Foto

യുവജന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലിയോ പാപ്പ അസ്സീസിയിലേക്ക്

ഫ്രാൻസിസ് അസ്സീസിയുടെ എണ്ണൂറാം മരണവാർഷികത്തിൻ്റെ സ്മരണയ്ക്കിടെ, “ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിങ് 2026” എന്ന പേരില്‍ നടത്തുന്ന യുവജനസമ്മേളനത്തിൽ സംബന്ധിക്കാനായി ലിയോ പതിനാലാമൻ പാപ്പ വിശുദ്ധ ഫ്രാൻസിസിൻ്റെ ഓർമ്മകളുറങ്ങുന്ന അസ്സീസിയിലെത്തും. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള പതിനെട്ടിനും മുപ്പത്തിമൂന്നിനും ഇടയിൽ പ്രായമുള്ള യുവജനങ്ങളെ ലക്ഷ്യംവച്ചുള്ള അന്താരാഷ്ട്രസമ്മേളനമാണ് "ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിംഗ്". യുവജന സമ്മേളനത്തിൻ്റെ സമാപന ദിനമായ ഓഗസ്റ്റ് ആറാം തീയതി സാന്താ മരിയ ദെല്ലി ആഞ്ചെലി ബസിലിക്കയിലെത്തുന്ന പാപ്പ അവിടെ യുവജനങ്ങൾക്കൊപ്പം വിശുദ്ധ ബലിയർപ്പിക്കും.

ഹെലിപ്പാഡിൽനിന്ന് അടുത്തുള്ള സാന്താ മരിയ ദെല്ലി ആഞ്ചെലി ബസിലിക്കയിലേക്ക് കാറിൽ യാത്രയാകുന്ന പാപ്പയെ ബസലിക്കയോട് ചേർന്നുള്ള ആശ്രമത്തിൽ, വിവിധ ഫ്രാൻസിസ്ക്കൻ സമൂഹങ്ങളുടെ ജനറൽ മിനിസ്റ്റർമാരായ മാസ്സിമോ ഫുസരെല്ലി O.F.M, കാർലോസ് ആൽബെർത്തോ ത്രൊവരെല്ലി O.F.M. Conv, റൊബെർത്തോ ജെനുവീൻ O.F.M. Capp എന്നിവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് 8.45-ന് ബസലിക്കയുടെ മുന്നിലെ ചത്വരത്തിൽ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പാ, അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകും.

കൂടിക്കാഴ്ചയ്ക്ക് ശേഷം രാവിലെ 9.15-ന് ആശ്രമത്തിനുള്ളിലെത്തുന്ന പാപ്പ, അവിടെയുള്ള മെത്രാന്മാർ, ഫ്രാൻസിസ് അസ്സീസിയുടെ എണ്ണൂറാം ചരമവാർഷികവുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന പരിപാടികൾ സംഘടിപ്പിക്കുന്ന ദേശീയ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവരെ അഭിവാദ്യം ചെയ്യും. തുടര്‍ന്നു സാന്താ മരിയ ദെല്ലി ആഞ്ചെലി ബസിലിക്കയിൽ പാപ്പ വിശുദ്ധ ബലിയർപ്പിക്കും. ഫ്രാൻസിസ്കൻ യുവജനസമ്മേളനവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകൾക്കും വിശുദ്ധ ബലിയർപ്പണത്തിനും ശേഷം ഉച്ചയോടെ അസ്സീസിയിൽനിന്ന് ഹെലികോപ്റ്ററിൽ തിരികെ വത്തിക്കാനിലേക്ക് മടങ്ങും.

Comments

leave a reply

Related News