Foto

ഗാന്ധിജിയെ ഓർമ്മിക്കണമെന്ന് പറയുമ്പോഴും കാപട്യത്തിന്റെ അരങ്ങുകളിലാണോ നാം ?

   
ഗാന്ധിജിയെ ഓർമ്മിക്കണമെന്ന് പറയുമ്പോഴും
കാപട്യത്തിന്റെ അരങ്ങുകളിലാണോ നാം ?

ഇന്ന് ഗാന്ധിജയന്തി മഹാത്മജിയുടെ സ്മരണയ്ക്ക് മുന്നിൽ രാഷ്ട്രം ആദരാഞ്ജലികൾ അർപ്പിക്കുന്ന ദിനം പക്ഷേ നമ്മുടെ രാജ്യത്തെ മതസൗഹാർദ്ദവും  ജനാധിപത്യവുമെല്ലാം ഇന്ന് വെല്ലുവിളികൾ  നേരിടുകയാണ്. മഹാത്മജി ഏറെ പ്രധാന്യം നൽകിയ വിദ്യാഭ്യാസ മേഖലയിൽ പോലും ഒരാളെ ഒരു നല്ല മനുഷ്യനായി രൂപാന്തരപ്പെടുത്താനുള്ള എഞ്ചുവടി ഉണ്ടോ ? പ്രധാനമന്ത്രിയുടെ പി. എം. കെയർ ഫണ്ട്  പൊതു പണമല്ലെന്നും മുഖ്യമന്ത്രിക്ക് വാക്‌സിൻ ചലഞ്ച് വഴി പിരിഞ്ഞ് കിട്ടിയ തുകയുടെ കണക്ക് പറയേണ്ടതില്ലെന്നും വാശിപിടിക്കുന്ന ഭരണകർത്താക്കൾ ഗാന്ധിജിയെക്കുറിച്ച് കമാന്ന് ഒരു അക്ഷരം പറയാൻ യോഗ്യരാണോ ? രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതാരാണെന്ന് പരസ്യപ്പെടുത്തേണ്ട കാര്യമില്ലെന്ന് ഉന്നതങ്ങളിൽ ഇരിക്കുന്നവർ പറയുമ്പോൾ ഈ ജനാധിപത്യത്തിന്റെ തുണുകൾ ഏത് ചെളിക്കുണ്ടിലാണ് ആഴ് ന്നിരിക്കുന്നതെന്ന് സംശയം ആർക്കും ഉണ്ടാവാം അതുകൊണ്ട് മഹാത്മജിയെ വെറുതെ വിടൂ. നിങ്ങളുടെ ധാർഷ്ട്യങ്ങളുടെ സ്വാർത്ഥഘോഷയാത്രക്ക് മുമ്പിൽ എന്തിനാണ്  വടികുത്തിപ്പിടിച്ച് കൂനി നടക്കുന്ന ഒരു ഗാന്ധി വേഷം വേണമെന്ന് നിങ്ങൾ ശഠിക്കുന്നത്.
    
മഹാത്മജിയെക്കുറിച്ചുള്ള വിവരണതോരണങ്ങൾക്ക് ഇന്ന് ഒരുതരം നിർവികാരതയുടെ  നിറവിളർച്ചയുണ്ട്. എന്നാൽ ഭാരതത്തിലെ ഗ്രാമങ്ങളുടെ നിശ്വാസം മുഖത്തടിച്ച്, ആ ചൂടുനെടുവീർപ്പുകളെക്കുറിച്ച് ആകുലപ്പെട്ടും വ്യാകുലപ്പെട്ടും കടന്നുപോയ ഒരു നേതാവിനെ കുറിച്ച് എഴുതാൻ ഒരുങ്ങുമ്പോൾ വാക്കുകൾക്ക് വേണ്ടത്ര ആശയപൂർണത ലഭിക്കുന്നുണ്ടോ എന്ന് നാം സംശയിക്കുന്നു. ലോകരാഷ്ട്രങ്ങളും ലോകനേതാക്കളും വാഴ്ത്തിയ മഹത്‌വ്യക്തിത്വത്തത്തിന്റെ പാദാരവിന്ദത്തിൽ  മനസ്സുകൊണ്ട് സ്പർശിക്കാൻ പോലും ഇന്ന് ഏതൊരു ഭാരതീയനും അല്പമെങ്കിലും ആശങ്കപ്പെടേണ്ടതുണ്ട്. ഒരു രാഷ്ട്രത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച കൃശഗാത്രനായ ആ മനുഷ്യ മഹാമേരുവിന്റെ മുൻപിൽ ഏത് അക്ഷരതുളസിയുടെ ഇലകൾ ആണ് നേദിക്കേണ്ടതെന്ന് എനിക്കറിയില്ല. കാരണം, ഗ്രാമീണ ഭാരതത്തിന്റെ ദുഃഖനെരിപ്പോടുകളണയ്ക്കാൻ സ്വന്തം ജീവിതം തന്നെ ബലിയായി നൽകി ഗാന്ധിജി നാടിനെ, ജനങ്ങളെ ഹൃദയംകൊണ്ട് തൊട്ടറിഞ്ഞതിന്റെ സത്യസന്ധത എന്നും രാഷ്ട്രപിതാവിന്റെ വാക്കുകളിൽ നിറഞ്ഞുനിന്നു നിന്നു. ലോകം ഏറെ കൊട്ടിഘോഷിച്ച ആശയസഞ്ചയത്തിന്റെ മുമ്പിൽ  നിന്നു കൊണ്ടു പോലും ഗാന്ധിജി തനതായ കണ്ടെത്തലൂകളിലൂടെ ലോകത്തെ അമ്പരപ്പിച്ചു.


ആദർശാത്മക വിദ്യാഭ്യാസവും മൂന്ന്  H ഉം  
    
യുനെസ്‌കോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിദ്യാഭ്യാസരീതി എങ്ങനെയായിരിക്കണമെന്ന് നിർദ്ദേശിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കുകയുണ്ടായി. ഈ കമ്മീഷൻ നവ വിദ്യാഭ്യാസരീതിക്കായി നാലു സ്തൂപങ്ങൾ നിർദ്ദേശിച്ചു. ഒന്നാമതായി അറിയാനുള്ള പഠനം (learning to know) രണ്ടാമതായി എന്തു പ്രവർത്തിക്കണമെന്ന പഠനം (learning to do) മൂന്നാമത് ഒരുമിച്ച് ജീവിക്കാനുള്ള പഠനം   (learning to living  together) ഏറ്റവും അവസാനത്തേത് സ്വത്വം തിരിച്ചറിയാനുള്ള പഠനം  (learning to be) ഏറെ ശാസ്ത്രീയമായ പഠനങ്ങൾക്കും അഭിപ്രായ സർവ്വെകൾക്കും ശേഷം യൂനസ്‌കോയിലെ വിദഗ്ധർ കണ്ടെത്തിയ നവപഠനരീതി മഹാത്മജി ആദർശാത്മക വിദ്യാഭ്യാസം എന്ന് പേരിട്ടു നമുക്ക് നേരത്തെ തന്നെ പരിചയപ്പെടുത്തിയിരുന്നു. ഇംഗ്ലീഷിലുള്ള ‘H'  എന്ന മൂന്നക്ഷരങ്ങൾ ആണ് മഹാത്മജി ചുരുക്കത്തിൽ അന്ന് അവതരിപ്പിച്ചത്. കൈകൾ (Hands), ഹൃദയം (Heart), ശിരസ്സ് (Head) എന്നിവകളുടെ ഗുണപരമായ സമ്മേളനവും വിനിയോഗിക്കലും ആയിരിക്കണം വിദ്യാഭ്യാസ രീതിയുടെ എക്കാലത്തെയും അന്തസ്സത്തയായിരിക്കേണ്ടത് എന്ന് നമ്മുടെ രാഷ്ട്രപിതാവ് അന്ന് നിഷ്‌കർഷിച്ചു.
    
പിൽക്കാലത്ത് നമുക്കുംചുറ്റും ദുരന്തങ്ങളുടെ ആക്രമണമുണ്ടായപ്പോൾ അവരെ സാന്ത്വനിപ്പിക്കാൻ സഹായിക്കാൻ ഓടിയെത്തിയ മനുഷ്യർ രാഷ്ട്രപിതാവിന്റെ ഉദ്‌ബോധനങ്ങൾ  നെഞ്ചിലേറ്റിയവരാണെന്ന് നമുക്ക് മനസ്സിലാകുന്നു. 1991 നവംബർ ഒന്നിന് കർണ്ണാടക എക്‌സ്പ്രസ് ട്രെയിൻ മറിഞ്ഞപ്പോൾ അതേ തീവണ്ടിയിൽ ഉണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥികൾ അപകടത്തിൽ പരിക്കേറ്റവരെ സഹായിക്കാൻ ഊണും ഉറക്കവും ഉപേക്ഷിച്ച് തുനിഞ്ഞിറങ്ങിയത് മനുഷ്യത്വത്തിന്റെ വിജയ  ഗാനങ്ങളായി മുഴങ്ങിയതും ഇതുകൊണ്ടു തന്നെ. പോയ പ്രളയകാലത്തും കോവിഡ്ക്കാലത്തും ഗാന്ധിസൂക്തങ്ങൾക്ക് ചിറകുകൾ നൽകിയ എത്രയോ മനുഷ്യരെയാണ് നാം കണ്ടത്.


എവിടെ മനുഷ്യത്വത്തിന്റെ മഴവിൽ നിറങ്ങൾ.....
     
ഗാന്ധിജിയോട് ബന്ധപ്പെട്ട ഈ ദിനാചരണങ്ങൾ ഓരോ ഭാരതീയന്റെയും ഹൃദയാകാശത്തിൽ സൃഷ്ടിക്കപ്പെടേണ്ട മനുഷ്യത്വത്തിന്റെ മഴവിൽ നിറങ്ങളെക്കുറിച്ച് നാം കൂടുതൽ ബോധവാന്മാരാകേണ്ടതില്ലേ ? 1909 ൽ ആണ് ഗാന്ധിജി 'ഹിന്ദുസ്വരാജ്' എഴുതിയത്. 1945 ൽ ഈ ഗ്രന്ഥത്തെപ്പറ്റി    ജവഹർലാൽ നെഹ്‌റു ഗാന്ധിജിക്ക് എഴുതിയ കത്തിൽ ആ ഗ്രന്ഥത്തിൽ പരാമർശിക്കപ്പെട്ട നിർദ്ദേശങ്ങളുടെ അപ്രായോഗികതയെ പറ്റി പരോക്ഷമായി സൂചിപ്പിച്ചിരുന്നു. അന്ന് ഇന്തോനേഷ്യയുടെ തലസ്ഥാനമായിരുന്ന ജാവയിലേക്ക് പോകാൻ ഡൽഹിയിൽ നിന്ന് രണ്ടുദിവസത്തെ വിമാനയാത്ര വേണമായിരുന്നു. കാലത്തിന്റെ മാറ്റമനുസരിച്ച്  രാഷ്ട്രനിർമ്മിതിയുടെ  ഗൃഹപാഠങ്ങളിലും മാറ്റം വരണം എന്ന് നെഹ്‌റു ചിന്തിച്ചു. എന്നാൽ എല്ലാ മാറ്റങ്ങളിലും മനുഷ്യരെ ഒന്നാം സ്ഥാനത്തു പ്രതിഷ്ഠിക്കണമെന്നു രാഷ്ട്രപിതാവ് ശഠിച്ചു. ഏതൊരു നയം ആവിഷ്‌കരിക്കുമ്പോഴും അത് രാജ്യത്തെ അവസാന പടവുകളിൽ നിൽക്കുന്നവരെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കണമെന്ന് മഹാത്മജി നിർദേശിക്കുകയും ചെയ്തു.
    
'സ്വാതന്ത്ര്യത്തിന്റെ സ്ഥാന വസ്ത്രം' എന്നാണ് ഒരിക്കൽ ഖദറിനെ മഹാത്മജി വിശേഷിപ്പിച്ചത്. അതുകൊണ്ടുതന്നെ ഏതൊരു ജനാധിപത്യ സമരപ്രക്രിയയിലും ഈ വസ്ത്രത്തിന് അതുല്യമായ സ്ഥാനം ഉണ്ട്. പക്ഷേ നമ്മുടെ സമകാലിക സംഭവ വികാസങ്ങൾ ഈ അക്ഷര ഭാവനയെ സാധൂകരിക്കാൻ പോന്നതാണോ ? സർവ്വ ക്ഷേമത്തിനായുള്ള സൂത്രവാക്യം..... മഹാത്മജിയുടെ  സർവ്വ ക്ഷേമത്തിനായുള്ള സൂത്രവാക്യമെന്നാണ് സ്വയം മോചിതരാകുക' എന്ന മുദ്രാവാക്യമാണ്. ഓരോ കാലഘട്ടത്തിലും  ജനസേവകരെന്ന രാഷ്ട്രീയപ്രവർത്തകർ അവരെ പൊതിയുന്ന തിന്മയുടെ വർണാവതരണങ്ങളിൽ നിന്നും കുതറിച്ചാടണമെന്നാണ് ഗാന്ധിജി എക്കാലുത്തും നമ്മെ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നത്.   അതുകൊണ്ടാണ് 1945-ൽ മഹാത്മജി 'നിർമ്മാണം പരിപാടികൾ - അർഥവും സ്ഥാനവും' എന്ന   ലഘുലേഖ തയ്യാറാക്കിയത്. അയിത്തോച്ചാടനം, ഖാദി, മദ്യനിരോധനം, ഗ്രാമ വ്യവസായങ്ങൾ,  ഗ്രാമ ശുചീകരണം, അടിസ്ഥാനവിദ്യാഭ്യാസ പദ്ധതി, വയോജന വിദ്യാഭ്യാസം, വനിതാ ക്ഷേമം, ആരോഗ്യ ശുചീകരണ വിദ്യാഭ്യാസം, മാതൃഭാഷാപഠനം, ദേശീയഭാഷ, സാമ്പത്തികമായ നവീകരണം, ആദിവാസി ക്ഷേമം, കുഷ്ഠരോഗനിർമാർജ്ജനം, വിദ്യാർത്ഥികൾ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ഗാന്ധിജി സ്വന്തം വീക്ഷണമെന്താണെന്നു വ്യക്തമാക്കിയത്. എന്നാൽ, ആ പ്രവാചക ശബ്ദത്തിന് കാതോർക്കാതെ പോയോ നാം ? സുപ്രീം കോടതി പോലും മാസ്‌കും ഓക്‌സിജൻ സിലിണ്ടറും ധരിക്കാതെ 'മനുഷ്യ വിസർജ്ജന ഇടങ്ങൾ (Manhole) ഇന്നും ശുചീകരിക്കുന്ന പാവങ്ങളെ പറ്റി വിലപിച്ചത് ഗാന്ധിജിയുടെ 150-ാം  ജന്മവാർഷികാചരണവേളയിലായിരുന്നുവെന്നുള്ളത് മറക്കാതിരിക്കുക.


മതങ്ങൾ കൈവിരലുകൾ പോലെ പരസ്പരപൂരകങ്ങൾ..............
ഗാന്ധിജി നമ്മെ നിരന്തരം ഓർമ്മിച്ച ഒരു കാര്യമുണ്ട് ഭിന്നമതങ്ങൾ കൈവിരലുകളെ പോലെ പരസ്പരപൂരകങ്ങളാണ് എന്നു രാഷ്ട്രപിതാവ് നമ്മോട് പറഞ്ഞു. എന്നാൽ നമ്മുടെ ഭാരതം വിവിധ മതങ്ങളാലും ഭാഷകളാലും  സമ്പന്നമാണെന്നതാണ് യഥാർഥ്യം. ഈ മതങ്ങളുടെ ലക്ഷ്യം പൊതുനന്മ ആയിരിക്കണമെന്ന് ഗാന്ധിജി എഴുതി. ഇന്ന് അറുപതു കഴിഞ്ഞ എന്നെപ്പോലുള്ളവരുടെ ഓർമ്മകളിൽ മാത്രമാണ് ജാതിയുടെ അതിപ്രസരമില്ലാത്ത കുട്ടിക്കാലസ്മരണകൾ ഉള്ളത്. എസ്.എസ്.എൽ.സി പാസായത് മലബാറിലെ കേളകം എന്ന സ്ഥലത്തെ സെന്റ്. തോമസ് ഹൈസ്‌കൂളിൽ നിന്നായിരുന്നു. സ്‌കൂളിലെ ആദ്യ  എസ്. എസ്. എൽ. സി ബാച്ച് ആയിരുന്നു ഞങ്ങളുടേത്. യാക്കോബായക്കാരുടെ സ്‌കൂളായിരുന്നു അത്. പക്ഷേ കത്തോലിക്കരും ഹൈന്ദവരും മുസ്‌ലിംങ്ങളുമായ വിദ്യാർത്ഥികളായ ഞങ്ങളും ഞങ്ങളുടെ              കുടുംബാംഗങ്ങളും ചേർന്ന് സ്‌കൂളിന് കളിസ്ഥലം ഉണ്ടാക്കാൻ ശ്രമദാനം നടത്തി. പച്ചക്കപ്പ   പുഴുങ്ങിയതും കാന്താരി മുളക് ചതച്ചതും കൂട്ടിയുള്ള അന്നത്തെ ഉച്ചഭക്ഷണം ജാതിഭേദമില്ലാതെ ഞങ്ങൾ കുട്ടികളും മാതാപിതാക്കളും അധ്യാപകരും എല്ലാം ചേർന്ന് കഴിച്ചത് ഓർമകളിൽ ഇന്നും മധുരം  തൂകുന്നു. ഒരു സ്‌കൂളിലെ കുട്ടികൾക്ക് കളിക്കാൻ ഒരു ഗ്രൗണ്ട് എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇങ്ങനെ വേർതിരിവുകളില്ലാതെ എല്ലാവർക്കും നന്മ ഉണ്ടാകണം ക്ഷേമമുണ്ടാകണം എന്ന   പ്രബോധനങ്ങൾ ധാരമുറിയാതെ മഹാത്മജിയുടെതായിട്ടുണ്ട്. സർവോദയമായാലും അന്ത്യോദയമായാലും മഹാത്മജിയുടെ നേർത്തുനീണ്ട വിരലുകൾ തിരഞ്ഞത് എന്നും ദരിദ്രന്റെ മുഖമായിരുന്നു.


നമുക്ക് വേണം സംവേദനസൂതാര്യത.....
    
ഈ ദരിദ്രന്റെ മുഖത്തെ കുറിച്ച് അവന്റെ കവിളുകളിലൂടെ കുഴിഞ്ഞ കണ്ണുകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന കണ്ണീരിനെ കുറിച്ച് ഏതൊരു ജനസേവകനും ചിന്ത വേണം. കാലമെത്ര മാറി, ഇനി അതെല്ലാം അറുപഴഞ്ചൻ ആശയങ്ങൾ അല്ലേ എന്ന് കരുതുന്നവരുണ്ടാകാം. സെക്കൻഡിൽ ലക്ഷക്കണക്കിനെന്നോ കോടിക്കണക്കിനെന്നോ എണ്ണപ്പെടാൻ ആവാത്തവിധം വിവര സംപ്രേഷണം നടന്നുകൊണ്ടിരിക്കുന്ന ഈ നാളുകളിൽ ആ വിജ്ഞാന ശകലങ്ങൾ മനുഷ്യരെ അവരുടെ പ്രശ്‌നങ്ങളെ സ്പർശിക്കാതെ മരവിച്ചു പോകുന്നതെന്തെന്ന് ഇന്ന് ജനാധിപത്യവാദികൾ ചോദിക്കുന്നു.

ആന്റണി ചടയംമുറി

 

Video Courtesy : DW TV

 

Foto
Foto

Comments

leave a reply