ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം: സാമൂഹ്യഭ്രഷ്ടനായ കുഷ്ഠരോഗി, തന്നെ, തൻറെ അടുത്തുവരാൻ അനുവദിക്കുകയും തന്നെ തൊട്ടു സുഖമാക്കുകയും ചെയ്യുന്ന യേശുവിൽ ദർശിക്കുന്നത് ശിക്ഷ വിധിക്കുന്ന ദൈവത്തെയല്ല കരുണാവാരിധിയും സ്നേഹസമ്പന്നനുമായ ദൈവപിതാവിനെയാണ് .
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഈ ഞായറാഴ്ചയും (14/02/21) ഫ്രാൻസീസ് പാപ്പാ വിശ്വാസികളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെയാണ് മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചത്. കോവിദ് 19 മഹാമാരിയുടെ ആരംഭഘട്ടത്തിനു മുമ്പ് ത്രികാലപ്രാർത്ഥനയ്ക്ക്, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ, സമ്മേളിച്ചിരുന്നവരുടെ സംഖ്യയെ അപേക്ഷിച്ച് കുറവാണ് ഇപ്പോൾ എത്തുന്നവരുടെ എണ്ണം. എന്നിരുന്നാലും ഈ ദിവസങ്ങളിൽ അതിശക്തമായിരിക്കുന്ന തണുപ്പിനെ അവഗണിച്ച് നിരവധിപ്പേർ ചത്വരത്തിൽ സന്നിഹിതരായിരുന്നു. പതിവുപോലെ റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയോടെ ഫ്രാൻസീസ് പാപ്പാ, പേപ്പൽ ഭവനത്തിലെ ജാലകത്തിങ്കൽ നിന്നുകൊണ്ട് ത്രികാലപ്രാർത്ഥന നയിച്ചു. പ്രാർത്ഥനയ്ക്കു മുമ്പ് പാപ്പാ, സാധാരണ ചെയ്യാറുള്ളതുപോലെ, ഇറ്റാലിയൻ ഭാഷയിൽ, ഒരു വിചിന്തനം നടത്തി. ഈ ഞായറാഴ്ച (14/02/21) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം 1,40-45 വരെയുള്ള വാക്യങ്ങൾ, അതായത്, യേശു കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്ന അത്ഭുത സംഭവവിവരണം ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിനവലംബം.
കുഷ്ഠരോഗിയോടു അനുകമ്പകാട്ടുന്ന യേശു
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!
അർക്കാംശുക്കളാൽ മനോഹരമായ ചത്വരം! മനോജ്ഞമായിരിക്കുന്നു!
ഇന്നത്തെ സുവിശേഷം (മർക്കോസ് 1,40-45) യേശുവും കുഷ്ഠരോഗമുള്ള ഒരു മനുഷ്യനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് അവതരിപ്പിക്കുന്നത്. കുഷ്ഠരോഗികളെ അശുദ്ധരായി കണക്കാക്കിയിരുന്നു. അവർ ജനവാസകേന്ദ്രങ്ങളിൽ നിന്ന് മാറി പുറത്തു വസിക്കണമെന്നായിരുന്നു നിയമം. മനുഷിക, സാമൂഹിക, മതപരങ്ങളായ എല്ലാ ബന്ധങ്ങളും അവർക്ക് നിഷേധിക്കപ്പെട്ടിരുന്നു. ഉദാഹരണത്തിന്, അവർ സിനഗോഗിൽ പ്രവേശിക്കാൻ പാടില്ലായിരുന്നു, മതപരമായകാര്യങ്ങൾക്കു പോലും ദേവാലയത്തിൽ പ്രവേശിക്കാൻ അവർക്ക് അനുവാദമുണ്ടായിരുന്നില്ല. യേശുവാകട്ടെ, നേരെമറിച്ച്, ആ കുഷ്ഠരോഗിയെ തൻറെ അടുത്തുവരാൻ അനുവദിക്കുന്നു, കരുണതോന്നിയ അവിടന്ന്, കൈ നീട്ടി അവനെ സ്പർശിക്കുന്നു. അക്കാലത്ത് ഇത് അചിന്തനീയമായിരുന്നു. അങ്ങനെ, യേശു താൻ പ്രഖ്യാപിക്കുന്ന സുവിശേഷത്തിന് സാക്ഷാത്ക്കാരമേകുന്നു: ദൈവം നമ്മുടെ ജീവിതത്തോട് ചേർന്നു നില്ക്കുകയും, മുറിവേറ്റ മനുഷ്യരാശിയുടെ ഭാഗധേയത്തിൽ അനുകമ്പ കാണിക്കുകയും ചെയുന്നു. അവിടന്നുമായും മറ്റുള്ളവരുമായും നമ്മോടുതന്നെയും ബന്ധം പുലർത്തുന്നതിനുള്ള എല്ലാ തടസ്സങ്ങളും തകർക്കാൻ അവിടന്ന് വരുന്നു.
രണ്ടു ലംഘനങ്ങളും യേശുവിൻറെ സാമീപ്യവും
അവിടന്ന് നമുക്കു സമീപസ്ഥനായി...... സാമീപ്യം. അടുപ്പം എന്ന ഈ വാക്ക് നിങ്ങൾ നല്ലവണ്ണം ഓർത്തു വയ്ക്കുക. കാരുണ്യം: സുവിശേഷം പറയുന്നു, കുഷ്ഠരോഗിയെ കണ്ടപ്പോൾ യേശുവിന് അവനോട് അനുകമ്പ തോന്നി എന്ന്. ആർദ്രത കാട്ടുന്നു. ദൈവത്തിൻറെ ശൈലിയെ സൂചിപ്പിക്കുന്ന മൂന്ന് വാക്കുകൾ ഇവയാണ്: സാമീപ്യം, അനുകമ്പ, ആർദ്രത. ഈ സംഭവത്തിൽ നാം രണ്ട് "ലംഘനങ്ങൾ" കാണുന്നു: യേശുവിനെ സമീപിക്കുന്ന കുഷ്ഠരോഗിയുടെ ലംഘനം – അവൻ അത് ചെയ്യാൻ പാടില്ലാത്തതായിരുന്നു, കഴിഞ്ഞില്ല – അനുകമ്പ തോന്നിയ യേശു അവനെ സുഖപ്പെടുത്തുന്നതിന് ആർദ്രതയോടെ അവനെ സ്പർശിക്കുന്നു – യേശു അത് ചെയ്യാൻ പാടില്ലാത്തതായിരുന്നു. ഇരുവരും ധ്വംസകരാണ്. രണ്ട് ലംഘനങ്ങളാണ് നടക്കുന്നത്.
കുഷ്ഠരോഗി സാമൂഹ്യ ഭ്രഷ്ട് ലംഘിക്കുന്നു
ആദ്യത്തെ ലംഘനം കുഷ്ഠരോഗിയുടേതാണ്: നിയമാനുശാസനങ്ങൾ ഉണ്ടായിരുന്നിട്ടും കുഷ്ഠരോഗി ഏകാന്തവാസം വിട്ട് യേശുവിൻറെ അടുത്തേക്കു വരുന്നു. അവൻറെ രോഗം ഒരു ദൈവിക ശിക്ഷയായി കണക്കാക്കപ്പെട്ടിരുന്നു, എന്നാൽ യേശുവിൽ അവന് ദൈവത്തിൻറെ മറ്റൊരു മുഖം കാണാൻ കഴിയുന്നു: ശിക്ഷിക്കുന്ന ദൈവത്തെയല്ല അവൻ ദർശിക്കുന്നത്, പിന്നെയോ, നമ്മെ പാപവിമുക്തരാക്കുന്നവനും തൻറെ കാരുണ്യത്തിൽ നിന്ന് നമ്മെ ഒരിക്കലും ഒഴിവാക്കാത്തവനുമായ അനുകമ്പയും സ്നേഹവുമുള്ള പിതാവിനെയാണ്. അങ്ങനെ ആ മനുഷ്യന് ഒറ്റപ്പെടലിൽ നിന്ന് പുറത്തുവരാൻ കഴിയുന്നു, കാരണം, തൻറെ വേദന പങ്കിടുന്ന ദൈവത്തെ അവൻ യേശുവിൽ കാണുന്നു. യേശുവിൻറെ മനോഭാവം അവനെ ആകർഷിക്കുന്നു, തന്നിൽ നിന്നുതന്നെ പുറത്തുകടക്കാനും തൻറെ വേദനാജനകമായ ചരിത്രം അവിടത്തേക്കു സമർപ്പിക്കാനും അവനെ പ്രേരിപ്പിക്കുന്നു.
അനുകമ്പയുള്ള കുമ്പസാരക്കാർ
ഈ മനോഭാവമുള്ള അനേകം നല്ല കുമ്പസാരക്കാരായ പുരോഹിതരെ ഇത്തരുണത്തിൽ ഞാൻ ഓർക്കുകയാണ്: ആളുകളെ ആകർഷിക്കാൻ, തങ്ങൾ ഒന്നുമല്ല എന്നു തോന്നുന്നവരെ, തങ്ങളുടെ പാപങ്ങളാൽ നിലംപരിചായവരെ ആകർഷിക്കാൻ കഴിയുന്ന മനോഭാവമുള്ളവർ.... കൈയ്യിൽ ചാട്ടവാറുമായിട്ടല്ല, പ്രത്യുത, സ്വാഗതം ചെയ്യാനും ശ്രവിക്കാനും ദൈവം നല്ലവനാണ്, ദൈവം സദാ പൊറുക്കുന്നു, അവിടന്ന് മടുപ്പില്ലാതെ ക്ഷമിക്കുന്നു എന്നു പറയാനുമായി നില്ക്കുന്ന നല്ല കുമ്പസാരക്കാരാണ് അവർ. അനുകമ്പയുള്ള ഈ കുമ്പസാരക്കാരെ ഈ ചത്വരത്തിൽ നിന്ന് കരഘോഷത്തോടുകൂടി അഭിനന്ദിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുകയാണ്.
തൊട്ടുകൂടായ്മയെ തൊട്ടു നീക്കുന്ന യേശു
രണ്ടാമത്തെ ലംഘനം യേശുവിൻറേതാണ്: കുഷ്ഠരോഗികളെ തൊടുന്നത് നിയമം വിലക്കിയിരിക്കെ, അവിടന്ന് മനസ്സലിഞ്ഞ്, കൈ നീട്ടി അവനെ തൊട്ടുസുഖപ്പെടുത്തുന്നു. ചിലർ പറഞ്ഞേക്കാം: അവിടന്ന് പാപം ചെയ്തു, നിയമം വിലക്കുന്നതു അവിടന്നു ചെയ്തു, അവിടന്നു നിയമലംഘകനാണ് എന്ന്. ശരിയാണ് അവിടന്ന് ലംഘകനാണ്. അവിടന്ന് വാക്കുകളിൽ മാത്രം ഒതുങ്ങി നില്ക്കുന്നില്ല, മറിച്ച്, കുഷ്ഠരോഗിയെ സ്പർശിക്കുന്നു. സ്നേഹപൂർവ്വം തൊടുക എന്നത് ഒരു ബന്ധം സ്ഥാപിക്കുക, കൂട്ടായ്മയിലേക്ക് പ്രവേശിക്കുക, മറ്റൊരാളുടെ ജീവിതത്തിൽ, അവൻറെ മുറിവുകൾ പങ്കുവയ്ക്കത്തക്കവിധം ഇടപെടുക ആണ്. ഈ പ്രവർത്തിയിലൂടെ യേശു കാട്ടിത്തരുന്നത്, ദൈവം നിസ്സംഗനല്ല, “സുരക്ഷാ അകലം” പാലിക്കുന്നവനല്ല, മറിച്ച്, അനുകമ്പയോടെ അടുത്തേക്കുവരുകയും നമ്മുടെ ജീവിതത്തെ സുഖപ്പെടുത്തുന്നതിന് ആർദ്രതയോടുകൂടി തൊടുകയും ചെയ്യുന്നവനാണ് എന്നാണ്. സാമീപ്യവും അനുകമ്പയും ആർദ്രതയും ദൈവത്തിൻറെ ശൈലിയാണ്. ഇതാണ് ദൈവത്തിൻറെ ധ്വംസനം. ഈ അർത്ഥത്തിൽ അവിടന്ന് വലിയ ലംഘകനാണ്.
ഇന്നും കുഷ്ഠരോഗവും ഇതര രോഗങ്ങളും ഉയർത്തുന്ന വെല്ലുവിളികൾ
സഹോദരീസഹോദരന്മാരേ, ഇന്നും ലോകത്ത് നമ്മുടെ സഹോദരങ്ങളിൽ പലരും കുഷ്ഠരോഗം അഥവാ ഹാൻസെൻ രോഗം മൂലം, അല്ലെങ്കിൽ സാമൂഹികമായ തെറ്റിദ്ധാരണകളുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റ് രോഗങ്ങളും അവസ്ഥകളും മൂലം കഷ്ടപ്പെടുന്നു. "ഇവൻ ഒരു പാപിയാണ്!" എന്ന മനോഭാവം പുലരുന്നു. ഒരു സ്ത്രീ വിരുന്നിൽ പ്രവേശിച്ച് യേശുവിൻറെ പാദങ്ങളിൽ സുഗന്ധതൈലം പൂശിയ ആ നിമിഷത്തെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ (ലൂക്കാ 7: 36-50). അപ്പോൾ ചിലർ പറഞ്ഞു: "ഇവൻ ഒരു പ്രവാചകനാണെങ്കിൽ തന്നെ സ്പർശിക്കുന്ന ഈ സ്ത്രീ ആരെന്നും ഏതുതരക്കാരിയെന്നും പാപിനിയാണെന്നും അറിയുമായിരുന്നു”. നിന്ദനമാണ് അവിടെ പ്രകടമാകുന്നത്. എന്നാൽ യേശുവാകട്ടെ അവളെ സ്വീകരിക്കുന്നു നന്ദി പറയുന്നു. യേശു സ്ത്രീയോട് അരുളിചെയ്തു "നിൻറെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു". അതാണ് യേശുവിൻറെ ആർദ്രത! . “ഇത് അശുദ്ധമാണ്, ഇവൻ പാപിയാണ്, ഇവൻ ഒരു ചതിയാനാണ് എന്നിങ്ങനെ നാം പറയാറുണ്ട്.…” അതെ, ചിലപ്പോൾ അത് ശരിയാകാം, പക്ഷേ, മുൻവിധിയരുത്. ദൈവത്തിൻറെയും മറ്റുള്ളവരുടെയും നേർക്ക് നമ്മെത്തന്നെ അടച്ചിടുന്ന മുറിവുകളുടെയും പരാജയങ്ങളുടെയും കഷ്ടപ്പാടുകളുടെയും സ്വാർത്ഥതയുടെയും അനുഭവത്തിലൂടെ നാമോരോരുത്തരും കടന്നുപോയിട്ടുണ്ടാകും. കാരണം പാപം നമ്മെ നമ്മിൽത്തന്നെ അടച്ചിടുന്നു. അതിനു കാരണം ലജ്ജയും അപമാനവും ആണ്. എന്നാൽ ദൈവം ഹൃദയം തുറക്കാൻ ആഗ്രഹിക്കുന്നു. ഇവയ്ക്കെല്ലാം മുൻപിൽ, യേശു നമ്മോടു പ്രഖ്യാപിക്കുന്നത്, ദൈവം അമൂർത്തമായ ആശയമോ സിദ്ധാന്തമോ അല്ല, മുറിവേറ്റ നമ്മുടെ മാനവികതയാൽ “മലിനീകൃതമാകു”ന്നവനും നമ്മുടെ മുറിവുകളുമായി സമ്പർക്കം പുലർത്താൻ ഭയമില്ലാത്തവനുമാണ് എന്നാണ്. “പക്ഷേ പിതാവേ, എന്താണ് ഈ പറയുന്നത്? ദൈവം മലിനപ്പെട്ടെന്നോ?. ഇത് ഞാൻ പറയുന്നതല്ല, വിശുദ്ധ പൗലോസ് പറഞ്ഞതാണ് : അവൻ തന്നെത്തന്നെ പാപിയാക്കി (2 കോറിന്തോസ് 5:21). പാപിയല്ലാത്തവൻ, പാപം ചെയ്യാൻ കഴിയാത്തവൻ തന്നെത്തന്നെ പാപിയാക്കി. നമ്മോട് അടുക്കാൻ, നമ്മോട് അനുകമ്പ കാണിക്കാൻ, അവിടത്തെ ആർദ്രത മനസ്സിലാക്കിത്തരാൻ ദൈവം തന്നെത്തന്നെ മലിനമാക്കിയതെങ്ങനെയെന്ന് കാണുക. സാമീപ്യം, അനുകമ്പ, ആർദ്രത.
നാം ചെയ്യുന്നതെന്ത്? ചെയ്യേണ്ടതെന്ത്?
യശസ്സിൻറെയും സാമൂഹിക ആചാരങ്ങളുടെയും മാനദണ്ഡങ്ങൾ മാനിക്കുന്നതിന് നമ്മൾ പലപ്പോഴും വേദനയെ നിശബ്ദമാക്കുകയോ അല്ലെങ്കിൽ അതിനെ മറച്ചുവെക്കുന്ന ആവരണമണിയുകയോ ചെയ്യുന്നു. നമ്മുടെ സ്വാർത്ഥതയുടെ കണക്കുകൂട്ടലുകളെയോ നമ്മുടെ ഭയപ്പാടുകളുടെ ആന്തരിക നിയമങ്ങളെയൊ തൃപ്തിപ്പെടുത്തുന്നതിന്, മറ്റുള്ളവരുടെ കഷ്ടപ്പാടുകളിൽ നാമധികം ഇടപെടുന്നില്ല. എന്നാൽ , നമുക്ക്, ഇന്നത്തെ സുവിശേഷത്തിലെ രണ്ട് "ലംഘനങ്ങൾ" ജീവിക്കാനുള്ള കൃപയ്ക്കായി കർത്താവിനോട് അപേക്ഷിക്കാം. നമ്മുടെ ഒറ്റപ്പെടലിൽ നിന്ന് പുറത്തുകടക്കുന്നതിനുള്ള ധൈര്യം ലഭിക്കുന്നതിന് പ്രചോദനമേകുന്നതാണ് കുഷ്ഠരോഗിയുടെ ലംഘനം. നമ്മോടുതന്നെ സഹതപിച്ചുകൊണ്ടോ നമ്മുടെ പരാജയങ്ങളെക്കുറിച്ചു വിലപിച്ചുകൊണ്ടോ നില്ക്കുന്നതിനു പകരം വിലപിക്കാതെ നമുക്ക് നാം ആയിരിക്കുന്ന രീതിയിൽ യേശുവിൻറെ പക്കലേക്കു പോകാം: “കർത്താവേ ഞാൻ ഇങ്ങനെയാണ്”. അപ്പോൾ നമുക്ക് യേശുവിൻറെ ആ ആലിംഗനം, മനോഹരമായ ആലിംഗനം അനുഭവപ്പെടും. പിന്നെ യേശുവിൻറെ ലംഘനം: അത് യാഥാസ്ഥികത്വത്തിനപ്പുറത്തേക്ക് പോകാനും മുൻവിധികളെയും അപരൻറെ ജീവിതത്തിൽ ഇടപെടാനുള്ള ഭയത്തെയും മറികടക്കാനും നമ്മെ പ്രേരിപ്പിക്കുന്ന സ്നേഹമാണ്. ഈ രണ്ടുപേരെയും പോലുള്ള, കുഷ്ഠരോഗിയെപ്പോലെയും യേശുവിനെപ്പോലെയും, “ലംഘകരായി” ജീവിക്കാൻ നമുക്കു പഠിക്കാം.
പരിശുദ്ധ മറിയത്തിൻറെ മാദ്ധ്യസ്ഥ്യം
ഇപ്പോൾ, കർത്താവിൻറെ മലാഖയെന്ന പ്രാർത്ഥനയിൽ നാം വിളിച്ചപേക്ഷിക്കുന്ന കന്യകാമറിയം ഈ യാത്രയിൽ നമുക്കു തുണയാകട്ടെ.
ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. ആശീർവ്വാദാനന്തരം പാപ്പാ കുടിയേറ്റക്കാർക്കുവേണ്ടി പ്രവർത്തിക്കുന്നവരെ അനുസ്മരിക്കുകയും അവർക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
കുടിയേറ്റക്കാരോടുള്ള കരുതൽ
വെനെസ്വേലക്കാരായ കുടിയേറ്റക്കാരെ സ്വീകരിക്കുകയും അവർക്ക് സംരക്ഷണം ഉറപ്പാക്കുകയും സാമൂഹജീവിതത്തിൽ ഉൾച്ചേർക്കുകയും ചെയ്യുന്നതിന് കൊളംബിയയുടെ അധികാരികൾ താല്ക്കാലിക സംരക്ഷണ നിയമം നടപ്പാക്കാൻ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നതിൽ അന്നാട്ടിലെ മെത്രാന്മാരോടൊപ്പം താനും ചേരുന്നുവെന്നും പാപ്പാ പറഞ്ഞു.
അതിസമ്പന്നമായ ഒരു നാടല്ല, മറിച്ച്, വികസനം, ദാരിദ്ര്യം, സമാധാനം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളുള്ളതും, 7 പതിറ്റാണ്ടായി സംഘർഷവേദിയുമായ ഒരു നാടാണ് കുടിയേറ്റക്കാരുടെ കാര്യത്തിൽ ഈ നിലപാടു സ്വീകരിച്ചിരിക്കുന്നതെന്ന് പാപ്പാ ശ്ലാഘിക്കുകയും ചെയ്തു.
വിശുദ്ധരായ സിറിലും മെത്തോഡിയൂസും
സ്ലാവ് ജനതയെ സുവിശേഷം അറിയിച്ച, സിറിൽ, മെത്തോഡിയൂസ് എന്നീ വിശുദ്ധരുടെ ഓർമ്മത്തിരുന്നാൾ, അനുവർഷം ഫെബ്രുവരി 14-ന് ആചരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ ഇവരെ യൂറോപ്പിൻറെ സഹസ്വർഗ്ഗീയ മദ്ധ്യസ്ഥരായി പ്രഖ്യാപിച്ചത് അനുസ്മരിച്ചു.
സുവിശേഷ പ്രഘോഷണത്തിനുള്ള നൂതന വഴികൾ കണ്ടെത്താൻ ഈ വിശുദ്ധരുടെ മാദ്ധ്യസ്ഥ്യം വഴി സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. വൈവിധ്യങ്ങളോടുള്ള ആദരവിൽ പൂർണ്ണ ഐക്യത്തിലേക്കുള്ള യാത്രതുടരാനുള്ള അഭിലാഷം ക്രൈസ്തവസഭകളിൽ വർദ്ധമാനമാകുന്നതിനു വേണ്ടി പാപ്പാ ഈ വിശുദ്ധരുടെ മാദ്ധ്യസ്ഥ്യം പ്രാർത്ഥിച്ചു.
വിശുദ്ധ വലെൻറയിൻ
ഫെബ്രുവരി 14 വിശുദ്ധ വലൻറെയിൻറെ തിരുന്നാൾ ദിനമാണെന്നതും അനുസ്മരിച്ച പാപ്പാ, വിവാഹ നിശ്ചയം കഴിഞ്ഞവരെയും പ്രണയിതാക്കളെയും പ്രത്യേകം ഓർക്കുകയും അവർക്ക് തൻറെ പ്രാർത്ഥനയും ആശീർവ്വാദവും ഉറപ്പു നല്കുകയും ചെയ്തു.
പ്രത്യാശയുടെ പൊരുളേകുന്ന തപസ്സുകാലം
പാശ്ചാത്യസഭയിൽ അടുത്ത ബുധനാഴ്ച (17/02/21) നോമ്പുകാലം ആരംഭിക്കുന്നതിനെക്കുറിച്ചും പരാമർശിച്ച പാപ്പാ നാം അനുഭവിക്കുന്ന പ്രതിസന്ധിക്ക് വിശ്വാസത്തിൻറെയും പ്രത്യാശയുടെയും ഒരു അർത്ഥം നൽകുന്നതിനുള്ള അനുകൂല സമയമാണിതെന്ന് പറഞ്ഞു.
Comments