Foto

ഒച്ചിഴയുംപോലെ സ്ത്രീപ്രാതിനിധ്യം

ഒച്ചിഴയുംപോലെ സ്ത്രീപ്രാതിനിധ്യം

ഒരു വനിതാദിനം കൂടി (മാർച്ച് എട്ട്) കടന്നുവരുമ്പോൾ സഭയും സമൂഹവും സ്ത്രീക്കരുത്തിന് നല്കുന്ന പ്രാധാന്യമെന്ത് എന്ന ചോദ്യം പതിവുപോലെ വീണ്ടും മുഴങ്ങുന്നു. "സുസ്ഥിരമായ നാളെക്കുവേണ്ടി ഇന്ന് ലിംഗസമത്വം" എന്നതാണ് ഈ വർഷത്തെ വനിതാദിനത്തിൻ്റെ പ്രമേയം. ജെൻഡർ ഇക്വാലിറ്റി എന്നത് സ്കൂൾ യൂണിഫോമിൽപോലും അസാധ്യമായിരിക്കുന്ന ഒരു കേരളത്തിൽ സ്ത്രീ-പുരുഷസമത്വത്തിൻ്റെ ചിന്തകൾക്കുള്ള അടിത്തറപോലും പരുവപ്പെട്ടുവന്നിട്ടില്ല എന്നതാണ് സത്യം. സ്ത്രീകളുടെ വിവാഹപ്രായം പുരുഷന്മാരുടേതിനു തുല്യമാക്കണം എന്ന ന്യായമായ ചിന്ത പോലും പ്രതിരോധിക്കപ്പെട്ടത് അധാർമികതയുടെ സാധ്യത പറഞ്ഞുകൊണ്ടാണെന്നത് സാക്ഷരകേരളത്തിൻ്റെ ബൗദ്ധികവും മാനവികവുമായ പിന്നാക്കാവസ്ഥയാണ് വെളിവാക്കുന്നത്. മതത്തിലും രാഷ്ട്രീയത്തിലും സാമൂഹിക-സാംസ്കാരിക രംഗത്തും സ്ത്രീകൾ രണ്ടാം സ്ഥാനത്തേക്ക് തള്ളിമാറ്റപ്പെടുകയാണ്.

രാഷ്ട്രീയപാർട്ടികളുടെ അവസ്ഥ

അച്ചടക്കത്തോടെയും വിവാദങ്ങളില്ലാതെയും വികസനോന്മുഖമായും പാർട്ടിക്കു പുത്തനുണർവു സമ്മാനിച്ചുകൊണ്ടും കമ്മ്യൂണിസ്റ്റു പാർട്ടിയുടെ സംസ്ഥാനസമ്മേളനം കഴിഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തപ്പോൾ ആ പതിനേഴംഗങ്ങളിൽ വനിതയായി പി.കെ. ശ്രീമതി മാത്രമേ ഉള്ളൂ. അതിലെ എട്ടു പുതുമുഖങ്ങളിൽ ഒരു വനിത പോലുമില്ല! പാർട്ടിയുടെ ജനകീയതയുടെ മുഖമായ ഷൈലജ ടീച്ചറെ മാറ്റിനിറുത്തുന്നതിൽ പാർട്ടി പ്രത്യേകം ജാഗ്രത പുലർത്തി എന്നതും ശ്രദ്ധേയമായി. 89 പേരടങ്ങിയ സംസ്ഥാന കമ്മിറ്റിയുടെ അവസ്ഥയും തഥൈവ! അതിൽ 13 പേരേ സ്ത്രീകളായുള്ളൂ. കൂടുതൽ വനിതാപ്രാതിനിധ്യത്തിനായി സമ്മേളനത്തിനു മുന്നേതന്നെ ഏറെ സ്വരമുയർന്നിരുന്നു. അതിൻ്റെ ഫലമായി കഴിഞ്ഞ പ്രാവശ്യത്തെക്കാൾ രണ്ടു സ്ത്രീകളെ സംസ്ഥാന കമ്മിറ്റിയിൽ കൂടുതലായി ചേർത്തിട്ടുണ്ട്. അതിനാൽത്തന്നെ, ''സംസ്ഥാന കമ്മിറ്റിയിൽ സ്ത്രീപങ്കാളിത്തം വർധിച്ചു" എന്ന് എടുത്തെഴുതാൻ പാർട്ടിയുടെ മുഖപത്രത്തിനു കഴിഞ്ഞു. അത് ശുഭസൂചകം തന്നെയാണ്.

തങ്ങൾക്കെതിരേ ഉണ്ടായ അതിക്രമത്തെക്കുറിച്ച് തികച്ചും ന്യായമായി പരാതി ഉന്നയിച്ച MSF-ൻ്റെ വനിതാവിഭാഗമായ ഹരിതയെ മുസ്ലീം ലീഗ് മൊത്തമായി തള്ളിപ്പറഞ്ഞത് കേരളം കണ്ടതാണ്.

കോൺഗ്രസ്സ് പാർട്ടിയുടെ വനിതാ വിഭാഗമായ മഹിളാകോൺഗ്രസ്  പ്രസിഡണ്ടിന് കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് കണ്ണീരൊഴുക്കി കേശം വടിക്കേണ്ടി വന്നതും മറ്റൊരു പാർട്ടിയിലേക്ക് ചേക്കേറേണ്ടി വന്നതും മറക്കാൻ കാലമായിട്ടില്ല. ഒരു കാലത്ത് നാലോ അഞ്ചോ വനിതാ എംഎൽഎമാരെ ജയിപ്പിച്ചെടുക്കാൻ കെല്പുണ്ടായിരുന്ന കോൺഗ്രസ്സിന് 2011-ൽ ഒരാളെ മാത്രമേ ജയിപ്പിക്കാനായുള്ളൂ. 2016-ൽ ആരെയും ജയിപ്പിക്കാനായില്ല! ഏതായാലും കെപിസിസി പ്രസിഡണ്ട് ഇതിനകം ഈ മേഖലയിൽ മാറ്റം വരുത്താൻ പദ്ധതിയിട്ടു കഴിഞ്ഞത്രേ. ഒരു മണ്ഡലത്തിലെ ഒരു നിയോജക മണ്ഡലത്തിലെങ്കിലും ഒരു വനിതാസ്ഥാനാർത്ഥി ഉണ്ടാകണം എന്നാണ് കെ. സുധാകരൻ്റെ നിലപാട് എന്നു കേൾക്കുന്നു. അത് തികച്ചും ശുഭോദർക്കമാണ്.

പോലീസും അമ്മയും പെൺമക്കളും

പോലീസുസേനയിൽ സ്ത്രീകൾക്ക് ഒരു രക്ഷയുമില്ലെന്ന മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നിട്ട് ഏറെ നാളായിട്ടില്ല. സ്ത്രീശാക്തീകരണത്തിൻ്റെ വന്മതിലുകൾക്കുമപ്പുറത്താണ് കേരളത്തിൽ സ്ത്രീത്വത്തിൻ്റെ സ്ഥാനമെന്നാണ് ഇന്നിൻ്റെ യാഥാർത്ഥ്യങ്ങൾ വെളിവാക്കുന്നത്.

സിനിമാരംഗത്തെ പുരുഷമേധാവിത്വവും മറനീക്കി പുറത്തുവന്നിരിക്കുന്ന കാലമാണിത്. അതിജീവിതയെ അമ്മ കൈവിട്ട കാലം! കിടിലൻ ഡയലോഗുകൾ സിനിമയിലും സപ്പോർട്ട് ഡയലോഗുകൾ വിജയമുറപ്പാക്കുന്ന അതിജീവിതയ്ക്കും മാത്രം എന്ന് സൂപ്പർതാരങ്ങൾ വരെ തെളിയിച്ച കാലം! WCC രൂപീകരിക്കപ്പെട്ടതുതന്നെ വെളിവാക്കുന്നത് അമ്മയിലെ അമ്മത്വക്കുറവല്ലേ?

കെസിബിസി ഹെൽത്ത് കമ്മീഷന് വനിതാസെക്രട്ടറി

"സഭയുടെ പുരുഷാധിപത്യ മനസ്സ് മാറിവരുകയാണ്" എന്നത് 2021-ൽ പാശ്ചാത്യമാധ്യമങ്ങളിൽ ശീർഷകമായി വന്ന ഒരു പ്രസ്താവനയാണ്. മെത്രാൻ സിനഡിൻ്റെ അണ്ടർസെക്രട്ടറി സി. നതാലീ ബെക്കാർട്ട് നടത്തിയ പരാമർശമാണത്. ''വളരെ മെല്ലെ" എന്ന ക്രിയാവിശേഷണപ്രയോഗം കൂട്ടിച്ചേർത്തുകൊണ്ട് ഈ പ്രസ്താവന കേരളസഭയിലും സ്വീകാര്യമാണെന്നു തോന്നുന്നു.

വത്തിക്കാൻ കൂരിയയിൽ ഫ്രാൻസിസ് പാപ്പ പടിപടിയായി ഉയർത്തിക്കൊണ്ടിരിക്കുന്ന വനിതാപ്രാതിനിധ്യം കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ കമ്മീഷനുകളിലും നടപ്പിലാകുന്നതിൻ്റെ ശുഭസൂചനകൾ കണ്ടുതുടങ്ങുന്നു. കെസിബിസി ഹെൽത്ത് കമ്മീഷൻ സെക്രട്ടറിയായി ഇതാദ്യമായി ഒരു വനിത നിയോഗിക്കപ്പെട്ടു. ആരാധനാ സന്യാസിനീസമൂഹത്തിലെ തലശ്ശേരി പ്രോവിൻസ് അംഗം റവ. സി. ഡോ. ലില്ലിസ എസ്.എ.ബി.എസ്. ആണ് ചുമതലയേറ്റത്. കേരള യൂണിവേഴ്സിറ്റിയിൽനിന്നു ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ഒന്നാം റാങ്കോടെ മാസ്റ്റർ ബിരുദം നേടിയ വ്യക്തിയാണ് സിസ്റ്റർ ഡോ. ലില്ലിസ. തലശേരി ജോസ്ഗിരി, കോ-ഓപ്പറേറ്റീവ് എന്നീ ആശുപത്രികളിൽ 16 വർഷം അധ്യാപികയായും ജോസ്ഗിരി ആശുപത്രിയിൽ ആറുവർഷം അഡ്മിനിസ്ട്രേറ്ററായും സിസ്റ്റർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിലവിൽ കെസിബിസി കമ്മീഷനുകളിൽ വനിതാകമ്മീഷനിൽ മാത്രമാണ് ഒരു വനിതാസെക്രട്ടറിയുള്ളത്. കൊല്ലം രൂപതയിൽ നിന്നുള്ള ശ്രീമതി ജെയിൻ ആൻസിൽ ഫ്രാൻസിസ് ആണ് ഇപ്പോൾ ആ സ്ഥാനം വഹിക്കുന്നത്. ഡിസംബർ മാസത്തിൽ കേരള കാത്തലിക് കൗൺസിലിൻ്റെ സെക്രട്ടറിയായി ഒരു വനിത തിരഞ്ഞെടുക്കപ്പെട്ടതും നടാടെയായിരുന്നു. കോട്ടപ്പുറം രൂപതയിൽ നിന്നുള്ള ശ്രീമതി ജെസ്സി ജെയിംസാണ് KCC സെക്രട്ടറി.

വി. ജോൺ പോൾ രണ്ടാമൻ പാപ്പ പരാമർശിച്ച "സ്ത്രൈണ മികവ്" (feminine genius) കേരള സഭ മെല്ലെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും തീർത്തും അപര്യാപ്തമാണിത് എന്നു പറയാതെ വയ്യാ. സ്ത്രീ-പുരുഷ സമത്വചിന്തകൾ ക്രൈസ്തവ വിശ്വാസത്തിൻ്റെയും ജീവിതത്തിൻ്റെയും അടിസ്ഥാനഭാവമാണെങ്കിലും (cf. ഗലാ 3,28) സഭാസംവിധാനങ്ങളിലെ അധികാരകേന്ദ്രങ്ങളിൽ വനിതകളുടെ സ്ഥാനം തുലോം തുച്ഛമാണ്. കെസിബിസിയുടെ 19 കമ്മീഷനുകളിൽ രണ്ടിൽ മാത്രമേ വനിതാനേതൃത്വമുള്ളൂ! 31 ഡിപ്പാർട്ടുമെൻ്റുകളിൽ വിപുലാധികാരമുള്ള സെക്രട്ടറി സ്ഥാനത്ത് ഒരു വനിതയേയുള്ളൂ.

ശുഭസൂചനകൾക്കു സുസ്വാഗതം! എന്നാൽ, ഒച്ചിഴയും വിധമുള്ള ഇത്തരം സൂചനകൾകൊണ്ട് തൃപ്തരാകാൻ സാമാന്യനീതിയും ദൈവികനീതിയും സഭയെയും സമൂഹത്തെയും അനുവദിക്കുമോ?

 

ഫാ. ജോഷി മയ്യാറ്റിൽ

Comments

leave a reply