Foto

സ്വാർത്ഥതയുടെ പ്രലോഭനങ്ങളിൽപെട്ട് ഭൂവിഭവങ്ങളുടെ വേട്ടക്കാരാകാതിരിക്കുക

ലൗദാത്തോ സി 2021 പ്രവർത്തന വേദിയുടെ ഉൽഘാടനം നടത്തിക്കൊണ്ട് പാപ്പാ നൽകിയ വീഡിയോ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ലൗദാത്തോ സീയുടെ 7 വർഷത്തേക്കുള്ള പ്രവർത്തന പദ്ധതിക്കായുള്ള പ്രവർത്തനവേദിയുടെ ആരംഭം പാപ്പാ ഇന്ന് കുറിച്ചു. ലൗ ദാത്തോ സീ എന്ന ചാക്രീക ലേഖനം വഴി 2015ൽ സന്മനസ്സുള്ള സകലരെയും നമ്മുടെ പൊതുഭവനമായ ഭൂമിയുടെ പരിരക്ഷണത്തിനായി താൻ ക്ഷണിച്ചിരുന്നു എന്നും നമ്മുടെ കൊള്ളയടി മനോഭാവവും ഭൂമിയുടെയും വിഭവങ്ങളുടെയും യജമാനൻമാരെന്നും ഭാവിച്ച്  കൊണ്ട്  ദൈവം തന്ന നന്മകളെ ഉത്തരവാദിത്വമില്ലാതെ ഉപയോഗിച്ച്  നമുക്ക് ആതിഥേയത്വം നൽകുന്ന ഭൂമിയെ കാലങ്ങളായി നാം വിഷമിപ്പിക്കുന്നു എന്നും പറഞ്ഞുകൊണ്ടാരംഭിക്കുന്ന വീഡിയോ സന്ദേശത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം നാടകീയമായ പരിസ്ഥിതി പ്രതിസന്ധിയാണ് മനുഷ്യൻ ജീവിക്കുന്ന ഭൂമിയും, വായുവും, വെള്ളവും പരിസ്ഥിതിയിലുമെന്ന്  പാപ്പാ  വിശദീകരിച്ചു. കൂടാതെ ഇന്നത്തെ മഹാമാരി കൂടുതൽ ശക്തിയോടെ പ്രകൃതിയുടേയും ദരിദ്രരുടേയും നിലവിളി വെളിച്ചത്തു കൊണ്ടുവരികയും എല്ലാം തമ്മിലുള്ള പരസ്പര ബന്ധവും പരസ്പരാ ആശ്രയത്വവും നമ്മുടെ ആരോഗ്യവും നമ്മൾ ജീവിക്കുന്ന പരിതസ്ഥിതിയുടെ ആരോഗ്യവും തമ്മിലുള്ള ബന്ധവും വെളിപ്പെടുത്തുന്നു എന്നും പാപ്പാ തന്റെ സന്ദേശത്തിന്റെ ആമുഖത്തിൽ പറഞ്ഞു. അതിനാൽ ലോകവാസത്തിലും ജീവിത ശൈലിയിലും ഭൂവിഭവങ്ങളുമായുള്ള ബന്ധത്തിലും പൊതുവിൽ മനുഷ്യനെക്കുറിച്ചുള്ള കാഴ്ചപ്പാടിലും ജീവിത രീതിയിലും ഒരു പുതിയ പാരിസ്ഥിതിക സമീപനത്തിന്റെ ആവശ്യകതയിലേക്ക് ഫ്രാൻസിസ് പാപ്പാ വിരൽ ചൂണ്ടി. പാരിസ്ഥിതിക പ്രശ്നങ്ങൾ മാത്രമല്ല, ദരിദ്രരുടെ നിലവിളി കേൾക്കുന്ന പുതിയൊരു സമൂഹത്തിന് പുളിമാവാകുന്ന ഒരു സമഗ്ര മാനുഷീക പരിസ്ഥിതി ശാസ്ത്രത്തിന്റെ ആവശ്യകതയാണ് പാപ്പാ എടുത്തു പറഞ്ഞത്.

ഭാവതലമുറയുടെ നേരെയുള്ള നമ്മുടെ വലിയ ഉത്തരവാദിത്വത്തെ ഓർമ്മിപ്പിച്ച പാപ്പാ ഭൂ മാതാവിന്റെ പരിരക്ഷണത്തിനായുള്ള തന്റെ ആഹ്വാനം വീണ്ടും ആവർത്തിച്ചു. സ്വാർത്ഥതയുടെ പ്രലോഭനങ്ങളിൽപെട്ട്  ഭൂവിഭവങ്ങളുടെ വേട്ടക്കാരാകാതെ ഒരു നല്ല ഭാവി സകലർക്കുമായി ഒരുക്കാനുള്ള ഉത്തരവാദിത്തത്തെയും അവസരത്തെയും കുറിച്ച് ഓർമ്മിപ്പിച്ചു. ദൈവത്തിൽ നിന്ന് നമുക്ക് ലഭിച്ച തോട്ടത്തെ നമ്മുടെ മക്കൾക്ക് മരുഭൂമിയാക്കി നൽകാതിരിക്കാമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

ഈ സാഹചര്യത്തിലാണ് 2020 മെയ് 24ന് ലൗദാത്തൊസീ വർഷമായി പ്രഖ്യാപിച്ച് അതിന്റെ ഉത്തരവാദിത്വം സമഗ്രമാനവ വികസന സേവനങ്ങൾക്കായുള്ള ഡിക്കാസ്ട്രിയെ ഏല്പിച്ചതെന്നും അറിയിച്ച പാപ്പാ അതുമായി സഹകരിച്ചവർക്ക് നന്ദിയും അർപ്പിച്ചു. ലൗദാത്തോസീയുടെ 7 വർഷത്തേക്കുള്ള പ്രവർത്തന പദ്ധതിക്കായുള്ള പ്രവർത്തനവേദിയുടെ ആരംഭം കുറിച്ച് ഇന്ന് നടത്തിയ പ്രഖ്യാപനത്തിൽ തനിക്കുള്ള സന്തോഷവുമറിയിച്ചു.

കുടുംബങ്ങളേയും, ഇടവക- രൂപതകളെയും, സ്കൂൾ - കലാലയങ്ങളെയും, ആതുരാലയങ്ങൾ - കാർഷിക - വ്യവസായ സ്ഥാപനങ്ങളെയും, സംഘടനകളെയും മുന്നേറ്റങ്ങളേയും, സന്യാസ ഭവനങ്ങളേയും സുസ്ഥിരമായ സമഗ്രപരിസ്ഥിതിക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ പാപ്പാ ക്ഷണിച്ചു. ഇത്തരത്തിൽ മാത്രമേ നമ്മൾ ആഗ്രഹിക്കുന്ന സകലരേയും ഉൾക്കൊള്ളുന്ന സാഹോദര്യ, ശാന്ത സുസ്ഥിരമായ ഒരു ലോക സൃഷ്ടി സാധ്യമാകൂ എന്നും പരിശുദ്ധ പിതാവ് തുറന്നു പറഞ്ഞു.

ലൗദാത്തോ സീ കാണിച്ചുതരുന്ന 7 ലക്ഷ്യങ്ങളായ ഭൂമിയുടെയും, ദരിദ്രരുടെ രോദനത്തിനുത്തരം നൽകാനും, പാരിസ്ഥിതിക സമ്പദ് വ്യവസ്ഥ, ലളിത ജീവിത ശൈലി , പാരിസ്ഥിതിക വിദ്യാഭ്യാസം, പാരിസ്ഥിതിക ആത്മീയത, സമൂഹ പ്രതിബദ്ധത എന്നിവ നേടിയെടുക്കാനാണ്  7 വർഷം നീളുന്ന ഒരു യാത്ര. തനിക്കു പ്രത്യാശയുണ്ടെന്നും ഓരോരുത്തർക്കും സഹകരിക്കാമെന്നും പറഞ്ഞ പാപ്പാ നമ്മുടെ ഭൂമി അതിന്റെ ആദിമ സൗന്ദര്യത്തിലേക്ക് തിരിച്ചു വരാനും സൃഷ്ടി, ദൈവ പദ്ധതിയുടെ തിളക്കം തിരിച്ചെടുക്കാനും അവനവന്റെ സംസ്കാരവും വിദ്യാഭ്യാസവും, കഴിവും ഉപയോഗിക്കണം എന്നും ആഹ്വാനം ചെയ്തു. ദൈവം നമ്മെ ഓരോരുത്തരേയും  നമ്മുടെ പൊതു ഭവനം പുതുക്കി പണിയാനുള്ള നമ്മുടെ പ്രേഷിത വേലകളേയും അനുഗ്രഹിഹിക്കട്ടെ എന്നാശീർവദിച്ചാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

Comments

leave a reply