Foto

2027-ലെ വലിയ നോമ്പുകാല സന്ദേശത്തിന്റെ പ്രമേയം പ്രഖ്യാപിച്ച് ലെയോ പാപ്പ

2027-ലെ വലിയ നോമ്പുകാല സന്ദേശത്തിനുള്ള പ്രമേയം ലെയോ പതിനാലാമൻ പാപ്പ തിരഞ്ഞെടുത്തു. ‘നമുക്ക് ബലഹീനതയെ ആശ്ലേഷിക്കാം’ എന്നതാണ് പ്രമേയം. ‘നിനക്കു എന്റെ കൃപ മതി ; എന്തെന്നാൽ ബലഹീനതയിലാണ് എന്റെ ശക്തി പൂർണ്ണമായി പ്രകടമാകുന്നത്’ എന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ കൊറിന്തോസുകാർക്കുള്ള രണ്ടാം ലേഖനത്തിലെ വചനവും പാപ്പയുടെ ‘മാഗ്നിഫിക്ക ഹ്യൂമാനിത്താസ്’ എന്ന ചാക്രികലേഖനത്തിലെ 118 മുതൽ 126 വരെയുള്ള ഖണ്ഡികകളുമാണ് ഈ പ്രമേയത്തിന് ആധാരം.

നവംബർ 27 ​വെള്ളിയാഴ്ച സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയാണ് ഈ പ്രമേയം ഔദ്യോഗികമായി പുറത്തുവിട്ടത്. ​മനുഷ്യന്റെ പരിമിതികളെ മറികടക്കാനും എല്ലാത്തരം അനിശ്ചിതത്വങ്ങളെയും ഇല്ലാതാക്കാനും ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ സൃഷ്ടികളെന്ന നിലയിലുള്ള നമ്മുടെ പരിമിതികളെ തിരിച്ചറിഞ്ഞുകൊണ്ട് മാനസാന്തരത്തിന്റെ പാതയിലേക്ക് പ്രവേശിക്കാനുള്ള അവസരമാണ് വലിയ നോമ്പ് നൽകുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു.

പരിമിതികളെ അംഗീകരിക്കുകയെന്നാൽ നിരാശപ്പെട്ട് പിന്മാറുകയല്ല. മറിച്ച്, നമ്മുടെ മനുഷ്യത്വത്തെ സംരക്ഷിക്കുകയും ദൈവകൃപയ്ക്കായി നമ്മെത്തന്നെ തുറന്നുകൊടുക്കുകയുമാണ്. ​അതിരുകളില്ലാതെ സ്വയം പുനർനിർമ്മിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യരാശിയുടെ മിഥ്യാധാരണകൾക്ക് ഒരു ബദൽ മുന്നോട്ടുവയ്ക്കാനാണ് ‘മാഗ്നിഫിക്ക ഹ്യൂമാനിത്താസ്’ എന്ന ചാക്രികലേഖനത്തിന്റെ വെളിച്ചത്തിൽ ഈ നോമ്പുകാല സന്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്.

Comments

leave a reply

Related News