Foto

ലളിതസുന്ദരമായ ആ അഭിനയമികവിനും തിരശീല വീണു

ലളിതസുന്ദരമായ ആ അഭിനയമികവിനും തിരശീല വീണു

അഞ്ച് പതിറ്റാണ്ടോളം  മലയാളസിനിമയിൽ നിറഞ്ഞുനിന്ന  ആ ആഭിനയ ചാരുതയും പോയ്മറഞ്ഞു.

കായംകുളത്ത്   രാമപുരത്ത് കടയ്ക്കൽ തറയിൽ അനന്തൻനായരും  ഭാർഗവിയമ്മയുും ഭക്തിയോടെ ചെങ്ങന്നൂർ അമ്പലത്തിൽ  ഭജനയിരുന്ന് നേടിയതാണ്  ലളിതയെന്ന പെൺകുഞ്ഞിനെ. 1947 ൽ പിറവികൊണ്ട മഹേശ്വരി എന്ന ലളിത,  മാതാപിതാക്കൾ ഭജനമിരുന്ന് പിറന്നതിനാലാണ്   മഹേശ്വരിയെന്ന് പേരിട്ടത്.

ആദ്യ സിനിമയിൽ അഭിനയിച്ച അനുഭവത്തെക്കുറിച്ച് നടി കെ.പി.എ.സി ലളിത പറയുന്നതിങ്ങനെ: സിനിമയിൽ അഭിനയിക്കാനെത്തുമ്പോൾ ഏറെ ടെൻഷനോടെയാണ് ലൊക്കേഷനിൽ നിന്നതെന്നും തനിക്ക് സിനിമ പറ്റില്ലെന്ന് പറഞ്ഞു സംവിധായകന്റെ കാല് പിടിച്ചെന്നും ആദ്യ സിനിമയായ 'കൂട്ടുകുടുംബം' എന്ന സിനിമയുടെ വിശേഷങ്ങൾ ജീവിതകഥയിൽ  പങ്കുവച്ചിട്ടുണ്ട് കെ.പി.എ.സി ലളിത. 

 

'കൂട്ടുകുടുംബം' എന്ന കെ എസ് സേതുമാധവൻ സാറിന്റെ സിനിമയിൽ ആദ്യമായി അഭിനയിക്കാൻ വരുമ്പോൾ എന്റെ കയ്യും കാലും വിറയ്ക്കുകയായിരുന്നു. കെ.എസ് സേതുമാധവൻ എന്ന സംവിധായകൻ കുറച്ച് ചൂടനാണ്. എന്ന് ചിലർ പറഞ്ഞതും എനിക്ക് ടെൻഷനായി. സിനിമ തുടങ്ങുന്നതിന്റെ തലേ ദിവസം ഞാൻ ഉറങ്ങിയതേയില്ല. ''നമുക്ക് സിനിമ വേണ്ട നാടകം മതി അച്ഛാ'' എന്ന് പറഞ്ഞെങ്കിലും അഭിനയിച്ചു നോക്കാൻ അച്ഛൻ പറഞ്ഞു. പിറ്റേ ദിവസം രാവിലെ സേതുമാധവൻ സാറിനെ കണ്ടതും ഞാൻ കാലിൽ വീണു. ''എനിക്ക് സിനിമ പറ്റില്ല എന്നെ വിട്ടേക്കൂ'', എന്നായിരുന്നു ഞാൻ അപേക്ഷിച്ചത്. ''നമുക്ക് എടുത്ത് നോക്കാം, എടുക്കുന്നത് ശരിയാകുന്നില്ലേൽ ലളിത പൊയ്ക്കോളൂ'' എന്ന് പറഞ്ഞു. ക്ലാപ്പ് ബോർഡ് അടിക്കാതെ എന്നെ കംഫർട്ടാക്കുന്ന രീതിയിലാണ് ആദ്യ ഷോട്ട് എടുത്തത് . അരി പാറ്റുന്ന സീനായിരുന്നു. അരി പാറ്റിക്കൊണ്ടു ''ഞാൻ എടുത്തില്ല'' എന്ന് പറയുന്നതായിരുന്നു സിനിമയിലെ എന്റെ ആദ്യ ഷോട്ട്''.

അഭിനയരംഗത്തെത്തിയതിന്റെ പിന്നിലുമുണ്ടൊരു കഥ.

ചങ്ങനാശേരി ഗീഥയുടെ ചാച്ചപ്പനും നാടകകൃത്ത്  നെൽസൺ ഫെർണാണ്ടസും.

ടാഗോറിന്റെ ജന്മശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ഒരു നാടകം കളിക്കാനൊരുങ്ങുകയായിരുന്നു.  കേരള സർക്കാരിന്റെ ഗ്രാന്റ് കിട്ടിയ ഗീഥാ ആർട്ട്സ് ക്ലബ്ബ്, 'സാക്രിഫൈസ്'  എന്ന ടാഗോർകൃതി 'ബലി' എന്ന പേരിലാണ് നാടകമാക്കിയിരിക്കുന്നത്. അതിലൊരു നിർമലയായ ഗ്രാമീണ പെൺകുട്ടിയുടെ വേഷമിടാൻ ആരേയും കിട്ടിയിട്ടില്ല. അതിനായി   പരക്കം പായുന്നതിനിടയിലാണ്  തികച്ചും യാദൃശ്ചികമായി ഒരു കൗമാരക്കാരി മിന്നായം പോലെ അതുവഴി കടന്നുപോയത്.

രണ്ടുവശത്തേക്കും മുടി പിന്നിയിട്ട, വെളുത്തുമെലിഞ്ഞ ആ കുട്ടിതന്നെയാണ് ടാഗോറിന്റെ അപർണ്ണയെന്ന് നെൽസനങ്ങ് നിശ്ചയിച്ചു. ചിത്രകാരനായ അനന്തൻ നായരുടെ  മൂത്തമകൾ മഹേശ്വരി ആണതുവഴിപോയതെന്ന് മനസിലാക്കി. അന്ന് വൈകിട്ടു തന്നെ കുട്ടിയെ ചാച്ചപ്പൻ ക്യാമ്പിലെത്തിച്ചു.

നന്നായി നൃത്തമറിയാവുന്ന ആ കൗമാരക്കാരി  ഒരു നാടകത്തിൽ അഭിനയിച്ച പരിചയവുമുണ്ടെന്നറിഞ്ഞതോടെ എല്ലാവർക്കും ഉത്സാഹമായി. എന്നാൽ 

മകൾ ഒരു ആട്ടക്കാരിയാകുന്നതിനോട് അമ്മയ്ക്ക് തീരെ യോചിപ്പില്ല. അതുകൊണ്ട് നാടകത്തിൽ ചേരാൻ ബുദ്ധിമുട്ടാണെന്ന വിവരം അനന്തൻ നായർ ചാച്ചപ്പനോട് പറയുന്നു.

അതിന് അഭിനയിക്കണമെന്ന് ആരുപറഞ്ഞു. രണ്ട് ഡാൻസ് കളിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലല്ലോ. തന്ത്രശാലിയായ ചാച്ചപ്പന്റെ അടവ് ഫലിച്ചു.

നൃത്തച്ചുവടുകൾക്കനുസരിച്ചുള്ള ഭാവരസങ്ങൾ ആ കൗമാരമുഖത്ത് അനായാസം പൂത്തുലയുന്നത് കണ്ട് കാണികൾ പരിസരം മറന്നിരുന്നുപോയി.

നൃത്തം ചെയ്യാനും അഭിനയിക്കാനുമൊക്കെയുള്ള ലളിതയെന്ന ഒൻപതാം ക്ലാസുകാരിയുടെ ജന്മസിദ്ധമായ കഴിവ് കണ്ടെത്തിയത്, പൂതനാമോക്ഷം ഏകാഭിനയമായി അവതരിപ്പിച്ചു പ്ര

ശസ്തയായ പെരുന്ന ലീലാമണിയാണ്. അവർ അന്ന് കലാമണ്ഡലം ഗംഗാധരന്റെ ട്രൂപ്പിൽ കൊണ്ടുപോയി ലളിതയെ ചേർത്തതിന് നല്ല ഫലമുണ്ടായെന്ന് ചുരുക്കം. പിന്നീട്

അഡ്വ. ജനാർദ്ദനക്കുറുപ്പ്   ലളിതയെ കെപിഎസിയിലെത്തിച്ചു. ഇന്നു നമ്മൾ കാണുന്ന ലളിത രൂപപ്പെടുന്നതിന്റെ ആരംഭം കുറിച്ചത് 1964 സെപ്റ്റംബർ നാലിനായിരുന്നു.   ആ ദിവസം തനിക്ക് മറക്കാൻ കഴിയില്ല.  ഞാൻ ഞാനായിത്തീർന്നതിന്റെ ആദ്യ ദിവസം. എന്റെ പേരിനൊപ്പം നാലക്ഷരംകൂടി ചേരുന്നതിന്റെ ആരംഭം.  അതൊരു വെറും നാലക്ഷരമല്ല. പൊരുതുന്ന ഒരു കലാസാംസ്‌കാരിക പ്രസ്ഥാനം എന്റെ പേരിനോടു കൂട്ടിച്ചേർത്ത നാലക്ഷരമാണ്.'' എന്ന്  ലളിത തന്റെ ജീവചരിത്രത്തിൽ കുറിച്ചിട്ടിട്ടുണ്ട്. 

തോപ്പിൽഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ തോപ്പിൽ ഭാസിയുടെ നിർബന്ധത്തിന് വഴങ്ങി മനമില്ലാമനസോടെ ആ സിനിമയിൽ അഭിനയിക്കാനെത്തിയതുതന്നെ.

 

ഹാസ്യരംഗങ്ങളിലെ സംഭാഷണങ്ങളിൽ ശബ്ദവിന്യാസം കൊണ്ട് ലളിത തീർക്കുന്ന തനതുതന്ത്രം മറ്റൊരു അഭിനേതാവിനും അവകാശപ്പെടാൻ സാധിക്കില്ലായിരുന്നു.

സുകുമാരി ചെയ്തതിൽനിന്ന് വ്യത്യസ്തമായി നാടൻ വേഷങ്ങളിലായിരുന്നു ലളിത കൂടുതലും ശ്രദ്ധ പതിപ്പിച്ചത്. കുശുമ്പും കൗശലവും കുശാഗ്രബുദ്ധിയും പരദൂഷണവും വിടു

വായിത്തരവുമുള്ള അമ്മ, നാത്തൂൻ, ഭാര്യ വേഷങ്ങൾ, തെല്ലും കുശുമ്പില്ലാതെ ക്രിയാത്മകമായ മത്സരബുദ്ധിയോടെ അവതരിപ്പിച്ചുഫലിപ്പിച്ചു.

ദാരിദ്ര്യത്തിന്റെയും ജീവിത പ്രാരാബ്ധത്തിന്റെയും പ്രതീകങ്ങളായമായ വേഷങ്ങൾ. വിയറ്റ്‌നാം കോളനിയിലെ പട്ടാളം മാധവിയും കൊട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മയും ആർക്കാണ് മറക്കാൻ കഴിയുക.

അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നിചിത്രങ്ങളിലൂടെ  രണ്ടുവട്ടം  കരസ്ഥമാക്കി. . നമ്മുടെ  നടിമാരെല്ലാം  ഈശ്വരിമാരാണെങ്കിൽ, ലളിത യഥാർത്ഥപേരുപോലെതന്നെ, മഹേശ്വരിയാണെന്നതിൽ തെല്ലും സംശയമില്ല.

1998 ലായിരുന്നു ഭർത്താവായ  ഭരതന്റെ വിയോഗം. അതിനുശേഷം കുറച്ച് നാൾ സിനിമയിൽ നിന്ന് മാറി നിന്ന ലളിതയെ  സത്യൻ അന്തിക്കാട് വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ വീണ്ടെടുക്കുകയായിരുന്നു.

സിനിമയിൽ ലളിതയുമായി ഏറെ  രസതന്ത്രമുണ്ടായിരുന്നത് ഇന്നസെന്റിനായിരുന്നു. തമിഴിലും ലളിത തന്റെ പ്രാവീണ്യം തെളിയിച്ചിരുന്നു. കാതലുക്ക് മര്യാദൈ, മണിരത്‌നത്തിന്റെ അലൈപായുതേ, കാട്രുവെളിയിടെ തുടങ്ങിയവയാണ് ശ്രദ്ധേയ തമിഴ്ചിത്രങ്ങൾ. മാമനിതൻ, ഒരുത്തി, പാരിസ് പയ്യൻസ്, ഡയറി മിൽക്ക്, പെറ്റമ്മ, ലാസറിന്റെ ലോകം തുടങ്ങിയ ചിത്രങ്ങളിലാണ് ഒടുവിൽ വേഷമിട്ടത്. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്‌സനായിരുന്നിട്ടുണ്ട്.

ജോഷി ജോർജ്

 

video courtesy : TINIE Videos

Foto

Comments

leave a reply