Foto

ഒരു രാജശില്പി പടിയിറങ്ങി...

ഒരു രാജശില്പി പടിയിറങ്ങി...

ഒരു തുണ്ട് ഭൂമി പോലുമില്ലാതെ വിമാനത്താവളം പണിയാന്‍ വന്നവന് 1993-ല്‍ ജോസ് മാളിയേക്കല്‍ എന്ന ജര്‍മന്‍ പ്രവാസി ആദ്യമായി കൈയില്‍ വച്ചുകൊടുത്തു 20,000 രൂപ. അമൂല്യ വിശ്്വാസ്യതയുടെ ആര്‍ദ്രത തിളങ്ങിയ ആ തുക ഏറ്റുവാങ്ങി ഇരുകണ്ണിലും തൊടുവിച്ച വിറപൂണ്ട അതേ കൈകള്‍ 2018-ല്‍ ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി അവാര്‍ഡായ 'ചാമ്പ്യന്‍ ഓഫ് ദി എര്‍ത്ത്' ഏറ്റുവാങ്ങിയപ്പോഴും  വിറച്ചിരിക്കുമോ?....

പറയാനാവില്ല, ആര്‍ക്കും പറയാനാവില്ല വി.ജെ. കുര്യന്റെ മനസ്സ് പോയ വഴികള്‍...

കൊച്ചി രാജാവ് പണിതതും പിന്നീട് നേവി ഏറ്റെടുത്തതുമായ കൊച്ചി വില്ലിങ്ടണ്‍ ഐലണ്ടിലെ ഒരു കൊച്ചു വിമാനത്താവളം. 1980-ല്‍ ഗള്‍ഫ് ബൂം വന്നു. പതിനായിരക്കണക്കിന് മലയാളികള്‍ അവരുടെ നെഞ്ചിടിപ്പും അമര്‍ത്തിപ്പിടിച്ചു പറന്നത് ബോംബെയിലെ വിമാനത്താവളത്തില്‍ നിന്ന്. ട്രാവല്‍ ഏജന്‍സികളും ബോംബെയില്‍. ആയിരക്കണക്കിന്  ആളുകള്‍ അവിടെ തട്ടിപ്പുകള്‍ക്ക് ഇരയായി. നൂറുകണക്കിന് ആളുകള്‍ക്ക് ജീവിതം എന്നേക്കുമായി നഷ്ടപ്പെട്ടു. അപ്പോഴാണ് കൊച്ചിയില്‍ ഒരു സിവില്‍ വിമാനത്താവളം ആവശ്യമായി വന്നത്. നേവിയുടെ വിമാനത്താവളത്തില്‍ പണം മുടക്കില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി. സ്ഥലം കണ്ടുപിടിക്കാന്‍ ആവശ്യപ്പെടുന്നു, കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യ.  

സര്‍വീസില്‍ വന്നിട്ട് കേവലം പത്തു കൊല്ലം മാത്രമായ എറണാകുളം കലക്ടര്‍ വിജെ. കുര്യനെ ചുമതല ഏല്പിക്കുന്നു മുഖ്യമന്ത്രി കരുണാകരന്‍. നെടുമ്പാശ്ശേരി മതി എന്ന് ധാരണയാവുന്നു. സ്ഥലം ശരിയായപ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റി പറയുന്നു, കാശില്ല, ടെക്നിക്കല്‍ സപ്പോര്‍ട്ട് മാത്രം തരാം. എന്ത് ചെയ്യുമെന്ന് ചോദിച്ച മുഖ്യമന്ത്രി കരുണാകരനോട് കുര്യന്‍ പറഞ്ഞു, ചാരിറ്റബിള്‍ സൊസൈറ്റി ഉണ്ടാക്കി പണം പിരിക്കാം. സര്‍ക്കാരും പ്രവാസികളും പൊതു /സ്വകാര്യ സ്ഥാപനങ്ങളും കച്ചവടക്കാരും പണം തന്നാല്‍.... ചുരുക്കത്തില്‍ തെണ്ടല്‍ തന്നെ. കരുണാകരന് ഐഡിയ കത്തി. പൊതുജനങ്ങളില്‍ നിന്ന് പണം പിരിച്ച് എത്ര സമ്മേളനങ്ങള്‍ നടത്തിയ ആളാണ്. വിമാനത്താവളം വന്നേ തീരൂ. പിന്നോട്ടില്ല.

ഒട്ടും വൈകാതെ ഒരു ചാരിറ്റബിള്‍ സൊസൈറ്റി ഉണ്ടാക്കുന്നു. ആളുകളെ കണ്ട് കുര്യന്‍ പണം പിരിക്കണം. വേണ്ട ശുപാര്‍ശകള്‍ മുഖ്യമന്ത്രി ചെയ്യും. കൊച്ചി മറൈന്‍ ഡ്രൈവില്‍ ജിസിഡിഎ ഒരു കൊച്ചു മുറി ഓഫീസിനായി കൊടുത്തു. എറണാകുളം ചേംബര്‍ ഓഫ് കോമേഴ്‌സ്  മേശയും കസേരയും അലമാരയും നല്‍കി. കൊച്ചി ചേംബര്‍ ഓഫ് കോമേഴ്‌സ് ഒരു കമ്പ്യൂട്ടറും വ്യാപാരി വ്യവസായി സമിതി ഒരു ഫാക്സ് മെഷീനും കൊടുത്തു. അവിടേക്കാണ് ആദ്യ തുക  20,000 രൂപ ജോസ് മാളിയേക്കല്‍ നല്‍കുന്നത്. ബാക്കിയൊക്കെ ചരിത്രം.

എയര്‍പോര്‍ട്ടുണ്ടാക്കാന്‍ എത്ര വിമാനത്താവളങ്ങളില്‍  പോയി! ഏതെല്ലാം മാതൃകകള്‍ കണ്ടു! എന്തെല്ലാം കടമ്പകള്‍! എത്രയെത്ര കേസുകള്‍, സമരങ്ങള്‍! ...ഒരു സാധാരണ മനുഷ്യനായിരുന്നുവെങ്കില്‍ സമ്മര്‍ദ്ദം കൊണ്ട് പൊട്ടിത്തെറിച്ചു പോവുമായിരുന്നു എന്ന് തീര്‍ച്ച. മുന്‍ പരിചയമില്ലാതെ, മാതൃകകള്‍ ഇല്ലാതെ, 'ചീഞ്ഞളിഞ്ഞ മണ്ണില്‍' ശൂന്യതയില്‍ നിന്ന് കുര്യന്‍ കേരളത്തിന്റെ അഭിമാന സ്തംഭം പണിതുയര്‍ത്തി.

പണി തീര്‍ന്നപ്പോള്‍ ലോക ബാങ്ക് മുതല്‍ ഹാവാര്‍ഡ് യൂണിവേഴ്സിറ്റി വരെ  നെടുമ്പാശേരി  മാതൃക പഠനവിധേയമാക്കി. അതിനെ ചൂണ്ടി ഐക്യരാഷ്ട്ര സഭ ലോകത്തോട് പറഞ്ഞു, ഇതാ ആഗോള താപനത്തിനു പരിഹാരമായ ഒരു ലോകോത്തര മാതൃക. എല്ലാവരോടും കുര്യന്‍ സംസാരിച്ചു; ഒന്നും പരസ്യപ്പെടുത്താതെ, മാധ്യമങ്ങളെ വിളിച്ച് കൂട്ടിരുത്താതെ.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ചരിത്രം  പുസ്തകമാക്കപ്പെടേണ്ടതാണ്; അതിനായി ഹോമിച്ച കുര്യന്റെ  ജീവിതവും. വേണ്ടവണ്ണം എഴുതിയാല്‍ അത് മലയാളത്തിലെ എക്കാലത്തെയും ബെസ്റ്റ് സെല്ലര്‍ ആവും എന്നതില്‍ തര്‍ക്കമില്ല. 'സിയാലിന്റെ കഥ - എന്റെയും' എന്നോ 'എന്റെ കഥ - സിയാലിന്റെയും' എന്നോ ശീര്‍ഷകം ആകാം. കേരളം അത് പ്രതീക്ഷിക്കുന്നു.

സാംസ്‌കാരിക കേരളത്താല്‍ സ്മരിക്കപ്പെടാതെ, ആദരിക്കപ്പെടാതെ സിയാലിന്റെ പടിയിറങ്ങുന്ന രാജശില്പീ, അങ്ങേക്ക് കേരളത്തിന്റെ അഭിവാദനം! കേരളം  അങ്ങയോട് എന്നും കടപ്പെട്ടിരിക്കും. പ്രവാസികളുടെ  നന്ദിയും  കടപ്പാടും.    ദൈവം അങ്ങയെ ഇനിയും സമൃദ്ധമായി  അനുഗ്രഹിക്കട്ടെ...

കടപ്പാട് ഷാജി പറവൂര്‍.

 

 

Foto
Foto

Comments

leave a reply