Foto

ഭൂമിക്കപ്പുറം ജീവനുണ്ടോ

ജൂലൈ 2:ലോക പറക്കും തളിക ദിനം  

ടോണി ചിറ്റിലപ്പിള്ളി

അന്യഗ്രഹജീവികള്‍ ഉണ്ടോ?ഭൂമിയിലെ മനുഷ്യനേക്കാള്‍ ബുദ്ധിമാന്‍മാരായ അന്യഗ്രഹ ജീവികള്‍  ഉണ്ടെങ്കില്‍,എന്തുകൊണ്ടാണ് നാം  അവരില്‍ നിന്ന് ഇതുവരെ ഒന്നും കേള്‍ക്കാത്തത്? ഇത് എണ്ണമറ്റ സിനിമകളും ടിവി സീരീസുകളും പുസ്തകങ്ങള്‍, പോഡ്കാസ്റ്റുകള്‍, കലാസൃഷ്ടികള്‍, മറ്റു ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍  തുടങ്ങിയവയും ചോദിച്ച ഒരു ചോദ്യമാണ്.എല്ലാ വര്‍ഷവും ജൂലൈ രണ്ടാം തീയ്യതി ലോക യുഎഫ്ഒ ദിനം(പറന്നുനടക്കുന്ന അജ്ഞാതവസ്തുക്കള്‍ക്കായുള്ള ദിനം) ആഘോഷിക്കുന്നു.ചിലര്‍ ജൂണ്‍ 24 നാണിത് ആഘോഷിക്കുന്നത്.അജ്ഞാതമായ പറക്കുന്ന അന്യ ജീവികള്‍ക്കായി മനുഷ്യര്‍  ഒത്തുചേരുന്ന  ഒരു അവബോധ ദിനമാണിത്.അന്യഗ്രഹ ജീവികള്‍ക്കായുള്ള ശാസ്ത്രീയ തിരയല്‍ നേരിട്ടും അല്ലാതെയും നടക്കുന്നു. 2017 സെപ്റ്റംബര്‍ വരെ, 2,747 കമ്പ്യൂട്ടറുകളിലായി 3,667 എക്‌സോപ്ലാനറ്റുകളെ (സൂര്യനെയല്ലാതെ മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹം) തിരിച്ചറിഞ്ഞിട്ടുണ്ട്.2021 ഫെബ്രുവരി 8 ലെ കണക്കുപ്രകാരം, ശുക്രനിലും (ഫോസ്‌ഫൈന്‍ വഴി) ചൊവ്വയിലും (മീഥെയ്ന്‍ വഴി) ജീവജാലങ്ങള്‍ കണ്ടെത്താനാകുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.നമ്മുടെ ക്ഷീരപഥത്തില്‍ കുറഞ്ഞത് 36 തരം സജീവവും ബുദ്ധിപരവുമായ നാഗരികതകളുണ്ടാകാമെന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കിയിട്ടുണ്ടെന്ന് 'ദി ആസ്‌ട്രോഫിസിക്കല്‍ ജേണലി'ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.എന്നാല്‍ പ്രപഞ്ചത്തില്‍ നമ്മള്‍ യഥാര്‍ത്ഥത്തില്‍ ഒറ്റയ്ക്കാണോ അല്ലയോ എന്ന ചോദ്യത്തിന് ഇതുവരെ നമുക്ക് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.ലോകമെമ്പാടും ധാരാളം പറന്നുനടക്കുന്ന അജ്ഞാതവസ്തു കാഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.നിര്‍ഭാഗ്യവശാല്‍, ഈ അജ്ഞാത പറക്കുന്ന വസ്തുക്കള്‍ കണ്ടതായി എത്രപേര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, ഈ അന്യഗ്രഹ ജീവികളുടെ നിലനില്‍പ്പ് ഒരു രഹസ്യമായി തുടരുന്നു.വളരെക്കാലമായി അന്യഗ്രഹ ജീവികളുടെ വരവ്  മനുഷ്യരെ ഇപ്പോഴും ആകര്‍ഷിച്ചുക്കൊണ്ടിരിക്കുന്നു. ഭൂമിക്കപ്പുറത്തുള്ള ജീവിതം തേടുന്ന പദ്ധതികള്‍ക്ക് ധനസഹായം നല്‍കാന്‍ തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് അന്യഗ്രഹജീവികളെ കണ്ടെത്താന്‍ ആഗ്രഹിക്കുന്ന നിരവധി പേര്‍ മുന്നോട്ടു വരുന്നുണ്ട്.കുറഞ്ഞത് 10 വര്‍ഷത്തിനുള്ളില്‍ അന്യഗ്രഹജീവികളെ അന്വേഷിക്കുന്നതിനായി 'ബ്രേക്ക്ത്രൂ ഇനിഷ്യേറ്റീവ്‌സ്' 2015 ല്‍ സ്ഥാപിതമായ ഒരു ശാസ്ത്ര  അധിഷ്ഠിത ഗവേഷണ പദ്ധതിയാണ്.അന്യഗ്രഹ ജീവന്‍ തേടി ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസിലേക്ക് ഒരു ദൗത്യസംഘത്തെ അയയ്ക്കാന്‍ ബ്രേക്ക്ത്രൂ പദ്ധതിയിടുന്നു.
നമ്മുടെ ഇത്തരം മോഹങ്ങള്‍  നമ്മുടെ സംസ്‌കാരത്തെയും വളരെയധികം പ്രതിഫലിപ്പിക്കുന്നു.നാം നിര്‍മ്മിച്ച സിനിമകള്‍, എഴുതിയ പുസ്തകങ്ങള്‍,പാടിയ പാട്ടുകള്‍ എന്നിവപോലും അന്യഗ്രഹജീവികളെ കേന്ദ്ര കഥാപാത്രങ്ങളായും വിഷയങ്ങളായും ഉപയോഗിച്ചു.എക്കാലത്തേയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ റൂസോ സഹോദരന്മാരുടെ അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം ആണ്.അത് ജെയിംസ് കാമറൂണിന്റെ അവതാര്‍ എന്ന സിനിമയെപോലും മറികടന്നു.ഈ രണ്ട് സിനിമകളും ഒരു യാഥാര്‍ത്ഥ്യത്തെ മാത്രം ചിത്രീകരിക്കുന്നു.അത്  അന്യഗ്രഹ ജീവികളാണ് എന്നതാണ് രസകരം.
നിഗൂഢമായ ലൈറ്റുകള്‍,പൈശാചികരീതിയിലുള്ള തളികകള്‍,അന്യഗ്രഹജീവികള്‍ നടത്തുന്ന  തട്ടിക്കൊണ്ടുപോകല്‍ ....ഇങ്ങനെ1947 നും 1969 നും ഇടയില്‍, ശീതയുദ്ധത്തിന്റെ ഉന്നതിയില്‍, 12,000 ത്തില്‍ പരം അധികം പറന്നുനടക്കുന്ന അജ്ഞാതവസ്തു കാഴ്ചകള്‍ ലോകത്ത് റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.തിരിച്ചറിയാന്‍ കഴിയാത്ത ഇത്തരം ഏതെങ്കിലും ആകാശ പ്രതിഭാസത്തെയാണ് അപരിചിതമായ പറക്കും വസ്തുക്കള്‍ അഥവ അജ്ഞാതമായ പറക്കും ഉപകരണങ്ങള്‍ ( യുഎഫ്ഒ ) എന്ന് നാം പറയുന്നത്.140 ഓളം യു എഫ് ഒ (പറക്കും തളികകള്‍)കള്‍  അന്തരീക്ഷ പ്രതിഭാസമാണോ അന്യഗ്രജീവികളാണോ എന്ന് നിര്‍ണയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഉന്നത അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.പ്രപഞ്ചത്തില്‍ വേറൊരു ജീവന്‍ ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താനുള്ള മനുഷ്യന്റെ അന്വേഷണത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൗതുകകരമായ ഒരു വശമാണ്.അമേരിക്കന്‍ ഡയറക്റ്ററേറ്റ് ഓഫ് നാഷണല്‍ ഇന്റലിജന്‍സ്  പുറത്തു വിട്ട റിപ്പോര്‍ട്ടില്‍,ഈ അന്യഗ്രഹ ജീവീകാഴ്ചകളില്‍ ബഹുഭൂരിപക്ഷവും കണ്ടത് എന്താണെന്ന് അന്വേഷകര്‍ക്ക് ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല.പക്ഷേ അവര്‍ സാധ്യമായ അഞ്ച് വിശദീകരണങ്ങള്‍ നല്‍കുന്നു.കുട്ടകളോ,പക്ഷികളോ പോലുള്ള ചില രൂപങ്ങളുടെ കണ്ടെത്തല്‍,ഐസ് ക്രിസ്റ്റലുകള്‍ പോലുള്ള അന്തരീക്ഷ പ്രതിഭാസങ്ങള്‍,ഒരു വിദേശശക്തിയില്‍ നിന്നുള്ള നൂതന സാങ്കേതികവിദ്യകളുടെ പ്രത്യക്ഷപ്പെടല്‍,രഹസ്യ യുഎസ് ഗവണ്‍മെന്റ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൃത്രിമ ഗ്രഹങ്ങള്‍,അവസാനമായി ''മറ്റുള്ളവ'' എന്ന് നിര്‍വചിച്ചിരിക്കുന്ന ഒരു വിഭാഗത്തിന്റെ അസ്തിത്വം.എന്നാല്‍ അന്യഗ്രജീവികള്‍ ഭൂമിയിലേക്കു വന്നാല്‍ അവയ്ക്കു മുന്നില്‍ കീഴടങ്ങുകയല്ലാതെ മനുഷ്യനു മുന്നില്‍ വേറൊരു വഴിയുമുണ്ടാകില്ലെന്ന അന്തരിച്ച പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങിന്റെ നിഗമനം ശാസ്ത്രലോകത്ത് നേരത്തെ ചര്‍ച്ചയായിരുന്നു.ഭൂമിക്ക് പുറത്തും മനുഷ്യനെപ്പോലെയുള്ള ജീവികള്‍ ഉണ്ടാകാമെന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ, ശാസ്ത്രലോകം സമാഹരിച്ച തെളിവുകളുടെ വെളിച്ചത്തിലാണ് ഇത്തരമൊരു നിഗമനം. എന്നാല്‍, ഈ നിഗമനത്തെ ചുറ്റിപ്പറ്റി ശാസ്ത്രലോകത്തുതന്നെ പല അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്.അവയിലൊന്നാണ് പറക്കും തളികകള്‍.
അന്യഗ്രഹങ്ങളിലുള്ള ജീവികളുടെ വാഹനമാണ് പറക്കും തളികകള്‍ എന്ന് അറിയപ്പെടുന്നത്. ഭൂമിയില്‍നിന്ന് പലപ്പോഴും അതിനെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവയുടെതെന്ന് കരുതുന്ന പല ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെടാറുമുണ്ട്. എന്നാല്‍,അതിനൊന്നും കൃത്യമായ തെളിവ് ലഭിച്ചിട്ടില്ല.ശാസ്ത്ര സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ ഇതുവരെ അതൊന്നും തെളിയിക്കാനും സാധിച്ചിട്ടില്ല എന്നാണ് ഭൂരിഭാഗം ശാസ്ത്രജ്ഞരുടെയും അഭിപ്രായം.


 

Comments

leave a reply