Foto

കിട്ടിയ ഗോളിന് കപ്പടിച്ച് മെസ്സിപ്പട പന്തുരുട്ടി പന്തുരുട്ടി ബ്രസീൽ

കിട്ടിയ ഗോളിന് കപ്പടിച്ച്  മെസ്സിപ്പട
പന്തുരുട്ടി  പന്തുരുട്ടി  ബ്രസീൽ

ഭൂലോകത്തിലെ കാൽപന്തു കളിയാരാധകരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം. നന്നായി   കളിച്ചിട്ടും, കളിപ്പിച്ചിട്ടും, ക്ലബ്ബ് ഫുട്‌ബോളിന്റെ കിരീടങ്ങളും, മികച്ച പ്രതിഭയ്ക്കുള്ള അംഗീകാരങ്ങളും ഷോകേസിൽ നിറച്ചിട്ടും, ഒരു രാജ്യാന്തര വൻ ടൂർണമെന്റിൽ ചാമ്പ്യൻ പട്ടത്തിൽ തന്റെ രാജ്യത്തിനെ എത്തിക്കുവാൻ നാളിതുവരെ കഴിയാത്ത സൂപ്പർ താരം ലയണൽ മെസ്സിക്കു മുൻപിൽ ചരിത്രം പുതുവഴി തുറന്നിരിക്കുന്നു. 28 വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം, അർജന്റീനയെ തെക്കേ അമേരിക്ക  വൻകരയുടെ ആധിപത്യത്തിനായുള്ള കലാശപോരാട്ടത്തിൽ ആതിഥേയരും പരമ്പരാഗത വൈകരികളുമായ ബ്രസീലിനെ ഒരേയൊരു ഗോളിന് തകർത്തുകൊണ്ട് നായകൻ മെസി ലോകത്തിന്റെ   നെറുകയിൽ എത്തിച്ചിരിക്കുന്നു. 1993 ൽ അവസാനമായി കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ട അർജന്റീനയ്ക്കു 2004, 2007 വർഷങ്ങളിൽ കലാശക്കളിയിൽ ബ്രസീലിനോട് അടിയറവു പറയേണ്ടി വന്നു. 2015, 2016 വർഷങ്ങളിൽ ഫൈനലിൽ ചിലിയോടാണ് മെസ്സിയുടെ അർജന്റീനയുടെ തോൽവി.
    
ആധുനിക ഫുട്‌ബോളിലെ എക്കാലത്തേയും ഏറ്റവും മികച്ച കളിക്കാരനായ ലയണൽ മെസ്സി തന്റെ തിളക്കമാർന്ന കരിയറിൽ 10 ലാലിഗ കിരീടങ്ങളും, 4 ചാമ്പ്യൻസ് ലീഗ് പട്ടങ്ങളും തന്റെ ക്ലബ്ബായ    ബാഴ്‌സിലോണയ്ക്കു നേടിക്കൊടുത്തിട്ടുണ്ട്. മികച്ച കളിക്കാരനുള്ള ബലൻ ഡി ഒർ പുരസ്‌കാരം ആറു തവണയാണ് മെസ്സിയെ തേടിയെത്തിയത്. ഇതൊക്കെയായിട്ടും, നാലു ലോകകപ്പുകളും ആറ് കോപ്പ അമേരിക്ക കപ്പിൽ ബൂട്ട്‌സ് കെട്ടിയിട്ടും, അസാമാന്യ പ്രകടനങ്ങൾ കാഴ്ചവച്ചിട്ടും രാജ്യാന്തര ഫുട്‌ബോൾ കിരീടങ്ങൾ മെസ്സിക്കു കിട്ടാക്കനിയായി. 2014 ൽ ലോക കപ്പിലും, രണ്ട് കോപ്പ കപ്പ് ഫൈനലിലും   ലയണൽ മെസ്സിക്ക് ലോകം മുഴുവൻ ഇമവെട്ടാതെ കണ്ട പോരാട്ടങ്ങളിൽ തന്റെ രാജ്യത്തെ അന്തിമ   വിജയത്തിലേക്ക് ആനയിക്കുവാൻ കഴിഞ്ഞില്ല. 2016 തുടർച്ചയായി മൂന്നാമത്തെ ഫൈനലിൽ മെസ്സി  നായകനായ അർജന്റീന തല താഴ്ത്തി മടങ്ങിയപ്പോൾ, തോൽവിയുടെ നിരാശയിൽ ബൂട്ട്‌സ് എന്നന്നേക്കുമായി അഴിക്കുവാൻ തയ്യാറായതാണ് ഈ സൂപ്പർ താരം. ആരാധകരുടെയും, പ്രിയപ്പെട്ടവരുടേയും നിർബ്ബന്ധത്തിന് വഴങ്ങി കളി തുടരുവാൻ തീരുമാനിച്ച സൂപ്പർ താരത്തിന് ഇന്നത്തെ ഒരൊറ്റ വിജയത്തോടെ നാളിതുവരെ കേട്ട പഴികൾക്കെല്ലാം പ്രായശ്ചിത്വം  ചെയ്യുവാൻ കഴിഞ്ഞിരിക്കുന്നു.
    
സ്വന്തം മണ്ണിൽ കോവിഡ് മഹാമാരിയുടെ വ്യാപനവും, അയൽ രാജ്യമായ കൊളംബിയയിൽ രാഷ്ട്രീയ അസ്ഥിരതയും കാരണം ആ രാജ്യങ്ങൾ സംയുക്തമായി നടത്തേണ്ട കോപ്പ അമേരിക്ക   നടത്തുവാൻ ബ്രസീൽ മുന്നോട്ടു വരുകയായിരുന്നു. റിയോ ഡി ജനൈറോവിൽ കളി ഭ്രാന്തന്മാരുടെ പ്രിയ താരമായ മെസ്സി തുടക്കം മുതൽ തന്റെ ആരെയും അമ്പരപ്പിക്കുന്ന വേഗം കൊണ്ടും, അസാമാന്യ  പന്തടക്കം കൊണ്ടും, മികച്ച പാസിങ്ങും കൊണ്ടും അർജന്റീനയെ കലാശ പോരാട്ടത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. കൊളംബിയക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട സെമിഫൈനൽ പോരാട്ടത്തിൽ കണങ്കാലിൽ മുറിവേറ്റ് ചോര ചിന്തിയിട്ടും കളിക്കളത്തിൽ തുടരുവാൻ ധൈര്യം  കാണിച്ച മെസ്സിയാണ് ആദ്യ കിക്കിലൂടെ അർജന്റീനക്ക് മുൻതൂക്കം നേടിക്കൊടുത്തത്. അന്ന് ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് കൊളംബിയയുടെ മൂന്നു കരുത്തുറ്റ കിക്കുകൾ തടഞ്ഞിട്ടാണ് ബ്രസീലുമായി സ്വപ്ന ഫൈനലിന് അർജന്റീനയ്ക്കും  മെസ്സിക്കും അരങ്ങൊരുക്കിയത്.
    
ഒരു വൻ ടൂർണമെന്റിന്റെ കലാശ പോരാട്ടത്തിന് ചേർന്ന കളിയൊന്നും മാറക്കാന  സ്റ്റേഡിയത്തിൽ ബ്രസീലും, അർജന്റീനയും കാഴ്ച വച്ചില്ല. ഒരിക്കൽ കൂടി കിട്ടിയ ആദ്യ അവസരം തന്നെ മുതലാക്കി. മെസ്സി അർജന്റീനയുടെ ജഴ്‌സി അണിയുന്നതിന് മുൻപ്, അടുത്ത സൂപ്പർ താരമാകുമെന്ന് സാക്ഷാൽ ഡീഗോ മാറഡോണ പ്രവചിച്ച ഏഞ്ചൽ ഡി മരിയോ  ഇക്കാലമത്രയും മെസ്സിയുടെ നിഴലിലായിരുന്നു. കോപ്പ അമേരിക്കയിൽ ഒരൊറ്റ ഗ്രൂപ്പ് മൽസരത്തിൽ ആദ്യ പതിനൊന്നിൽ ഇടം പിടിച്ച ഡി മരിയ രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിലാണ് പലപ്പോഴും കളിക്കാനിറങ്ങിയത്. ഇന്നത്തെ ഫൈനലിൽ അർജന്റീനയുടെ പരിശീലകൻ ഡി മരിയയെ ആദ്യ ഇലവനിൽ തന്നെ ചിലതു മനസ്സിൽ കണ്ടാണ് ഉൾപ്പെടുത്തിയത്. കളി ചൂടു പിടിക്കുന്നതിന് മുൻപു തന്നെ 22-ാം മിനിറ്റിൽ കിട്ടിയ അവസരം ഡി മരിയോ ലക്ഷ്യത്തിൽ എത്തിച്ച് ടിറ്റെയുടെ തന്ത്രങ്ങൾക്ക് അർഹമായ പ്രതിഫലം നൽകി. റോഡ്രി ഗോ ഡി പോളിന്റെ ലോഫ് റ്റഡ് പാസ് മനോഹരമായ ഒരു ലോബിലൂടെയാണ് തന്റെ ഇടം കാലുകൊണ്ട് ബ്രസീലിന്റെ ഗോൾ കീപ്പർ അലിസനെ നിസ്സഹായനാക്കിക്കൊണ്ട് വലയ്ക്കു അകത്താക്കിയത്. 2008 ഒളിംപിക്‌സിലും, ഇന്നിതാ കോപ്പ അമേരിക്കയിലും അർജന്റീന വിജയ സോപാനത്തിൽ കയറിയത് ഡി മരിയയുടെ ഗോളുകൊണ്ടാണെന്നത്  അവിചാരിതമാവാം.   കൗതുകമായ വസ്‌തുത  ഈ രണ്ട് നേട്ടങ്ങളിലും അർജന്റീനയുടെ നായകൻ ലയണൽ മെസ്സി തന്നെയായിരുന്നുവെന്നതാണ് .
    
ആദ്യ ഗോൾ വീണതോടെ അർജന്റീന പുതിയ  ആക്രമണങ്ങൾക്കൊന്നും മുതിരാത്ത പതിവ് കോപ്പ അമേരിക്ക മൽസരങ്ങളിൽ, ഫൈനലിലും ആവർത്തിച്ചു. ഇരു ടീമുകളുടെയും മധ്യനിരയിലായിരുന്നു മൽസരം തുടർന്നു  കണ്ടത്. അവസാന നിമിഷങ്ങളിൽ ബ്രസീലിയൻ ഗോൾ മുഖത്ത് തെന്നി വീഴാതിരുന്നെങ്കിൽ രണ്ടാം ഗോളിലൂടെ അർജന്റീനയുടെ വിജയത്തിന് ഒരു ഫെർഫെക്ട് ഫിനാലെ നൽകുവാൻ മെസ്സിക്ക് കഴിയുമായിരുന്നു.
    കളിയുടെ സിംഹ ഭാഗവും (59 ശതമാനം) പന്ത് ബ്രസീലിയൻ കളിക്കാരാണ് കൈവശം വച്ചത്. 13 ഷോട്ടുകളും തൊട്ടടുത്ത   ബ്രസീലായിരുന്നു. ആറെണ്ണമാണ് ബ്രസീലിയൻ കളിക്കാർ ഗോൾ ലക്ഷ്യമാക്കി അടിച്ചത്. ഗോൾ പോസ്റ്റിലേക്ക് ഇരു ടീമുകളും രണ്ട് തവണയെ പന്ത് പായിച്ചുള്ളു . ബ്രസീലിന് 4 കോർണർ ലഭിച്ചപ്പോൾ അർജന്റീനെയ്‌ക്ക് ഒന്നുമാത്രമാണ് കിട്ടിയത്. നെയ്മറും, മെസ്സിയുമാണ് കോർണർ എടുത്തതെങ്കിലും ഗോളിൽ കലാശിച്ചില്ല. ഫൗളിലും  (22) മുന്നിൽ ബ്രസീൽ തന്നെ. അർജന്റീനയും ഫൗളിൽ   (19) ഒട്ടും മോശമായിരുന്നില്ല. ഒരിക്കലും അതിരുവിട്ട നിലയിലേക്ക് കളി നീങ്ങാതിരിക്കുവാൻ യുറഗ്വൻ റഫറി നന്നായി ഇടപെടുന്നത് കാണാമായിരുന്നു. കളിയുടെ രത്‌നച്ചുരുക്കം ഇതു തന്നെയാണ്. ഇരു ടീമുകളും അവരുടെ യഥാർത്ഥ കളി കെട്ടഴിച്ചില്ല.
    
കളിക്കളത്തിലെ ലയണൽ മെസ്സിയുടെ കോപ്പ അമേരിക്കയിലെ പ്രകടനത്തിനും അർജന്റീനയെ വിജയത്തിലേക്കു നയിച്ചതിനും അർഹതക്കുള്ള അംഗീകാരമാണ് കപ്പിനും പുറമെ മികച്ച കളിക്കാരനും, ഗോൾ സ്‌കോറർക്കുമുള്ള പുരസ്‌കാരങ്ങൾ ആഞ്ചൽ ഡി
മരിയോയാണ് മാൻ ഓഫ് ദ മാച്ച്.
    പരമ്പരാഗത വൈരികളാണെങ്കിലും കളിക്കളത്തിൽ മാത്രമേ  മൽസരമുള്ളു എന്ന് തെളിയിക്കുന്നതാണ് മെസ്സി-നെയ്മർ ആശ്ലേഷം. ഫുട്‌ബോളിനെ പ്രണയിക്കുന്നവർക്ക് മനസ്സിൽ എന്നെന്നും സൂക്ഷിക്കാനുള്ള ഫ്രെയിം തന്നെയാണത്. ടെസ്റ്റ് ചാപ്യൻഷിപ്പ് ഫൈനലിൽ വിജയിച്ച ന്യൂസിലാന്റ് നായകൻ കെയിൻ വില്യംസൺ വിരാട് കോലിയുടെ ചുമലിലമർന്നതും മൈതാനത്തെ വൈര്യം ആ സമയത്തേക്കു മാത്രമാണെന്നും,  ദീർഘ  സൗഹൃദത്തിനും  സാഹോദര്യത്തിനും മാത്രമെ ജീവിതത്തിൽ ഇടമുണ്ടായിരിക്കുകയുള്ളു എന്ന് ഓർമിപ്പിക്കുന്നതാണ്.
    
കോവിഡ് മഹാമാരിക്കാലത്ത് ലോകം ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് കോപ്പ അമേരിക്കയും, യൂറോ കപ്പും മറ്റു മൽസരങ്ങളും ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് കുറച്ചു സമയത്തേക്ക് തങ്ങളുടെ മാനസിക സമ്മർദങ്ങളിൽ നിന്നും പുറത്തുവരാനും, ആശ്വസിക്കുവാനും കഴിഞ്ഞു . സ്‌പോർട്ട്‌സ് ഒരു ആശ്വാസം നൽകുന്ന മരുന്നു തന്നെയെന്ന് വിശ്വസിക്കുന്നവർക്ക് ഈ ദിനങ്ങൾ പകർന്ന സാന്ത്വനം ദീർഘനാൾ നിലനിൽക്കട്ടെ.

N .S . വിജയകുമാർ

 

Foto
Foto

Comments

leave a reply