അച്ഛനാകാന്‍ ആര്‍ക്കാണ് കഴിയുന്നത്
രാജലക്ഷ്മി. എസ്
രാത്രി എട്ടര മണി കഴിഞ്ഞു.അവള്‍ ഇതുവരെ വന്നിട്ടില്ല. കൊച്ചാട്ടനാണെങ്കില്‍ ഒരു കുലുക്കവുമില്ല, അവളുടെ കാര്യത്തില്‍.മൂത്ത രണ്ട് ആമ്പിള്ളേരെ ഇത്ര നേരമായിട്ടും കാണാതിരുന്നിരുന്നെങ്കില്‍ ടോര്‍ച്ചും പിടിച്ചു ഇറങ്ങുന്ന മനുഷ്യനാണ്. 'അമ്മ കരച്ചിലിന്റെ വക്കത്തെത്തി നില്‍ക്കുന്നു.'അവളിങ്ങു വന്നോളും. അവളെക്കുറിച്ച് എനിക്ക് നല്ല ഉറപ്പാ. അവന്മാരെകുറിച്ച് അത്രയുമില്ല.'സംഘടനാ യോഗം കഴിഞ്ഞ് രാത്രി താമസിച്ചു വരുന്ന മകളെ കുറിച്ചുള്ള ഒരച്ഛന്റെ വിശ്വാസം. അതായിരുന്നു കരുത്ത്. ഏത് വേദിയിലും തല ഉയര്‍ത്തി നില്‍ക്കുവാന്‍ അച്ഛന്‍ എനിക്ക് തന്ന കരുത്ത്. പക്ഷേ ഈ നിമിഷം ശക്തി ചോര്‍ന്നു പോകുന്നുണ്ട്. കണ്ണില്‍ നീര് പടരുന്നുണ്ട്.കാരണം എഴുതേണ്ടത് ആ അച്ഛനെ കുറിച്ചാണ്. ആ പറുദീസാ നഷ്ടത്തെ കുറിച്ചാണ്.
അച്ഛനെനിക്ക് എന്നും ഒരു പാഠപുസ്തകമാണ്. വെറും പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള അച്ഛന്‍. തുടര്‍ന്ന് പഠിക്കാന്‍ കഴിയാഞ്ഞത് സാമ്പത്തികശേഷി ഇല്ലാഞ്ഞതു കൊണ്ട് മാത്രം.ദാരിദ്ര്യം അനുഭവിച്ചറിഞ്ഞു വളര്‍ന്ന വ്യക്തി. തുടര്‍ന്ന് പഠിക്കണം എന്ന ആഗ്രഹം പറഞ്ഞപ്പോള്‍ അപ്പൂപ്പന്‍ പറഞ്ഞത് 'നീയീ ആറ് എളേ പിള്ളേരുടെയും കയ്യില്‍ ഓരോ പിച്ചച്ചട്ടി എടുത്തു കൊടുത്തിട്ട് പൊക്കോ 'എന്നാണ്.ആഗ്രഹം ഉപേക്ഷിച്ച് അതി രാവിലെ പത്രം ഇടാന്‍ പോയി. ഇടക്ക് കിട്ടുന്ന സമയങ്ങളില്‍ മറ്റുള്ള ജോലികള്‍ ചെയ്ത് കുടുംബം പുലര്‍ത്തി. പ്രമാണിമാരായ ബന്ധുക്കളുടെ വീട്ടില്‍ വിറകു വെട്ടികൊടുത്തു. അടിമപ്പണി ചെയ്തു. എപ്പോഴൊക്കെയോ
പത്രങ്ങള്‍ വായിച്ചു.
ദാരിദ്ര്യം അറിഞ്ഞത് കൊണ്ട് പരക്ലേശ വിവേകമുണ്ടായി.സ്വാഭാവികമായും അപരന്റെ ദാഹത്തിന് മൂല്യം നല്‍കിയ വിപ്ലവപ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്തു. വായന കൈ മുതലായിരുന്നത് കൊണ്ട് എഴുത്ത് പരീക്ഷകള്‍ നിസ്സാരമായി. എല്‍. ഡി. ക്ലാര്‍ക്ക് ആയി റവന്യൂ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. കടമെടുത്തു കുടുംബത്തെ കരകയറ്റി.കുഞ്ഞിന്നാളിലെ മനസ്സില്‍ കയറിപ്പറ്റിയ മുറപ്പെണ്ണിനെ വിവാഹം ചെയ്തു. കുടുംബത്തിന് അത്ര താല്പര്യമില്ലാതിരുന്ന ബന്ധമായിരുന്നത് കൊണ്ട് അടിച്ചിറക്കപ്പെട്ടു. തുടര്‍ന്ന് വാടകവീട്ടില്‍..
അടിയന്തിരാവസ്ഥകാലത്തു സമരം ചെയ്തതിനു അച്ഛന്‍ ജയിലില്‍ അടക്കപ്പെട്ടു. ഗര്‍ഭിണിയായ അമ്മയും രണ്ട് വയസ്സുകാരന്‍ ചേട്ടനും. ദുരിതപ്പെരുമഴ ആയിരുന്നു.. രണ്ടാമത്തെ ചേട്ടനും ജനിച്ച് എന്റെ ഊഴമെത്തിയപ്പോഴേക്കും ഏതാണ്ടൊക്കെ കാറും കോളും അവസാനിച്ചിരുന്നു. സാമ്പത്തികം പ്രശ്‌നമായിരുന്നപ്പോഴും ലോണെടുത്തു വസ്തു വാങ്ങി ചെറിയൊരു വീട് വെച്ചു.വെള്ളിക്കരണ്ടിയുമായല്ല ഞങ്ങള്‍ ജനിച്ചത്.ആര്‍ഭാടത്തിലല്ല ജീവിച്ചത്. അച്ഛന്‍ ഏല്പിച്ച ഓരോ തുട്ടില്‍ നിന്നും മിച്ചം പിടിച്ചാണ് അമ്മ രണ്ടറ്റവും തുന്നി ചേര്‍ത്തത്. എങ്കിലും സന്തോഷമായിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് ഏത് പാതിരാത്രിയില്‍ അച്ഛന്‍ എത്തുന്നുവോ അത് വരെ വിശന്ന വയറുമായി ഭക്ഷണം കഴിക്കാതെ ഞങ്ങള്‍ കാത്തിരിക്കും. ആളെത്തി കഴിഞ്ഞാല്‍ പിന്നെ ആഘോഷമാണ്. അഞ്ച് പാത്രത്തില്‍ ഉള്ളത് ഒരേ പോലെ പങ്ക് വെച്ച്..... അയല്‍വക്കക്കാര്‍ പിറ്റേന്ന് അമ്മയോട് പറയും 'ഇന്നലെ സാറ് താമസിച്ചാണ് വന്നതല്ലേ, രാത്രിയില്‍ പിള്ളേരുടെ ചിരിയും ബഹളവും കേട്ടു 'എന്ന്. കറന്റ് ഇല്ലാതെ ഇരുട്ടില്‍ ജീവിച്ച ആ നാട്ടില്‍ അച്ചന്റെ ശ്രമഫലമായി കറന്റ് വന്നു. വഴിവിളക്കുകള്‍ തെളിഞ്ഞു. അതേ. അച്ഛന്‍ ഞങ്ങളുടെ മാത്രം വെളിച്ചമായിരുന്നില്ല.. ഒരു നാടിന്റെ വെളിച്ചമായിരുന്നു.
എനിക്ക് പത്താം ക്ലാസ്സിലാണ് ആദ്യമായി ട്യൂഷന്‍. ചേട്ടന്മാര്‍ക്ക് അത് കൂടി ഉണ്ടായിരുന്നില്ല. അവര്‍ പഠനത്തില്‍ മോശമായിരുന്നിട്ടല്ല. എന്നില്‍ എന്തോ അച്ഛന് ഇത്തിരി കൂടി പ്രതീക്ഷ ഉണ്ടായിരുന്നു. കൃത്യമായി ട്യൂഷന്‍ ഫീസ് കൊടുത്തില്ലെങ്കില്‍ ക്ലാസിനുള്ളില്‍ പുറകില്‍ നില്‍ക്കേണ്ടി വരും. പലപ്പോഴും മുടങ്ങി. എങ്കിലും അങ്ങേയറ്റം അച്ഛനോട് പറയാതെ സഹിക്കും. ഒടുവില്‍ അധ്യാപകന്‍ തന്നെ അച്ഛനോട് നേരിട്ട് പറഞ്ഞു. ഞാന്‍ പറയാതിരുന്നതില്‍ അച്ഛന്‍ വഴക്കിട്ടു. പിറ്റേന്ന് രാവിലെ ആരുടെയോ കയ്യില്‍ നിന്നു കടം വാങ്ങിയ അന്‍പതു രൂപ ഷര്‍ട്ടിന്റെ കൈച്ചുരുട്ടില്‍ വെച്ച് വീട്ടിലെത്തി. പോക്കറ്റില്‍ ഇട്ടാല്‍ പൈസ കൊടുക്കാനുള്ള ആരെങ്കിലും പിടിച്ചു പറിച്ചു അതെടുത്താലോ എന്ന് കരുതിയാകണം. ഷര്‍ട്ടിന്റെ കൈ അഴിച്ചപ്പോള്‍ രൂപ കാണാനില്ല. ഓഹ്. ഭ്രാന്തനെ പോലെയായി അച്ഛന്‍. എത്ര വട്ടമെന്നറിയില്ല, ആ കാശു തിരഞ്ഞു വന്ന വഴി നോക്കി പോയത്. കിട്ടിയില്ല. ആദ്യമായി അച്ചന്റെ കണ്ണ് നിറഞ്ഞു കണ്ടു. ആ കണ്ണീരാണ് ഇന്നെന്നെ ഒരു ഹയര്‍ സെക്കന്ററി അധ്യാപിക ആക്കിയത്. ഞാന്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ ആ നേട്ടത്തിന് പിന്നില്‍ എന്റെ ഹൃദയത്തെ പൊള്ളിച്ച ആ കണ്ണീരുണ്ട്. അച്ഛന്‍ ആഗ്രഹിച്ചത് പോലെ ആകാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല. ഒരു കുന്ന് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു എന്നെ പറ്റി. നിറയെ പൂത്തുലഞ്ഞ പ്രതീക്ഷകള്‍. ഏഴയലത്തു എത്താനായില്ല. വളരെ ചെറുപ്പത്തിലേ അച്ഛനും സുഹൃത്തുക്കളും വീട്ടില്‍ ഒരുമിച്ചു കൂടുമ്പോള്‍ നടത്തുന്ന സംവാദങ്ങള്‍ കേള്‍ക്കുവാനും അതില്‍ കുഞ്ഞു കുഞ്ഞു അഭിപ്രായപ്രകടനങ്ങള്‍ നടത്തുവാനും അച്ഛന്‍ സ്വാതന്ത്ര്യം തന്നിരുന്നു. വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളില്‍ പോരാളിയാകാനുള്ള രാഷ്ട്രീയ ബോധം അവിടെ നിന്നാണ് ലഭിച്ചത്. സംഘടനാ വേദികളില്‍ ഇന്നും അച്ചന്റെ മകള്‍ എന്ന് അറിയപ്പെടാനാണ് എനിക്കിഷ്ടം. പ്രസ്ഥാനത്തിലും ജീവിതത്തിലും കര്‍ക്കശ്യക്കാരനെങ്കിലും സ്‌നേഹവും കരുതലും കരുണയും നിറഞ്ഞ വ്യക്തിത്വം. ആര് പട്ടിണി കിടക്കുന്നുവോ ആര് കൈ നീട്ടുന്നുവോ കടം വാങ്ങിയെങ്കിലും അവരെ സഹായിക്കുവാനുള്ള മന:സ്ഥിതിയിലൂടെ അച്ഛനെ ഞാന്‍ എന്നിലൂടെ തിരിച്ചു കൊണ്ട് വരാന്‍ ശ്രമിക്കാറുണ്ട്.
ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അച്ഛന്‍ ഞങ്ങള്‍ക്ക് വാശിയോടെ വിദ്യാഭ്യാസം നല്‍കി. തനിക്ക് നിഷേധിക്കപ്പെട്ടത് മക്കള്‍ക്ക് നഷ്ടമാകരുതെന്ന കണക്ക് കൂട്ടല്‍. ഏറെ ഭയപ്പെട്ടു എങ്കിലും എന്റെ ആഗ്രഹമനുസരിച്ചുള്ള വിവാഹത്തിന് ബന്ധുക്കളുടെയൊക്കെ എതിര്‍പ്പിനെ അവഗണിച്ചും കൂട്ട് നിന്ന മഹാശക്തിയാണ് അച്ഛന്‍. റിട്ടയര്‍ ചെയ്തിട്ടും മക്കള്‍ ഉദ്യോഗസ്ഥര്‍ ആയിട്ടും താനുണ്ടാക്കിയ കടങ്ങള്‍ തനിയെ വീട്ടും എന്ന ഉറച്ച നിലപാടില്‍ ബോട്ടും ഡ്രഡ്ജറും എടുത്ത് രോഗത്തെയും വര്‍ദ്ധക്യത്തെയും തോല്പിക്കാന്‍ പുറപ്പെട്ട മനുഷ്യന്‍. സ്വന്തമായി ജീവിതം ആസ്വദിച്ചിട്ടില്ലാത്ത മനുഷ്യന്‍. എല്ലാവരോടുമുള്ള കടങ്ങള്‍ വീട്ടി പൊലിഞ്ഞു പോയ ഒരു മഹാ മനുഷ്യന്‍.ഏതെങ്കിലും മരണവീടുകളില്‍ ഒരു പെണ്‍കുട്ടി അച്ഛാ എന്ന് വിളിച്ചു കരയുമ്പോള്‍ പരിസരം നോക്കാതെ ഉറക്കെ നിലവിളിച്ചു പോകുന്ന ഭ്രാന്തമായ ഒരവസ്ഥ ഇപ്പോഴും അടക്കമില്ലാതെ എന്നിലുണ്ട്.
ചിലപ്പോഴൊക്കെ വ്യഥകള്‍ പിടക്കുമ്പോള്‍ ഉള്ളുരുകുമ്പോള്‍ കണ്ണടച്ച്, ഒറ്റക്കിരുന്ന് ആ മഹാ ഗ്രന്ഥത്തിന്റെ ഏടുകള്‍ മറിച്ചു നോക്കും.വീണ്ടും വീണ്ടും വായിക്കുമ്പോള്‍ കണ്ണിറുക്കി കളിയാക്കി ചിരിച്ചു കൊണ്ട് 'പൊട്ടിപ്പെണ്ണ് 'എന്ന് തോളില്‍ തട്ടും.എന്തൊരു സമാധാനമാണത്. എന്തൊരു സമാധാനം...
Comments
രേഷ്മ
അച്ഛന്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണമിക്കുന്നു. ആ അച്ഛന്റെ മകൾക്ക് ഇങ്ങനെയാകാനല്ലേ കഴിയൂ. അച്ഛനെപ്പോലെ ജനസേവനത്തിന്റെ പാതയിലൂടെ പടർന്നു പന്തലിച്ച് വടവൃക്ഷമാകാൻ നിനക്കും കഴിയട്ടെ പ്രിയ കൂട്ടുകാരി .
Sreekala
അച്ഛന്റെ മകളായി എന്നും അഭിമാനത്തോടെ ഒരല്പം അഹങ്കാരത്തോടെ ഒരുപാട് കാലം ജീവിക്കാൻ സാധിക്കട്ടെ
KK Madhav
ഹൃദയ സ്പർശിയായ എഴുത്ത്..
Jisha
അച്ഛൻ = സ്നേഹം