസ് അയൽക്കാരുടെ ടാർജറ്റും അതേ രീതിയിൽ പിന്തുടർന്ന് വിജയിക്കുകയായിരുന്നു.
അമ്പതു വർഷത്തെ ചരിത്രമുള്ള ഏകദിന ക്രിക്കറ്റിൽ, പന്ത്രണ്ട് ലോകകപ്പ് ടൂർണമെന്റുകളിൽ ഏഴു തവണ ഫൈനലിലെത്തി, അഞ്ച് കിരീടങ്ങൾ സ്വന്തമാക്കിയ ചരിത്രമാണ് ഓസ്‌ട്രേലിയക്കുള്ളത്. 1973-ൽ ഇംഗ്ലണ്ടിലെ ലോർഡ്‌സിൽ പ്രഥമ ലോക കപ്പിൽ ക്ലൈവ് ലോയിഡിന്റെ വെസ്റ്റ് ഇൻഡീസിനോടും, 1996ൽ ലഹോറിൽ അർജ്ജുന രണതുംഗയുടെ ശ്രീലങ്കയോടും മാത്രമാണ് ഓസ്‌ട്രേലിയ ഫൈനലിൽ പരാജയപ്പെട്ടിട്ടുള്ളത്. ട്വന്റി 20 ലോക കപ്പിന്റെ ഏഴ് എഡിഷനുകളിൽ 2010-ൽ മാത്രം ഫൈനലിലെത്തിയ ഓസ്‌ട്രേലിയയെ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് തോൽപിച്ചിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് നടത്തേണ്ടിയിരുന്ന ട്വന്റി 20 ലോക കപ്പ് കോവിഡ് മഹാമാരിയെ തുടർന്നാണ് അറേബ്യൻ ഐക്യനാടുകളിലേക്ക് മാറ്റിയത്. ഗൾഫിൽ തങ്ങൾ വ്യക്തമായ ഒരു പദ്ധതിയുമായിട്ടാണ് വന്നിരിക്കുന്നതെന്ന ആരോൺ ഫിഞ്ചിന്റെ അഭിപ്രായം അന്വത്ഥർമാക്കുന്നതായിരുന്നു ഓസീസിന്റെ വിജയം. ഗ്രൂപ്പ് മൽസരങ്ങളിൽ ഇംഗ്ലണ്ടിനോട് മാത്രമാണ് ഓസ്‌ട്രേലിയ തോൽവി അറിഞ്ഞിട്ടുള്ളത്. ബാറ്റർമാർ അവസരത്തിനും, പ്രതീക്ഷയ്ക്കും ഒപ്പം ഉയരാത്ത മൽസരങ്ങളിൽ ബൗളർമാരാണ് ഓസ്‌ട്രേലിയ്ക്കു വിജയം നേടിക്കൊടുത്തത്. സെമി ഫൈനലിൽ 13 ഓവർ കഴിയുമ്പോൾ ആണ് മുൻനിര ബാറ്റർമാർ കൂടാരത്തിലേക്കു മടങ്ങിയെങ്കിലും 96 റൺസിൽ നിന്ന് ഓസീസിനെ കരകയറ്റി വിക്കറ്റൊന്നും വലിച്ചെറിയാതെ ഫൈനലിലെത്തിയത് മാർക്‌സ് സ്റ്റോനിസും, മാത്യൂ വെയിഡും ചേർന്നുള്ള തിരിച്ചടിയാണ്. ഫൈനലിൽ ഡേവിഡ് വാർണറും, മിച്ചൽ മാർഷും ചേർന്നാണ് ന്യൂസിലാൻഡിനെതിരെ വിജയത്തിലേക്ക് നയിച്ചത്. ടൂർണമെന്റിൽ കിവീസിന്റെ വിജയത്തിന്, ഫൈനൽ വരെ വഴിയൊരുക്കിയ സ്പിൻ ദ്വയങ്ങൾ മിച്ചൽ സാന്റനറും, ഇഷ് സോധിയും ഫൈനലിൽ തിളങ്ങിയില്ല. ഐപിഎൽ മൽസരങ്ങളിൽ ഹൈദരബാദ് സൺറൈസേഴ്‌സ് ടീമിൽ നിന്നും തഴഞ്ഞ ഡേവിഡ് വാർണർ ഈ ടൂർണമെന്റിൽ അവസാന 4 കളികളിൽ സ്ഥിരതയാർന്ന മികച്ച പ്രകടനമാണ് ടീമിന്റെ ഉജ്ജ്വല വിജയത്തിനായി കാഴ്ചവച്ചത്. തന്റെ സ്‌കോർ 21ൽ നിൽക്കേ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ കിവി നായകൻ നൽകിയ ക്യാച്ച് നിലത്തിട്ട ജോഷ് ഹെയ്‌സൽവുഡ് നാല് ഓവറുകളിൽ 16 റൺസ് വഴങ്ങി. 3 വിക്കറ്റുകളാണ് വീഴ്ത്തിയത്. മിഷേൽ സ്റ്റാർക്കിനെതിരെ 4 ഓവറുകളിൽ 60 റൺസ് വിട്ടുകൊടുത്ത സ്റ്റാർക്കും, മറ്റു ഓസീസ് ബൗളർമാരും കെയിൻവില്യംസണിന്റെ ബാറ്റിൽ നിന്നുള്ള പ്രഹരം ഏറ്റുവാങ്ങിയപ്പോൾ റണ്ണൊഴുക്കു തടുത്തു നിറുത്തിയത് ഹെയ്‌സൽ വുഡായിരുന്നു.
1987ൽ ആദ്യമായി ഒരു ലോക കിരീടം കൽക്കത്ത ഈഡൻ ഗാർഡൻസിൽ മൈക്ക് ഗാറ്റിങ്ങിന്റെ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ അലൻ ബോർഡറുടെ നേതൃത്വത്തിൽ റിലയൻസ് ലോകകപ്പിലൂടെ നേടുമ്പോൾ അതൊരു നീണ്ട വിജയങ്ങളുടെ തുടർക്കഥയിലെ ആദ്യ അദ്ധ്യായമായിരുന്നു. അലൻ ബോർഡർക്കു ശേഷം മാർക് ടെയ്‌ലർക്ക് മാത്രമേ ഓസ്‌ട്രേലിയയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുവാൻ കഴിയാതെ പോയിട്ടുള്ളു. സ്റ്റീവ് വോ , റിക്കി പോണ്ടിങ്ങ്, മൈക്കേൽ ക്ലാർക്ക്, ആരോൺ ഫിഞ്ച്- ഓസീസ് വിജയ നായകന്മാരാണ് അവരെല്ലാം.
ട്വന്റി 20 യിലെ ദുബായ് വിജയം അടുത്തവർഷം ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന കുട്ടി ക്രിക്കറ്റ് ലോക കപ്പിലും, 2023 ൽ ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കുന്ന ഏകദിന ലോക കപ്പിലും മഞ്ഞക്കുപ്പായക്കാരായ കങ്കാരു ടീമിന് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഇടയാക്കുമെന്നതിൽ സംശയമില്ല. ഓസീസ് അവരുടെ എന്നത്തേയും അക്രമണ ശൈലിയിൽ കളിച്ചാൽ അവരെ തളയ്ക്കുക എതിരാളികൾക്ക് ശ്രമകരമായിരിക്കും കഴിഞ്ഞ ആഴ്ചകളിലെ അറേബ്യൻ രാവുകൾക്ക് ഒടുവിൽ ഏറ്റവും മികച്ച ടീം തന്നെ ലോക കിരീടത്തിൽ മുത്തമിട്ടത് ക്രിക്കറ്റിന്റെ വിജയം തന്നെ. ഒന്നിനൊന്ന് മികച്ച പോരാട്ടങ്ങൾ, അവസാനത്തെ ത്രസിപ്പിക്കുന്ന മൂന്നു മൽസരങ്ങൾ, മികച്ച ഫിനിഷുകൾ- ഏറെക്കാലും കളിപ്രേമികൾക്ക് മനസ്സിൽ സൂക്ഷിക്കുവാൻ ഇത്രയൊക്കെ മതിയല്ലോ ?
എൻ .എസ് .വിജയകുമാർ
Video Courtesy: SKY NEWS AU
Comments