Foto

ഈ പകൽ മുഴുവൻ ടെൻഷൻ... ഈ തോരാ മഴയൊന്നും പോരാ അത് തണുപ്പിക്കാൻ !

ഈ പകൽ മുഴുവൻ  ടെൻഷൻ...
ഈ തോരാ മഴയൊന്നും പോരാ
അത് തണുപ്പിക്കാൻ !

ആറു വർഷങ്ങൾക്ക് മുൻപ് 2015 മാർച്ച് പത്തൊൻപതിന് ഓസ്‌ട്രേലിയയിലെ, ലോകപ്രസിദ്ധമായ മെൽബോൺ ക്രിക്കറ്റ് ഗ്രൗണ്ട് ആദ്യത്തെ ട്രാൻസ്- ടാസ്മാനിയൻ കലാശപ്പോരാട്ടത്തിന് അരങ്ങൊരുങ്ങി. ലോക ഭൂപടത്തിൽ ദക്ഷിണ പസഫിക് സമുദ്രത്തിന്റെ ഭാഗമായ ടാസ്മാൻ കടലിന് ഇരുവശത്തുമായി കിടക്കുന്ന ഓസ്‌ട്രേലിയയും, ന്യൂസിലാൻഡും ഐസിസി ലോക കപ്പിന്റെ കലാശപ്പോരാട്ടത്തിൽ മുഖാമുഖം വന്നു. ബിഗ് ഹിറ്റർ ബ്രാൻഡൻ മാക്കല്ലം ന്യൂസിലാൻഡിനായി നിർണ്ണായകമായ ടോസ് നേടി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവി ടീമിന്റെ ഓപ്പണിങ്ങ് ബാറ്റർ കൂടിയായ മക്കല്ലത്തിന്റെ വിക്കറ്റ്, കളിയുടെ അഞ്ചാമത്തെ പന്തിൽ ക്ലീൻ ബൗൾഡിലൂടെ മിഷേൻ സ്റ്റാർക്  വീഴ്‌ത്തി ഓസ്‌ട്രേലിയക്ക് മുൻതൂക്കം നൽകി. തന്റെ ശക്തമായ ബൗളിങ്ങ് നിരയെ സമർത്ഥമായി മാനേജ് ചെയ്ത ഓസീസ് നായകൻ മൈക്കൽ ക്ലാർക്ക് ന്യൂസിലാന്റിനെ അമ്പതോവർ ഡേ നൈറ്റ് മൽസരത്തിൽ നല്ലൊരു സ്‌കോർ ഉയർത്തുവാൻ അനുവദിച്ചില്ല. റോസ് ടെയ്‌ലറും (40) ഗ്രാൻഡ് എല്ലിയറ്റും (83) മാത്രമാണ് പതിനഞ്ച് റൺസിൽ കൂടുതൽ നേടിയ രണ്ട് ബാറ്റർമാർ. കെയിൻ വില്യംസണ് അന്ന് 33 പന്തിൽ 12 റൺസ് എടുക്കുവാനെ കഴിഞ്ഞുള്ളൂ. കേവലം 204 മിനിറ്റിൽ 45 ഓവറിൽ മിഷേൽ സ്റ്റാർക്ക്, മിഷേൻ ജോൺസൺ ഷെയിൻ വാട്‌സൺ തുടങ്ങിയ ആറു ബൗളർമാർ ചേർന്ന് ന്യൂസിലൻഡിനെ 183 റൺസിലൊതുക്കി.
    
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ, ഓപ്പണർ കൂടിയായിരുന്ന ഇന്നത്തെ നായകൻ ആരോൺ ഫിഞ്ചിനെ തന്റെ ആദ്യ ഓവറിൽ പുറത്താക്കിക്കൊണ്ട് ട്രെൻഡ് ബോൾട്ട് ന്യൂസിലന്റിന് പ്രതീക്ഷ നൽകിയെങ്കിലും ഡേവിഡ് വാർണർക്ക്(45) ഒപ്പമെത്തിയ സ്റ്റീവൻ സ്മിത്ത് (56) രണ്ടാം വിക്കറ്റിൽ ശക്തമായ അടിത്തറ പാകി. നായകൻ മൈക്കേൽ ക്ലാർക്ക് 72 പന്തിൽ നിന്നും 74 റൺസെടുത്ത് ഓസീസ് സ്‌കോർ 175ൽ പുറത്താകുമ്പോൾ അവർ വിജയത്തിന് ഒമ്പത് റൺസകലെയായിരുന്നു.  ടിം  സൗത്തിയേയും, ട്രെൻഡ് ബോൾട്ടിനെയും തങ്ങളുടെ കളി മികവുകൊണ്ട് ഓസീസ് ബാറ്റർമാർ കീഴടക്കി. 7 വിക്കറ്റ് വിജയത്തിൽ ഓസ്‌ട്രേലിയയുടെ വീണ മൂന്നു വിക്കറ്റുകളും സൗത്തിക്കായിരുന്നു.
    
ഇന്ന്  ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ചരിത്രത്തിലെ ലോകമേധാവിത്വത്തിനായുള്ള മറ്റൊരു പോരാട്ടത്തിൽ വീണ്ടുമൊരു ട്രാൻഡ്- ടാസ്മാനിയൻ കലാശക്കളിക്ക് കളമൊരുങ്ങിക്കഴിഞ്ഞു. സെമിഫൈനലിൽ ഈ സീസണിലും, ടൂർണമെന്റിലും മികച്ച എതിരാളികൾക്കെതിരെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിൽ ആറാടിച്ച മൽസരങ്ങളിലൂടെ ആധികാരിക വിജയങ്ങളുമായാണ് ഓസ്‌ട്രേലിയയും, ന്യൂസിലൻഡും ഫൈനലിൽ ഇറങ്ങുന്നത്. കുട്ടി ക്രിക്കറ്റായ ട്വന്റി 20 ലോക കപ്പിൽ ഇരു ടീമുകൾക്കും നാളിതുവരെ ട്രോഫിയുയർത്തുവാൻ കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിലെ ലോർഡ്‌സിൽ 2019 ൽ ഏകദിന ലോക കപ്പിൽ ഒപ്പത്തിനൊപ്പമെത്തിയെങ്കിലും, നിർഭാഗ്യം കൊണ്ടും സാങ്കേതികത്വം കൊണ്ടും ഇംഗ്ലണ്ടിനോട് പരാജയപ്പെടേണ്ടി വന്നതിന് മധുരമായ പ്രതികാരം വീട്ടിയാണ് ഒയൻ മോർഗന്റെ ടീമിനെതിരെ കെയിൻ വില്യംസണിന്റെ കിവീസ്  ഫൈനലിൽ എത്തിയിരിക്കുന്നത്. ദുബായിയിൽ  ആരാധകരുടെ നടുവിൽ ഇക്കുറി കപ്പുമായി നാട്ടിലേക്ക് മടങ്ങുമെന്ന് കരുതിയ, ഗ്രൂപ്പ് ഘട്ടത്തിൽ അപരാജിതരായ പാക്കിസ്ഥാനെതിരെ അവിസ്മരണീയ പോരാട്ടത്തിൽ അഞ്ച് വിക്കറ്റിന് തകർത്താണ് ആരോൺ ഫിഞ്ചിന്റെ ഓസ്‌ട്രേലിയ തങ്ങളുടെ ഷോകേസിൽ ഇനിയുമെത്താത്ത ലോക കിരീടത്തിനായി കളിക്കളത്തിലിറങ്ങുന്നത്.
    
രാജ്യാന്തര ക്രിക്കറ്റിൽ, ടെസ്റ്റ് മൽസരങ്ങളിൽ 1930ൽ കളിച്ചു തുടങ്ങിയ ന്യൂസിലൻഡ് 1973 മുതൽ ഏകദിന മൽസരങ്ങളിലും, ട്വന്റി 20 യിൽ 2005 മുതലും കളിച്ചുവരുന്നെങ്കിലും ബ്ലാക് ക്യാപ്‌സിന് ഇനിയും ടെസ്റ്റ് ഫോർമാറ്റിലൊഴികെ ഒരു ലോക കിരീടം കിട്ടാക്കനിയാണ്. ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ വിരാട് കോലിയുടെ ഇന്ത്യയുടെ ഗർവ് അവസാനിപ്പിച്ച് കിരീടവും, ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം റാങ്കും നേടിയ കെയിൻ വില്യംസണിന്റെ കീഴിൽ ന്യൂസിലൻഡ് ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റിലും ഫൈനൽ എത്തിക്കൊണ്ട് മൂന്നു വർഷക്കാലത്തിനിടയിൽ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഒമ്പതു പതിറ്റാണ്ടിനിടെ വലിയ ടീമുകളുടെ നിഴലിൽ, ശക്തമായ സാന്നിധ്യമറിയിച്ചിട്ടും, എതിരാളികൾക്ക് ഭീഷണി ഉയർത്തിയിട്ടും നിർണ്ണായക മൽസരങ്ങളിൽ അടിതെറ്റുന്ന അവസ്ഥയിൽ നിന്ന് ന്യൂസിലൻഡ് ഇന്ന് തികച്ചും മോചിതരാണ്. അതാണ് ആ ടീമിനെ ലോകക്രിക്കറ്റിലെ വൻശക്തികൾ ഏറെ സംശയത്തോടെയും, ഒരു പക്ഷേ ഭയത്തോടും ഇന്ന് നോക്കുന്നത്. ട്വന്റി 20 ലോകകപ്പിൽ ദയനീയ തോൽവിക്കു ശേഷം വിരാട് കോലി തന്നെ ഇതു സമ്മതിച്ചിരിക്കുകയാണ്.
    
ഇംഗ്ലണ്ടിനെതിരെയുള്ള ക്ലിനിക്കൽ പെർഫോമൻസ് കെയിൻ വില്യംസണും, കൂട്ടർക്കും നൽകിയിട്ടുള്ള ആത്മവിശ്വാസം വളരെ വലുതാണ്. ലോക ക്രിക്കറ്റിന്റെ നെറുകയിലേറുവാൻ കൈവന്നിട്ടുള്ള സുവർണ്ണാവസരം കഠിനാദ്ധ്വാനത്തിന്റെയും, ദൃഢനിശ്ചയത്തിന്റെയും ഫലമാണെന്ന് കിവിഡിനറിയാം. ഗ്രൂപ്പ് മൽസരത്തിൽ പാക്കിസ്ഥാനെതിരെയുള്ള തോൽവി മാത്രമെ എല്ലാം ശുഭമായി മുന്നോട്ടുപോയ വഴിയിൽ ന്യൂസിലൻഡിന് തിരിച്ചടിയായിട്ടുള്ളു. മാർട്ടിൻ ഗുപ്ടിലും, ഡാരിൽ മിച്ചലും ഓപ്പൺ ചെയ്യുന്ന ടീമിൽ കെയിൻ വില്യംസണും,  റഷീദും സ്‌കോറുയർത്താൻ മിടുക്കന്മാരാണ്. വിക്കറ്റ് കീപ്പറും മധ്യനിരയിലെ കരുത്തും, സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഡെവൺ കോൺവേയുടെ പരിക്ക് ടീമിൽ ചെറിയൊരു അഴിച്ചു പണിക്ക് ന്യൂസിലാന്റിനെ നിർബ്ബന്ധിതരാക്കും. രണ്ടാം കീപ്പർ ടീം സെയ്‌ഫെർട്ടോ, ഓൾ റൗണ്ടർ മാർക് ചാപ്മാനോ പകരക്കാരനായി വരാം. വിക്കറ്റ് കീപ്പറായി ഗ്ലെൻ ഫിലിപ്‌സിനെ പരിഗണിക്കുകയാണെങ്കിൽ ചാപ്മാന് നറുക്കു വീഴും. കോൺവേ സ്വയം വരുത്തി വച്ച പരിക്ക് മധ്യനിരയിൽ പ്രത്യേകിച്ചും ഒരു ഫൈനലിൽ ടീം എങ്ങനെ മാനേജ് ചെയ്യുമെന്ന് അറിയില്ല.
    
ബൗളിങ്ങിൽ ട്രെൻട് ബോൾട്ട്,  ടിം  സൗത്തി ദ്വയത്തിന് ഓസീസിനെതിരെ ശക്തമായ ഒരു ആക്രമണം അഴിച്ചു വിടാനും, റൺ ഒഴുക്ക് കുറയ്ക്കാനും കഴിയേണ്ടിയിരിക്കുന്നു. നീണ്ട അനുഭവ സമ്പത്ത് അവർക്ക് അനുവദിച്ചിരിക്കുന്ന നാലോവറുകളിൽ പ്രതിഫലിപ്പിക്കേണ്ടിയിരിക്കുന്നു. സ്പിൻ വിഭാഗത്തിൽ കിവീസിന് വലംകൈ സ്പിന്നർ ഇഷ് സോധിയും, ഇടം കൈ സ്പിന്നർ മിച്ചൽ സാന്ററ്റുമുണ്ട്. ഇന്ത്യക്കെതിരെ വിരാട് കോലിയേയും, രോഹിത് ശർമയേയും മികച്ച പന്തിൽ കൂടാരത്തിലേക്ക് മടക്കി കളി ടീമിന് അനുകൂലമാക്കിയത് സോധിയായിരുന്നു. റൺസ് വഴങ്ങാതെ ബാറ്റർമാരെ സമ്മർദ്ദത്തിലാക്കുവാൻ ഈ സ്പിൻ കൂട്ടുകെട്ട് മികവുറ്റവരാണ്.
    
ഓസ്‌ട്രേലിയ പാക്കിസ്ഥാനെതിരെ കളിച്ച ടീം തന്നെയായിരിക്കും ഫൈനലിൽ ന്യൂസിലാൻഡിനെതിരെയും തുടരുക. ലോക കപ്പ് തുടങ്ങുമ്പോൾ ഓസീസ് ടീമിൽ യുവ രക്തത്തിന്റെ കുറവുണ്ടെന്ന് കരുതിയിരുന്നവരെ അമ്പരപ്പിച്ചുകൊണ്ട് അനുഭവം തന്നെയാണ് ഗുരുവെന്ന് തെളിയിച്ച് ആരോൺ ഫിഞ്ചിന്റെ കങ്കാരു പട ഇത്തവണ ട്വന്റി 20 ലോക കിരീടം നേടാനുള്ള സകല അസ്ത്രങ്ങളും മൂർച്ച കൂട്ടി തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു. ഓസീസ് ഓപ്പണറും റൺമെഷീനുമായ മാത്യു ഹെയ്ഡൻ പരിശീപ്പിച്ച പാക്കിസ്ഥാന്റെ വിജയക്കുതിപ്പ് സെമി ഫൈനലിൽ അവസാനിപ്പിച്ച കളിമാത്രം മതി. ഓസീസിന്റെ പോരാട്ട വീര്യം  മനസ്സിലാക്കാൻ. തങ്ങളുടെ ഇന്നിംഗ്‌സിന്റെ പകുതിയിൽ മുൻനിരക്കാരായ അഞ്ചുപേരും കൂടാരത്തിലേക്ക് മടങ്ങിയ, കിവീ  ടീം വിജയം മണത്ത  ഒരു കളിയിൽ ഒരോവർ ബാക്കി നിൽക്കേ റൺമല കീഴടക്കിയ മാത്യു വെയ്ഡ്, മാർക്കസ് സ്റ്റോയ്‌നിസ്  കൂട്ടുകെട്ടിന്റെ ഒരിക്കലും മറക്കാനാവാത്ത പ്രകടനം മാത്രം വിലയിരുത്തിയാൽ ഓസീസിന്
കടുത്ത സമ്മർദ്ദത്തെ എന്നും അതി ജീവിക്കാനുള്ള അസാമാന്യ ആത്മധൈര്യം  മനസ്സിലാക്കാം. ലോക കപ്പിൽ മികച്ച ഫോമിലേക്കുയർന്ന ഡേവിഡ് വാർണറും, നായകൻ ഫിഞ്ചും ഓപ്പൺ ചെയ്യുന്ന ഓസീസിന് മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്‌സ്വെൽ എന്നിവരുടെ സാന്നിദ്ധ്യം പകരുന്ന കരുത്തൊന്നു വേറെയാണ്. നല്ലൊരു തുടക്കവും, മധ്യനിരയിൽ നിന്നുള്ള പിൻബലവും മതി ഓസീസിന് മൽസരം വരുത്തിയിലാക്കുവാൻ.
    
സ്റ്റാർക്കും, ഹെസിൽ വുഡും ന്യൂസിലൻഡ് ബാറ്റിങ്ങിനെതിരെ മുനവച്ച ഏറുകൾ കൊണ്ട് തുടക്കത്തിൽ കീറി മുറിക്കുകയാണെങ്കിൽ മൽസരത്തിൽ ഓസീസ് തുടക്കത്തിൽ തന്നെ പിടിമുറുക്കും. റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്കനായ, തന്ത്രത്തിൽ വിക്കറ്റുകൾ കീശയിലാക്കുന്ന ആദം സാംപയും, ഗ്ലെൻ മാക്‌സ് വെല്ലുമാണ് അടുത്ത ബൗളർമാർ. മികച്ച ഫീൽഡിങ്ങാണ് ഓസീസിന്റെ മറ്റൊരു ആയുധം. പവർപ്ലേയിൽ ന്യൂസിലൻഡിനെ വരിഞ്ഞുമുറുക്കി സമ്മർദ്ദത്തിലാക്കുകയായിരിക്കും ജസ്റ്റിൻ ലാംഗറുടെ ടീമിനുള്ള ഉപദേശം.
    
കണക്കുകൾ പരിശോധിക്കുമ്പോൾ 14 തവണ ഇരു ടീമുകളും ട്വന്റി 20യിൽ മൽസരിച്ചപ്പോൾ ഒമ്പതു വിജയങ്ങൾ ഓസീസിനാണ്. ടോസ്സു കിട്ടിയാൽ ചേസിങ്ങ് തന്നെയായിരിക്കും ഇരു ടീമുകളും ഇഷ്ടപ്പെടുക. നൂറ്റി അമ്പതു റൺസിനു മീതെയുള്ള വിജയലക്ഷ്യങ്ങൾ കഴിഞ്ഞ മൂന്നു മൽസരങ്ങളിലും പിന്തുടർന്ന് ജയിച്ച ചരിത്രം ഓസീസിനാണ്. 2021 ൽ 19 ട്വന്റി 20 മൽസരങ്ങളിൽ 13 വിജയങ്ങൾ ന്യൂസിലൻഡിനുണ്ട്. 2015 ൽ ന്യൂസിലന്റിനെതിരെ ലോക കപ്പ് വിജയത്തിൽ ന്യൂസിലന്റിനെതിരെ ലോക കപ്പ് വിജയത്തിൽ ടീമിലുണ്ടായിരുന്ന ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച്, സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്‌സ്വെൽ, മിഷേൽ സ്റ്റാർക്, ജോഷ് ഹെസൽവുഡ്, പാറ്റ് കമിൻസ് എന്നിവർ ഇക്കുറി ട്വന്റി 20 ഫൈനലിലുണ്ട്. ന്യൂസിലൻഡ് ടീമിൽ കെയിൻ വില്യംസൺ, മാർട്ടിൻ ഗുപ്തിൽ, ടിം സൗത്തി, ട്രെൻഡ് ബോൾട്ട് എന്നിവർ ആറു വർഷത്തിനുശേഷം ഒരിക്കൽ കൂടി ഓസീസിനെതിരെ ഫൈനലിൽ ഇറങ്ങുന്നു.
    
2015ൽ കളി നിയന്ത്രിച്ച ഇംഗ്ലണ്ടിന്റെ കെറ്റിൽബറോക്കൊപ്പം, അന്നത്തെ തേഡ് അമ്പയർ മരിയാസ് ഇറാസ്മസും ആയിരിക്കും ഓസീസ്  
കിവീ  പോരാട്ടത്തിന് ഫീൽഡിൽ നിൽക്കുക മലയാളിയായ നിതിഷ് മേനോനാണ് ടിവി അംപയർ. നാലാം അമ്പയർ ശ്രീലങ്കയുടെ കുമാര ധർമസേനയും, മാച്ച് റഫറി ലങ്കയുടെ തന്നെ രജ്ജൻ മഡുഗലെയുമായിരിക്കും. അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി 20 ലോക കപ്പ് വരെ കുട്ടി ക്രിക്കറ്റിലെ ചാംപ്യൻ ടീം ആരായിരിക്കും. ജയിക്കുവാൻ തന്നെയാണ് വന്നിട്ടുള്ളതെന്ന് സംശയലേശമെന്യേ പ്രഖ്യാപിച്ച ആരോൺ ഫിഞ്ചിന്റെ ഓസ്‌ട്രേലിയ കന്നി ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തുവാൻ ഒരിക്കൽ കൂടി കൈ വന്നിട്ടുള്ള അവസരം കെയിൻ വില്യംസണിന്റെ കളിക്കളത്തിലും പുറത്തും എന്നും മാന്യമായ പ്രകടനങ്ങളിലൂടെ ക്രിക്കറ്റ് പ്രേമികളുടെ പ്രിയ ടീമായ ന്യൂസിലൻഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിനൊപ്പം ട്വന്റി 20 കിരീടം കൂടി സ്വന്തമാക്കുമോ ? ഒരിക്കൽ കൂടി മറ്റൊരു ആവേശകരമായ ക്രിക്കറ്റ് രാവിനായി കാത്തിരിക്കാം
                                        
എൻ.എസ്. വിജയകുമാർ

Foto

Comments

leave a reply