Foto

ഡോ.ഫിലിപ്പ് അഗസ്റ്റിനും മകനും ഐ.എസ്.ജി അവാർഡുകൾ

ഡോ.ഫിലിപ്പ് അഗസ്റ്റിനും മകനും ഐ.എസ്.ജി
അവാർഡുകൾ

ഉദരരോഗ വിദഗ്ദ്ധരുടെ ദേശീയ സംഘടന ആയ ഇന്ത്യൻ
സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോ എന്ററോളജിയുടെ 2021 ലെ
“ഡോക്ടർ എഫ്.പി ആന്റിയ മെമ്മോറിയൽ ലൈഫ് ടൈം
അച്ചീവ്‌മെന്റ്” അവാർഡിന് പ്രശസ്ത ഉദരരോഗ വിദഗ്ദ്ധൻ
ഡോ. ഫിലിപ്പ് അഗസ്റ്റിൻ അർഹനായി. ആലുവ രാജഗിരി
ആശുപത്രിയിലെ “സെന്റർ ഓഫ് എക്‌സലൻസ് ഇൻ ഗ്യാസ്‌ട്രോ
എന്ററോളജി”യുടെ ഡയറക്ടറാണ്.
നാല് പതിറ്റാണ്ടായി ഇന്ത്യയിലെ ഉദര, കരൾ, പാൻക്രിയാസ്
രോഗചികിത്സാ രംഗത്ത് നല്കിയ സമഗ്ര സംഭാവനകൾ
പരിഗണിച്ചാണ് അവാർഡ് നൽകിയത്.എൻഡോസ്‌കോപി
ചികിത്സ പ്രത്യേകിച്ച് ഇ. ആർ.സി.പി. ചികിത്സാ സാധ്യതകൾ
ഇന്ത്യയിൽ തുടങ്ങുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് 1994
ൽ സൊസൈറ്റിയുടെ “ഒളിംപസ് മിത്ര എൻഡോസ്‌കോപി”
അവാർഡിനും അദ്ദേഹം അർഹനായിട്ടുണ്ട്. ഈ രണ്ട്
അവാർഡുകളും കൂടി ലഭിക്കുന്ന ആദ്യ മലയാളിയാണ്
ഡോ.ഫിലിപ്പ് അഗസ്റ്റിൻ.
ഒപ്പം തന്നെ ഡോ.ഫിലിപ്പ് അഗസ്റ്റിന്റെ പുത്രനും പ്രശസ്ത
കരൾരോഗവിദഗ്ദ്ധനുമായ ഡോ. സിറിയക് അബി ഫിലിപ്‌സ്
സൊസൈറ്റി ആദ്യമായി ഏർപ്പെടുത്തിയ 2021ലെ “ഐ.എസ്.ജി.-
ഓംപ്രകാശ് റൈസിംഗ് സ്റ്റാർ” അവാർഡിന് അർഹനായി.
രാജഗിരിയിലെ കരൾ രോഗ ചികിത്സാവിഭാഗമായ ലിവർ
ഇൻസ്റ്റിറ്റ്യൂട്ടിലെ കൺസൾട്ടന്റാണ് ഡോ.അബി. ചുരുങ്ങിയ
കാലയളവിൽ ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെട്ട

160ൽപരം ഗവേഷണ പ്രബന്ധങ്ങളും കണ്ടുപിടുത്തങ്ങളും
പരിഗണിച്ചാണ് അവാർഡ് സമ്മാനിച്ചത്. കരൾരോഗ
ഗവേഷണങ്ങൾക്കായി രാജഗിരിയിൽ പ്രവർത്തിക്കുന്ന
മൊണാർക് ലിവർ ലാബിന്റെ ഡയറക്ടർ കൂടിയാണ് ഡോ.
അബി ഫിലിപ്‌സ്.
പൂണൈയിൽ ഫെബ്രുവരി12, 13 തീയതികളിൽ നടന്ന
ഹൈബ്രിഡ് ദേശീയ സമ്മേളനത്തിലാണ് പ്രഖ്യാപനങ്ങൾ
ഉണ്ടായത്. സൊസൈറ്റിയുടെ 62 വർഷത്തെ
പ്രവർത്തനത്തിനിടയിൽ ആദ്യമായിട്ടാണ് ഒരു അച്ഛനും മകനും
ഒരേ വേദിയിൽ പ്രധാനപുരസ്‌കാരങ്ങൾ നേടുന്നതെന്ന്
സൊസൈറ്റിയുടെ സെക്രട്ടറി ജനറൽ ഡോ.ഗോവിന്ദ് മക്കാറിയ
അറിയിച്ചു.

Comments

leave a reply