Foto

ഇതൊക്കെ എന്ത് ഗോൾ ? കാൽപ്പന്തുകളിയുടെ പറയാത്ത കഥകളിൽ ശ്യാം സുന്ദർ ചോദിക്കുന്നു

ഇതൊക്കെ എന്ത്  ഗോൾ ?
കാൽപ്പന്തുകളിയുടെ
പറയാത്ത കഥകളിൽ
ശ്യാം സുന്ദർ ചോദിക്കുന്നു     

സ്റ്റേറ്റ്സ്  മാൻ  ദിനപത്രത്തിൽ സ്‌പോർട്ട്‌സ് എഡിറ്ററും, ഇന്ത്യയിൽ നിന്ന് ആദ്യമായി ലോകകപ്പ് ഫുട്‌ബോൾ റിപ്പോർട്ട് ചെയ്യുവാൻ
ഭാഗ്യമുവുണ്ടായ പ്രശസ്ത ഫുട്‌ബോൾ ലേഖകനുമാണ് ശ്യാം സുന്ദർ ഘോഷ്. എൺപത്തി രണ്ട് വയസ്സു പിന്നിട്ട ഘോഷിന്റെ ഈയിടെ  ഇറങ്ങിയ, പുസ്തകമാണ്    'കിക്ക് ഓഫ്- അൺടോൾഡ് സ്റ്റോറീസ് ഓഫ് ഇന്ത്യൻ ഫുട്‌ബോൾ'. ഏഴ് ലോക കപ്പും, നാല് ഒളിംപിക്‌സും, മൂന്ന് ഏഷ്യൻ ഗെയിംസും ഒരു യൂറോപ്യൻ ഫുട്‌ബോൾ ചാംപ്യൻ ഷിപ്പും കവർ ചെയ്തിട്ടുള്ള അദ്ദേഹം ഇന്ത്യൻ ഫുട്‌ബോളിന്റെ കഴിഞ്ഞ കാല ചിത്രങ്ങൾ ആരോടും പരിഭവമില്ലാത്ത രീതിയിൽ എഴുതിയിട്ടുണ്ട്. ഈ പുസ്തകത്തിൽ ഇന്ത്യൻ ഫുട്‌ബോളിലെ ഇന്നത്തെ നായകൻ സുനിൽ ഛേത്രിയെക്കുറിച്ചും പറയുന്നുണ്ട്. സാഫ് ഫുട്‌ബോൾ ചാംപ്യൻ ഷിപ്പിലും, ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ ചലഞ്ചേഴ്‌സിലും, നെഹ്‌റു കപ്പ് രാജ്യാന്തര ഫുട്‌ബോൾ ചാംപ്യൻഷിപ്പിലും ഇന്ത്യൻ താരങ്ങൾ നേടുന്ന ഗോളുകളെ വാഴ്ത്തുന്നതിനെക്കുറിച്ച് തന്റെ അഭിപ്രായങ്ങൾ തുറന്നെഴുതിയിട്ടുണ്ട്. ഈ ടൂർണമെന്റുകളിലൊന്നും ഏഷ്യാ വൻകരയിലെ ഏറ്റവും മികച്ച പതിനഞ്ച് ടീമുകൾ പോലും പങ്കെടുക്കുന്നില്ല എന്നാണ് ശ്യം സുന്ദർ ഘോഷ് ഓർമ്മപ്പെടുത്തുന്നത്.
    
ഒക്‌ടോബർ 16ന് മാലിദ്വീപിലെ മാലെയിൽ സമാപിച്ച സാഫ് ചാംപ്യൻഷിപ്പിൽ നേപ്പാളിനെ   3-0 ന് കീഴടക്കിയാണ്  ഇന്ത്യ കിരീട നേട്ടം കൈവരിച്ചത്. ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയുടെ നാലാം മിനിറ്റിൽ നായകൻ സുനിൽ ഛേത്രി തന്നെയാണ് തന്റെ ടീമിനെ മുന്നിലെത്തിച്ചത്. തുടർന്ന് അടുത്ത മിനിറ്റിൽ സുരേഷ് സിങ്ങ് വാങ്ജം രണ്ടാമത്തെ ഗോൾ നേടി. അധിക   സമയത്താണ് പകരക്കാരനായി ഇറങ്ങിയ മലയാളി താരം സഹൽ അബ്ദുൽ സമദ് നേപ്പാളിന്റെ   വല കുലുക്കി ഇന്ത്യയുടെ വിജയം പൂർണ്ണമാക്കിയത്. ഈ മൽസരത്തിലെ ആദ്യ ഗോളോടെ സുനിൽ ഛേത്രി തന്റെ രാജ്യാന്തര ഗോളുകൾ എൺപതിൽ എത്തിച്ച് അർജന്റീനയുടെ ലയണൽ മെസ്സിക്ക്                 ഒപ്പമെത്തി. 156 മൽസരങ്ങളിൽ നിന്നാണ് മെസ്സി 80 ഗോളുകളുടെ നിറവിലെത്തിയതെങ്കിൽ, ഛേത്രിക്ക് 125 മൽസരങ്ങളിലൂടെ  സൂപ്പർ താരത്തിനൊപ്പമെത്തുവാൻ കഴിഞ്ഞു.
    
കേരളത്തിൽ നെഹ്‌റുകപ്പ് മൽസരങ്ങൾ നടക്കുമ്പോൾ നേരിൽ കാണുവാൻ സാധിച്ചിട്ടുള്ള   ശ്യം സുന്ദർ ഘോഷിനോട് ഈ ലേഖകന് തികഞ്ഞ ബഹുമാനമേയുള്ളു. എന്നിരുന്നാലും ഛേത്രിയുടെ നേട്ടങ്ങളെ വിലകുറച്ചു കാണുവാൻ കഴിയുകയില്ല. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ എന്നെങ്കിലും ഇന്ത്യ ലോക കപ്പിന്റെ കലാശക്കളിയിൽ മൈതാന മദ്ധ്യത്തിൽ ഇറങ്ങുമെന്ന് സ്വപ്നം കാണുവാൻ പോലും തയ്യാറല്ല. ഇന്ത്യൻ ഫുട്‌ബോളിന്റെ ഇന്നത്തെ നിലവാരത്തിൽ ഛേത്രിയുടെ രാജ്യാന്തര നേട്ടം എത്ര ചെറുതാണെങ്കിലും നമുക്കത് അഭിമാനിക്കാനും, ആഹ്ലാദിക്കുവാനുമുള്ളതാണ്. ''വിജയിക്കുന്നതിലുപരി, മൽസരങ്ങളിൽ പങ്കെടുക്കുകയാണ് പ്രധാനം'' എന്ന് ആദ്യത്തെ ഏഷ്യൻ ഗെയിംസ് , 1951 ൽ ന്യൂഡൽഹി നാഷണൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയും, സ്‌പോർട്ട്‌സ് പ്രേമിയുമായിരുന്ന                ജവഹർലാൽ നെഹ്‌റു പറഞ്ഞതോർമ്മ വരുന്നു. സുനിൽ ഛേത്രിയുടെ 'ചെറിയ വലിയ' രാജ്യാന്തര നേട്ടം ഇനിയും തുടരട്ടെ. അഞ്ച് ഗോളുകളുമായി ഇന്ത്യയ്ക്ക് എട്ടാമത്തെ സാഫ് നേട്ടം യഥാർത്ഥമാക്കിയ ഛേത്രിക്ക് ഇനിയും ഇന്ത്യയെ കൂടുതൽ നേട്ടങ്ങളിലേക്ക് നയിക്കുവാനാകട്ടെ. ഒരു മികച്ച    യുവനിരയെ വിജയിക്കുന്ന ടീമാക്കി മാറ്റിയ ക്രൊയേഷ്യൻ കോച്ച് ഇഗോൾ സ്റ്റിമാച്ചിനും സാഫ് വിജയത്തിൽ നിർണ്ണായക പങ്കുണ്ട്. നമ്മുടെ പരിമിതികളെക്കുറിച്ച് ബോധവാന്മാരായാൽ സമാധാനിക്കുവാൻ   ഏറെയുണ്ട്.

 

ധോണിയുടെ മഞ്ഞപ്പട
    
കഴിഞ്ഞ സീസണിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മൽസരങ്ങളിൽ ഏഴാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ മഹേന്ദ്രസിങ്ങ് ധോണിയുടെ 'ഡാഡ്‌സ് ആർമി' ഉജ്ജ്വലമായ തിരിച്ചുവരവാണ് ഇക്കുറി നടത്തിയിരിക്കുന്നത്. 12 സീസണുകളിൽ 11 പ്ലേ ഓഫ് കളിച്ചിട്ടുള്ള, 9 ഫൈനലുകളിൽ എത്തി, 4 തവണ  ഐ പി എൽ കിരീടം നേടിയിട്ടുള്ള ചെന്നൈ സൂപ്പർ കിംഗ്സിന് ഒരു വീഴ്ചയൊക്കെ പറ്റാം. പക്ഷെ                 ഐ പി എൽ ചരിത്രത്തിൽ സ്ഥിരതയ്ക്കു ചെന്നൈ ടീം കഴിഞ്ഞു മാത്രമേ  മറ്റൊരു ടീമിനും   സ്ഥാനമുള്ളു. മുൻ ഇന്ത്യൻ നായകനും, ഇന്നും മറ്റേതു ക്രിക്കറ്റ് താരത്തേക്കാളും ആരാധകരുമുള്ള നാൽപതുകാരൻ ധോണിയും, പരിശീലകൻ ന്യുസിലാന്റ് താരം സ്റ്റീഫൻ ഫ്‌ളെമിങ്ങും ചേർന്നുള്ള                 കൂട്ടുകെട്ടിന്റെ ഫലമാണ് ചെന്നൈയുടെ വിജയഗാഥ. ഒരിക്കലും സമ്മർദ്ദങ്ങൾക്ക് അടിമപ്പെടാത്ത   അവസരത്തിനൊത്ത് ബുദ്ധിപരമായി കരുക്കൾ നീക്കുന്ന ധോണിയെപ്പോലുള്ള ഒരു താരത്തെ വളരെ അപൂർവം മാത്രമേ  ക്രിക്കറ്റിനെന്നല്ല മറ്റേത് കളിക്കും കിട്ടുകയുള്ളൂ.
    
അടുത്ത സീസണിൽ അഞ്ചാം കിരീടം ലക്ഷ്യമിടുന്ന ചെന്നൈ ടീമിൽ ധോണി തുടരുമെന്ന് തന്നെയാണ് വിശ്വനീയമായ വിവരങ്ങൾ. സമർപ്പണ ബുദ്ധിയുള്ള കളിക്കാരും, നായകനും, പരിശീലകനും, സപ്പോർട്ടിങ്ങ് സ്റ്റാഫുമുള്ള ഒരു ടീമിന് നേട്ടങ്ങൾ ആവർത്തിക്കുവാൻ ആഗ്രഹമുണ്ടെങ്കിൽ അതിനു വഴിയുമുണ്ടാകും.
    
ട്വന്റി 20 ലോക കപ്പിൽ മെന്റർ അഥവാ ഉപദേഷ്ടാവ് എന്ന റോളിൽ വിരാട് കോലിയുടെ ഇന്ത്യൻ ടീമിന് ധോണിയുടെ സേവനം ലഭിക്കും. ലോക ക്രിക്കറ്റിൽ ഇന്ന് മറ്റൊരു ടീമിനും ഇങ്ങനെയൊരു    പരിചയ സമ്പന്നനും, കുശാഗ്ര ബുദ്ധിയുമുള്ള മെന്റർ ടീമുകൾക്കൊപ്പമില്ല. കുട്ടിക്രിക്കറ്റിൽ ആദ്യ   ലോക കപ്പിൽ ഇന്ത്യയ്ക്കു വിജയം നേടിത്തന്ന നായകൻ കൂടിയാണ് ധോണി.
    
ട്വന്റി 20 ലോകകപ്പോടെ മുഖ്യ പരിശീലകസ്ഥാന കാലാവധി അവസാനിക്കുന്ന രവി ശാസ്ത്രിയുടെ റോൾ ഇനി ഇന്ത്യൻ ക്രിക്കറ്റിലെ വൻമതിൽ രാഹുൽ ദ്രാവിഡിനായിരിക്കും. ശാസ്ത്രിയിൽ നിന്നും തികച്ചും വ്യത്യസ്ത ശൈലിയായിരിക്കും ദ്രാവിഡിന്റേത്. ബാംഗ്‌ളൂരിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയെ സമർത്ഥമായി മാനേജ് ചെയ്യുന്ന ദ്രാവിഡിന്റെ കഴിഞ്ഞ കാലശ്രമങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന് മികച്ച  ഫലങ്ങൾ നേടിത്തന്നുകൊണ്ടിരിക്കുകയാണ്.

 

ലോക കപ്പ് ഫുട്‌ബോൾ
    
അടുത്ത വർഷം നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കാനിരിക്കുന്ന ലോക കപ്പ് ഫുട്‌ബോളിന് യൂറോപ്പിൽ നിന്നും ജർമനി യോഗ്യതാ  നേടിക്കഴിഞ്ഞു. ദക്ഷിണ അമേരിക്കൻ യോഗ്യത റൗണ്ടിൽ നിന്നും ബ്രസീലും, അർജന്റീനയും ഫൈനൽസിലേക്ക് ബർത്ത് ഉറപ്പാക്കിയിട്ടുണ്ട്. 11 കളികളിൽ നിന്നും 31 പോയിന്റുകളുള്ള ബ്രസീലിന് അടുത്ത കളിയിൽ കൊളംബിയയെ മറികടക്കുവാൻ കഴിഞ്ഞാൽ                 ഖത്തറിലേക്ക് ടിക്കറ്റെടുക്കാം. അർജന്റീനക്ക് 11 കളികളിൽ നിന്നും 25 പോയിന്റാണുള്ളത്. അടുത്ത   8 കളികളിൽ നിന്നും വിജയങ്ങളോടെ അർജന്റീനയ്ക്കും ജയിച്ചു കയറുവാൻ കഴിയും. നവംബർ 16 നുള്ള  ബ്രസീൽ - അർജന്റീന പോരാട്ടമാണ് ലോകമെങ്ങും കാൽപ്പന്തു പ്രേമികൾ കാത്തിരിക്കുന്നത്.

എൻ. എസ് . വിജയകുമാർ

 

 

Video Courtesy : TECHTRO IFTWC

Foto
Foto

Comments

leave a reply