Foto

പോക്സോ കേസുകൾ ഇഴയുന്നു തെളിവുകളോ അലിയുന്നു ?

ഞായറാഴ്ച  ചിന്ത


പോക്സോ  കേസുകൾ  ഇഴയുന്നു
തെളിവുകളോ അലിയുന്നു ?    
    
കൊച്ചി : കരുതലോടെ നാം ചേർത്ത് പിടിക്കേണ്ടവർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്കെതിരെ  ചടുലമായി സ്വീകരിക്കേണ്ട നിയമനടപടികളിൽ  ബന്ധപ്പെട്ടവർ അനാസ്ഥയും  ആലസ്യവും  കാണിക്കുന്നുണ്ടോ ? പ്രായപൂർത്തിയായവർക്കെതിരെയുള്ള  പോക്സോ കേസുകളെക്കുറിച്ചാണ്  പറഞ്ഞു വരുന്നത് . കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ ഇതുവരെ ശിക്ഷ വിധിച്ചത് 4.49% ശതമാനം കേസുകളിൽ മാത്രമാണ്! 5 വർഷത്തിനുള്ളിൽ 6939 കേസുകളിൽ 312 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്! 2019-ൽ രജിസ്റ്റർ ചെയ്ത കേസുകൾ 1283 കേസുകൾ. ശിക്ഷിക്കപ്പെട്ടത്    42 പേർ. ഈ വർഷം പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത് 1143 പേരാണ്. ആശ്വാസമെന്നു   തോന്നാവുന്ന ഒരു കണക്കും ഇവിടെയുണ്ട്. കാരണം, 1009 പേർക്ക് എതിരെ കുറ്റപത്രം നൽകിക്കഴിഞ്ഞിട്ടുണ്ട്. 2016-ൽ രജിസ്റ്റർ ചെയ്തത് 1848 കേസുകളാണെങ്കിലും ശിക്ഷിക്കപ്പെട്ടത് 53 പേരാണ്. 2015ലാകട്ടെ അറസ്റ്റിലായവർ 1486 ഉം ശിക്ഷിക്കപ്പെട്ടവർ 100 പേരുമാണ്. മേൽപ്പറഞ്ഞ കണക്കുകളിൽ, വിചാരണ വേളയിൽ പൊലീസിന്റെയോ മറ്റോ അനാസ്ഥ മൂലം ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്നവർ വളരെ കൂടുതലാണോ ? നിയമത്തിന് കണ്ണില്ലെന്നു പറയാറുണ്ട്. പക്ഷെ, നിയമത്തിന്റെ കണ്ണിൽ നിന്ന് ആരെങ്കിലും എന്തെങ്കിലും മറച്ചുപിടിക്കുന്നുണ്ടോയെന്നതാണ് പ്രധാന ചോദ്യം. ഈ ചോദ്യത്തിനു  മറുപടി പറയേണ്ടവർ തൽക്കാലം മൗനം അവലംബിക്കാം. കുറ്റപത്രം കോടതിയിൽ ഹാജരാക്കിയാലും ഫോറൻസിക് ലാബിലെ തെളിവ് 'പുകയായി പോയാൽ' എന്തുചെയ്യാനാ സാറേ, എന്നായിരിക്കും  മറുചോദ്യം.

തെളിവുകൾ പുകയായോ ?

എപ്പോഴും നാം നിരന്തരം കേൾക്കുന്ന ഒരു വാചകമുണ്ട്: നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന്. എത്ര നിരുപദ്രവകരമായ ഒരു പ്രസ്താവനയെന്ന് നമുക്ക് തോന്നാം. എന്നാൽ, നിയമം    നിയമത്തിന്റെ വഴിക്ക് പോകാൻ സാധിക്കാത്ത വിധം ചില 'ഭൂഗർഭ തുരങ്കങ്ങൾ' രൂപപ്പെട്ടുവരികായാണിപ്പോൾ. ആ വാർത്തകളുടെ വിശകലനത്തിനൊന്നും മുഖ്യധാരാമാധ്യമങ്ങൾ മുതിരാറുമില്ല.
    
ഒക്‌ടോബർ 11 ന് ഒരു വാർത്ത കണ്ടു. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ സൂക്ഷിച്ചിരുന്ന ചില സാമ്പിളുകൾ ഉപയോഗശൂന്യമായത്രെ. വിവിധ കേസുകളുടെ ഇഴ കീറിയുള്ള വിചാരണയ്ക്കായി സൂക്ഷിച്ചിരിക്കുന്ന സാമ്പിളുകളാണത്രെ ഉപയോഗശൂന്യമായത്.    കേസുകളിൽ തെളിവുകളായി മാറേണ്ട ചില സാമ്പിളുകൾ കൃത്യമായ ഊഷ്മാവിൽ സൂക്ഷിക്കണമെന്ന നിബന്ധനപോലും ഈ ലാബിൽ പാലിക്കപ്പെട്ടിരുന്നില്ല. പ്രായപൂർത്തിയാകാത്തവർക്ക് എതിരെയുള്ള കുറ്റങ്ങൾ പ്രതിരോധിക്കാനുള്ള പോക്‌സോ കേസുകളിലെ നിർണ്ണായക തെളിവുകളും ലാബിൽവച്ച് ഉപയോഗശൂന്യമായിരിക്കുകയാണ്. ഇത്തരം കേസുകളിലെ സാമ്പിളുകൾ സൂക്ഷിക്കാൻ കേന്ദ്രസർക്കാർ പ്രത്യേകഫണ്ട് അനുവദിച്ചിട്ടുണ്ട്. കേന്ദ്രം ഈ വകുപ്പിൽപെടുത്തി അനുവദിച്ച ആറു കോടി രൂപയിൽ ഒരു കോടി രൂപമാത്രമാണ്  കേരളാ സർക്കാർ പോക്‌സോ കേസുകളുടെ തെളിവുകൾ സംരക്ഷിക്കാൻ ചെലവഴിച്ചത്. ശേഷിച്ച 5 കോടി രൂപ വകമാറ്റി ചെലവഴിച്ചിരിക്കുകയാണ്. കേസുകളിലെ നിർണ്ണായക തെളിവുകളായ സാമ്പിളുകൾ ഹാജരാക്കാൻ കഴിയാതെ വന്നാൽ കുറ്റവാളികൾക്ക് രക്ഷപ്പെടാൻ വഴിയൊരുങ്ങും.


കെട്ടിക്കിടക്കുന്നത്  9677  കേസുകൾ
    
കുറ്റാരോപിതർക്ക് ജാമ്യം പോലും ലഭിക്കാൻ വകുപ്പില്ലാത്ത 9677 പോക്‌സോ കേസുകളാണ് കേരളത്തിൽ കെട്ടിക്കിടക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോകാൻ വേണ്ടി പോക്‌സോ    കേസുകൾ മാത്രം വിചാരണ ചെയ്യാൻ 28 താത്ക്കാലിക കോടതികൾ തുടങ്ങിയിരുന്നു. എന്നിട്ടും     കേസുകൾ പലതും പൊലീസ് അന്വേഷണം പൂർത്തിയാക്കി കോടതിയിലെത്തിയിട്ടില്ലെന്നതാണ്    വിചിത്രമായ കാര്യം. 2018 ലാണ് പോക്‌സോ കേസുകൾക്കായി അതിവേഗ കോടതികൾ ആരംഭിച്ചത്. പൊലീസ് അന്വേഷണം 2 മാസംകൊണ്ട് തീർക്കുക, 6 മാസം കൊണ്ട് വിചാരണ തീർക്കുക തുടങ്ങിയ മാർഗരേഖയെല്ലാം ഈ കോടതികൾക്കായുണ്ട്. പക്ഷെ ഇപ്പോഴും കെട്ടിക്കിടക്കുന്ന കേസുകൾ                    അനങ്ങുന്നതേയില്ല. ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ കെട്ടിക്കിടക്കുന്നത് തൃശൂർ ജില്ലയിലാണ്-1325 എണ്ണം. രണ്ടാം സ്ഥാനത്ത് കോഴിക്കോടാണ്- 1213. തിരുവനന്തപുരം -1000, കണ്ണൂർ-869, കൊല്ലം-682, എറണാകുളം-651, പാലക്കാട്-619, മലപ്പുറം-613, ഇടുക്കി-588, ആലപ്പുഴ -516, കോട്ടയം-514, കാസർകോട്- 472, പത്തനംതിട്ട-335, വയനാട് -262 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇനി നെഞ്ചത്ത് കൈവച്ച് നിങ്ങൾ പറയൂ, നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നുണ്ടോ ?

ആന്റണി ചടയംമുറി

 

Comments

leave a reply