Foto

കുട്ടിയും കോലും കളി

കേരളത്തിലെ ഒരു നാടൻ കളിയാണ് കുട്ടിയും കോലും കളി.ക്രിക്കറ് കളിയോട് ഏതാണ്ട് സാമ്യമുള്ള ഈ കളി ഇന്ന് അസ്തമിച്ചിരിക്കുകയാണെന്നു പറയാം.കുട്ടിയും കോലും കളിക്കുന്നതിന് രണ്ട് പേരേയുള്ളൂവെങ്കിലും കളിക്കാം ,എത്ര പേരുണ്ടെങ്കിലും കളിക്കാമെന്നത് ഈ കളിയുടെ ഒരു സവിശേഷതയാണ്.കളി തുടങ്ങുന്നതിനുമുൻപ് കളിക്കാരെ രണ്ട് ടീമായിട്ട്  തിരിക്കണം.രണ്ടരയടി നീളമുള്ള ഒരു വടിയാണ് കോല്,അരയടി നീളമുള്ള കമ്പാണ് കുട്ടി.ആറിഞ്ചു നീളവും ഒന്നരയിഞ്ച് വീതിയുമുള്ള ഒരു ചെറിയ കുഴിയും  മണ്ണിൽ  വേണം.ഏതെങ്കിലും ഒരു ടീം കുട്ടീം കോലും കൊണ്ട് അടിക്കുമ്പോൾ എതിർ ടീം പിടിക്കുവാൻ നിൽക്കുന്നു.ടീമംഗങ്ങൾ മുഴുവനും അടിച്ചുകഴിയുമ്പോൾ രണ്ടാമത്തെ ടീം കുട്ടീം കോലുംകൊണ്ട് അടിച്ച് കളി തുടങ്ങുന്നു. ഏതാണ്ട് ക്രിക്കറ്റിലെപ്പോലെതന്നെ.

ആദ്യം അടിക്കാനുള്ള ടീമിനെ നിശ്ചയിക്കുന്നത് ക്രിക്കറ്റിൽ ടോസ് ഇടുന്നപോലെതന്നെയാണ്.ഒരു ഇലയെടുത്ത് അതിൽനിന്നു ഒരു ചെറിയ കഷണം കീറിയെടുത്ത് അത് മുകളിൽനിന്ന് താഴേയ്ക്കിടുന്നു.ഇലയുടെ അക ഭാഗം ഒരു ടീമിനും പുറഭാഗം രണ്ടാമത്തെ ടീമിനും നേരത്തെതന്നെ നിശ്ചയിച്ചിട്ടുണ്ടാകും.താഴെ വീണ ഇലയുടെ ഏതു ഭാഗമാണോ കാണുന്നത് ആഭാഗം കിട്ടിയിട്ടുള്ള ടീമായിരിക്കും ആദ്യം കുട്ടീം കോലും ആദ്യം  അടിച്ചുകളിക്കുന്നത്.പിൽക്കാലത്ത് ഇലയ്ക്ക് പകരം നാണയം ഉപയോഗിക്കുവാൻ തുടങ്ങി.  

ആദ്യം അടിച്ചുകളിക്കുന്നയാൾ കുട്ടികമ്പ്‌ കുഴിക്ക് വിലങ്ങനെ വച്ച് കോലുകൊണ്ട് കഴിയുന്നത്ര ദൂരത്തിൽഎതിർകളിക്കാരുടെ ഭാഗത്തേക്ക് കോരിയെറിയുന്നു.കുട്ടിക്കമ്പ്  കോരിയെറിയുന്നതിനുമുമ്പ് "കാത്തോ "എന്ന് വിളിച്ചു ചോദിക്കണം,'കാത്ത് 'എന്ന് പറഞ്ഞാൽ മാത്രമേ കുട്ടിക്കമ്പ്  കോരിയെറിയാൻ പാടുള്ളൂ.കോരിയെറിഞ്ഞ കമ്പ് എതിർ ടീം പിടിക്കുവാൻ ശ്രമിക്കും.പിടിച്ചാൽ കോരിയെറിഞ്ഞയാൾ പുറത്താകും.കുട്ടിപിടിച്ച എതിർ ടീമിലെയാൾക്ക്   അവരുടെ ടീം കളിക്കുമ്പോൾ ഒരവസരം കൂടി അധികം ലഭിക്കും.കുട്ടിനിലത്തുവീണാൽ അതെടുത്ത് കുഴിക്കു നേരെ എറിഞ്ഞു കൊടുക്കണം.ഇതിനെ കോലുകൊണ്ട് അടിക്കുന്നയാൾ അടിച്ചുതെറിപ്പിക്കും.അടിച്ചു തെറിപ്പിക്കുമ്പോൾ കുട്ടിയെവിടെ വീഴുന്നുവോ അവിടെ നിന്ന് കോലുകൊണ്ട് കുഴിവരെ അളക്കുന്നു.സതേമ്പർ , മുറിമുട്ട് ,തായ്‌ക്കോണി ,അയ്‌റ്റിക്കോ ,ആറേങ്കി,ഉല്ലാസ്  എന്നിങ്ങനെ ഒന്നുമുതൽ ആറുവരെ എണ്ണിക്കഴിയുമ്പോൾ ഒരു പോയിൻറ് ആകും. ഓരോ ദേശത്തും കോലുകൊണ്ട് അളക്കുമ്പോൾ പറയുന്നത് വിവിധ രീതിയിലാണ്.

കുട്ടി ഇടതുകൈയ്യിൽ പിടിച്ചും,കാൽമുട്ടിൽ വച്ചും,ഇടതുകൈയ്യിലെ ചൂണ്ടുവിരലിനു മുകളിൽ വച്ചും,ഇടതു കൈ മടക്കിപ്പിടിച്ചു അതിനു മുകളിൽ കുട്ടിവച്ചും,മുകളിലേക്ക് നോക്കിക്കൊണ്ട് കണ്ണിനു മുകളിൽ വച്ചും,കാൽപാദത്തിൽവച്ചും ഇങ്ങനെ വിവിധ രീതിയിൽ കുട്ടി വച്ചുകൊണ്ട് കോലുകൊണ്ട് അടിക്കുന്ന ഈ കളി അക്കാലത്ത് സർവ്വസാധാരണമായിരുന്നു.ക്രിക്കറ്റ് പ്രചാരത്തിലായതോടെ ഈ കളിയും പുതിയ തലമുറയ്ക്ക് വേണ്ടാതായി.

Comments

leave a reply