Foto

ദി പോപ്പ്സ് എക്‌സോർസിസ്റ് : ഭൂതോച്ചാടകനായ അമോർത്തിന്റെ കഥ

ഫാ. സിബു ഇരിമ്പിനിക്കൽ
 

 

ഒരു ലക്ഷത്തിലധികം ഭൂതോച്ചാടന കർമ്മങ്ങൾ നിർവഹിച്ച ഗബ്രിയേലെ അമോർത്ത് എന്ന ഇറ്റാലിയൻ വൈദികന്റെ ഓർമ്മക്കുറിപ്പുകളെ ആധാരമാക്കി നിർമ്മിച്ച ചലച്ചിത്രമാണ് 'ദി പോപ്പ്സ് എക്സോസിസ്റ്റ്'. രണ്ടായിരത്തിൽ ഗ്ലാഡിയേറ്റർ എന്ന ചിത്രത്തിന് ഓസ്കർ നേടിയ റസല്‍  ക്രോവ് എന്ന മഹാനടന്റെ സാന്നിധ്യമാണ് ഈ സിനിമയെ ശ്രദ്ധേയമാക്കുന്നത്. ജൂലിയസ് ഏവറി എന്ന ഓസ്ട്രേലിയൻ ആണ് സംവിധായകൻ. അമോർത്തിന്റെ 'ആൻ എക്സോർസിസ്റ്റ് ടെൽ ഹിസ് സ്റ്റോറി ആൻഡ് ആൻ എക്‌സോർസിസ്റ്റ്' എന്ന ഓർമ്മക്കുറിപ്പുകളുടെ പുസ്തകമാണ് ചലച്ചിത്രത്തിന് ആസ്പദമായി ചൂണ്ടിക്കാണിക്കുന്നത്. 2016ൽ 91ആം വയസ്സിലാണ് ഗബ്രിയേൽ അമോർത്ത് അന്തരിച്ചത്. താൻ ചികിത്സിച്ചവരിൽ 98 ശതമാനവും മാനസിക പ്രശ്നങ്ങളാണെന്നും എന്നാൽ രണ്ട് ശതമാനം തിന്മയുടെ സാന്നിധ്യമാണ് എന്നും കഥാപാത്രം പറയുന്നു. അമോർത്തിന്റെ പ്രവർത്തനങ്ങളിൽ ഇഷ്ടക്കേടുള്ള ഔദ്യോഗിക സ്ഥാനത്തുള്ളവർ ഉണ്ടായിരുന്നു. സിനിമയിലും അതു കാണാം. അമോർത്തിനെ സംരക്ഷിച്ചത് ജോൺപോൾ രണ്ടാമൻ പാപ്പായുടെ നിലപാടുകളാണ്. തിന്മയുടെ ആത്മാവ് യഥാർത്ഥത്തിൽ നിലനിൽക്കുന്നു എന്ന ഇവർ രണ്ടുപേരും വിശ്വസിക്കുകയും അതിനെ ഉച്ചാടനം ചെയ്യാൻ ആത്മീയ മാർഗ്ഗത്തിലൂടെ പൊരുതുകയും ചെയ്തിരുന്നു. ഇത്തരം പ്രവർത്തനങ്ങളുടെ പേരിൽ വിചാരണ നേരിടേണ്ടി വന്നപ്പോൾ റസൽ ക്രോവിന്റെ അമോർത്ത് നൽകുന്ന മറുപടി ഇവരുടെ ബന്ധത്തെ കാണിക്കുന്നതാണ്. "യു ഹാവ് പ്രോബ്ലം വിത്ത് മി, യു ടോക്ക് ടു മൈ ബോസ്".
 കാരണം മാർപാപ്പ റോമാ രൂപതയുടെയും കൂടെ മെത്രാനാണ്. അമോർത് റോമാ രൂപതയിലെ വൈദികനാണ്.
 ഇറ്റലിയിൽ നടക്കുന്ന, ആദ്യം സിനിമയിൽ അവതരിപ്പിക്കുന്ന ഭൂത ഉച്ചാടനത്തിലെ രംഗത്ത് ചില രസങ്ങൾ കൂടെ ഉണ്ടെന്ന് തോന്നി. അമോർത്ത് രംഗത്ത് എത്തുമ്പോൾ  വിശദമായ ചോദ്യങ്ങൾ ചോദിക്കും. മരുന്ന്, വൈദ്യസഹായം ലഭ്യമാക്കിയോ? ഇത് വെറും മാനസിക പ്രശ്നമാണോ? അങ്ങനെ വന്നാൽ അത്തരം കേസുകളിൽ അമോർത്ത് ഇടപെടില്ല. പിശാച് ബാധിതനാണ് എന്നതിന് എന്താണ് തെളിവ് എന്നാണ് അമോർത്തിന്റെ ചോദ്യം. "അവൻ ഇംഗ്ലീഷ് പറയുന്നു" എന്നാണ് ലഭിച്ച ഉത്തരം. അവിടെ ടെലവിഷൻ ഉണ്ടല്ലോ അതിൽനിന്ന് കേട്ടു പഠിച്ചതാവില്ലേ എന്ന്‌ അമോർത്ത് മറുപടി പറയുന്നുണ്ട്. എന്നാലും ഇംഗ്ലീഷ് പറയാൻ ഇഷ്ടമല്ലാത്ത യൂറോപ്യൻ രാജ്യക്കാർക്ക് അതും ഒരു പിശാച് ബാധയുടെ ലക്ഷണമായി തോന്നിയോ എന്നത് രസിപ്പിക്കാതിരിക്കില്ല. ഇംഗ്ലീഷ് പറയുന്നത് ചില സമയത്ത് പിശാച് ബാധയുടെ ലക്ഷണമാണ് എന്നും വരാം. കലയും സംസ്കാരവും ഭാഷയും അധിനിവേശത്തിന് അടിപ്പെടുന്നതിന് ചെറുതായി ഇത്  ഓർമ്മിപ്പിക്കാതിരിക്കില്ല.
 ഫാസിസ്റ്റ് അധികാരത്തിനെതിരെ പട്ടാളക്കാരനായി പൊരുതിയ യൗവനം അമോർത്തിനുമുണ്ട്. യുദ്ധഭൂമിയിലെ ഒരു അനുഭവം അയാളെ വേട്ടയാടാൻ പിശാച് ഉപയോഗിക്കുന്നുണ്ട്. 'യുദ്ധത്തിലെ ഭീരു' എന്ന കളിയാക്കൽ അമമോർത്തിനെ കുറച്ചു തളർത്തുന്നുമുണ്ട്.
1478 മുതൽ 1834 വരെ നടന്ന 'സ്പാനിഷ് ഇൻക്വിസിഷൻ' ചിത്രത്തിലെ പ്രമേയമാണ്. ഇതിനു കാരണക്കാരൻ ആയി കരുതപ്പെടുന്ന സെവില്ലയിലെ ഡൊമിനിക്കൽ സന്യാസി ആയിരുന്ന അലോൺസോ സ്പെയിനിലെ  ഇസബല്ല രാജ്ഞിയെ തെറ്റിദ്ധരിപ്പിച്ചതും  പിശാചിന്റെ സ്വാധീനത്തിലാണ് എന്ന്‌ അമോർത്ത് ഓർമ്മിക്കുന്നിടത്താണ് സാൻ സെബാസ്റ്റ്യൻ ആബിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളുടെ നിലവറ തുറക്കുന്നത്. പാരമ്പര്യമായി സ്വന്തമാക്കിയിരുന്ന ആബി പുനരുദ്ധരിക്കുന്നതിനും വിൽക്കുന്നതിനും അമേരിക്കയിൽ നിന്ന് എത്തുന്ന ജൂലിയായും രണ്ടു മക്കളും. അതിൽ ഇളയവൻ ആയ ഹെൻട്രിയിലെ പിശാച് ബാധ ഒഴിപ്പിക്കാൻ ആണ് അമോർത്ത് എത്തുന്നത്. വത്തിക്കാൻ ആവശ്യപ്പെട്ടിട്ടാണ് ഗൗരമേറിയ ഈ ചുമതല ഏറ്റെടുക്കുന്നത്.

 പിശാചിനെ കുറിച്ചുള്ള അമോർത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. മിഖായേൽ മാലാഖ പിശാചിനെ കൊല്ലാതെ വെറുതെ വിട്ടത് എന്തുകൊണ്ട് എന്ന ഒരു പെയിന്റിംഗ് കണ്ടു അദ്ദേഹം ചോദിക്കുന്നു. ദൈവം സൃഷ്ടികൾക്ക് നൽകുന്ന സ്വാതന്ത്ര്യത്തെ കുറിച്ചാണ് ആ ചർച്ച പുരോഗമിക്കുന്നത്. തീരുമാനമെടടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം നൽകുന്നതാണ്.
സഭയെ പുതിയകാലത്ത് പ്രസക്തമാക്കാൻ ശാസ്ത്രീയതയിൽ മാത്രം ആശ്രയിച്ചാൽ മതിയെന്ന കാർഡിനൽ സള്ളിവന്റെ വ്യഗ്രതയെയും ഈ സിനിമ കളിയാക്കുന്നുണ്ട്. ഭീരുത്വം, പാപങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തൽ ഇത് പിശാചിന്റെ തന്ത്രമാണ്. പാപമോചനം നേടുന്ന കുമ്പസാരത്തെക്കുറിച്ചും നിരന്തരമായ പ്രാർത്ഥനയെ കുറിച്ചും അവിടെ സഹായിയായി എത്തുന്ന യുവ വൈദികനെ അമോർത്ത് ഓർമിപ്പിക്കുന്നതിന് കാരണം ഇതാണ്. 'Our sins will seek us out' എന്ന് കൂടെക്കൂടെ ചലച്ചിത്രം ഓർമ്മപ്പെടുത്തുന്നു. ഇത് പിശാചിന്റെ തന്ത്രമാണ് പഴയ പാപങ്ങളിൽ മനുഷ്യനെ ബന്ധിച്ചിടുക എന്നത്. എന്നാൽ ദൈവം എന്താണ് ചെയ്യുന്നത്? ദൈവം വിധിക്കില്ലേ? 'We will all be judged by how much we love' എന്നതാണ് അമോർത്തിന്റെ കണ്ടെത്തൽ. 
Asmodeus/Ashmedai എന്ന നരകത്തിന്റെയും പിശാചുക്കളുടെയും രാജാവിനെയാണ് അമോർത്ത്, സാൻ സെബാസ്റ്റ്യൻ ആബിയിൽ നേരിടുന്നത്. ബൈബിളിൽ തോബിത്തിന്റെ പുസ്തകത്തിൽ ഇതിന് പരാമർശിക്കുന്നുണ്ട്. ഈസ്റ്റേൺ ഇറാനിയൻ ഭാഷയിൽ 'wrath' എന്ന അർത്ഥമുള്ള വാക്കിൽ നിന്നാണ് ഈ പേര് ഉണ്ടാവുന്നത്. ബാബിലോണിയൻ താൽമൂദിലും അസ്മോദേയൂസിനെക്കുറിച്ച് പരാമർശം ഉണ്ട്.
 തമാശകൾ പറയുകയും ആസ്വദിക്കുകയും ചെയ്യുന്ന റസൽ ക്രോവിന്റെ അമോർത്ത് പിശാചിന് തമാശ ആസ്വദിക്കാൻ കഴിയില്ല എന്ന് പറയുന്നു. കുമ്പസാരത്തിലൂടെ പാപമോചനം നേടിയ മനുഷ്യനെ പിന്നീട് പാപങ്ങളുടെ ഓർമ്മപ്പെടുത്തലുകളുമാ യി വേട്ടയാടുക എളുപ്പമല്ല, നിരന്തര പ്രാർത്ഥനയും ഏകാഗ്രതയും പോരാട്ടത്തിൽ ആവശ്യം എന്നിങ്ങനെയുള്ള ചിന്തകളും സിനിമ നൽകുന്നു. 'ഗോഡ് ഈസ് എവെരിവേർ' എന്ന പ്രസ്താവന 'ഗോഡ് ഈസ് നോട്ട് ഹിയർ' എന്ന പിശാചിന്റെ പ്രസ്താവത്തെ തകർക്കാൻ പര്യാപ്തമാകുന്നു. സഭയെ നശിപ്പിക്കാൻ പുറത്തു നിന്നും നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുമ്പോൾ എങ്ങനെയും അകത്തു കടന്ന് ശ്രമം നടത്താനാണ് അമോർത്തിലേക്കു കടക്കുന്നത്. എന്നാൽ അത് സിനിമയിൽ പരാജയപ്പെടുകയാണ്. എന്നാൽ യഥാർത്ത ലോകത്ത് ഇത്തരം ശ്രമങ്ങൾ അവസാനിക്കുന്നില്ല. പ്രലോഭകൻ ആണ് പിശാച്. മരുഭൂമിയിലെ പരീക്ഷ ഓർമിക്കുക. എളുപ്പവഴിയിൽ രക്ഷ നേടാൻ അവനെ വണങ്ങിയാൽ മാത്രം മതിയായിരുന്നു. തിന്മയുമായി കോംപ്രമൈസ് ചെയ്യരുത്. അധികാരം, പണം ഇവ പ്രലോഭകന്റെ ആയുധങ്ങളാണ്.  ഗബ്രിയേലെ അമോർത്തിനെ അവലംബിച്ചു നിർമിച്ച ചിത്രം വളരെ മികച്ച കാഴ്ച അനുഭവം തന്നെ

Comments

leave a reply