Foto

കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി പോരാടുന്ന പ്രവർത്തകർക്ക് ലിയോ പതിനാലാമൻ പാപ്പായുടെ അഭിവാദ്യം

വടക്കേ അമേരിക്കയിലേക്കുള്ള കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ. തന്റെ ജന്മനാടായ ചിക്കാഗോയിൽനിന്നുള്ള "ആത്മീയവും പൊതുജീവിതത്തിലെ നേതൃത്വവും ലക്ഷ്യമിടുന്ന സഖ്യം" (സി.എസ്.പി.എൽ. - Coalition for Spiritual and Public Leadership) എന്ന പേരിലുള്ള സംഘടനയിലെ മുപ്പതോളം പേരെയാണ്, ഒക്ടോബർ 28 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയുടെ അവസാനം, പാപ്പാ അഭിവാദ്യം ചെയ്തത്.

പൊതുകൂടിക്കാഴ്ചയുടെ അവസാനം പരിശുദ്ധ പിതാവുമായി സംസാരിക്കാൻ അവസരം ലഭിച്ച സംഘടനാംഗങ്ങൾ, ചിക്കാഗോയിൽ,  അമേരിക്കയുടെ കുടിയേറ്റ, കസ്റ്റംസ് വിഭാഗങ്ങൾ (Immigrations and Customs Enforcement) നിയന്ത്രിക്കുന്ന  “ബ്രോഡ് വ്യൂ” (Broadview)  തടങ്കൽ കേന്ദ്രത്തിലെ കുടിയേറ്റക്കാരുടെ അനുഭവങ്ങൾ പാപ്പായുമായി പങ്കുവയ്ക്കുകയും, കുടിയേറ്റക്കാരുടെ ചിത്രങ്ങളും കത്തുകളും പാപ്പായ്ക്ക് കൈമാറുകയും ചെയ്തു.

തങ്ങളുടെ കുടുംബങ്ങളിലും ജീവിതസാഹചര്യങ്ങളിലും നിന്ന് ഒറ്റപ്പെട്ട് തടവിൽ കഴിയാൻ നിർബന്ധിതരാകുന്ന നിരവധി മാതാപിതാക്കളും സഹോദരങ്ങളുമാണ് ഈ കുടിയേറ്റകേന്ദ്രത്തിൽ ഉള്ളതെന്നും, അവർക്ക് പ്രാർത്ഥനയും, ആത്മീയപിന്തുണയും മറ്റു സഹായങ്ങളും തങ്ങൾ നൽകി വരികയാണെന്നും വിശദീകരിച്ച സംഘടന, 2026 മെയ് മുതൽ ഇതുവരെ ചിക്കാഗോയിലുള്ള കേന്ദ്രത്തിൽ തങ്ങൾ 135 തവണയിലധികം എത്തിയെന്നും, 725 കുടിയേറ്റക്കാരുമായി സംസാരിച്ചുവെന്നും അറിയിച്ചു.

നന്മയും നീതിയും മുൻനിറുത്തി കുടിയേറ്റക്കാർക്കായി സഭ ചെയ്യുന്ന സേവനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്നും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിർണ്ണായകമാണെന്നും ചിക്കാഗോ അതിരൂപതയുടെ സഹായമെത്രാൻ ബിഷപ് ഹൊസേ മരിയ ഗാർസിയ മാൽഡൊനാഡോ (José Maria Garcia Maldonado) വത്തിക്കാൻ മീഡിയയുമായി സംസാരിക്കവെ പ്രസ്താവിച്ചു. കുടിയേറ്റക്കാരായ സഹോദരങ്ങൾക്ക് നൽകേണ്ട ആത്മീയസേവനം പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞുവെന്ന് സംഘാംഗങ്ങൾ അനുസ്മരിച്ചു. 

Comments

leave a reply

Related News