Foto

316 കുടുംബങ്ങളെ വഴിയാധാരമാക്കിയിട്ട് 16 വർഷം തികയുന്നു

മൂലംപള്ളി: വികസനത്തിന്റെ പേരിൽ 316 കുടുംബങ്ങളെ വഴിയാധാരമാക്കിയിട്ട് 16 വർഷം. പുനരധിവാസം അനിശ്ചിതത്തിൽ.
വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്കു വേണ്ടി  316 കുടുംബങ്ങളെ വഴിയാധാരമാക്കിയിട്ട് ഇന്ന് (06/02/24) 16 വർഷം തികയുന്നു. 
2008 ഫെബ്രുവരി 6-ന് അന്നത്തെ ഇടതുപക്ഷ മന്ത്രിസഭ യാതൊരു പുനരധിവാസവും ഇല്ലാതെ മൂലമ്പിള്ളി തുരുത്തിലെ കുടുംബങ്ങളെ ജെസിബി ഉപയോഗിച്ച് നിഷ്ഠൂരമായി കുടിയിറക്കിയത്. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തെ തുടർന്ന് ഉയർന്നുവന്ന പ്രത്യക്ഷമായ ജനകീയ സമരത്തിനൊടുവിൽ  2008 മാർച്ച് 19ന് പുനരധിവാസ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. പുനരധിവാസ ഉത്തരവിന്റെ ആനുകൂല്യങ്ങൾ 7 വില്ലേജുകളിൽ നിന്ന് പദ്ധതിക്ക് വേണ്ടി വീടും പുരയിടവും നഷ്ടപ്പെടുത്തേണ്ടി വന്ന 316 കുടുംബങ്ങൾക്കും അർഹമാണെങ്കിലും നാളിതുവരെ നാമമാത്രമായിട്ടുള്ള കുടുംബങ്ങൾക്ക് മാത്രമാണ് ഈ ആനുകൂല്യങ്ങൾ ലഭിച്ചിട്ടുള്ളത്. യാതൊരു ആനുകൂല്യങ്ങളും അനുഭവിക്കുവാൻ പറ്റാതെ ഇതിനകം 34 വ്യക്തികൾ മരിച്ചു. ചിലർ ഗതികെട്ട് ആത്മഹത്യയിൽ അഭയം കണ്ടെത്തി. കുറേയേറെ ആളുകൾ മാനസിക രോഗികളായി, കുടുംബങ്ങൾ ശിഥിലീകരിക്കപ്പെട്ടു,നിത്യരോഗികളായി; ഇവയെല്ലാം വികസനത്തിന്റെ നേട്ടങ്ങളാണ്. മുറിഞ്ഞുപോയ തുണ്ടു ഭൂമികളിൽ വീട് വെക്കുവാൻ ഉള്ള അപേക്ഷകൾ പോലും നിരസിക്കപ്പെട്ടു. തീരദേശ പരിപാലന നിയമം വില്ലനായി തുടരുന്നു. ഏറ്റെടുത്ത വസ്തുക്കൾക്ക്പകരമായി അനുവദിച്ച തുഛമായി  നഷ്ടപരിഹാര തുകയിൽ നിന്ന് പുനരധിവാസ ഉത്തരവിന്  വിരുദ്ധമായി ഈടാക്കിയ വരുമാന നികുതി പോലും ഇതുവരെ തിരിച്ചു നൽകിയട്ടില്ല. ഇൻകംടാക്സ് ഡിപ്പാർട്ടുമെൻ്റിൻ്റെ പെനാൽറ്റി നോട്ടീസുകൾ ഇപ്പോഴും വേട്ടയാടുന്നു. പുനരധിവാസത്തിനായി കണ്ടെത്തിയ ചതുപ്പു സ്ഥലങ്ങൾ വാസയോഗ്യമല്ലെന്ന് പിഡബ്ല്യുഡി റിപ്പോർട്ട് സമർപ്പിച്ചിട്ടും സർക്കാർ ഇപ്പോഴും അനങ്ങിയിട്ടില്ല. ഇതിനകം പണിത പല വീടുകൾക്കും ചരിവും വിള്ളലുകളും രൂപപ്പെട്ടു കഴിഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവു പോലും അവഗണിച്ചിരിക്കുകയാണ്. പദ്ധതിയിൽ തൊഴിൽ നൽകുമെന്നുള്ള സർക്കാർ ഉത്തരവ്  നടപ്പിലാക്കുവാൻ ഒരു ശ്രമവുമില്ല. 

നിരവതി കുടുംബങ്ങൾ നവ കേരള സദസ്സിൽ സമർപ്പിച്ച ഹർജികളും അവഗണിക്കപ്പെട്ടു. പുനരധിവാസത്തിന്റെ ദൈനംദിന പുരോഗതി വിലയിരുത്തുവാൻ വേണ്ടി രൂപീകരിച്ചിട്ടുള്ള ജില്ലാ കളക്ടർ അധ്യക്ഷനായ പുനരധിവാസ മോണിറ്ററിംഗ് കമ്മിറ്റി 2019 ന് ശേഷം  ചേർന്നിട്ടില്ല. വഴിയാധാരമാക്കപ്പെട്ട കുടുംബങ്ങളുടെ ആവശ്യത്തെ തുടർന്ന് ഒരു തിരിച്ചറിയൽ കാർഡ് നൽകുമെന്ന തീരുമാനം പോലും ജില്ലാ കളക്ടർക്ക് നടപ്പിലാക്കുവാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഈ കുടുംബങ്ങൾക്ക് നൽകാനുള്ള വാടക കുടിശ്ശികയായിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ഇന്ന് (06/02/24) ഏഴു വില്ലേജ് കമ്മിറ്റികളുടെ നേതൃത്വം കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് 5 മണിക്ക് മൂലംപള്ളിയിൽ ഭവനങ്ങൾ ഇടിച്ചുനിർത്തിയ സ്ഥലത്ത് തന്നെ ഒത്തുചേരുന്നത് എന്ന് മൂലംമ്പിള്ളി കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.
കോ ഓർഡിനേഷൻ കമ്മിറ്റിക്കു വേണ്ടി :
പ്രൊഫസർ കേ അരവിന്ദാക്ഷൻ, ജസ്റ്റിസ് പി കെ ഷംസുദ്ദീൻ, അഡ്വക്കേറ്റ് സി ആർ നിലകണ്ഠൻ,  ഫ്രാൻസീസ് കളത്തുങ്കൽ, വി.പി വിൽസൻ,  കെ രജികുമാർ, സാൽവിൻ കെ പി, ജോണി ജോസഫ്, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ് മൈക്കിൾ കോതാട്, മേരി ഫ്രാൻസീസ്, ജോൺസൻ മൂലംപിള്ളി, സുരേഷ് മുളവുകാട്, ജോർജ്ജ് അംമ്പാട്ട്, പി എസ് രാമകൃഷ്ണൻ മഞ്ഞുമ്മൽ, മാർട്ടിൻ വടുതല, ജസ്‌റ്റീൻ പി എ, ജമാൽ ഏലൂർ, പി. ഉണ്ണികൃഷ്ണൻ കടുങ്ങല്ലൂർ, സാബു ഇടപ്പിള്ളി.

News issued by
Francis Kalathunkal General Convenor Moolampilly Coordination Committee
 Ph - 9388875603

Comments

leave a reply