അങ്കമാലി: പുണ്യജീവിതംകൊണ്ടും സഹോദര സ്‌നേഹം കൊണ്ടും മുദ്രചാര്‍ത്തപ്പെട്ട സിഎസ്ടി സഭാ സ്ഥാപകന്‍ ഫാ. ബസീലിയൂസ് പാണാട്ട് സിഎസ്ടിയുടെ 50ാം ചരമവാര്‍ഷിക അനുസ്മരണം നടത്തി. അഖിലലോക മിഷന്‍ മധ്യസ്ഥയായ ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ നാമത്തില്‍ ബസീലി യൂസച്ചന്‍ നട്ടുവളര്‍ത്തിയ സഭയാണ് ഇന്ന് ലോക മെങ്ങും സ്‌നേഹത്തിന്റെ തിരിനാളം പടര്‍ത്തുന്ന സിഎസ്ടി എന്നറിയപ്പെടുന്ന ചെറു പുഷ്പ സഭ.
മൂക്കന്നൂരില്‍ നടന്ന പൊതുസമ്മേളനം ഗോരഖ്പൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു നെല്ലിക്കുന്നേല്‍ സിഎസ്ടി ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങളിലൂടെയും എഴുത്തുകളിലൂടെയുമാണ് സഭാസ്ഥാപകനായ ബസീലിയൂസ് അച്ചനെ അറിഞ്ഞതെന്ന് മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.
സഭ സുപ്പീരിയര്‍ ജനറല്‍ ഫാ. ജോജോ ജോസഫ് വരകുകാലായില്‍ സിഎസ്ടി അധ്യക്ഷത വഹിച്ചു. ബിഷപ് എമരിറ്റസ് മാര്‍ തോമസ് ചക്യത്ത് അനുഗ്രപ്രഭാഷണം നടത്തുകയും ബസീലിയൂസ് അച്ചനെപ്പറ്റിയുള്ള പുസ്തകങ്ങളുടെ പ്രകാശന കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു. എറണാകുളംഅങ്കമാലി വികാരി ജനറാള്‍ ജോസ് പുതിയേടത്ത് മുഖ്യപ്രഭാഷണം നടത്തി.
ബിഷപ് എമരിറ്റസ് മാര്‍ തോമസ് തുരുത്തിമറ്റം സിഎസ്ടി, എംസിബിഎസ് സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. അഗസ്റ്റ്യന്‍ പായിക്കാട്ട്, സിഎസ്എന്‍ സന്യാസിനി സഭയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആനി റോസ്, സിഎംഐ സഭയുടെ വികര്‍ ജനറല്‍ ഫാ. ബെന്നി നല്‍ക്കര, മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
മുഖ്യമന്ത്രി വി.ഡി സതീശന്റെ സന്ദേശം ചടങ്ങില്‍വായിച്ചു. അങ്കമാലി, മൂക്കന്നൂരില്‍ സ്ഥിതിചെയ്യുന്ന ഫാ. ബസീലിയൂസ് അച്ചന്റെ കബറിടത്തില്‍ രാവിലെ ഫാ. ജോജോ ജോസഫ് വരകുകാലായില്‍ സിഎസ്ടിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഒപ്പീസു ചൊല്ലി പ്രാര്‍ത്ഥിച്ചു.
തുടര്‍ന്ന് മൂക്കന്നൂര്‍ ബേസില്‍ ആശ്രമഭവന്‍ ദേവാലയത്തില്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. മാര്‍ മാത്യു നെല്ലിക്കുന്നേല്‍ സിഎസ്ടി, മാര്‍ തോമസ് തുരുത്തിമറ്റം സിഎസ്ടി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. മരണത്തിന്റെ 50ാം വാര്‍ഷികത്തെ അനുസ്മരിപ്പിച്ച് 50 വൈദികര്‍ പ്രദക്ഷിണമായാണ് ബലിവേദിയിലേക്ക് എത്തിയത്.



Comments