Foto

വികലമായ ചില പൊതുബോധങ്ങള്‍ അടിച്ചുറപ്പിക്കുന്ന കടുവ

വളരെ ഉപരിപ്ലവമായ പ്രമേയവും, കഥാകഥനവും കൊണ്ട് രൂപപ്പെടുത്തിയിരിക്കുന്ന ഒരു ആക്ഷന്‍ സിനിമ എന്നതിനപ്പുറം ഒറ്റവാക്യത്തില്‍ കടുവ എന്ന ചലച്ചിത്രത്തെ വിവരിക്കാനില്ല. രണ്ട് വിഷയങ്ങളാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഒന്ന്, ക്രൈസ്തവ സമൂഹത്തെക്കുറിച്ചും കത്തോലിക്കാ സഭയെക്കുറിച്ചും ചില തല്പര കക്ഷികള്‍ പറഞ്ഞു പരത്തിയിട്ടുള്ള കുറെയേറെ അവാസ്തവങ്ങള്‍. രണ്ട് കുരുവിനാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന വ്യക്തിയുടെ ജീവിതത്തില്‍ സംഭവിച്ചതായി പറയപ്പെടുന്ന ചില അനുഭവങ്ങള്‍. രണ്ടും തമ്മിലുള്ള സാമ്യം പള്ളിയും ക്രൈസ്തവ സമൂഹവുമായുള്ള ബന്ധമാണ്. ഇത്തരം ചില സംഭവങ്ങളെയും ആഖ്യാനങ്ങളെയും കൂട്ടിയിണക്കി പൃഥ്വിരാജ് എന്ന ആക്ഷന്‍ ഹീറോയുടെ ഒരു മാസ് മൂവി ഒരുക്കിയിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. അത്തരം രംഗങ്ങള്‍ ഒരു ശരാശരി കാഴ്ചക്കാരന് ആസ്വദിക്കാനാവുന്നതാണ് എന്നുള്ളതാണ് സിനിമയുടെ ഏക പ്ലസ് പോയിന്റ്. നായകന്റെ ഹീറോ പരിവേഷംകൊണ്ട് ഫാന്‍സിനെ തൃപ്തിപ്പെടുത്തുന്നതിനപ്പുറം ആഴത്തില്‍ ചിന്തിച്ചാല്‍ പൊരുത്തപ്പെടാനാവാത്ത നിരവധി ഘടകങ്ങള്‍ സിനിമയിലുണ്ട്.

ഭിന്നശേഷിക്കാരനായ ഒരു കുട്ടിയുടെ അവസ്ഥയെ മാതാപിതാക്കളുടെ പ്രവൃത്തിയുമായി ബന്ധിപ്പിച്ചുള്ള ഡയലോഗുകളും സീനുകളും വിവാദമായി മാറിയത് ഒരു ഉദാഹരണം മാത്രമാണ്. ചെറിയ വൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികളെ മാലാഖക്കുഞ്ഞുങ്ങളെപ്പോലെ കണ്ടു പരിപാലിക്കുന്നവരും, അവര്‍ക്കുവേണ്ടി മാത്രം ജീവിക്കുന്നവരുമായ അനേകായിരം മാതാപിതാക്കളുണ്ട് നമുക്കിടയില്‍. അത്തരക്കാര്‍ക്ക് ഇത്തരമൊരു പരാമര്‍ശം വലിയ വേദനയ്ക്ക് ഇടയാക്കിയിട്ടുണ്ടാകുമെന്ന് തീര്‍ച്ച. തികച്ചും അനാവശ്യവും സ്‌ക്രിപ്റ്റ് വായിച്ചാല്‍പ്പോലും ആര്‍ക്കും മനസിലാക്കാന്‍ കഴിയുന്ന വിധത്തില്‍ മോശമായതുമായ അത്തരമൊരു ആശയം സംശയലേശമന്യേ അവതരിപ്പിച്ചിരിക്കുന്നതിലൂടെ തന്നെ തിരക്കഥയുടെ നിലവാരം മനസിലാക്കാം.

ക്രൈസ്തവ സമൂഹത്തെക്കുറിച്ചും കത്തോലിക്കാസഭയുടെ സംവിധാനങ്ങളെക്കുറിച്ചും ഘടനയെക്കുറിച്ചുമെല്ലാം വളരെ ഉപരിപ്ലവമായ ധാരണകള്‍ മാത്രമാണ് സിനിമയുടെ പിന്നണിപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നത് എന്ന് വ്യക്തം. ധാര്‍മ്മികമായും, സംഘടനാപരമായും ആകെ തകര്‍ന്നതും വികലമായതുമായ ഒന്നാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന സഭാ സംവിധാനങ്ങള്‍. ദേവാലയങ്ങളിലെ അന്തരീക്ഷങ്ങളും മെത്രാന്മാരുടെ ഇടപെടലുകളും വൈദികരുടെ പൊതുവായ നിലവാരവും തുടങ്ങി പലതും സിനിമയില്‍ ആദ്യന്തം ചിത്രീകരിച്ചിരിക്കുന്നത് അത്തരത്തിലാണ്. മോശപ്പെട്ടവര്‍ മാത്രമല്ല, നല്ലവരുമുണ്ട് എന്ന പതിവ് വാദത്തെ അടിവരയിട്ടുറപ്പിക്കും വിധത്തില്‍, ഇന്നസെന്റ് കൈകാര്യം ചെയ്യുന്ന ഒരു വൈദിക വേഷവുമുണ്ട്. വാസ്തവത്തില്‍ അത്തരം കഥാപാത്രങ്ങളെ ഇത്തരം സിനിമകളില്‍ അവതരിപ്പിക്കുന്നത് പൗരോഹിത്യത്തിന്റെയും സഭയുടെയും നന്മ  ചൂണ്ടിക്കാണിക്കാനല്ല, മറിച്ച്, മൊത്തം സംവിധാനങ്ങള്‍ മോശമാണെന്ന് പറയിപ്പിക്കാനായിട്ടാണ്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. 

'വയനാട് ബിഷപ്പ് ഹൗസിലും' ഒരു പീഡനകേസ് പ്രതിയായ 'റോബിന്‍' എന്ന പേരുള്ള വൈദികനിലും ആരംഭിക്കുന്ന സിനിമ എന്താണ് ലക്ഷ്യമാക്കുന്നതെന്ന് വളരെ വ്യക്തം. വലിയ വിവാദമായി മാറിയ കൊട്ടിയൂര്‍ പീഡനകേസ് തന്നെയാണ് സിനിമ വികലമായി പുനരവതരിപ്പിച്ചിരിക്കുന്നത്. 'സഭ'പീഡനകേസ് പ്രതിയെ രക്ഷിച്ചു, അഥവാ അതിന് ശ്രമിച്ചു എന്ന, തല്‍പരകക്ഷികളുടെ വാദമാണ് ഇവിടെയും ആവര്‍ത്തിക്കുന്നത്. ഇരയായ പെണ്‍കുട്ടിയുടെയും അവള്‍ക്കുവേണ്ടി വാദിച്ച പിതാവ് ഉള്‍പ്പെടെയുള്ളവരുടെയും കണ്ണീരിനെ മറികടന്ന് മെത്രാന്‍ തന്നെ നേരിട്ട് അയാള്‍ക്ക് രക്ഷാ കവചം ഒരുക്കുന്നു എന്ന് സിനിമ പറഞ്ഞുവയ്ക്കുന്നു. ഇത്തരംവിഷയങ്ങളില്‍ മഞ്ഞപ്പത്രങ്ങളുടെ ആഖ്യാനങ്ങള്‍ ആവേശത്തോടെ സ്വീകരിക്കുന്ന ഒരു വിഭാഗം പേര്‍ കണ്ണടച്ച് വിശ്വസിക്കാന്‍ മടികാണിക്കാത്ത ഒരു അവതരണമാണ് അതെന്നതില്‍ സംശയമില്ല. ആദ്യന്തം അത്തരമൊരു പരിവേഷം വൈദികര്‍ക്കും മെത്രാന്മാര്‍ക്കും നല്കിയിരിക്കുന്നതിനെ സംശയദൃഷ്ടിയോടെയേ നോക്കിക്കാണാനാവൂ. അസത്യങ്ങളും അര്‍ത്ഥ സത്യങ്ങളും പ്രചരിപ്പിച്ച് തല്‍പരകക്ഷികള്‍ സൃഷ്ടിച്ചെടുത്ത മോശം പ്രതിച്ഛായയ്ക്ക് അടിവരയിടുന്ന ഇത്തരം നീക്കങ്ങള്‍ നിഷ്‌കളങ്കമായിരിക്കാനിടയില്ല. 

പണിഷ്‌മെന്റ് ട്രാന്‍സ്ഫറായി വയനാട്ടില്‍ നിന്നും കോട്ടയത്തെ പ്രശസ്തമായ ഒരു പള്ളിയിലേക്ക് എത്തുന്ന കുറ്റവാളിയായ വൈദികനിലൂടെയാണ് പിന്നീടുള്ള കഥ മുന്നോട്ടുപോകുന്നത്. നായകന്‍ ജീവിച്ചിരിക്കുന്ന പ്രദേശത്തെ പള്ളിയിലേക്ക് വില്ലനായ വൈദികന് 'പണികൊടുക്കാന്‍' ട്രാന്‍സ്ഫര്‍ വാങ്ങിക്കൊടുക്കുന്ന ഇന്നസെന്റ് അവതരിപ്പിക്കുന്ന വൈദികന്‍ വലിയ ബന്ധങ്ങളും അടുപ്പങ്ങളും ഉള്ള ഒരു കഥാപാത്രമാണ്. ലത്തീന്‍ സഭയിലെ മെത്രാന്മാരെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള വേഷവിധാനങ്ങളോടെ അവതരിപ്പിക്കപ്പെടുന്ന മെത്രാന്മാരും അവരുടെ രീതികളും കണ്ടാല്‍, കേരളാപോലീസ് സേനയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പോലെ തോന്നും. മന്ത്രിമാരും രാഷ്ട്രീയത്തിലെ ഉന്നതരുമൊക്കെ ഇടപെട്ട് കേസുകളില്‍നിന്ന് ഊരി, ജില്ലകള്‍ക്കപ്പുറത്തേയ്ക്ക് ട്രാസ്ഫര്‍ വാങ്ങി പോകുന്നതും, രാഷ്ട്രീയ സ്വാധീനവും പണവും പദവിയുമൊക്കെ ദുരുപയോഗിച്ച് കാര്യങ്ങള്‍ നേടുന്നതും, ഒരു ഭയവുമില്ലാതെ വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുന്നതും തുടങ്ങി വില്ലനായ വ്യക്തിയിലും അയാള്‍ ഉള്‍പ്പെടുന്ന സംവിധാനങ്ങളിലും ചുമത്തിയിരിക്കുന്ന സവിശേഷതകള്‍ കേരളത്തിലെ ക്രൈസ്തവ സമൂഹവും സഭാ നേതൃത്വവും തുടങ്ങിയ ഒന്നുമായും യാതൊരു ബന്ധവുമില്ലാത്തതാണ്. യാഥാര്‍ത്ഥ്യവുമായി സാമ്യംപോലുമില്ലാത്ത ഇത്തരം അവതരണങ്ങള്‍ നടത്തുന്നതിലൂടെ ഒരു ഹീറോയെ അവതരിപ്പിക്കാനുള്ള യുക്തിരഹിതമായ പെടാപ്പാടായേ കാണാനാവൂ. 

ഒരു വൈദികന്‍ കാഴ്ചക്കാരുടെ കയ്യടി നേടുംവിധത്തില്‍ നായകന്റെ കയ്യില്‍നിന്ന് അടി വാങ്ങുന്ന സീന്‍ ക്രിയേറ്റ് ചെയ്യുന്നതിനായി കഥയില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന പുതിയ വഴിത്തിരിവുകളിലൂടെയൊക്കെ തിരക്കഥാകൃത്ത് സഞ്ചരിക്കുന്നുണ്ട്. വാസ്തവത്തില്‍ കഥ ആരംഭിക്കുന്നത് ഒരു വൈദികനിലൂടെയും സഭാ നേതൃത്വത്തിലൂടെയുമൊക്കെ ആണെങ്കിലും, പിന്നീട് കഥാഗതിയില്‍ കാതലായ മാറ്റംസംഭവിച്ച് മറ്റൊരു വഴിക്കാണ് സിനിമ പോകുന്നത്. ആദ്യ സംഭവവും വൈദികന്റെ പുതിയ സ്ഥലത്തേക്കുള്ള വരവും അപ്രസക്തമാവുകയും ഒരു രാഷ്ട്രീയ പോരാട്ടമായി സിനിമ രണ്ടാം പകുതിയില്‍ മാറുകയും ചെയ്യുന്നുണ്ട്. എങ്കിലും, ഇതുവരെ കാണാത്ത രീതിയില്‍ വില്ലന്‍പരിവേഷത്തില്‍ ഒരു വൈദികന്‍ തല്ല് മേടിക്കുകയും കിണറ്റില്‍ താഴ്ത്തപ്പെടുകയും ചെയ്യുന്നത് കേരളം കാണണമെന്ന് പിന്നണിപ്രവര്‍ത്തകര്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നിരിക്കാന്‍ ഇടയുണ്ട്.    

പ്രത്യേക യുക്തിയും ആശയവും കഥയുമൊന്നും ആവശ്യമില്ലാത്ത മാസ് മൂവിയുടെ പട്ടികയില്‍ ഒന്നുകൂടി എഴുതിച്ചേര്‍ക്കപ്പെടുകയാണ്. ഒരു നായകന്‍ സൃഷ്ടിക്കപ്പെടണമെങ്കില്‍ ആരോ കരുതിക്കൂട്ടി സൃഷ്ടിച്ച പൊതുബോധങ്ങളുടെ പിന്നാലെ പോകണമെന്ന ക്‌ളീഷേ ഇനിയും തുടരുന്നതും അത്തരം സിനിമകള്‍ അര്‍ഹിക്കാത്ത വിജയം നേടുന്നതും മലയാളം നിനിമയുടെ ഈ വളര്‍ച്ചാ കാലഘട്ടത്തില്‍ അഭികാമ്യമല്ല. തല്‍പരകക്ഷികള്‍ സൃഷ്ടിച്ചെടുക്കുന്ന പൊതുബോധങ്ങള്‍ക്ക് അതീതമായി സത്യം കണ്ടെത്തി അവതരിപ്പിക്കാനും, നന്മയിലേക്കും തിരുത്തലുകളിലേയ്ക്കുമുള്ള കൈചൂണ്ടികളാകാനും തയ്യാറുള്ള ചലച്ചിത്ര പ്രവര്‍ത്തകരും നിര്‍മ്മാതാക്കളും പ്രോത്സാഹിപ്പിക്കപ്പെടട്ടെ.

Comments

leave a reply