ഇന്ത്യയുടെ അധീനതയിലുള്ള സമുദ്രത്തിലും തീരങ്ങളിലും സമൃദ്ധമായുണ്ടെന്നു കണക്കാക്കപ്പെടുന്ന ധാതുവിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ ഓഫ് ഷോര്‍ ഏരിയ മിനറല്‍ (ഡെവലപ്മെന്‍റ് ആന്‍ഡ് റെഗുലേഷന്‍) ആക്റ്റ് 2002 ല്‍ നടത്തുവാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഭേദഗതികള്‍ പിന്‍വലിക്കണമെന്ന് കെആര്‍എല്‍സിസിയുടെ ആഭിമഖ്യത്തിലുള്ള കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്‍റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) ആവശ്യപ്പെട്ടു.
ഈ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ സമുദ്രത്തിന്‍റെയും തീരങ്ങളുടെയും പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ഗുരുതരമായി ബാധിക്കും. ഖനന പ്രവര്‍ത്തനങ്ങള്‍ ആവാസവ്യവസ്ഥയുടെയും തീരപ്രദേശങ്ങളുടെ നാശത്തിന് കാരണമാവുകയും മത്സ്യസമ്പത്തിന്‍റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് ഇന്ത്യയിലെ മത്സ്യസമ്പത്തിന്‍റെ സുസ്ഥിര ഉല്‍പാദനത്തിന്‍റെ സാധ്യതകളെയും ദോഷകരമായി ബാധിക്കും. പല ശാസ്ത്രജ്ഞരും സമുദ്ര വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നതുപോലെ, കടലിലെ ദീര്‍ഘകാല ഖനനം സമുദ്ര പരിസ്ഥിതിയെ എന്നെന്നേക്കുമായി നശിപ്പിക്കും. തീരദേശത്തെ പരമ്പരാഗത നിവാസികളായ രണ്ട് കോടിയോളം മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഉപജീവനത്തെ ഇത് ബാധിക്കും. ഉപജീവനത്തിനായി സമുദ്ര പരിസ്ഥിതിയെ ആശ്രയിക്കുന്ന, തീരത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഭാവി കണക്കിലെടുക്കാത്തത് ഖേദകരമാണെന്ന് ڇകടല്‍ڈ സംഘടിപ്പിച്ച യോഗം വിലയിരുത്തി.
ചെയര്‍മാന്‍ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, കടൽ ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ്, ഡയറക്ടര്‍ ഡോ. സാബാസ് ഇഗ്നേഷ്യസ്, സെക്രട്ടറി ജോണ്‍ ബ്രിട്ടോ, ആലപ്പുഴ രൂപത വികാരി ജനറല്‍ മോണ്‍. ജോയി പുത്തന്‍വീട്ടില്‍, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി ബിജു ജോസി, ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ത്യയുടെ അധീനതയിലുള്ള സമുദ്രത്തിലും തീരങ്ങളിലും 79 ദശലക്ഷം ടണ്‍ ധാതു വിഭവങ്ങളും 1,53,996 ദശലക്ഷം ടണ്‍ ചുണ്ണാമ്പ് ചെളിയും 745 ദശലക്ഷം ടണ്‍ നിര്‍മ്മാണ മണലും ഉണ്ടെന്നാണ് വിലയിരുത്തിയിട്ടുള്ളത്. ഈ ധാതുവിഭവങ്ങള്‍ ഖനനം ചെയ്തെടുക്കുകയും പൊതു-സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും സ്വകാര്യ മേഖല വാഗ്ദാനം ചെയ്യുന്ന വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഉപയോഗിക്കാനുമാണ് ഈ നിയമ ഭേഗതികളെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ഒരു ഉല്‍പാദന പാട്ടത്തിന് കീഴിലുള്ള പ്രദേശം സ്റ്റാന്‍ഡേര്‍ഡ് ബ്ലോക്കുകളായി വിഭജിക്കപ്പെടുമെന്നും ഓരോ പ്രദേശവും പതിനഞ്ച് മിനിറ്റ് അക്ഷാംശത്തിലും പതിനഞ്ച് മിനിറ്റ് രേഖാംശത്തിലും കവിയാന്‍ പാടില്ലെന്നുമാണ് വ്യവസ്ഥ. ഒരു സ്റ്റാന്‍ഡേര്‍ഡ് ബ്ലോക്കിന്‍റെ വലുപ്പം ഏകദേശം 85.75 ചതുരശ്ര കിലോമീറ്റര്‍ (5 മിനിറ്റ് അക്ഷാംശവും 5 മിനിറ്റ് രേഖാംശവും) മുതല്‍ കുറഞ്ഞത് 3.43 ചതുരശ്ര കിലോമീറ്ററായി (ഒരു മിനിറ്റ് അക്ഷാംശവും ഒരു മിനിറ്റ് രേഖാംശവും) പരിമിതപ്പെടുത്തിയിരിക്കുന്നു. ഒരു വ്യക്തിക്ക് സംയോജിത ലൈസന്‍സും ഉല്‍പാദന പാട്ടവും ലഭിക്കുമെങ്കിലും, ഏതെങ്കിലും ധാതുക്കളുടെയോ അനുബന്ധ ധാതുക്കളുടെ നിര്‍ദ്ദിഷ്ട ഗ്രൂപ്പിന്‍റെയോ കാര്യത്തില്‍ 45 മിനിറ്റില്‍ കൂടുതല്‍ രേഖാംശവും 45 മിനിറ്റില്‍ കൂടുതല്‍ അക്ഷാംശവും നേടാന്‍ കഴിയില്ല.
Comments