സ്തനാർബുദം തിരിച്ചറിയാം
ജോബി ബേബി
ലോകത്താകമാനമുള്ള കണക്കുകൾ പരിശോധിച്ചാൽ അർബുദ രോഗികളിൽ ശ്വാസകോശാർബുദം കഴിഞ്ഞാൽ രണ്ടാം സ്ഥാനം സ്തനാർബുദത്തിനാണ്.അതുകൊണ്ടാണ്, ഒക്ടോബർ സ്തനാർബുദ ബോധവത്കരണ മാസമായി ആചരിക്കുന്നത്.സ്തനാർബുദത്തെ കുറിച്ച് ബോധവത്കരിക്കുകയും മുൻകൂട്ടി തിരിച്ചറിയാനുള്ള മാർഗങ്ങൾ മനസ്സിലാക്കുകയും ചെയ്യുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.നേരത്തേ കണ്ടെത്തിയാൽ സ്തനാർബുദം പൂർണമായും ചികിത്സിച്ചുഭേദമാക്കാം.
സ്തനാർബുദം വരുന്നതിന് സാധ്യത കൂടുതൽ ആയി കാണുന്നവർ:-
അമിത ശരീരഭാരമുള്ളവർ
കുട്ടികൾ ഇല്ലാത്തവർ
കുട്ടികളെ മുലയൂട്ടാത്തവർ
വ്യായാമം ചെയ്യാതിരിക്കുന്നവർ
പുകവലി,മദ്യപാനം എന്നീ ദുഃശീലങ്ങൾ ഉള്ളവർ
ഹോർമോൺ ചികിത്സ കിട്ടിയവർ
മാമോഗ്രാഫി, വിദഗ്ധ പരിശോധന കൂടാതെ സ്വയം നിരീക്ഷണത്തിലൂടെ ഇത് തിരിച്ചറിയാം. ആർത്തവം കഴിഞ്ഞ ഉടനെയുള്ള ദിവസങ്ങളിലാണ് പരിശോധിക്കേണ്ടത്. സ്വയം നിരീക്ഷണത്തിനു രണ്ടു ഭാഗങ്ങളുണ്ട്.
1. കണ്ണാടിക്കുമുന്നിൽനിന്നുകൊണ്ട് മാറുകളെ വീക്ഷിക്കുക. മൂന്നു തരത്തിൽ വേണം പരിശോധിക്കാൻ. കൈകൾ തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിച്ചും ഇടുപ്പിൽ കൈകൾ വെച്ചു അൽപം മുന്നോട്ട് ആഞ്ഞുനിൽക്കുന്ന വിധത്തിലും വേണം വീക്ഷിക്കാൻ.
2. ഇരുമാറിലും കൈവിരലുകൾ കൊണ്ട് സ്പർശിച്ച് അവയിലെ വ്യതിയാനങ്ങൾ മനസ്സിലാക്കാം. ഇതിനായി മലർന്നുകിടന്ന ശേഷം ഇടതുകൈ തലയുടെ പിൻവശത്തായി വയ്ക്കുക. ഒപ്പം ഇടതുതോൾ ഒരു തലയണ കൊണ്ട് അൽപം ഉയർത്തിവെക്കാം. വലതു കൈവിരലുകളുടെ മധ്യഭാഗം ഉപയോഗിച്ച് ഇടതു മാറ് പരിശോധിക്കുക. സ്വയം പരിശോധന ഒരിക്കലും മാമോഗ്രാമിനു പകരമാകുന്നില്ലെങ്കിലും ഇതിനു പ്രാധാന്യമുണ്ട്.
ലക്ഷണങ്ങൾ എന്തൊക്കെ?
മാറിന്റെ ആകൃതി, വലുപ്പം എന്നിവയിലുള്ള മാറ്റങ്ങൾ, നിറവ്യത്യാസം, വിവിധ വലുപ്പത്തിലുള്ള മുഴകൾ,ചർമത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും വ്രണങ്ങളും, കുത്തുകൾ പോലുള്ള പാടുകൾ എന്നിവ ലക്ഷണങ്ങളാണ്.
മുലക്കണ്ണ് ഉൾവലിയുക,സ്ഥാനവ്യത്യാസമുണ്ടാകുക, സ്രവങ്ങൾ വരുക,കക്ഷത്തിൽ കാണുന്ന തടിപ്പ് എന്നിവയും ലക്ഷണങ്ങളുടെ പട്ടികയിലുണ്ട്.
എപ്പോഴാണ് മാമോഗ്രാം ചെയ്യേണ്ടത്?
ലളിതമായി പറഞ്ഞാൽ മാറിന്റെ എക്സ്റേയാണ് മാമോഗ്രാം. ഇതുപയോഗിച്ച് മാറിലെ കലകളെയും അതിലുണ്ടാകുന്ന വ്യതിയാനങ്ങളെയും വിശകലനം ചെയ്യാനാകും.ഒപ്പം, അർബുദ സാധ്യതകൾ കണ്ടെത്താനും കഴിയും.സ്തനസൗന്ദര്യം നിലനിർത്തിക്കൊണ്ട് തന്നെ ചികിത്സ സാധ്യമാണ്. സ്തനങ്ങൾ മുഴുവൻ നീക്കാതെ അസുഖം ബാധിച്ച ഭാഗം മാത്രം നീക്കുന്ന സർജറികൾ (breast conservation surgery) സാധ്യമാണ്.സ്തനങ്ങൾ പുനർനിർമിക്കുന്ന സർജറികളും സാധ്യമാണ്.
തുടർചികിത്സയുടെ ആവശ്യകത
ശരിയായ ചികിത്സ ശരിയായ സമയത്ത് തേടുന്നതുപോലെ പ്രധാനമാണ് തുടർചികിത്സകളും. ആദ്യം തന്നെ കണ്ടുപിടിച്ച് രോഗം ചികിത്സിച്ച് ഭേദമാക്കിയാൽ പിന്നെ തുടർ ചികിത്സ നടത്താൻ പലരും മടി കാണിക്കാറുണ്ട്. തുടർചികിത്സകളോട് വിമുഖത കാണിക്കുമ്പോൾ രോഗം വീണ്ടും വരാനുള്ള സാധ്യതയിലേക്കാണ് വഴി തുറക്കുന്നത്. അതുകൊണ്ട് ഡോക്ടർ നിർദേശിക്കുന്ന പ്രകാരം ആറുമാസത്തിൽ ഒരിക്കലോ അല്ലെങ്കിൽ വർഷത്തിൽ ഒരിക്കലോ തുടർചികിത്സ അനിവാര്യമാണ്.
കാരണങ്ങൾ:-
അഞ്ചുമുതൽ 10 ശതമാനം വരെ ജനിതക കാരണങ്ങളാൽ ഉണ്ടാകുന്നു. ഇത് കുറഞ്ഞ പ്രായത്തിൽ തന്നെ കണ്ടുവരാറുണ്ട്. പ്രായം പ്രധാന ഘടകമാണ്. 45 വയസ്സിനുശേഷം സ്തനാർബുദ സാധ്യത വളരെയധികം വർധിക്കുന്നു. ആർത്തവവിരാമമാകുന്നതുവരെ ഈ പ്രവണത തുടരുന്നു. സ്തനാർബുദരോഗങ്ങളിൽ സ്ത്രീ ഹോർമോണുകൾക്ക് നിർണായക പങ്കുണ്ട്. വളരെ നേരത്തേയുള്ള ആർത്തവം, വൈകിയുള്ള ആർത്തവ വിരാമം എന്നിവ പ്രതികൂലഘടകങ്ങളാണ്. 35 വയസ്സിനു മുകളിലുള്ള ഗർഭധാരണവും പ്രസവവും പ്രതികൂല ഘടകങ്ങളാണ്.
ആർത്തവവിരാമത്തിനു ശേഷമുള്ള അമിതവണ്ണം സ്തനാർബുദ സാധ്യത കൂട്ടുന്നു. ചികിത്സയുടെ ഭാഗമായോ അല്ലാതെയോ ചെറിയ പ്രായത്തിൽ റേഡിയേഷനു വിധേയമാകുന്നത് അർബുദ സാധ്യത കൂട്ടുന്നു. ആഹാരരീതികളുമായി ബന്ധപ്പെട്ട സ്തനാർബുദ സാധ്യതകൾക്ക് ശാസ്ത്രീയ അടിത്തറയില്ല. എന്നാൽ, മദ്യപാനം സ്തനാർബുദ സാധ്യത കൂട്ടാമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ സ്തനാർബുദം:-
കേരളത്തിൽ ഓരോ വർഷവും 6000-6500 സ്ത്രീകൾക്ക് പുതുതായി സ്തനാർബുദം വരുന്നുണ്ട്.എന്നാൽ ഈ നിരക്ക് അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്.എന്നാൽ,ഈ നിരക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതലാണ്.സ്തനാർബുദം മൂലമുള്ള മരണനിരക്ക് കുറയ്ക്കുന്നതിന് സാധിക്കുന്നുണ്ട്.ഇതിനുള്ള വഴികൾ
സ്തനാർബുദം വരുന്നത് തടയുക
സ്തനാർബുദം നേരെത്തെകൂട്ടി കണ്ടു പിടിക്കുക
സ്തനാർബുദം വന്നു കഴിഞ്ഞാൽ ശരിയായ ചികിത്സയെടുക്കുക.
ഈ രോഗം ഒന്നാമത്തെ സ്റ്റേജിൽ കണ്ടു പിടിച്ചാൽ 90ശതമാനം രോഗികളെയും പരിപൂർണ്ണമായി സുഖപ്പെടുത്താം.കേരള ഗവണ്മെന്റ് കാൻസർ നിയന്ത്രണത്തിന്,കാൻസർ പ്രതിരോധത്തിന് വളരെ വലിയ പ്രാധാന്യമാണ് കൊടുത്തിരിക്കുന്നത്.സ്ത്രീകൾ അവരുടെ പ്രായത്തിനും പൊക്കത്തിനും അനുസരിച്ചുള്ള ശരീരഭാരം നിലനിർത്തുക.ഇതിന് ചിട്ടയായ കൊഴുപ്പ് കുറഞ്ഞ ഭക്ഷണരീതി,വ്യായാമക്രമങ്ങൾ,എന്നിവ വേണം.അമ്മമാർ രണ്ടു വർഷമെങ്കിലും കുട്ടികളെ മുലയൂട്ടുക.ഇങ്ങനെ ചെയ്യ്താൽ സ്തനാർബുദം പാരമ്പര്യമായി വരുന്ന വരിൽ പോലും ഇതിനുള്ള സാദ്ധ്യത മൂന്നിലൊന്ന് കുറയ്ക്കാൻ സാധിക്കും.
കാൻസർ പ്രതിരോധത്തെക്കുറിച്ചും കാൻസർ നേരെത്തെ കൂട്ടി കണ്ടുപിടിക്കുന്നതിനുള്ള മാർഗങ്ങങ്ങളെപ്പറ്റിയും നമ്മുടെ ജനങ്ങളിൽ വലിയൊരു അവബോധം ഉണ്ടാക്കേണ്ടതാണ്.ഇതിനു വേണ്ടി ഹൈസ്കൂൾ തലത്തിൽ തന്നെ ഈ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഒരു പാഠ്യ പദ്ധതി തയ്യാറാക്കേണ്ടതാണ്.
(കുവൈറ്റിൽ നഴ്സായി ജോലി നോക്കുന്നു ലേഖകൻ).
Comments