Foto

സമാധാനത്തേക്കുറിച്ച് പറയാൻ കഴിയാത്തത് മതമല്ല.

സമാധാനത്തേക്കുറിച്ച് പറയാൻ കഴിയാത്തത് മതമല്ല.

മനുഷ്യനെയും അവന്റെ ജീവനെയും ആദരിക്കാൻ കഴിയാത്തതൊന്നും ആത്മീയതയല്ല.

അതിപ്പോ ജാതിയുടെയോ മതത്തിന്റെയോ വേഷത്തിന്റെയോ നിറത്തിന്റെയോ പണത്തിന്റെയോ എന്തിന്റെ പേരിലായാലും....മനുഷ്യരെ പരസ്പരം വെറുക്കാനും കൊല്ലാനും പരിശീലിപ്പിക്കാൻ നമുക്ക് സംഘടനകളും നേതാക്കളും വേണോ?വെറുക്കാൻ പഠിപ്പിക്കാൻ ഒരുപാടു കാരണങ്ങൾ ഒരുപാട് പ്രത്യാശസ്ത്രങ്ങൾ ചില സ്വാർത്ഥമതികൾ ഇതിനോടകം കണ്ടെത്തിതിട്ടുണ്ട്. ദൈവത്തിന്റെ പേരിൽ വെറുപ്പ്‌ വിറ്റ് മനുഷ്യനെ ഉന്മൂലനം ചെയ്യുന്നവരെ തിരിച്ചറിയുക.

ദൈവത്തിന്റെ പേരിൽ, പാർട്ടി രാഷ്ട്രീയം പറഞ്ഞ്, സംഘബലത്തിന്റെ പേരിൽ, മതരാഷ്ട്ര സ്വപ്‌നങ്ങളുടെ പേരിൽ മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതു നമ്മുടെ നാട്ടിൽ നമ്മുടെ കണ്മുൻപിൽ. ഇതു എത്ര വലിയ തെറ്റാണ്. നീതി നടപ്പിലാക്കാൻ ആൾക്കൂട്ടം തീരുമാനിക്കുന്നത് എത്ര വലിയ ദുരന്തം ആണ്.

സർക്കാരിന്റെ കുറ്റം മാത്രമാണോ? പോലീസിന് ഇത്തരം കാര്യങ്ങളിൽ ഏതു പരിധി വരെ നിയന്ത്രണം നിർവഹിക്കാൻ കഴിയും? ഇവിടെ മത, സാംസ്‌കാരിക, രാഷ്ട്രീയ സംവിധാനങ്ങൾ ഒരുമിച്ച് നിന്ന് ഇത്തരം വർഗീയ അന്ധതയെ ചെറുക്കണം. അതു ഈ നാടിന്റെ ഇപ്പോഴത്തെ ആവശ്യമാണ്. ഇതിൽ കാഴ്ച്ചക്കാരില്ല, നമ്മൾ പരസ്പരം ബാധിക്കപ്പെടുന്നവർ, ബന്ധപ്പെട്ടവർ. ജീവൻ നഷപ്പെട്ടവരുടെ പേരിൽ വിലപിക്കാൻ മാത്രമല്ല ഒരുമിച്ചു നിന്ന് കണ്ണ് തുറക്കാനും നമുക്ക് കഴിയണം. കൊലപാതകം കൊണ്ട് ആരും ഒരു മതവും ഒരു പ്രത്യയ ശാസ്ത്രവും ജയിക്കില്ല.

നമ്മുടെ നാട്ടിൽ, നമ്മുടെ പ്രദേശത്തു സമാധാനം, സൗഹൃദം ഇവ നിലനിർത്താൻ പോലീസ് വേണം എന്ന അവസ്‌ഥ എത്ര ദുഖകരമാണ്. മതം പരസ്പരം പോർവിളിക്കാനോ വെറുക്കാനോ അല്ലല്ലോ.വ്യത്യസ്ത വസ്ത്രം ധരിക്കുന്നവരോട് പോലും അസഹിഷ്ണുത പുലർത്തുന്ന തരത്തിൽ മതന്ധത ബാധിച്ചവരായി മനുഷ്യൻ മാറുന്നെങ്കിൽ ആരാണ് ഉത്തരവാദി?

ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തോടൊപ്പം. അന്ധത മാറട്ടെ, വെളിച്ചം ഉണ്ടാകട്ടെ. മനുഷ്യരുടെ അടിസ്ഥാന ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കഴിയാത്ത ഇടങ്ങളിൽ എല്ലാം ഇത്തരം വൈറസുകൾ മനുഷ്യരെ ഭിന്നിപ്പിച്ചു നിർത്തും. അന്ധതയുടെ കരിമ്പടം പുതച്ചു അപരധ്വേഷം അവകാശമായി കരുതാൻ അണികളെ ശീലിപ്പിക്കും.

ദൈവനാമം സഹജീവികളെ ഇല്ലാതാകുന്നതിനുള്ള ഊർജ്ജം ആകും. വേറിട്ട എല്ലാ സ്വരത്തോടും അസഹിഷ്ണുത പടർത്തും. മാറണം നമ്മൾ വെളിച്ചത്തിലേക്ക്. നഷ്ടപ്പെടുന്ന ജീവനും സൗഹൃദവും നാടും സമയവും ആർക്കും തിരികെ തരാൻ കഴിയില്ല. രാഷ്ട്രീയ മുതലെടുപ്പല്ല വേണ്ടത്, ഒരുമിച്ചു നിൽക്കാനുള്ള സത്യസന്ധമായ ശ്രമമാണ്.

മനസ്സിനെയും ശരീരത്തെയും സമൂഹത്തെയും മൂടുന്ന ഇരുട്ടിന്റെ മേലങ്കി ഇല്ലാതാകട്ടെ. പകരം വെളിച്ചത്തിന്റെ ബോധം നമുക്കണിയാം.

Comments

  • M x thomas
    18-04-2022 12:36 PM

    A timely reminder to all concerned

leave a reply