സന്ന്യാസ സമൂഹങ്ങൾ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ഇടങ്ങളായി മാറണമെന്നും, സേവനത്തിലൂടെയും ഉപവിയിലൂടെയും നേതൃത്വം നൽകാൻ സമർപ്പിതർ മുന്നോട്ട് വരണമെന്നും ലെയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാനിലെ സിനഡ് ഹാളിൽ, ലോകമെമ്പാടുമുള്ള സന്ന്യസ്ത സഭകളുടെ സുപ്പീരിയർ ജനറൽമാരുടെ സംയുക്ത സമ്മേളനത്തിൽ പങ്കെടുത്തവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
നവംബർ 25 മുതൽ 27 വരെ സാക്രോഫാനോയിലെ ഫ്രറ്റേണ ഡോമസിലാണ് സമ്മേളനം നടക്കുന്നത്. പ്രാരംഭ പ്രഭാഷണത്തിൽ, സമ്മേളനത്തിൽ പങ്കെടുത്തവർക്കും അവരുടെ സമൂഹങ്ങൾക്കും നന്ദി പറഞ്ഞ ലെയോ പാപ്പ, സഭയ്ക്ക് സമർപ്പിത ജീവിതം അനിവാര്യമാണ് എന്ന് ചൂണ്ടിക്കാട്ടി.
“നമ്മളെല്ലാവരും ആഗ്രഹിക്കുന്ന, ആയുധങ്ങൾ ആവശ്യമില്ലാത്തതും സൈന്യങ്ങളെയും ഹൃദയങ്ങളെയും നിരായുധീകരിക്കാൻ കഴിവുള്ളതുമായ സമാധാനം ക്രിസ്തുവിന്റെ സമാധാനമാണ്; അത് ദൈവത്തിന്റെ ദാനവുമാണ്” – പാപ്പ വ്യക്തമാക്കി. സുവിശേഷ ഉപദേശങ്ങളുടെ വ്രതവാഗ്ദാനത്തിലൂടെ ദൈവവിളിക്ക് ഓരോ വ്യക്തിയും നൽകുന്ന ദൈനംദിന പ്രത്യുത്തരത്തിൽ നിന്നാണ് സുവിശേഷത്തിന്റെ ഈ സമാധാനപരമായ വിപ്ലവം ആരംഭിക്കുന്നതെന്ന് പാപ്പ വിശദീകരിച്ചു. ഇത് സന്ന്യസ്ത സമൂഹങ്ങൾക്കുള്ളിലും സഭയിലും സമൂഹത്തിലുമുള്ള ബന്ധങ്ങളെ രൂപപ്പെടുത്തുന്നുവെന്നും പാപ്പ കൂട്ടിച്ചേർത്തു.
സന്ന്യസ്ത സഭകൾക്കുള്ളിലെ ഭിന്നതകളെയും പ്രതിസന്ധികളെയും അഭിസംബോധന ചെയ്തുകൊണ്ട്, അധികാരം കയ്യാളുന്നതിലല്ല, മറിച്ച് ഉപവിയിലൂടെ സേവിക്കുന്നതിലാണ് മേലധികാരികൾ സന്തോഷം കണ്ടെത്തേണ്ടതെന്ന വിശുദ്ധ അഗസ്റ്റിന്റെ പ്രബോധനം പാപ്പ ഓർമിപ്പിച്ചു. പ്രാർഥനയുടെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പ, മേലധികാരികളെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം പ്രഥമവും പ്രധാനവുമായി കർത്താവിന്റേതാണെന്നും പറഞ്ഞു.










Comments