സ്മരണ ജോഷി ജോർജ്
മത്തായി മാഞ്ഞൂരാൻ മൺമറഞ്ഞിട്ട് 51 സംവത്സരം
1970 ജനവരി 15-നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്.
ഒരുകാലത്ത് നമ്മുടെ നാട്ടിൽ കേരള പ്രകാശം എന്നൊരു പത്രമുണ്ടായിരുന്നു. അതിന്റെ കരുത്തനായ പത്രാധിപരായിരുന്നു മത്തായി മാഞ്ഞൂരാൻ. കെ.എസ്.പി എന്ന് അതിശക്തമായൊരു രാഷ്ട്രീയ പാർട്ടിയുടെ ജീവാത്മാവും പരമാത്മാവും അദ്ദേഹം തന്നെയായിരുന്നു.
1912 ഒക്ടോബർ 13-ന് എറണാകുളം ജില്ലയിലെ ചെറായിയിൽ ജനിച്ച മത്തായി വിദ്യാർത്ഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തിലിറങ്ങി. സൈമൺ കമ്മീഷൻ ബഹിഷ്‌കരണത്തിലും ക്വിറ്റ് ഇന്ത്യ സമരത്തിലും പങ്കാളിയായി. 1947-ലാണ് കേരള സോഷ്യലിസ്റ്റ് പാർട്ടിക്ക് (കെ.എസ്.പി) രൂപം നൽകിയത്. ലൈറ്റ് ഓഫ് കേരള എന്ന ഇംഗ്ലീഷ് പത്രത്തിന്റെയും സോഷ്യലിസ്റ്റ് വാരികയുടെയും കേരള പ്രകാശം പത്രത്തിന്റെയും പത്രാധിപരായിരുന്നു. 'രക്തലേഖനം' എന്ന പേരിൽ കാർഷിക പരിഷ്‌കരണത്തിനായി കൊച്ചി രാജാവിന് നൽകിയ മെമ്മോറാണ്ടത്തിൽ ചോരകൊണ്ട് ഒപ്പിട്ടയാളാണ് മത്തായി മാഞ്ഞൂരാൻ. ബറോഡയിൽ ഒളിവിൽ താമസിക്കെ രാജാവിന്റെ പേഴ്‌സണൽ സ്റ്റാഫിൽ പ്രവർത്തിച്ചു. ടാറ്റാ ഓയിൽ മിൽ തൊഴിലാളി യൂണിയൻ സംഘടിപ്പിക്കുകയും ദീർഘകാലം നേതൃത്വം കൈയാളുകയും ചെയ്തു. ഒട്ടേറെ യുവാക്കളെ പത്രപ്രവർത്തനത്തിലേക്കും ഇടതുപക്ഷ രാഷ്ട്രീയത്തിലേക്കും കൈപിടിച്ച് നടത്തിയതിൽ പ്രമുഖ സ്ഥാനമാണ് മത്തായി മാഞ്ഞൂരാനുള്ളത്.
ഒരിക്കൽ, തൃശൂർ വരന്തരപ്പിള്ളിയിൽ അഞ്ചുപേർ കൊല്ലപ്പെട്ട സംഭവത്തിൽ മത്തായി മാഞ്ഞൂരാന്റെ 'കേരളപ്രകാശം' ദിനപത്രത്തിൽ വന്ന ഒരു വാർത്തയാണ് ഹൈക്കോടതിയുടെ കോടതിയലക്ഷ്യ കേസിന് കാരണമായത്. 1959 ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്തായിരുന്നു സംഭവം.
കോടതിയിലെത്തിയ മാഞ്ഞൂരാൻ താൻ തെറ്റൊന്നും ചെയ്തില്ലെന്ന് പറഞ്ഞു. മാപ്പ് പറയാൻ കൂട്ടാക്കാത്ത അദ്ദേഹത്തെ 100 രൂപ പിഴയടയ്ക്കാനും അല്ലാത്തപക്ഷം ഒരു മാസം തടവിനും ശിക്ഷിച്ചു. പിഴയടയ്ക്കാൻ അദ്ദേഹം തയ്യാറായില്ല. വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു.
കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്നു മത്തായി മാഞ്ഞൂരാൻ. ധീരനായ പോരാളി, തൊഴിലാളി യൂണിയൻ നേതാവ്, പത്രാധിപർ, തത്വചിന്താ പ്രണയിയായ എഴുത്തുകാരൻ എന്നീ നിലകളിലൊക്കെ പ്രശോഭിച്ച പച്ചമനുഷ്യൻ..!
കേരള സോഷ്യലിസ്റ്റ് പാർട്ടി യുടെ സ്ഥാപകനായിരുന്ന അദ്ദേഹം രാജ്യസഭയിൽ അംഗമാകുകയും കേരളത്തിൽ തൊഴിൽ മന്ത്രിയാകുകയും ചെയ്തു. അര നൂറ്റാണ്ട് മുമ്പ് ബൗദ്ധിക കേരളം മത്തായി മാഞ്ഞൂരാനിൽ കേന്ദ്രീകരിക്കുന്നത് സ്വാഭാവികമായിരുന്നു.
ചിന്തകനായ പി.കെ ബാലകൃഷ്ണൻ മുതൽ പത്ര പ്രവർത്തകനായ കെ.ആർ. ചുമ്മാർ കെ.എം റോയ് മുതൽ പേർ മാഞ്ഞൂരാന്റെ കളരിയിൽ പയറ്റിത്തെളിഞ്ഞവരാണ്. 58-ാം വയസ്സിൽ മത്തായി മാഞ്ഞൂരാൻ അന്തരിക്കുമ്പോൾ അവിവാഹിതനായിരുന്ന അദ്ദേഹത്തിന്റെ ബാങ്ക് ബാലൻസ് പതിനേഴ് രൂപയായിരുന്നു വെന്നതാണ് സത്യം..!
'കാലത്തിന് മുമ്പേ നടന്ന മാഞ്ഞൂരാൻ' എന്നാണ് അദ്ദേഹത്തിന്റെ ശിക്ഷ്യനും കേരള പ്രകാശത്തിന്റെ സഹപത്രാധിപരുമായിരുന്ന കെ. എം റോയ് മത്തായിയുടെ ജീവിതകഥയ്ക്ക് പേരിട്ടിരിക്കുന്നത്. നാല് പതിറ്റാണ്ട് കാലത്തെ പൊതുജീവിതം കൊണ്ട് മത്തായി മാഞ്ഞൂരാൻ ധനപരമായി സമ്പാദിച്ചത് പതിനേഴ് രൂപ. ഇന്നത്തെ നമ്മുടെ തലമുറക്ക് ഇത് വിശ്വസിക്കാനാകുമോ..?
1967 69 കാലയളവിൽ സംസ്ഥാന തൊഴിൽ മന്ത്രിയായും 1952-54 കാലയളവിൽ രാജ്യസഭാംഗമായും മാഞ്ഞൂരാൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1970 ജനവരി 15-നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്.
Comments