വെറുപ്പിൽ വെളിച്ചമില്ല
വെറുപ്പ് പ്രചരിപ്പിക്കുന്നത് വളരെ വേഗം സഞ്ചരിക്കും. അന്യമത, അപരവിദ്വേഷം തല്ക്കാലം ജനപ്രിയമായി തോന്നും. അങ്ങനെ ചെയ്തവരും മഹായുദ്ധം തുടങ്ങിയവരും ചരിത്രത്തിലുണ്ട്. അവരെ കാലം നിർത്തിയിരിക്കുന്ന ഇടം എവിടെയാണ്? തെറ്റിനെതിരെ പ്രവാചക ധീരതയോടെ സ്വരമുയർത്തണം. പക്ഷെ, പ്രവാചകന്റെ മനസ്സും സ്വരവും ഉപയോഗിച്ചു വേണം അത് നിർവഹിക്കാൻ. മതം വെളിച്ചമാണ്. മതം മനുഷ്യനെ നിർമ്മിക്കണം. മനുഷ്യർ മതത്തെ നിർമ്മിക്കുകയല്ല ചെയ്യേണ്ടത്.നിർമ്മിക്കുക എന്ന് പറഞ്ഞാൽ മനുഷ്യ സ്വർത്ഥ മോഹങ്ങളുടെയും ആവേശങ്ങളുടെയും നിർമ്മാണം ആവരുത് എന്നർത്ഥം. അത് പഴയ നിയമത്തിലെ സ്വർണ വിഗ്രഹം നിർമ്മിച്ചത് പോലെ. മോശ മടങ്ങി വരാനുള്ള ക്ഷമ ഇല്ലാത്തവരുടെ മതമായിരുന്നു ആ നിർമ്മിതിയുടെ ആധാരം.
ആൾക്കൂട്ടമാണ് ആത്മീയത തീരുമാനിക്കുന്നതെങ്കിൽ ഫുട്ബോൾ സ്റ്റേഡിയം, ബെവ്‌കോ ഒക്കെ മത ഇടങ്ങളെക്കാൾ തിരക്ക് ഉള്ള ഇടങ്ങളാണ്. പക്ഷെ അവയുടെ ധർമ്മം മറ്റൊന്നാണ്. ആൾക്കൂട്ടമോ ആരവമോ സത്യത്തെ തിരിച്ചറിയാൻ സഹായിക്കില്ല. ക്രിസ്തുവിനെ, ഫ്രാൻസിസിനെ, മദർ തെരെസയെ, ഫ്രാൻസിസ് പാപ്പയെ മറന്നൊരു ആത്മീയത ക്രൈസ്തവമല്ല. എന്ന് മാത്രമല്ല ആത്മീയത, നന്മ ഇവയുടെ ഒരു വഴിയും വെറുപ്പിന്റെത് അല്ല. നമ്മൾ കളങ്ങൾ വരച്ച് ദൈവത്തെയും ആത്മീയതയെയും അതിനുള്ളിൽ ഒതുക്കി നിർത്താൻ ശ്രമിക്കുന്നതിലെ അപകടം എപ്പോഴാണ് മനസ്സിലാവുക. ദൈവത്തെയും നമ്മുടെ അതിരുകളിൽ ഒതുക്കാമെന്നാണോ?
ഒരു തീവ്രവാദവും നമ്മൾ വളർത്തരുത്. തീവ്രവാദം അതിൽ തന്നെ തെറ്റാണു. പരസ്പരം മാന്യമല്ലാത്ത വർത്തമാനം പങ്കുവെക്കുന്നതിൽ എന്ത് ആത്മീയത? അത്തരം പോസ്റ്റ് മറ്റുള്ളവർക്ക് പങ്കുവയ്ക്കുമ്പോൾ ലഭിക്കുന്ന മാനസിക സുഖം നമ്മുടെ ഉള്ളിലെ തിന്മയുടെ വിജയമാണ്. തെറ്റ് തിരുത്തി, ശരിയുടെ സ്വരം കേൾക്കാം. പരസ്പരം പോരാടിച്ചും ഏറ്റുമുട്ടിയും അവശേഷിക്കുന്നവന്റെ ആശയമല്ലല്ലോ സത്യം.
സാമൂഹ്യ മാധ്യമ പരിസരവും ആൾക്കൂട്ടമാണ്. തീവ്ര നിലപാടും സ്വരവും അതിവേഗം എഴുതി ചേർക്കുന്ന മത്സരം. എങ്കിലേ ശ്രദ്ധിക്കപ്പെടു എന്ന ഭയം. പക്ഷെ ഇവിടെ മറ്റു ചില ശക്തികളും ആൾക്കൂട്ടത്തെ അദൃശ്യമായി നിയന്ത്രിക്കാനുണ്ട്. അവയുടെ ലോജിക് മറ്റൊന്നാണ്. നാം അതിന്റെയും ഇരകളാണ്.ആൾകൂട്ടം, ഉച്ചത്തിലുള്ള സ്വരം, ഇതൊക്കെ വ്യാപാര ഇടത്തിലെ വിജയമാണ്. അതിനെ ശരിയെന്നോ സത്യമെന്നോ നമ്മൾ വിളിക്കാറില്ല. അങ്ങനെ ആയിരുന്നെകിൽ ഒരു മരക്കുരിശു അൾത്താരയിൽ ഉണ്ടാവുമായിരുന്നില്ല. വെളിച്ചത്തിലേക്കു നടക്കാം.
ഫാ. എബ്രഹാം ഇരിമ്പിനിക്കൽ
Comments