പ്രതിസന്ധികൾക്കു മുൻപിൽ വിശ്വാസത്തോടും ഉപവിയോടും കൂടി പ്രതികരിക്കുകയെന്ന് ലെയോ പതിനാലാമൻ പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ക്രിസ്തുമസിനു മുന്നോടിയായി റോം രൂപതയിലെ ഇടവകകളിൽ നടത്തുന്ന അഞ്ച് അജപാലന സന്ദർശനങ്ങളുടെ പരമ്പരയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് റോമിലെ സെന്റ് ആൻഡ്രിയ ഡെല്ലെ ഫ്രാത്തെ ഇടവക സന്ദർശിക്കുകയായിരുന്നു പാപ്പ.
രൂപതയുടെ അഞ്ച് അജപാലന മേഖലകളിൽ ഓരോന്നിലെയും ഒരു സമൂഹത്തെ വീതമാണ് പാപ്പ സന്ദർശിക്കുക. ഇടവക സംഘടനകളുമായി കൂടിക്കാഴ്ച നടത്താനും പ്രാദേശിക സമൂഹങ്ങളോടൊപ്പം ദിവ്യബലി അർപ്പിക്കാനും ഈ സന്ദർശനങ്ങൾ അവസരമൊരുക്കും.
അദ്ഭുത മെഡലിന്റെ മാതാവിന്റെ തിരുനാൾ ദിനത്തിൽ അർപ്പിച്ച ദിവ്യബലിയിൽ, കാനായിലെ കല്യാണവിരുന്നിനെക്കുറിച്ച് പാപ്പ ധ്യാനിച്ചു. മനുഷ്യന്റെ ആവശ്യങ്ങളോടുള്ള മറിയത്തിന്റെ കരുതലിനെയും, “അവൻ നിങ്ങളോടു പറയുന്നത് ചെയ്യുവിൻ” (യോഹ. 2:5) എന്ന അവളുടെ വാക്കുകളെയും അദ്ദേഹം എടുത്തുപറഞ്ഞു. തന്റെ സന്ദർശനത്തെ ഒരു തീർഥാടനമായി വിശേഷിപ്പിച്ച പാപ്പ, മനുഷ്യന്റെ അന്തസ്സിനെ ഹനിക്കുന്ന യുദ്ധങ്ങളും അന്യായമായ അസമത്വങ്ങളും നിറഞ്ഞ മനുഷ്യചരിത്രത്തിലെ പ്രയാസകരമായ ഈ ഘട്ടത്തിൽ മറിയത്തിന്റെ മാധ്യസ്ഥ്യം യാചിക്കാനാണ് താൻ വന്നിരിക്കുന്നതെന്ന് പറഞ്ഞു.
സമാധാനമില്ലായ്മ, ഭാവി കെട്ടിപ്പടുക്കാൻ പാടുപെടുന്ന യുവാക്കൾ, ആശയവിനിമയം തകർന്ന കുടുംബങ്ങൾ, നഗരങ്ങളിലെ ഏകാന്തത എന്നിവയുൾപ്പെടെ ഇന്ന് സമൂഹം നേരിടുന്ന വിവിധ വെല്ലുവിളികളെ പാപ്പ ചൂണ്ടിക്കാട്ടി. അതേസമയം, കാഴ്ചപ്പാടുകളിൽ മാറ്റം വരുത്താനും പാപ്പ ആഹ്വാനം ചെയ്തു. ജനങ്ങൾ ലോകത്തെയും ബന്ധങ്ങളെയും ചരിത്രത്തെയും മനസ്സിലാക്കുന്ന രീതിയെ രൂപാന്തരപ്പെടുത്താൻ വിശ്വാസത്തെ അനുവദിക്കുന്നതാണ് മാനസാന്തരമെന്ന് പാപ്പ പറഞ്ഞു.
റോം വികാരി കർദിനാൾ ബാൽഡോ റെയ്ന, ബിഷപ്പ് റെനാറ്റോ താരന്റല്ലി ബക്കാരി, ഇടവക വികാരി ഫാ. ജിയാക്കോമോ ഡി ഓർട്ട എന്നിവർ ചേർന്ന് പാപ്പയെ സ്വീകരിച്ചു. ദിവ്യബലിക്കു മുൻപ് പാപ്പ അദ്ഭുത മെഡലിന്റെ മാതാവിന് പുഷ്പാർച്ചന നടത്തുകയും ഇടവകയിലെ വിവിധ സംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.










Comments