ഡോ. ഡെയ്സൻ പാണേങ്ങാടൻ
കേന്ദ്ര, സംസ്ഥാന, സ്വകാര്യ മേഖലയിലുൾപ്പടെയുള്ള സർവകലാശാലകളിലേക്കും രാജ്യാന്തര നിലവാരമുള്ള സ്ഥാപനങ്ങളിലേയുമുള്ള പ്രവേശന പരീക്ഷയാണ് സി.യു.ഇ.ടി. ദേശീയ പരീക്ഷാ ഏജൻസിക്കാണ് (NTA ) യു.ജി., പി.ജി. പ്രവേശന പരീക്ഷാ നടത്തിപ്പ് ചുമതലയുള്ളത്.ദേശീയ ബിരുദ പ്രവേശന പരീക്ഷയ്ക്കുള്ള (സിയുഇടി–യുജി) റജിസ്ട്രേഷൻ ഫെബ്രുവരി ആദ്യ ആഴ്ച തുടങ്ങും. പ്രവേശനപരീക്ഷ മേയ് 21 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ നടക്കും. ജൂൺ രണ്ടാം വാരത്തിൽ ഫലം പ്രഖ്യാപിക്കും. കംപ്യൂട്ടർ അധിഷ്ഠിത (CBT) പരീക്ഷയാണ് , എൻ.ടി.എ. പ്രവേശനത്തിനായി സംഘടിപ്പിക്കുന്നത്.
മുൻവർഷത്തെ (2022) അതേ മാതൃക തന്നെയാണ് , ഇക്കുറിയും സിയുഇടി -യുജി പരീക്ഷയ്ക്ക് എൻ.ടി.എ. ഉദ്ദേശിക്കുന്നത്. ഓരോ വിദ്യാർഥിക്കും ഇഷ്ടമുള്ള 6 വിഷയങ്ങൾ തിരഞ്ഞെടുക്കാൻ അവസരമുണ്ട്. ഇതോടൊപ്പം തന്നെ മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ പരീക്ഷയെഴുതാം. മൊത്തം 13 ഭാഷകളിൽ പരീക്ഷയെഴുതാം. ഈ വർഷം,ബിരുദ പ്രവേശന പരീക്ഷയ്ക്കു ആയിരത്തോളം പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകും.
കഴിഞ്ഞ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി ഡൽഹി സർവകലാശാലയുടെ ബിരുദാനന്തരബിരുദ പ്രവേശനവും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പൊതുപ്രവേശന പരീക്ഷ (സി.യു.ഇ.ടി. - പി.ജി.) വഴിയാകും ഈ വർഷം നടത്തുക. നിലവിൽ ഡൽഹി സർവ്വകലാശാല നടത്തുന്ന പ്രവേശനപരീക്ഷയായ ഡി.യു.ഇ.ടി. അടുത്ത വർഷം ഉണ്ടാകില്ല. നിലവിലെ ധാരണ പ്രകാരം,സി.യു.ഇ.ടി.–പിജി പരീക്ഷ ജൂൺ ആദ്യ രണ്ടാഴ്ചകളിലായി നടക്കും. ജൂലൈ ആദ്യ ആഴ്ചയോടെ ഫലം പ്രതീക്ഷിക്കാം.
Comments