ഡാനിഷ് സിദ്ദിഖിയെ കൊന്നത്
താലിബാന്‍ തിരഞ്ഞു പിടികൂടി
ക്രൂരമായി പീഡിപ്പിച്ചശേഷം
പുലിറ്റ്സര്‍ പുരസ്‌കാര ജേതാവായ പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ്
നേരിട്ട ക്രൂര പീഡനത്തിന്റെ റിപ്പോര്‍ട്ടുമായി അമേരിക്കന്‍ മാസിക
പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി സംഘര്‍ഷത്തില്‍ മരിച്ചതല്ലെന്നും ഇന്ത്യാക്കാരനായ അദ്ദേഹത്തെ താലിബാന്‍ തിരഞ്ഞുപിടിച്ച് കൊല്ലുകയായിരുന്നെന്നും അമേരിക്കന്‍ മാസികയായ വാഷിങ്ടണ്‍ എക്സാമിനര്‍ റിപ്പോര്‍ട്ട് ചെയ്തു. പുലിറ്റ്സര്‍ പുരസ്‌കാര ജേതാവായ ഈ 38 കാരന്‍ റോയിട്ടേഴ്‌സിന് വേണ്ടി ജോലി ചെയ്യവേ കാണ്ഡഹാറിനു സമീപം ബോള്‍ഡാക്ക് മേഖലയില്‍ താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള വെടിവെപ്പില്‍ മരിച്ചു എന്നായിരുന്നു ആദ്യ വാര്‍ത്ത.
ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ തിരിച്ചറിഞ്ഞ ശേഷം ക്രൂരമായി കൊലപ്പെടുത്തിയതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.യുദ്ധ നിയമങ്ങളെയും മറ്റും മാനിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് ഡാനിഷിനെ തിരഞ്ഞു പിടിച്ച് കൊലപ്പെടുത്താന്‍ താലിബാന്‍ കൈക്കൊണ്ട തീരുമാനമെന്ന് വാഷിങ്ടണ്‍ എക്സാമിനര്‍ നിരീക്ഷിക്കുന്നു. താലിബാന്‍ പിടികൂടുമ്പോള്‍ ഡാനിഷിന് ജീവനുണ്ടായിരുന്നുവെന്നാണ് സൂചന.തുടര്‍ന്നാണ് ഡാനിഷിനെ തിരിച്ചറിഞ്ഞ് വധിച്ചത്.
ഡാനിഷിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഒപ്പമുണ്ടായിരുന്ന അഫ്ഗാന്‍ സൈനിക കമാന്‍ഡറും മറ്റ് സംഘാംഗങ്ങളും കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡാനിഷിന്റെ മുഖം തിരിച്ചറിയുന്ന വിധത്തിലുള്ള ഫോട്ടോയാണ് വ്യാപകമായി പ്രചരിച്ചതെങ്കിലും മറ്റു ഫോട്ടോകളും മൃതദേഹത്തിന്റെ വീഡിയോയും പിന്നീട് ലഭ്യമായി. അവ പരിശോധിച്ചപ്പോള്‍ താലിബാന്‍ അദ്ദേഹത്തിന്റെ തലയ്ക്കു ചുറ്റും അടിച്ചതായും നിരവധി തവണ വെടിയുതിര്‍ത്തതായും മനസിലാക്കാന്‍ കഴിഞ്ഞുവെന്ന് അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഫെലോ മൈക്കിള്‍ റൂബിന്‍ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാന്‍- പാകിസ്ഥാന്‍ അതിര്‍ത്തിയുടെ നിയന്ത്രണം കരസ്ഥമാക്കാന്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് അഫ്ഗാന്‍ സൈന്യത്തിനൊപ്പമാണ് ഡാനിഷ് സ്പിന്‍ ബോള്‍ഡാക്ക് മേഖലയിലേക്ക് പോയത്. കസ്റ്റംസ് പോസ്റ്റ് കടന്ന് മുന്നോട്ടു പോയപ്പോള്‍ താലിബാന്റെ ആക്രമണം ഉണ്ടായതോടെ ഡാനിഷ് ഉള്‍പ്പെട്ട അഫ്ഗാന്‍ സൈന്യത്തിന്റെ സംഘം ചിതറി. കമാന്‍ഡറും കുറച്ച് സൈനികരും ഒരു ഭാഗത്തും ഡാനിഷും മൂന്ന് അഫ്ഗാന്‍ സൈനികരും വേറൊരിടത്തുമായി. തുടര്‍ന്ന് ഡാനിഷിന് ഒരു വെടിയുണ്ടയേറ്റു. അതോടെ ഡാനിഷും മറ്റ് സൈനികരും പ്രദേശത്തെ ഒരു മോസ്‌ക്കിലേക്കു നീങ്ങി. അവിടെ പ്രഥമ ശുശ്രൂഷ ലഭിച്ചെങ്കിലും ഡാനിഷ് മോസ്‌കിലുണ്ടെന്ന വിവരം പുറത്തായ ശേഷം താലിബാന്‍ ആക്രമണം നടത്തുകയായിരുന്നു. ഡാനിഷിനെ ലക്ഷ്യമാക്കിയാണ് താലിബാന്‍ മോസ്‌ക്ക് ആക്രമിച്ചതെന്നും ആളെ തിരിച്ചറിഞ്ഞു ബോധ്യപ്പെട്ട ശേഷമാണ് ക്രൂരമായി വധിച്ചതെന്നും പ്രാദേശിക അന്വേഷണത്തില്‍ വ്യക്തമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാബു കദളിക്കാട്
Comments