Foto

സക്‌സസ് പിരമിഡ്  

സക്‌സസ് പിരമിഡ്  

 ജോഷി ജോര്‍ജ്

നന്മ നിറഞ്ഞ പ്രവൃത്തികള്‍ ഒരാളുടെ വ്യക്തിത്വത്തിന്റെ ശോഭകൂട്ടും

എല്ലാ ശക്തിയും നമ്മളില്‍ നിന്നുതന്നെ ഉത്ഭവിക്കുന്നതാണ്. 
അതുകൊണ്ടുതന്നെ നമുക്കതിനെ നിയന്ത്രിക്കാനുമാകും. 
                                            -റോബര്‍ട്ട് കോളിന്‍

എല്ലാ മനുഷ്യരും സന്തുഷ്ടജീവിതം കൊതിക്കുന്നു. എന്നാല്‍ അങ്ങിനെയൊരു ജീവിതം കൈവരിക്കുന്നതെങ്ങിനെയെന്ന കാര്യത്തില്‍ ഒടുമിക്കവരും കടുത്ത ആശയക്കുഴപ്പത്തിലാണ്. നാം എത്ര സര്‍ത്ഥനും കഴിവുള്ളവരുമാണെങ്കില്‍പ്പോലും അതൊന്നും നമ്മുടെ സ്വന്തം മേന്മകൊണ്ടാണെന്നു നമുക്കവകാശപ്പെടാനാവില്ല. വാസ്തവത്തില്‍, ദൈവം തരാത്തതായി നമുക്കെന്തെങ്കിലുമുണ്ടോ? നമ്മുടെ ജീവനും നമ്മുടെ അയുസും നമ്മുടെ കഴിവുകളും നമ്മുടെ സമ്പാദ്യവുമൊക്കെ പ്രകതിയുടെ ദാനങ്ങളല്ലേ?
നമ്മുടെ ജീവിതത്തില്‍ നമുക്കു ലഭിച്ചിരിക്കുന്നവയെല്ലാം പ്രകതിയുടെ ദാനങ്ങളാണെന്നു നമുക്ക് അംഗീകരിക്കാന്‍ സാധിച്ചാല്‍ ദൈവത്തെക്കൂടാതെ നമുക്കൊന്നും ചെയ്യുവാന്‍ സാധിക്കുകയില്ല എന്ന ബോധ്യം നമ്മില്‍ ആഴപ്പെടും.
ദൈവത്തെ കൂടാതെ ഒന്നും ചെയ്യുവാന്‍ നമുക്കു സാധിക്കുകയില്ല എന്ന ബോധ്യം നമ്മില്‍ നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും പരിഹാരമില്ലെന്നു തോന്നിപ്പിക്കുന്ന വന്‍ പ്രശ്നങ്ങളായിരിക്കും. എന്നാല്‍, സത്യത്തില്‍ അവ നിസാരപ്രശ്നങ്ങള്‍ പോലുമായിരിക്കുകയില്ല എന്നതല്ലേ യാഥാര്‍ഥ്യം?
നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ നമ്മെ സംബന്ധിച്ചിടത്തോളം വലുതോ ചെറുതോ ആകട്ടെ എല്ലാ പ്രശ്നങ്ങളെയും നമുക്കു ഈശ്വരന്റെ മുമ്പില്‍ സമര്‍പ്പിക്കാം. അപ്പോള്‍ നാം അറിയാതെ തന്നെ നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും അതിവേഗം പരിഹരിക്കപ്പെട്ടുകൊള്ളും.
വളരെ രസകരമായ ഒരു കഥയിങ്ങനെ.  ധനികനായ ഒരു കൃഷിക്കാരന്‍ മരിച്ചപ്പോള്‍ അയാള്‍ക്കു പത്തൊമ്പതു കുതിരകളുണ്ടായിരുന്നു. വില്‍പ്പത്രമനുസരിച്ച് അയാളുടെ മൂന്നു മക്കള്‍ക്കായിട്ട് ആ കുതിരകളെ വീതംവച്ച് എടുക്കാനാണ് എഴുതിയിരിക്കുന്നത്. മൂത്തമകന് കുതിരകളുടെ പകുതി, രണ്ടാമത്തവനു കുതിരകളുടെ നാലിലൊന്ന്, മൂന്നാമത്തവന് കുതിരകളുടെ അഞ്ചിലൊന്ന്. ഇപ്രകാരമായിരുന്നു കുതിരകളെ വീതം വയ്ക്കേണ്ടിയിരുന്നത്.
മൂത്തമകനു എങ്ങനെയാണ് പത്തൊമ്പതു കുതിരകളുടെ പകുതിയെണ്ണം കൊടുക്കുവാന്‍ സാധിക്കുക? മക്കള്‍ മൂന്നു പേരുംകൂടി തലപുകഞ്ഞാലോചിച്ചു. ആരും ഒരു വിട്ടുവീഴ്ചക്കും തയ്യാറാകുന്നില്ല. എങ്ങിനെ ഭാഗം നടത്തുമെന്നതിന്  വ്യക്തമായ ഒരു ഉത്തരം ലഭിച്ചില്ല. പ്രശ്‌നം രൂക്ഷമായി.  അങ്ങനെയിരിക്കെ ആരോ പറഞ്ഞു: ഈ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഒരു ഗുരു അടുത്ത ഗ്രമത്തില്‍ താമസിക്കുന്നുണ്ടെന്ന്. അവര്‍ ആ ഗുരുവിന്റെ ഉപദേശം തേടിയിറങ്ങി.
വിവരം കേട്ടപ്പോള്‍ ഗുരു പറഞ്ഞു:'' ഞാന്‍ വന്നു നിങ്ങളുടെ പ്രശ്നം പരിഹരിക്കാം. പക്ഷേ, എനിക്കു ഒരു ദിവസത്തെ സാവകാശം വേണം.'' ഗുരുവിന്റെ നിര്‍ദേശം അവര്‍ക്കു സ്വീകാര്യമായിരുന്നു. അവര്‍ സ്വന്തം ഭവനത്തിലേക്കു മടങ്ങി.
ഒരു ദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരാളുടെ ഒരു കുതിരയെ കടംവാങ്ങി ഗുരു കര്‍ഷകന്റെ വീട്ടിലെത്തി. അവര്‍ മൂന്നു മക്കളെ കൂടാതെ ഒട്ടേറെ അയല്‍ക്കാരും അവിടെ കാത്തുനില്പുണ്ടായിരുന്നു.
കുതിരപ്പുറത്തു നിന്നിറങ്ങിയ ഗുരു പത്തൊമ്പതു കുതിരകളെയും തന്റെ മുമ്പിലെത്തിക്കുവാന്‍ ആവശ്യപ്പെട്ടു. കുതിരകളെയെല്ലാം നിരയായി നിര്‍ത്തിക്കഴിഞ്ഞപ്പോള്‍ തന്റെ ഈ കുതിരയെക്കൂടി നിങ്ങള്‍ക്ക് തരുന്നതില്‍ എന്തെങ്കിലും എതിര്‍പ്പുണ്ടോയെന്ന് ചോദിച്ചു. മൂന്നുപേരും സന്തോഷത്തോടെ ഥങ്ങള്‍ക്കാര്‍ക്കും എതിര്‍പ്പില്ലെന്നുമാത്രമല്ല ഏറെ സന്തോഷമാണെന്നും അറിയിച്ചു.   ഗുരു അദ്ദേഹം കൊണ്ടുവന്ന കുതിരയേയും  അവയുടെ കൂടെ നിര്‍ത്തി. അപ്പോള്‍ കുതിരകളുടെ എണ്ണം ആകെ ഇരുപതായി.
''മൂത്ത മകനു അവകാശപ്പെട്ട കുതിരകള്‍ എത്രയാണ്?'' ഗുരു ചോദിച്ചു. ''ആകെയുള്ള കുതിരകളില്‍ പകുതി,'' അവര്‍ മറുപടി പറഞ്ഞു. ഉടനെ പത്തു കുതികളെ ഗുരു മൂത്ത മകനു നല്‍കി. ''രണ്ടാമത്തെ മകനു അവകാശപ്പെട്ടതോ?'' ഗുരു വീണ്ടും ചോദിച്ചു. ''കുതിരകളുടെ നാലിലൊന്ന്,'' അവര്‍ മറുപടി പറഞ്ഞു. അപ്പോള്‍ ഇരുപതിന്റെ നാലിലൊന്ന് അഞ്ചാണെന്നു പറഞ്ഞ് ഗുരു അഞ്ച് കുതിരകളെ രണ്ടാമത്തെ പുത്രനു നല്‍കി.
''മൂന്നാമത്തെ മകനു അവകാശപ്പെട്ടത് എത്രയാണ്?'' ഗുരു വീണ്ടും ചോദിച്ചു. ''കുതിരകളുടെ അഞ്ചിലൊന്ന്,'' അവര്‍ മറുപടി പറഞ്ഞു. ഉടനെ നാല് കുതിരകളെ മൂന്നാമത്തവനു കൊടുത്തുകൊണ്ട് ഗുരുപറഞ്ഞു:'' ഇരുപതിന്റെ അഞ്ചിലൊന്ന് നാലാണ്. അതുകൊണ്ട് നിനക്കുള്ള ഓഹരി നാല് കുതിരകളാണ്.
കുതിരകളെ വീതം വച്ച് കഴിഞ്ഞപ്പോള്‍ ഒരെണ്ണം ബാക്കിയുണ്ടായിരുന്നു. ആ കുതിര ഗുരു കൊണ്ടുവന്ന കുതിരയായിരുന്നു. മടക്കയാത്രയ്ക്കായി കുതിരപ്പുറത്തു കയറിക്കൊണ്ട് ഗുരു പറഞ്ഞു:'' നിങ്ങള്‍ക്കിനി സമാധാനത്തോടെ ജീവിക്കാം. ഞാന്‍ യാത്രതിരിക്കട്ടെ.''
കുതിരകളെ വീതംവച്ച രീതികണ്ട് ജനം അന്തംവിട്ട് നിന്നു. ഗുരുവിനോട് എങ്ങനെ നന്ദിപറയണമെന്ന് അവര്‍ക്കറിയില്ലായിരുന്നു.
പത്തൊമ്പതു കുതിരകളെ പകുതിയായും നാലിലൊന്നായും അഞ്ചിലൊന്നായും വീതംവയ്ക്കുക എന്നുള്ളത് അസാധ്യമായി തോന്നിയ കാര്യമായിരുന്നു. എന്നാല്‍, ഒരു കുതിരയെക്കൂടി ചേര്‍ത്തു ഗുരു പ്രശ്നം പരിഹരിച്ചു.
ഈ കഥ വിവരിച്ചിട്ട് ആധ്യാത്മികഗുരുക്കന്മാര്‍ പറയുന്ന ഒരു കാര്യമിതാണ്. ഏതു പ്രശ്നവും പരിഹാരിക്കാനാകും. സൂഷ്മമായി വിഷയം പഠിക്കുക. പ്രശ്‌നപരിഹാരത്തിന് ഒരു പരിധി നിശ്ചയിക്കേണ്ടതില്ല. പരിധികളെല്ലാം വലിച്ചെറിഞ്ഞ് വിശാലമായി ചിന്തിക്കണം. 
പത്തൊമ്പതു കുതിരകളെ പകുതിയായും നാലിലൊന്നായും അഞ്ചിലൊന്നായും വീതം വയ്ക്കുക എന്ന അസാധ്യമായ കാര്യം സാധിക്കുന്നതിനു ഒരു കുതിരയുടെ കൂടി സാന്നിധ്യം വേണ്ടി വന്നു.
നമ്മുടെ ജീവിത്തില്‍ നാം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളുടെ കാര്യവും ഇതുപോലെ തന്നെയാണ്. നാം എത്രമാത്രം പരിശ്രമിച്ചാലും ആ പ്രശ്നങ്ങള്‍ നമുക്കു സ്വയം പരിഹരിക്കാന്‍ സാധിക്കില്ല. എന്നാല്‍, നമ്മുടെ പ്രശ്നപരിഹാരത്തിനായി വിശാലമായി ചിന്തിക്കുന്നവരെ  കൂടി തേടിയാലോ? അപ്പോള്‍ പ്രശ്ന പരിഹാരം ഉറപ്പാണ്.
നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങളുടെയും കാരണം നാം വിട്ടുവീഴ്ചയില്ലാതെ കടും പിടുത്തവുമായി  മുന്നോട്ടു പോകുവാന്‍ ശ്രമിക്കുന്നു എന്നുള്ളതാണ്. നമ്മുടെ ഏതു പ്രശ്നത്തിലും പരിഹാരം കാണാനുള്ള ഒരുവഴി ഒളിഞ്ഞുകിടപ്പുണ്ടാകും തീര്‍ച്ച.  സ്വന്തം ശക്തികൊണ്ട് നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സാധിക്കുമെന്ന നമ്മുക്ക്  ബോധ്യമുണ്ടായിരിക്കണം. പ്രശ്‌നം സൃഷ്ടിക്കലല്ല, പരിഹാരമുണ്ടാക്കലാണ് നമ്മുടെ കടമ എന്ന നിശ്ചയമുണ്ടാകണം. എങ്ങിനേയും സമ്പത്തും പദവിയും ഉണ്ടാക്കിയാല്‍ സന്തോഷം കുടെക്കൂടുമെന്നാണ് പലരും കരുതുന്നത്. സന്തോഷത്തിലേക്കുള്ള ശരിയായവഴി അറിയാത്തതാണ് എല്ലാ കഷ്ടതകള്‍ക്കും കാരണം. യഥാര്‍ത്ഥത്തില്‍ സന്തുഷ്ട ജീവിതം സഷ്ടിക്കുന്ന നന്മ നിറഞ്ഞ പ്രവൃത്തികളാണ് ഏറ്റവും വിലപ്പെട്ട കാര്യം..! 

നിങ്ങള്‍ക്ക് സാധിക്കും എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകും. 
അല്ലെങ്കില്‍ സാധിക്കില്ലെന്നു തോന്നുന്നുണ്ടാകാം. 
രണ്ടുതോന്നലും ശരിയാണ്. 
                                             -ഹെന്‍ട്രി ഫോഡ്

Foto

Comments

leave a reply