Foto

യുവജനങ്ങളുടെ തൊഴിൽ ഭാവിയ്ക്കും സ്വപ്നങ്ങൾക്കും ചിറകേകാൻ കെ.സി.വൈ.എം സംസ്ഥാന സമിതി

കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഡോൺബോസ്കോ ജോബ് പ്ലേസ്‌മെൻ്റ് നെറ്റ്‌വർക്ക്, BREADS (കരിയർ ഗൈഡൻസ് & ജോബ് പ്ലേസ്‌മെൻ്റ് സർവീസസ്) എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച 'മെഗാ തൊഴിൽ മേള 2026' (സോൺ 3) പ്രൗഢഗംഭീരമായി നടന്നു. കെ.സി.വൈ.എം കോട്ടപ്പുറം രൂപത ആതിഥേയത്വം വഹിച്ച മേള നോർത്ത് പറവൂർ മരിയ തെരേസ സ്ക്രില്ലി പബ്ലിക് സ്കൂളിൽ വെച്ചാണ് നടത്തപ്പെട്ടത്. രാവിലെ പതാക ഉയർത്തലോടെ ആരംഭിച്ച തൊഴിൽ മേളയിൽ ഐടി, ബിപിഒ, റീട്ടെയ്ൽ, ഹോട്ടൽ മാനേജ്‌മെൻ്റ്, മാനുഫാക്ചറിംഗ്, ബാങ്കിംഗ് & ഫിനാൻസ്, ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നിന്നായി ഇരുപതിലധികം പ്രമുഖ കമ്പനികൾ പങ്കെടുത്തു.

​തൊഴിൽ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ നിർവ്വഹിച്ചു. കെ.സി.വൈ.എം സംസ്ഥാന സമിതി പ്രസിഡൻ്റ് ശ്രീ. ഷിബിൻ ഷാജി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ. കാസി പൂപ്പന സ്വാഗതമാശംസിച്ച ചടങ്ങിൽ സംസ്ഥാന സമിതി ഡയറക്ടർ റവ. ഫാ. ഡിറ്റോ കൂള ആമുഖപ്രഭാഷണം നടത്തി. പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദ-ബിരുദാനന്തര ബിരുദധാരികൾ, എഞ്ചിനീയറിംഗ് കഴിഞ്ഞവർ തുടങ്ങി 18 മുതൽ 35 വയസ്സ് വരെയുള്ള പ്രായപരിധിയിലുള്ള നിരവധി ഉദ്യോഗാർത്ഥികളാണ് തങ്ങൾക്കനുയോജ്യമായ തൊഴിൽ കണ്ടെത്തുന്നതിനായി മേളയിൽ പങ്കെടുത്തത്.

​ഡോൺബോസ്കോ ജോബ് പ്ലേസ്‌മെൻ്റ് നെറ്റ്‌വർക്ക് പ്രോഗ്രാം മാനേജർ മിസ്റ്റർ ഹരീഷ്, പ്രോഗ്രാം കോർഡിനേറ്റർ മിസ്റ്റർ ലിയാൻഡർ, BREADS പ്ലേസ്‌മെൻ്റ് കോർഡിനേറ്റർ മിസ്. മോനിക്ക എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ചടങ്ങിൽ മിസ്റ്റർ ഹരീഷ്, കെ.സി.വൈ.എം കോട്ടപ്പുറം രൂപത പ്രസിഡൻ്റ് മിസ്. റെയ്ച്ചൽ ക്ലീറ്റസ്, രൂപതാ ഡയറക്ടർ റവ. ഫാ. നീൽ ചടയമുറി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ.സി.വൈ.എം സംസ്ഥാന സമിതി സെക്രട്ടറി ശ്രീ. ജോയൽ ജോൺ റോയ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Comments

leave a reply

Related News