വീട്ടമ്മമാർ ജോലി ചെയ്യുന്നില്ലെന്നും കുടുംബത്തിന്റെ സാമ്പത്തികമൂല്യം
ഉയർത്തുന്നില്ലെന്നുമുള്ള ധാരണ തിരുത്തണമെന്നു സുപ്രീം കോടതി
'കുടുംബിനി' എന്ന പഴയ സിനിമയിലെ 'വീടിനു പൊന്മണി വിളക്കു നീ' എന്നു തുടങ്ങുന്ന ജനപ്രിയ ഗാനം രചിച്ച അഭയദേവിന്റെ ആത്മാവിന് അഭിമാനിക്കാം. ആ വരികളോടുള്ള പഴുതില്ലാത്ത പരോക്ഷ ആദരമാണ് കഴിഞ്ഞയാഴ്ച സുപ്രീം കോടതിയിൽ നിന്നുണ്ടായത്. എൽ പി ആർ വർമ്മയുടെ ഈണത്തിൽ കൊച്ചിക്കാരനായ സി ഒ ആന്റോ 1964 ൽ പാടി 'പകലിരവെല്ലാം പണി ചെയ്താലും പരിഭവമില്ല പകയില്ല' എന്ന്. പക്ഷേ, പരിഭവ ലേശമെന്യേ രാപ്പകൽ കഠിനാധ്വാനത്തിൽ മുഴുകേണ്ടിവരുന്ന വീട്ടമ്മമാരുടെ ജോലി ഭാരത്തിന് യാതൊരു ഗൗരവവും കൽപ്പിക്കാത്ത പുരുഷ ലോകത്തെ പിടിച്ചുലച്ചിരിക്കുന്നു രാജ്യത്തെ പരമോന്നത നീതിപീഠം.
സ്ത്രീകൾ ചെയ്യുന്ന വീട്ടു ജോലിയെ ഒരിക്കലും വിലകുറച്ചു കാണരുതെന്ന ജസ്റ്റിസുമാരായ എൻ.വി രമണ, അബ്ദുൽ നസീർ, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണത്തെ ചരിത്ര പ്രധാനമെന്നാണ് വനിതാ ലോകം വിശേഷിപ്പിക്കുന്നത്. പുരുഷന്റെ ഓഫിസ് ജോലിയുടെ മൂല്യത്തെക്കാൾ ഒട്ടും കുറഞ്ഞതല്ല സ്ത്രീയുടെ വീട്ടുജോലിയെന്ന്, വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് മക്കൾക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കുന്നതു സംബന്ധിച്ച കേസ് പരിഗണിക്കവേ കോടതി വ്യക്തമാക്കി. വീട്ടമ്മമാർ ജോലി ചെയ്യുന്നില്ലെന്നും കുടുംബത്തിന്റെ സാമ്പത്തികമൂല്യം ഉയർത്തുന്നില്ലെന്നുമുള്ള ധാരണ കുഴപ്പം പിടിച്ചതാണെന്നും അതു തിരുത്തേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
ഡൽഹിയിൽ പൂനം എന്ന വീട്ടമ്മ ഏപ്രിലിൽ വാഹനാപകടത്തിൽ മരിച്ചതിന് 47 ലക്ഷം രൂപയാണ് മോട്ടോർ വാഹന ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ നഷ്ടപരിഹാരം വിധിച്ചത്. എന്നാൽ പൂനം വീട്ടമ്മയായതിനാൽ ഇവരുടെ വരുമാനം ഡൽഹി ഹൈക്കോടതി കുറച്ചു വിലയിരുത്തുകയും നഷ്ടപരിഹാരം 22 ലക്ഷം രൂപയായി കുറയ്ക്കുകയും ചെയ്തു. ഈ തുക 33.2 ലക്ഷമാക്കി ഉയർത്തിക്കൊണ്ട് പുറപ്പെടുവിച്ച വിധിന്യായത്തിലാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്. വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിനും ചെയ്യുന്ന ജോലിക്കും സാമ്പത്തികമൂല്യം നിശ്ചയിക്കുന്നത് ഏറ്റവും ബുദ്ധിമുട്ടാണെന്നും എന്നാൽ അതുകൊണ്ട് ആ ജോലിയുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ലെന്നും ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
2013 ൽ ട്രൈബ്യൂൺ പത്രവുമായുള്ള ഒരു അഭിമുഖത്തിൽ അന്നത്തെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി കൃഷ്ണ തിരാത്ത് പരിതപിച്ചിരുന്നു: 'എല്ലാ വീട്ടമ്മമാരും മുഴുസമയ തൊഴിലാളികളാണ്. ഇടവേളകളില്ലാതെ വിവിധ ജോലികളിൽ പൂർണസമയം വ്യാപൃതമായിരിക്കുന്ന ഇവരുടെ ജീവിതം ദുസ്സഹവുമാണ്. പനി ബാധിച്ചാലും മഴ പെയ്താലും വെള്ളപ്പൊക്കം വന്നാലും വരൾച്ച വന്നാലും അവർക്കു വിശ്രമമില്ല. വീട്ടുകാർ പട്ടിണിയിലാകാതിരിക്കാൻ എല്ലാം സഹിച്ചും ക്ഷമിച്ചും അവർ ജോലികൾ തീർക്കുന്നു. ജനസംഖ്യാ കണക്കുകളിൽ ഇവരുടെ ജോലി സ്ഥലം പിടിക്കുന്നില്ല. വീട്ടമ്മയെ തൊഴിൽരഹിതയായാണ് അടയാളപ്പെടുത്തുന്നത്. ഈ അവസ്ഥ മാറണം. തങ്ങളുടെ അധ്വാനത്തിന്റെ അംഗീകാരം അവർക്ക് ലഭിച്ചേ തീരൂ'.
വീട്ടമ്മയ്ക്ക് വേതനം നിശ്ചയിക്കണമെന്ന അഭിപ്രായം കുറച്ചു കാലമായി ശക്തമായിവരുന്നുണ്ട്. 2013 സെപ്തംബർ 17, 18 തീയതികളിൽ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് വിളിച്ചു ചേർത്ത സംസ്ഥാനതല മന്ത്രിമാരുടെ യോഗം ഇക്കാര്യം ചർച്ച ചെയ്തിരുന്നു. അതീവ പ്രാധാന്യമർഹിക്കുന്ന ഈ വിഷയത്തിലേക്കാണ് സുപ്രീം കോടതി സമൂഹത്തിന്റെയും രാജ്യത്തിന്റെയും ശ്രദ്ധ ക്ഷണിച്ചിരിക്കുന്നതെന്ന് ലിംഗഭേദമെന്യേ പ്രമുഖ അഭിഭാഷകർ പറയുന്നു.വീട്ടമ്മമാർ ചെയ്യുന്ന ജോലികളുടെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും മൂല്യം കണക്കാക്കിയാകണം കോടതികൾ അവരുടെ സാങ്കൽപിക വരുമാനം നിശ്ചയിക്കേണ്ടതെന്നാണു കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
വീട്ടുജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 2011 ലെ സെൻസസ് പ്രകാരം 159.85 ദശലക്ഷമാണ്. 5.79 ദശലക്ഷം മാത്രമാണ് വീട്ടുജോലി ചെയ്യുന്ന പുരുഷന്മാർ. 299 മിനിട്ടാണ് കൂലിയൊന്നുമില്ലാതെ, കുടുംബത്തിലെ മറ്റുള്ളവർക്കു വേണ്ടി ഒരു വീട്ടമ്മ ചെലവിടുന്നത്. അതേസമയം, പുരുഷന്മാർ ചെലവിടുന്നത് 97 മിനിട്ട് മാത്രമാണെന്നും നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട ഇന്ത്യയിലെ സമയത്തിന്റെ ഉപയോഗം 2019 എന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടി ജസ്റ്റിസ് രമണ പറഞ്ഞു. ഭക്ഷണം പാകം ചെയ്യൽ, നിത്യോപയോഗ സാധനങ്ങൾ വാങ്ങൽ, വീടും വസ്ത്രവും വൃത്തിയാക്കൽ, വീടും ചുറ്റുവട്ടവും പരിപാലിക്കലും അലങ്കരിക്കലും, വീടുമായി ബന്ധപ്പെട്ട ചെറിയ അറ്റകുറ്റപ്പണികൾ, കുട്ടികളെ വളർത്തൽ, പ്രായമായവരെ പരിപാലിക്കൽ തുടങ്ങി വീട്ടമ്മമാർ ചെയ്യുന്ന ജോലികൾ നിരവധിയാണ്. എന്നിട്ടും അവർ ജോലി ചെയ്യുന്നില്ലെന്നും കുടുംബത്തിന്റെ സാമ്പത്തിക മൂല്യം ഉയർത്തുന്നില്ലെന്നുമാണ് കാലങ്ങളായുള്ള സങ്കൽപ്പം. അത് തിരുത്തേണ്ടതുണ്ടെന്നും ജസ്റ്റിസ് രമണ പറയുന്നു.
വീട്ടമ്മമാരുടെ ജോലിക്ക് കുടുംബനാഥനോ സമൂഹമോ പരിഗണന നൽകാത്തതിനെതിരെ മറ്റൊരു വാഹനാപകടക്കേസിൽ ബോംബെ ഹൈക്കോടതിയും പ്രതികരിച്ചിരുന്നു. സമയം നോക്കാതെ, ഒറ്റ ദിവസം പോലും അവധിയെടുക്കാതെ ജോലി ചെയ്യുന്നവരാണ് വീട്ടമ്മമാർ. മാസശമ്പളം കിട്ടുന്നില്ലെന്നതിനാൽ അവരുടെ അധ്വാനത്തെ ജോലിയായി ആരും പരിഗണിക്കാറില്ലെന്ന് കഴിഞ്ഞ സെപ്തംബറിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ചാണ് അഭിപ്രായപ്പെട്ടത്. ഒരു വീട്ടമ്മ നൽകുന്ന സേവനങ്ങളും കുടുംബത്തിന് അവർ നൽകുന്ന സംഭാവനകളും പൂർണമായി കണക്കാക്കാനാകില്ലെന്നും ഏറെ വിലപ്പെട്ടതാണ് കുടുംബത്തിൽ വീട്ടമ്മയുടെ സ്ഥാനമെന്നും ഈ കേസിൽ ജസ്റ്റിസ് കിലോർ ചൂണ്ടിക്കാട്ടി.
സ്ത്രീകൾ വീട്ടുജോലികൾ ഭംഗിയായി ചെയ്യുന്നത് കൊണ്ടാണ് പുരുഷന്മാർക്ക് ആധികളില്ലാതെ ജോലിക്ക് പോകാനും രാഷ്ട്ര നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധിക്കുന്നത്. സമൂഹത്തിലും കുടുംബനാഥരിലും ഉണ്ടാകേണ്ട ഈ ബോധ്യത്തിലേക്കും തിരിച്ചറിവിലേക്കുമുള്ള ഉണർത്തൽ കൂടിയാണ് സുപ്രീം കോടതിയുടെയും ബോംബെ കോടതിയുടെയും നിരീക്ഷണങ്ങളെന്ന പക്ഷക്കാരാണ് സാമൂഹിക ശാസ്ത്രജ്ഞർ.
അതേസമയം, വേതനത്തേക്കാളേറെ അംഗീകാരവും ആദരവുമാണ് വീട്ടമ്മമാർക്കാവശ്യമെന്ന യാഥാർത്ഥ്യം മറന്നാകരുത് വ്യവഹാര ഗതിയെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ബന്ധങ്ങളുടെ വൈകാരിക ഇഴയടുപ്പമാണ് വേതനത്തേക്കാൾ അവരെ കൂടുതൽ സംതൃപ്തരാക്കുന്നത്. മറ്റെന്തിനേക്കാളും അവർ സുരക്ഷയും സ്‌നേഹവും പാരസ്പര്യവും ആഗ്രഹിക്കുന്നു. താൻ പുറത്തുപോയി ചെയ്യുന്ന ജോലിയോളം തന്നെ, ഒരുപക്ഷേ അതിനേക്കാൾ വിലപ്പെട്ടതാണ് തന്റെ ഭാര്യ അടുക്കളയിൽ നിർവഹിക്കുന്നതെന്ന് സമ്മതിക്കാനുള്ള സന്മനസ്സും അവരുടെ സേവനത്തെ പ്രശംസിക്കാനുള്ള ഹൃദയവിശാലതയും ഗൃഹനാഥൻ കാണിക്കാത്തതാണ് പ്രധാന പ്രശ്നം. ഒരു വ്യക്തിയെന്ന നിലയിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശങ്ങളാണ് ഭരണഘടന നൽകിയത്. കുടുംബത്തിനുള്ളിലും ഇത് പുലർന്നാൽ ഏറെക്കുറെ പ്രശ്നപരിഹാരമാകും. വീട്ടുജോലിക്കു വേതനം മോഹിക്കുന്നവരല്ല ഭൂരിഭാഗം സ്ത്രീകളുമെന്ന യാഥാർത്ഥ്യവും നിഷേധിക്കാനാകില്ല.
വീട്ടമ്മ ഭാര്യയായിരിക്കണമെന്നില്ല. മാതാവ്, സഹോദരി, പെൺമക്കൾ എന്നിങ്ങനെ പലരുമാകാം. എന്തായിരുന്നാലും വീടിന് പുറത്തുപോയി പുരുഷന്മാർ ചെയ്യുന്ന ജോലികളേക്കാൾ കൂടുതൽ ജോലി ചെയ്യുന്നു വീട്ടിലും പരിസരത്തുമായി വീട്ടമ്മമാർ. ഫാക്ടറികളിലെയും ഓഫീസുകളിലെയും ജോലി ആറോ ഏഴോ മണിക്കൂറാണെങ്കിൽ വീട്ടമ്മമാരുടെ ജോലിക്ക് സമയ പരിധിയില്ല. കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും താത്പര്യങ്ങൾ മാനിച്ച്, ആരുടെയും മുഖം വീർക്കാൻ അവസരം സൃഷ്ടിക്കാതെ, കൈയും കാലും കണ്ണും കാതും നിരന്തരം അധ്വാനിക്കേണ്ടി വരുന്നതുകൊണ്ട് ഒരു മാപിനിയിലും അളക്കാൻ കഴിയില്ല ഇവരുടെ ജോലിയുടെ മാനം.
അടിമയുടെ സ്ഥാനമാണ് ചില കുടുംബങ്ങളിൽ വീട്ടമ്മയ്ക്ക്. അടിമച്ചങ്ങല അണിയിക്കുന്നില്ലെങ്കിലും ഭർത്താവ,് കുട്ടികൾ, ബന്ധങ്ങൾ, സമൂഹം എല്ലാം ചേർന്ന് അവർക്ക് വിലങ്ങ് തീർക്കുന്നു. ജോലികൾ സമയബന്ധിതമായും ഓരോരുത്തരുടെ ഇഷ്ടാനുസരണവും നിർവഹിച്ചില്ലെങ്കിൽ ശകാരവും ചിലപ്പോൾ മർദനവും ഏൽക്കേണ്ടിവരുന്ന ഹതഭാഗ്യർ. മാമൂലുകൾക്കതീതമായി സുപ്രീം കോടതി ഇടപെട്ടെങ്കിലും ആരാണ് വീട്ടമ്മയെന്നതിന് വ്യക്തമായ നിർവചനമില്ലെന്നത് വിഷയത്തിന് അതീവ സങ്കീർണ മാനമേകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.


Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'പൊന്മണി'കൾക്കു വേതന നിഷേധം അ...' at line 1
SELECT * FROM Comments where isActive = 2 AND heading = ' വീടിന്റെ 'പൊന്മണി'കൾക്കു വേതന നിഷേധം അരുത് ; കോടതി ഇടപെട്ടേക്കാം' order by id desc;
Filename: views/News/view.php
Line Number: 96