Foto

ക്രിക്കറ്റിൽ ഇന്ത്യക്ക് ഇനി പെൺപോരിന്റെ ശൗര്യം

ക്രിക്കറ്റിൽ ഇന്ത്യക്ക്  ഇനി പെൺപോരിന്റെ  ശൗര്യം

നീണ്ട ഏഴു വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യയുടെ വനിതാക്രിക്കറ്റ് ടീം കഴിഞ്ഞ ജൂണിൽ ഒരു ടെസ്റ്റ് മത്സരം കളിച്ചത്. ഇംഗ്ലണ്ടിനെതിരെ ബ്രിസ്റ്റോളിൽ ആതിഥേയരോട് ഫോളോ ഓൺ വഴങ്ങിയ ഇന്ത്യൻ ടീം മത്സരം സമനിലയിലാക്കി. തോൽവി നേരിൽ കണ്ട മത്സരത്തിൽ ഒമ്പതാം വിക്കറ്റിലെ സ്‌നേഹ് റാണാ-സാനിയ ബൊട്ടിയ കൂട്ടുകെട്ടാണ് ഇന്ത്യയെ മാന്യമായ സമനിലയിലെത്തിച്ചത്. ഇംഗ്ലണ്ടിലെ മികച്ച പ്രകടനത്തിലൂടെ ലഭിച്ച നവോന്മേഷം ഒട്ടും ചോർത്തി കളയാതെയാണ് മിതാലി രാജിന്റെ ഒരേയൊരു ടെസ്റ്റിൽ കളിക്കാനിറങ്ങിയത്.
    
ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാൻഡ് പ്രവിശ്യയിലെ കാരാരെയിലെ മെറ്റികോൺ സ്റ്റേഡിയത്തിലാണ്, ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി വനിതകളുടെ രാത്രിയും, പകലുമായി നടന്ന പിങ്ക് ബോൾ ടെസ്റ്റിന് വേദിയൊരുങ്ങിയത്. നാല് ദിവസത്തിന്റെ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ രണ്ടു ദിവസങ്ങളിൽ മഴ തടസ്സപ്പെടുത്തിയതോടെ ഏതാണ്ട് ഒരു ദിവസത്തെ കളി തന്നെ നഷ്ടമായി എന്നു പറയാം.  മൂന്നു ദിവസത്തെ സമയം കൊണ്ട് ഒരു ടെസ്റ്റ് മൽസരത്തിന് വിധി നിർണ്ണയിക്കപ്പെടണമെങ്കിൽ ഒന്നുകിൽ ഒരു ടീം നല്ലൊരു സ്‌കോറുയർത്തുകയും, എതിർ ടീമിന് രണ്ട് ഇന്നിംഗ്‌സിലും കനത്ത ബാറ്റിങ്ങ് തകർച്ചയുണ്ടാകുകയും വേണം.
    
ഡേ നൈറ്റ് മൽസരങ്ങൾ പുരുഷന്മാരുടെ ക്രിക്കറ്റിലും ഓസ്‌ട്രേലിയയിൽ തന്നെയാണ് അരങ്ങേറിയത്. വിജയിച്ചതും ആതിഥേയർ തന്നെ. വനിതകളുടെ ഡേനൈറ്റ് ടെസ്റ്റിന് രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുകൾ തന്നെയാണ് മാറ്റുരച്ചത്. മെഗ്‌ലാനിങ്ങിന്റെ ഓസ്‌ട്രേലിയയും, മിതാലി രാജിന്റെ ഇന്ത്യയും മികച്ച തുല്യ ശക്തികൾ തന്നെയായിരുന്നു. ഓസ്‌ട്രേലിയയ്ക്ക് സ്വന്തം നാട്ടിൽ കളിക്കുന്നുവെന്ന ശക്തമായ അനുകൂല ഘടകം കൂട്ടിനുണ്ടായിരുന്നു. രാജ്യാന്തര ക്രിക്കറ്റ് കോൺഫ്രൻസിന്റേയും, ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രണ ബോർഡുകളുടേയും സംയുക്ത തീരുമാനമനുസരിച്ച് ഒരു പരമ്പരയിൽ ടെസ്റ്റ് ഏകദിന, ട്വന്റി 20 മൽസരങ്ങൾ ഉൾപ്പെടുത്തി വിജയങ്ങൾക്കും, സമനിലകൾക്കും പോയിന്റുകൾ നൽകി മൾട്ടി ഫോർമാറ്റ് സീരിസിലെ വിജയിയെ കണ്ടെത്തുവാൻ വേണ്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഇതനുസരിച്ച് ആദ്യം നടന്ന 3 മൽസരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിൽ 2-1 ന് ഓസ്‌ട്രേലിയയാണ് ജയിച്ചതെങ്കിലും ഇന്ത്യൻ വനിതകളുടെ പ്രകടനം മികച്ച നിലവാരത്തിലായിരുന്നു. രണ്ടാം ഏകദിനത്തിൽ അമ്പയറിങ്ങിലെ പിഴവാണ് ഇന്ത്യയ്ക്ക് വിജയം നിഷേധിച്ചതും, ഓസീസിന് മൽസരം അനുകൂലമായതുമെന്ന കാര്യം വ്യക്തമായിരുന്നു.
    
ഒരു യഥാർത്ഥ ടെസ്റ്റ് മൽസരത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയ അത്യന്തം ആവേശകരമായ ടെസ്റ്റായിരുന്നു  ഗോൾഡ് കോസ്റ്റിൽ നടന്നത്. മഴ വില്ലന്റെ വേഷത്തിൽ വന്നില്ലായിരുന്നെങ്കിൽ ഇന്ത്യൻ വനിതകൾ ചരിത്രം കുറിക്കുമായിരുന്നു. ആദ്യ രണ്ട് ദിനങ്ങളിൽ ഓവറുകൾ നഷ്ടമായത് മൂലം ഒരു ഉജ്വല വിജയമാണ് മിതാലി രാജിന്റെ ടീമിന് ഓസ്‌ട്രേലിയൻ മണ്ണിൽ കുറിക്കുവാൻ കഴിയാതെ പോയത്.
ടോസു നേടിയ മെഗ്ലാനിങ്ങ് അന്തരീക്ഷത്തിലെ ഈർപ്പം മുതലാക്കാമെന്ന വിചാരത്തിൽ മിതാലിയുടെ ടീമിനെ ബാറ്റിങ്ങിനു  ക്ഷണിച്ചു. ഓപ്പണർ സുസ് സ്മൃതി മന്ഥാനയുടെ കിടയറ്റ സെഞ്ചുറിയും (127 റൺസ്) ഷെഫാലി വർമ്മയുമായുള്ള ഒന്നാം വിക്കറ്റ് കൂട്ടുകെട്ടും  (25 ഓവറിൽ 93 റൺസ്) ഓസ്‌ട്രേലിയയുടെ കണക്കു കൂട്ടലുകൾ തെറ്റിക്കുക തന്നെ ചെയ്തു. മധ്യ നിരയിൽ ദീപ്തി ശർമ്മയുടെ 66 റൺസ്, മൂന്നാം ദിവസം 8 ന് 377 എന്ന നിലയിൽ ഭദ്രമായ നിലയിൽ ഒന്നാം ഇന്നിംഗ്‌സ്  ഡിക്ലയർ ചെയ്യാൻ ഇന്ത്യയ്ക്ക് സാധിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ടീമിന് ഫോളോ ഓൺ ഒഴിവാക്കുവാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി. ഇന്ത്യയുടെ കരുത്തുറ്റ, പരിചയ സമ്പന്നയായ പേസർ ജൂലാൻ ഗോസ്വാമി ഓസീസ് ഓപ്പണർമാരായ അലീസ ഹീലിയേയും, ബേത്ത് മുണിയേയും പുറത്താക്കിക്കൊണ്ട് ബൗളിങ്ങ് ആക്രമണത്തിന് ചുക്കാൻ പിടിച്ചു. മേഖന സിങ്ങ്, ദീപ്തി ശർമ്മ, പൂജ വംസ്ട്രാക്കർ എന്നീ ബൗളർമാർ ജുലാനൊപ്പം തിളങ്ങിയതുകൊണ്ടാണ്  ഓസീസിനെ പിടിച്ചു കെട്ടാൻ കഴിഞ്ഞത്. 9 ന് 241 എന്ന നിലയിൽ സ്‌പോർട്ടിങ്ങ് ഡിക്ലറേഷൻ നടത്തി മെഗ്‌ലാനിങ്ങ് നാലാമത്തേയും അവസാനത്തേയും ദിനം ഇന്ത്യയെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിങ്ങിന് ക്ഷണിച്ചു. 3 ന് 135 എന്ന സ്‌കോറിന് അവസാന 32 ഓവറിൽ 21 റൺസിന്റെ വിജയ ലക്ഷ്യം ഓസീസിന് മുന്നിൽ വച്ചെങ്കിലും 15 ഓവർ കഴിഞ്ഞപ്പോൾ ഇരു നായികമാരും സമനിലയ്ക്ക് സമ്മതിക്കുകയാണുണ്ടായത്. മികച്ച കളിക്കാരിക്കുള്ള സ്‌പെയർ ഓഫ് ദ മാച്ച് സ്മൃതി മന്ഥാനക്കു തന്നെയായിരുന്നു.
    
കളിയുടെ സമസ്തമേഖലകളിലും മികവു കാട്ടുകയും, മിതാലി രാജിന്റെ കീഴിൽ എണ്ണയിട്ട യന്ത്രം കണക്കെ പ്രൊഫഷണൽ സമീപനത്തോടെ കളിച്ചതും എടുത്തു പറയേണ്ട സവിശേഷതയാണ്. കളിക്കളത്തിൽ പുരുഷന്മാരെ വെല്ലുന്ന ടീം സ്പിരിറ്റാണ് ഇന്ത്യൻ ക്രിക്കറ്റ് വനിതകൾ കാഴ്ച വച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും, ഫീൽഡിങ്ങിലും ഇത്രയും മികവു പ്രദർശിപ്പിച്ച മറ്റൊരു ടീമില്ല. ഓസ്‌ട്രേലിയൻ ബിഗ് ബാഷ് ലീഗി ലൊക്കെയുള്ള മൽസര പരിചയം ടീമിനെ കരുത്തുറ്റ ഒന്നാക്കി മാറ്റിയിരിക്കുന്നു. മുൻ ഓപ്പണർ വി.വി രാമനെപ്പോലെയുള്ള കളിക്കാർ ഇന്നു പരിശീലകരാണ്. വനിതാ  ടീമിനെ ഏതു രാജ്യത്തും, കാലാവസ്ഥയിലും വിജയിക്കുവാൻ പ്രാപ്തിയുള്ള ഒരു ടീമാക്കി മാറ്റിയെടുക്കുവാൻ കഴിഞ്ഞത് വലിയൊരു നേട്ടം തന്നെയാണ്.
    
മൂന്ന് മത്സരങ്ങൾ അടങ്ങിയ ട്വന്റി 20 പരമ്പര സ്വന്തമാക്കുകയാണ് ഇനി ഇന്ത്യൻ ടീമിന്റെ ലക്ഷ്യം. ട്വന്റി 20യിൽ ഹർമൻപ്രീത് കൗറാണ് ഇന്ത്യയെ നയിക്കുന്നത്. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലായി 20,000 റൺസ് പൂർത്തിയാക്കിയിട്ടുള്ള മിതാലി ടെസ്റ്റിലും, ഏകദിന മത്സരങ്ങളിലും മാത്രമേ കളിക്കുന്നുള്ളൂ. ഓസ്‌ട്രേലിയയിൽ നിന്നും കൂടുതൽ നേട്ടങ്ങളുമായി ഇന്ത്യൻ ക്രിക്കറ്റിന് കൂടുതൽ ഉയരങ്ങളിലെത്താൻ സാധിക്കട്ടെ.
എൻ . എസ് . വിജയകുമാർ

 

Foto

Comments

leave a reply