വിനോദ് നെല്ലിക്കല്‍
കൊച്ചി: ജോണ്‍പോള്‍ സാറുമായി ബന്ധപ്പെട്ട് ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ ചിലതുണ്ട്. ചില അവസരങ്ങളില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ അദ്ദേഹത്തോടൊപ്പം സംസാരിച്ചിരുന്ന ഓര്‍മ്മകളാണ് പ്രധാനം. എത്ര മനോഹരമായാണ് അദ്ദേഹം വാക്കുകളെ കൂട്ടിയോജിപ്പിച്ച് ഘനഗാംഭീര്യമാര്‍ന്ന ആ ശബ്ദത്തില്‍ സംസാരിച്ചിരുന്നത്!രോഗാവസ്ഥ അറിയാതെ രണ്ടുമാസം മുമ്പ് ഒരാവശ്യത്തിനായി അദ്ദേഹത്തെ ഫോണില്‍ വിളിക്കുകയുണ്ടായി. ഭാര്യയാണ് ഫോണെടുത്തത്, പരിചയപ്പെടുത്തിയപ്പോള്‍ സാറിന് ഫോണ്‍ കൊടുത്തു. വളരെ ക്ഷീണിതമായ സ്വരത്തില്‍ അദ്ദേഹം സംസാരിച്ചു. ഹോസ്പിറ്റലില്‍നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടില്‍വരുമ്പോള്‍ കാണാമെന്ന് പറഞ്ഞു നിര്‍ത്തി.ഒരിക്കല്‍ സാറിന്റെ വീട്ടില്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നപ്പോള്‍ വളരെ യാദൃശ്ചികമായി മലയാള സിനിമയിലെ രണ്ടാമത്തെ ജോണ്‍പോള്‍ ആയ, ജോണ്‍പോള്‍ ജോര്‍ജ്ജ് (ഗപ്പി, അമ്പിളി തുടങ്ങിയ സിനിമകളുടെ ഡയറക്ടര്‍) വിളിക്കുകയുണ്ടായി. അങ്ങനെ സംഭവിച്ചതിലെ കൗതുകം ഫോണ്‍ വച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ജോണ്‍പോള്‍ സാറിനോട് പറഞ്ഞു. അപ്പോള്‍ സാര്‍ ചിരിച്ചുകൊണ്ട് തന്റെ ചില അനുഭവങ്ങള്‍ പങ്കുവച്ചു. അടുത്തകാലത്തായി എവിടെയെങ്കിലും ചില പ്രോഗ്രാമുകള്‍ക്ക് ചെല്ലുമ്പോള്‍ പരിചയപ്പെടാന്‍ എത്തുന്നവര്‍, സാറിന്റെ ഗപ്പി എന്ന സിനിമ കണ്ടു, നന്നായിട്ടുണ്ട്, അമ്പിളി നല്ല സിനിമയായിരുന്നു എന്നൊക്കെ പറഞ്ഞ് അഭിനന്ദിക്കുമത്രേ. ഒരിക്കല്‍ ഒരു സ്‌കൂളില്‍ ഒരു ഫങ്ഷന് സ്റ്റേജില്‍ ആയിരുന്നപ്പോള്‍ ആരംഭത്തില്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിയത് ഈ സിനിമകള്‍ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു എന്നും അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു. ജോണ്‍പോള്‍ ജോര്‍ജ്ജിനെ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല, ഇനി വിളിക്കുമ്പോള്‍ അന്വേഷണം പറയണമെന്നും അദ്ദേഹം എന്നെപ്പറഞ്ഞേല്‍പ്പിച്ചു.
ആദരാഞ്ജലികള്‍ സര്‍...
Comments