Foto

സിനിമക്കാരുടെ പഴയകാല എഴുത്തുപുരകള്‍

✍️ അബ്രഹാം ലിങ്കണ്‍

ഓര്‍മ്മയുണ്ടോ, സിനിമാക്കാര്‍ ഹോട്ടലുകളില്‍ ഇരുന്ന് കഥയും തിരക്കഥയുമെല്ലാം എഴുതിയിരുന്ന കാലം? എഴുത്തുകാരുടെ വീടുകളില്‍ നിന്ന് എണ്‍പതുകള്‍ക്ക് മധ്യത്തില്‍ രചനയുടെ പ്രസവവേദന ഹോട്ടലുകളില്‍ വച്ചാകട്ടെ എന്ന് തീരുമാനിച്ച കഥ-തിരക്കഥാകാരന്മാര്‍ നിരവധിയുണ്ട്.
മിമിക്രിക്കാര്‍ നെഞ്ച് തിരുമ്മി, തലയില്‍ തൂവാല കൊണ്ട് കെട്ടി അനുകരിച്ചുകൊണ്ടിരിക്കുന്ന ബാലചന്ദ്ര മേനോന്‍ തിരുവനന്തപുരത്തെ ഗീത് ഹോട്ടലായിരുന്നു തന്‍റെ സിനിമാരചനകള്‍ക്കായി തിരഞ്ഞെടുത്തിരുന്നത്. സംവിധായകന്‍ മോഹന് എറണാകുളം എം.ജി. റോഡിലുള്ള ദ്വാരകയായിരുന്നു ഇഷ്ടം. ഇളക്കങ്ങള്‍ എന്ന സിനിമയുടെ കാലം തൊട്ടേ ഈ ഹോട്ടലിലായിരുന്നു മോഹന്‍റെ വാസം.
തിരക്കഥാകൃത്തായ ജോണ്‍പോള്‍ കുറെ ചലച്ചിത്രങ്ങള്‍ക്കായി തൂലിക ചലിപ്പിക്കാന്‍ തിരഞ്ഞെടുത്തത് എറണാകുളം കലൂരിലുള്ള കല്‍പ്പകാ ടൂറിസ്റ്റ് ഹോമായിരുന്നു (ഇന്ന് പി.വി.എസ്. ആശുപത്രിയാണത്).
കലൂര്‍ ഡെന്നിസിന്‍റെ തിരക്കഥകള്‍ അധികവും പിറന്നത് എറണാകുളം നോര്‍ത്തിലുള്ള മാതാ ടൂറിസ്റ്റ് ഹോമിലും (ഈ ഹോട്ടല്‍ ഇന്നില്ല). മയൂരാ പാര്‍ക്കിലുമാണ്. മയൂരാപാര്‍ക്ക് ഇപ്പോള്‍ പേരുമാറ്റി ഹോട്ടല്‍ ആന്‍റണ്‍ ആയിട്ടുണ്ട്. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന്‍റെ ഹിറ്റുകള്‍ പിറന്നതും പഴയ മയൂരാ പാര്‍ക്കിലാണ്.
എറണാകുളം കച്ചേരിപ്പടിയിലുള്ള പഴയ മയൂരാപാര്‍ക്കിലെ രണ്ടാം നമ്പര്‍ മുറി സിനിമാക്കാരുടെയിടയില്‍ പ്രശസ്തമാണ്. പല തിരക്കഥാകൃത്തുക്കളും ആ മുറിയില്‍ വച്ച് ആദ്യസീന്‍ എഴുതാനെങ്കിലും ശ്രമിക്കുമായിരുന്നു. രാശിയുള്ള മുറി എന്നായിരുന്നു സിനിമക്കാര്‍ ആ മുറിക്ക് നല്‍കിയിരുന്ന വിശേഷണം.
തിരക്കഥാകൃത്തും സംവിധായയകനുമായ രഞ്ജിത്തിന്‍റെ ഇഷ്ടഹോട്ടല്‍ കോഴിക്കോട്ടെ മഹാറാണിയായിരുന്നു. ഇപ്പോള്‍ അതേ പേരില്‍ ഈ ഹോട്ടല്‍ താരപദവികള്‍ അലങ്കരിച്ചുതുടങ്ങിയതോടെ  മുറികളുടെ നിരക്ക് കൂടി. ഇപ്പോള്‍ സിനിമക്കാര്‍ ഈ ഹോട്ടലില്‍ തങ്ങാറില്ല. ഇതേ മഹാറാണി ഹോട്ടലായിരുന്നു പി. പത്മരാജന്‍റെയും രചനാകാലത്തെ വാസസ്ഥാനം. ഈ ഹോട്ടലില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രാമധ്യേ കായംകുളത്തുവച്ചായിരുന്നു പത്മരാജന്‍റെ അന്ത്യവും. ഐ.വി.ശശി, ടി.ദാമോദരന്‍ (പഴയ അങ്ങാടി ഫെയിം) തുടങ്ങിയവരുടെ കഥാചര്‍ച്ചകള്‍ക്കും ഈ ഹോട്ടലിലെ മുറികള്‍ ചെവിയോര്‍ത്തിട്ടുണ്ട്.
രാജമാണിക്യം, താന്തോന്നി തുടങ്ങിയ ഹിറ്റുകല്‍ എഴുതിയ ടി.എ. റസാഖും താമസിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നത് കോഴിക്കോട്ടെ ഹോട്ടല്‍ മഹാറാണിതന്നെ. ഏ.കെ. ലോഹിതദാസ് മിക്കപ്പോഴും ഷൊര്‍ണ്ണൂര്‍ റസ്റ്റ് ഹൗസിലായിരുന്നു താമസം. ഈ മുറിയെ സിനിമയിലെടുത്തിട്ടുമുണ്ട്. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയില്‍ ജയറാം ചാന്‍സ് ചോദിക്കാന്‍ എത്തിയത് ചിത്രീകരിച്ചത് ഈ മുറിയില്‍ വച്ചായിരുന്നു. പിന്നീട് ലക്കിടിയില്‍ പുതിയ വീട് വച്ചതോടെ ലോഹി റസ്റ്റ് ഹൗസില്‍ തങ്ങുന്നത് നിര്‍ത്തി വീട്ടില്‍ വച്ചായി എഴുത്ത്.
പഴയകാലത്ത് തിരുവനന്തപുരത്തെ അരിസ്റ്റോ, അമൃത, കീര്‍ത്തി എന്നീ ഹോട്ടലുകള്‍ സിനിമക്കാരുടെ സ്ഥിരം താവളമായിരുന്നു. തമിഴിലെ സൂപ്പര്‍സ്റ്റാറും മുഖ്യമന്ത്രിയുമായിരുന്ന എം.ജി. ആറിന് അരിസ്റ്റോയായിരുന്നു താമസിക്കാന്‍ ഇഷ്ടം. അരിസ്റ്റോ എന്ന പേരില്‍ ഒരു ജംഗ്ഷനേ അവിടെ ഇപ്പോഴുള്ളൂ. പുതിയ സ്വഭാവനടന്‍ അരിസ്റ്റോ സുരേഷ് ആണ് ഈ പഴയ ഹോട്ടലിന്‍റെ പോരിന് സിനിമയിലെ പുതിയ ബന്ധം. പ്രേംനസീര്‍ തിരുവനന്തപുരത്തെത്തിയാല്‍ അമൃതയിലേ താമസിക്കാറുള്ളു. പില്‍ക്കാലത്ത് നടന്‍ മധുവിന്‍റെ സുഹൃത്ത് തിരുവനന്തപുരത്ത് ഒരു ഹോട്ടല്‍ തുടങ്ങി. പേര് : കീര്‍ത്തി. കുറെ സിനിമക്കാര്‍ അവിടെയും താവളമടിച്ചിരുന്നു.
ആലുവാ പാലസ് സിനിമാക്കാരുടെ പഴയ സങ്കേതമാണ്. സുപ്രിയയുടെ നദി തുടങ്ങി പഴയകാല ഹിറ്റ് സിനിമകള്‍ പിറന്നത് ഇവിടെയാണ്. വയലാറിന്‍റെ ആയിരം പാദസരങ്ങള്‍, രാജഹംസത്തിലെ സന്യാസിനി, ഭാര്യയിലെ പെരിയാറെ തുടങ്ങിയ ഗാനങ്ങള്‍ പിറന്നത് ആലുവാ പാലസിലാണ്. വയലാറിന് പെരിയാര്‍ നദി ജനലിലൂടെ കാണാവുന്ന ഒരു ഇഷ്ടമുറിപോലും പാലസിലുണ്ടായിരുന്നു.
ബെന്നി പി.നായരമ്പലവും തിരക്കഥകള്‍ ഏറെയും രചിച്ചത് പഴയ മയൂരാ പാര്‍ക്കിലായിരുന്നു. റാഫി മെക്കാര്‍ട്ടിന്‍ (തെങ്കാശിപ്പട്ടണം) എഴുതാന്‍ പഴയ പോളക്കുളത്ത് ടൂറിസ്റ്റ് ഹോമിലും മയൂരായിലും തങ്ങിയിരുന്നു.
എറണാകുളത്ത് ബി.ടി.എച്ച് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഭാരത് ടൂറിസ്റ്റ് ഹോമില്‍ സിനിമയിലെ പല അണിയറ ശില്‍പ്പികളും താമസിച്ചിരുന്നു. പഴയ സംവിധായകനും നടനുമായിരുന്ന ജേസി ബി.ടി.എച്ച്. വാസക്കാരനായിരുന്നു. സി.ബി.ഐ. കഥകളിലൂടെ പ്രശസ്തനായ എസ്.എന്‍. സ്വാമിയും ബി.ടി.എച്ച്. പ്രേമിയാണ്.
ചെന്നൈയില്‍ സ്വാമീസ് ലോഡ്ജിലായിരുന്നു ഏതു സിനിമക്കാരുടെയും ആദ്യതാമസം. സിനിമയില്‍ പച്ചപിടിച്ചാല്‍ പാം ഗ്രൂവ് ഹോട്ടലായിരിക്കും തുടര്‍ന്നുള്ള വാസം. വിജയ, വാഹിനി സ്റ്റുഡിയോകളുടെ കോട്ടേജുകളും സിനിമക്കാര്‍ തങ്ങിയ ഇടങ്ങളാണ്. ചെന്നൈയിലെ ഈരാളി ഫ്ളാറ്റ് സിനിമക്കാരുടെ പ്രിയ താവളമായിരുന്നു.
ന്യൂഡെല്‍ഹിയും മറ്റു സിനിമകളും എഴുതിയ ഡെന്നിസ് ജോസഫ് ആദ്യം സ്വന്തം ഓഫീസില്‍വച്ചായിരുന്നു എഴുത്ത്. പിന്നീട് ഗിരിനഗറില്‍ വീട് വാങ്ങിയതോടെ എഴുത്ത് വീട്ടിലായി.
എറണാകുളത്തെ പഴയ ഹോട്ടല്‍ ടെര്‍മിനസ്, ദ്വാരക, മിഡ്ലാന്‍ഡ് (ഇപ്പോള്‍ ചാരിയറ്റ് ഹോട്ടല്‍) എന്നിവയും ഗുരുവായൂരിലെ നന്ദനം കെ.ടി.ഡി.സി ഹോട്ടലും, ഷൊര്‍ണ്ണൂരിലെ ചെരുതുരുത്തി ഗസ്റ്റ് ഹൗസും, പീച്ചിയിലെ ഗസ്റ്റ് ഹൗസും തൃശൂരെ രാമനിലയവും എലൈറ്റുമെല്ലാം സിനിമയുടെ അക്ഷരപ്പിറവികള്‍ കണ്ട ഇടങ്ങളാണ്. ബാബു ജനാര്‍ദ്ദനന്‍, ശത്രുഘ്നന്‍ എന്നിവരുടെ ഇഷ്ടതാവളം ചെറുതുരുത്തി ഗസ്റ്റ് ഹൗസായിരുന്നു. സത്യന്‍-ശ്രീനിവാസന്‍ കൂട്ടുകെട്ട് ബി.ടി.എച്ചിലാണ് പലപ്പോഴും തങ്ങിയിരുന്നത്. കാക്കനാട്ടെ ഹില്‍വ്യൂ, ഒരു സ്വകാര്യ കേട്ടേജ് എന്നിവയും ഇവരുടെ എഴുത്ത് സങ്കേതങ്ങളായിരുന്നു ഒരു കാലത്ത്.
ഇപ്പോള്‍ സിനിമയില്‍ ഫ്ളാറ്റ്സംസ്ക്കാരമാണ്. പ്രൊഡ്യൂസര്‍ ഏര്‍പ്പാടാക്കിക്കൊടുക്കുന്ന ഫ്ളാറ്റിലോ, സ്വന്തം ഫ്ളാറ്റുകളിലോ ഇരുന്നാണ് ഇപ്പോള്‍ സിനിമക്കാരുടെ എഴുത്ത്. ദിലീഷ് പോത്തന്‍, ശ്യാം പുഷ്ക്കരന്‍ തുടങ്ങിയ പുതിയകാല സിനിമക്കാരെല്ലാം ഫ്ളാറ്റ് വാസികളാണ്.

Comments

leave a reply