ഞായറാഴ്ച ചിന്ത
ഇങ്ങനെയൊക്കെ കൊലച്ചതി ചെയ്യല്ലേ,
ആദിവാസികളും മനുഷ്യരല്ലേ....?
കൊച്ചി: വക മാറ്റി ചെലവഴിക്കലാണ് ഇപ്പോൾ അഴിമതിയുടെ പുതിയ രീതി. ആദിവാസി ക്ഷേമ പദ്ധതികൾക്കായി വകയിരുത്തിയ 12 കോടി അട്ടപ്പാടിയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള പെരിന്തൽമണ്ണയിലുള്ള സി.പി എമ്മിന്റെ ഇ. എം.എസ് സ്മാരക ആശുപത്രി വികസനത്തിനായി വക മാറ്റിയ രേഖ പുറത്തു വന്നു കഴിഞ്ഞു. പാർട്ടിയുടെ പട്ടികയിൽ നിന്ന് തിരുകിക്കയറ്റിയ ജോലിക്കാരുടെ ശമ്പളത്തിനായി 5 കോടി വക മാറ്റിയതായും ചാനൽ വാർത്തകളുണ്ട്.
അട്ടപ്പാടി കണ്ണുനീർത്തുള്ളിയാണെന്നു വിലപിക്കുന്ന ദൃശ്യ-അച്ചടി മാധ്യമങ്ങൾ അവിടെ ചിലർ തല്ലിക്കൊന്ന മധുവിന്റെ അമ്മയുടെ കണ്ണുനീർ കാണാതെ പോകരുത്. നാല് വർഷം കഴിഞ്ഞിട്ടും ഇതുവരെ, ഈ കേസിൽ കുറ്റപത്രമായിട്ടില്ല. മാത്രമല്ല, ഈ കൊലക്കേസിൽ പ്രതിയായ ഒരാളെ പാർട്ടി ഭാരവാഹിയാക്കാനും ശ്രമമുണ്ടായി.
സർക്കാരേതര സന്നദ്ധ സംഘടനകളുടെ കണക്കുകൾ പ്രകാരം 150 നവജാത ശിശുക്കൾ എട്ടു വർഷത്തിനുള്ളിൽ മരിച്ചു. സർക്കാർ കണക്കിൽ 121 കുട്ടികളേയുള്ളൂ. 2013-ൽ 47 നവജാത ശിശുക്കളാണ് അട്ടപ്പാടിയിൽ മരിച്ചത്. അതിനു ശേഷം ഇത്രയേറെ കുഞ്ഞുങ്ങൾ മരിക്കുന്നത് ഇതാദ്യമാണ്.
ജലമില്ലാത്ത ജലവിതരണ പദ്ധതികൾ
ആദിവാസിക്ഷേമ വകുപ്പു മാത്രം ഇവിടെ ഈ കാലയളവിൽ ചെലവഴിച്ചത് 131 കോടി രൂപയാണ്. മറ്റ് വകുപ്പുകളുടെ ഫണ്ട് വിഹിതം കൂടി കൂട്ടിയാൽ 200 കോടി രൂപ ഇവിടെ സർക്കാർ ചെലവഴിച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതികൾ പോലും രണ്ട് വകുപ്പുകൾ മൽസരിച്ച് നടപ്പാക്കി. പക്ഷേ, രണ്ട് പദ്ധതികളിലായി സ്ഥാപിച്ച പൈപ്പുകളിൽ ഇപ്പോഴും വെള്ളമെത്തിയിട്ടില്ല.
പദ്ധതിയെല്ലാം പണം പിടുങ്ങാൻ
അട്ടപ്പാടിയിൽ ആദിവാസികൾക്കായുള്ള ക്ഷേമസംവിധാനങ്ങൾ കേട്ടാൽ ആരും ഞെട്ടും. മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ഒരു സാമൂഹികാരോഗ്യ കേന്ദ്രം, ട്രൈബൽ സ്‌പെഷ്യൽറ്റി ആശുപത്രി , അഞ്ച് മൊബൈൽ യൂണിറ്റുകൾ, രണ്ട് ഒ.പി ക്ളിനിക്കുകൾ, 28 സബ്‌സെന്ററുകൾ, മൂന്നുവീതം ആയുർവ്വേദ-ഹോമിയോ ഡിസ്‌പെൻസറികൾ, ഒരു നോഡൽ ഓഫീസർ, 150 ട്രൈബൽ പ്രൊമോട്ടർമാർ, ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ.......... ഇങ്ങനെ പോകുന്നു ഈ സംവിധാനങ്ങൾ. എന്നിട്ടും അട്ടപ്പാടിയിൽ ശിശു മരണങ്ങളും പട്ടിണിയുമെല്ലാം എന്തു കൊണ്ട് ഉണ്ടാകുമെന്ന് ചിന്തിക്കേണ്ടതല്ലേ? വിദഗ്ധരുടെ അഭിപ്രായത്തിൽ പദ്ധതികളുടെ ഏകോപനമില്ലായ്മയാണ് മുഖ്യപ്രശ്‌നം. അതുകൊണ്ട് പല വകുപ്പുകളും ഒരേ പദ്ധതികൾ നടപ്പാക്കുന്നു. ഇവിടെയെല്ലാം, രാഷ്ട്രീയക്കാരും കരാറുകാരും ഉദ്യോഗസ്ഥരും ചേർന്നുള്ള 'പണം പിടുങ്ങൽ' നിർബാധം നടക്കുന്നു.
ആദിവാസികൾ മിക്കപ്പോഴും ഓടിച്ചെല്ലുന്ന കോട്ടത്തറ ആശുപത്രിയുടെ വികസനമൊന്നും നടക്കുന്നതേയില്ല. പകരം ചികിത്സയ്‌ക്കെത്തുന്ന രോഗികളെ തൃശൂരിലേക്കും പെരിന്തൽമണ്ണയിലേക്കുമെല്ലാം റഫർ ചെയ്യുന്നു. യാത്രയ്ക്കു പോലും പണമില്ലാത്ത ആദിവാസികൾ ഇതോടെ, രോഗത്തിനു സ്വയം വിട്ടു കൊടുക്കുന്നു.
അട്ടപ്പാടിയും ആനവണ്ടി കോർപ്പറേഷനും
അട്ടപ്പാടിയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ നാല് കുഞ്ഞുങ്ങൾ പ്രസവിച്ചപ്പോൾ തന്നെ മരണമടഞ്ഞത്, ആദിവാസിക്ഷേമ മേഖലയിൽ സർക്കാർ സംവിധാനങ്ങൾ നടത്തുന്ന തീവെട്ടിക്കൊള്ളയുടെ നേർക്കാഴ്ചയായി. എട്ടുവർഷത്തിനുള്ളിൽ അട്ടപ്പാടിയിൽ 131 കോടി രൂപയാണ് ആദിവാസി ക്ഷേമത്തിനായി ചെലവഴിച്ചത്. ഇതേ കാലയളവിൽ അട്ടപ്പാടിയിൽ മരിച്ചത് 121 ശിശുക്കളാണ്! ശിശുമരണനിരക്ക് ദേശീയതലത്തിൽ 28.77 ശതമാനമാണ്. കേരളത്തിന്റെ ഇതേ നിരക്ക് 6 ശതമാനമായി പിടിച്ചു നിർത്തിയെന്നു വീമ്പടിച്ചവരുടെ മുഖത്തേറ്റ അടിയാണ് അട്ടപ്പാടിയിലെ ശിശുമരണങ്ങൾ. നവംബർ 24, 25, 26, 27, 28 എന്നീ അഞ്ചു ദിവസങ്ങളിൽ ഒരമ്മയും അഞ്ച് നവജാതശിശുക്കളും അട്ടപ്പാടിക്ക് നഷ്ടമായി. ഒരു വർഷത്തിനിടെ അട്ടപ്പാടിയിൽ ആദിവാസിക്ഷേമത്തിന് ചെലവഴിച്ചത് 16 കോടി രൂപയാണ്. 194 ഊരുകളിലായി 32,000 പേരാണ് അട്ടപ്പാടിയിലെ ആദിവാസികളുടെ ലേറ്റസ്റ്റ് ജനസംഖ്യ. അവർക്കായി കോട്ടത്തറ ട്രൈബൽ ആശുപത്രി സ്ഥാപിച്ചിട്ടുണ്ട്. പക്ഷെ, ഈ ആശുപത്രി വികസിപ്പിക്കേണ്ടതിനു പകരം ഇതേ അക്കൗണ്ടിലേക്ക് അനുവദിച്ച 16 കോടി രൂപയിൽ 12 കോടിയും പോയത് പെരിന്തൽമണ്ണ ഇ.എം.എസ് സ്മാരക ആശുപത്രിയുടെ വികസന ഫണ്ടിലേക്കായിരുന്നു! 100 കിടക്കകളുള്ള ആശുപത്രിയാക്കി കോട്ടത്തറ ആശുപത്രിയെ ഉയർത്തുമെന്ന് മന്ത്രി കെ. രാധാകൃഷണന്റെ പ്രഖ്യാപനമുണ്ട്. 'കുടിലിൽ നിന്നുള്ള മന്ത്രി'യെന്ന പേരുകേട്ട മന്ത്രി രാധാകൃഷ്ണൻ തന്റെ വാക്ക് നിറവേറ്റുമായിരിക്കാം. ആദിവാസികൾക്കുള്ള അന്നത്തിൽ പോലും കൈയിട്ടുവാരുന്ന ഉദ്യോഗസ്ഥർ ആദിവാസി ക്ഷേമവകുപ്പിലുണ്ടെന്ന് അവിടെ നിന്നുള്ള വാർത്തകളിൽ നിന്ന് മനസ്സിലാക്കാം. ഇവിടെയുമുണ്ട് സമൂഹ അടുക്കള. ഉപഭോക്താക്കൾ 12000. എന്നാൽ, ഇതേ അടുക്കള അശരണരായ 5000ത്തോളം പേർക്ക് ഭക്ഷണം നൽകുന്നില്ല. അടുക്കള നടത്തിയ വകയിൽ 12 കോടി കിട്ടാനുണ്ടെന്നാണ് കരാറുകാർ പറയുന്നത്. ആദിവാസി സ്ത്രീകൾക്കുള്ള കൂലിയുടെ കുടിശ്ശിക അഞ്ചുകോടിയിലേറെയാണെന്നും കണക്കുകളിലുണ്ട്. ഇപ്പോൾ ഏറ്റവും പുതിയ വാർത്ത, ഇ.എം.എസ്. ആശുപത്രിക്ക് 12 കോടി നൽകിയെന്ന വാർത്ത മാധ്യമങ്ങൾക്ക് കൊടുത്തുവെന്ന് ആരോപിച്ച് ഒരു ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തുവെന്നാണ് ഇതാണ് അഴിമതി തടയുമെന്നു പറയുന്ന പാർട്ടിഭരണത്തിന്റെ പുതിയ സ്‌റ്റൈൽ !
ആദ്യം ജനപക്ഷം, പിന്നെയാകട്ടെ പാർട്ടി പ്രവർത്തനം
ദുർബല ജനവിഭാഗങ്ങൾക്കു വേണ്ടിയുള്ള ഒരു ജാഗ്രതാ സമിതി സി.പി.എം.ൽ അടിയന്തിരമായി പ്രാദേശിക തലത്തിൽ രൂപീകരിച്ചേ പറ്റൂ. പ്ലീഡർമാരുടെ നിയമനം കിട്ടാൻ 'പാർട്ടിക്കളത്തിൽ ഇറങ്ങുന്ന വക്കീൽമാരോട് പാർട്ടി പച്ചയ്ക്കു പറയണം. മൂന്നു വർഷമെങ്കിലും നിങ്ങൾ ഇല്ലാപ്പാവങ്ങൾക്കു വേണ്ടി നിയമ പരിരക്ഷ ഉറപ്പാക്കുവാനുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ മുഴുകാൻ. ഖദറിട്ടവർ കോൺഗ്രസും, കൊടിപിടിക്കുന്നവർ കമ്മ്യൂണിസ്റ്റുമെന്ന പാർട്ടിക്കാരുടെ വിശേഷണങ്ങൾ പുതിയ പാർട്ടി നേതൃത്വങ്ങൾ ഇനിയെങ്കിലും മാറ്റിക്കുറിക്കട്ടെ. ജനസേവനത്തിന്റെ ഏതെങ്കിലും മേഖലയിലെ 'പ്രവൃത്തി പരിചയ'മാകട്ടെ, പാർട്ടിയുടെ തലപ്പത്തെത്തുവാനുള്ള യോഗ്യത. അങ്ങനെ വരുമ്പോൾ, നേതാക്കൾ മടിയിലിട്ടു വളർത്തുന്ന പ്രാദേശിക നേതാക്കളെ അകറ്റി നിർത്താൻ കഴിയും. പകരം ജനങ്ങൾക്ക് പ്രിയങ്കരരായ പുതു നേതൃത്വം വരും. ഈ മാറ്റം കൊണ്ടു വരാൻ വളരെയേറെ വിപ്ലവകരമാം വിധം ജനപക്ഷത്തു നിലയുറപ്പിച്ച പാരമ്പര്യമുള്ള സി.പി.എം-കോൺഗ്രസ് പാർട്ടികൾക്കു കഴിയും. അതല്ലെങ്കിൽ, പാർട്ടിക്കാരെന്നു പറഞ്ഞാൽ, ജനങ്ങൾ നിഷ്‌ക്കരുണം ആട്ടിയോടിക്കുന്ന പുതിയ കാലഘട്ടം പിറക്കും.
ആന്റണി ചടയംമുറി
Video courtesy: EXPLOREAL
Comments