Foto

നാദിർഷായുടെ ഈശോയല്ല; എൻ്റെ ഈശോ

"എൻ്റെ ഈശോ സഹനശീലനും നിഷ്ക്കളങ്കനുമാണ്....

മനുഷ്യരുടെ പാപങ്ങൾക്കു വേണ്ടി, കുരിശുമരണം ഏറ്റുവാങ്ങിയവനാണ്.

എൻ്റെ ഈശോ ഉത്ഥിതനാണ്....

ലോക ഹൃദയത്തിൽ, ചോദ്യം ചെയ്യാനാവാത്ത വിധം സ്നേഹവായ്പിൽ ഇന്നും ജീവിക്കുന്നവനാണ്"....

ആ ഈശോയുടെ പേരിന് കളങ്കമേകാൻ, തൻ്റെ ചിത്രത്തിന് "ഈശോ " എന്നു പേരിട്ട നാദിർഷക്കെന്നല്ല;ചരിത്രത്തിലിന്നേ വരെ ആർക്കും സാധിച്ചിട്ടില്ല. ഒരു വിവാദത്തിൻ്റെ പേരിൽ കുറഞ്ഞ കാലത്തേയ്ക്ക് ഈശോ "യെന്ന പേരിന് ചെറിയ ഉതപ്പുകളുണ്ടാക്കാൻ ഒരു പക്ഷേ ഇത്തരം ഹാസ്യ പ്രചരണത്തിനും അതിനു പ്രാമുഖ്യം കൊടുക്കുന്നയാളുകൾക്കും കഴിഞ്ഞേക്കാം.പക്ഷേ സ്ഥായിയായി അതു നിലനിന്ന ചരിത്രം കേട്ടുകേൾവി പോലുമില്ല."ഈശോ", "കേശു ഈ വീടിൻ്റെ നാഥൻ" എന്നു പേരിട്ടിരിക്കുന്ന സിനിമകളുടെ വ്യാവസായിക വിജയത്തിനു വേണ്ടി നാദിർഷ കാണിക്കുന്ന അൽപ്പത്തം, മനസ്സിലാക്കാൻ പ്രാഥമിക വിദ്യഭ്യാസം മാത്രം മതി. ഇത്തരം വിവാദ കുതന്ത്രങ്ങളിലൂടെ ചിത്രത്തിന് പരമാവധി പബ്ലിസിറ്റി ലഭിക്കാനുള്ള കുതന്ത്രങ്ങൾ മലയാള സിനിമാ ചരിത്രത്തിൽ മുൻപും ഉണ്ടായിട്ടുണ്ട്. ചിലതൊക്കെ വിജയിച്ചിട്ടുമുണ്ട്.ഇവിടെ നിങ്ങൾ ആക്ഷേപ രൂപത്തിലൂടെ കൈ വെച്ചിരിക്കുന്നത് സഹനത്തിൻ്റെ ആൾ രൂപവും ദൈവ രൂപവുമായ ഈശോയെ ആയതിനാൽ ഈശോയെയും ഈശോയുടെ അനുയായികളെയും നിങ്ങൾ ഒരിക്കലും ഭയക്കേണ്ടതില്ല.... ഇരുകൈകളും ഇരുകാലുകളുമായി നിങ്ങൾക്കീ സമൂഹത്തിൽ സ്വൈര്യമായി  ജീവിക്കാം. ഭയലേശമില്ലാതെ നിങ്ങൾക്ക് കേരളത്തിൻ്റെ  നിരത്തുകളിറങ്ങി നടക്കാം. അത് നിങ്ങൾ സിനിമാ പേരിട്ടവഹേളിച്ച അതേ, ഈശോ ഞങ്ങളെ പഠിപ്പിച്ച ക്ഷമയുടെയും അവധാനതയുടെയും മാത്രം പേരിലാണ്.വിവിധ കോണുകളിൽ നിന്നുള്ള പ്രതിഷേധങ്ങൾക്കിടയിലും പേരു മാറ്റില്ലെന്ന താങ്കളുടെ പ്രഖ്യാപനം, ഞങ്ങളിലുണ്ടാക്കുന്ന മുറിവുണക്കാൻ കാലാന്തരങ്ങൾ വേണ്ടിവന്നേക്കാം. പക്ഷേ ഒന്നു നിങ്ങൾക്കുറപ്പിക്കാം; ഞങ്ങളുടെ പ്രതിഷേധങ്ങളിലും പ്രതികരണങ്ങളിലും ഈശോ ഞങ്ങളെ പഠിപ്പിച്ച ക്ഷമയുടെ നെല്ലിപ്പലക നിങ്ങൾക്കു കാണാം. അതു പക്ഷേ, ഞങ്ങളുടെ കഴിവുകേടായും പരിമിതിയായും താങ്കളും താങ്കളുടെ അനുയായികളും വ്യാഖ്യാനിച്ചുകളയരുത്.മനുഷ്യനായി ജനിച്ച്, മനുഷ്യനായി ജീവിച്ച് ഇന്നും സൽപ്രവർത്തികളിലൂടെയും സൽ ചിന്തയോടെയും ഞങ്ങളെ നയിക്കുന്ന ഞങ്ങളുടെ സ്വന്തമായ ദൈവപുത്രനെ മോശമായി ചിത്രീകരിച്ചെന്നു കരുതി, ദൈവപുത്രനായ ഈശോയെ മനസിലാക്കിയ ദൈവജനത്തിൻ്റെ മനസുകളിലെ ഈശോയോടുള്ള സ്‌നേഹവും ഭക്തിയും ബഹുമാനവും ഒരു കടുകുമണിയുടെയളവു പോലും കുറയില്ലെന്നു മാത്രമല്ല; എനിക്കും നിനക്കും വേണ്ടി എരിഞ്ഞടങ്ങുന്ന ഒരു ദീപസ്തംഭമായി എന്നും പ്രകാശിച്ചു കൊണ്ടിരിക്കുമെന്ന് തീർച്ച.ഈശോയുടെ നൻമ നിനക്കൊപ്പമുണ്ടാകട്ടെ.

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

അസി.പ്രഫസർ,

സെൻ്റ്.തോമസ് കോളേജ്, തൃശ്ശൂർ

 

Foto
Foto

Comments

leave a reply