ജീവനെടുക്കുക എന്നത് ഇന്ത്യൻ ക്രിമിനൽ നിയമസംഹിതകളിൽ ഒന്നല്ല, ലോകമെമ്പാടുമുള്ള എല്ലാ നിയമസംഹിതകളിലും കുറ്റകൃത്യമാണ്. ഒരു തരത്തിൽ ഭ്രൂണഹത്യയും ജീവനെടുക്കൽ തന്നെ. എന്നാൽ അറുപതുകളിൽ ഭ്രൂണഹത്യ 15പതിനഞ്ചോളം രാജ്യങ്ങളിൽ നിയമപരമായിരുന്നു. പിന്നീട് ഇന്ത്യയിലും ഇത്തരം സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നപ്പോൾ കേന്ദ്രസർക്കാർ 1964-ൽ ശാന്തിലാൽഷാ കമ്മിറ്റിയെ നിയോഗിക്കുകയായിരുന്നു. ഈ കമ്മിറ്റി ഭ്രൂണഹത്യക്കുവേണ്ടിയുള്ള കരടു നിയമത്തിനു നിർദ്ദേശം നൽകി. കമ്മിറ്റിയുടെ ശുപാർശകൾ 70-ൽ സ്വീകരിക്കുകയും മെഡിക്കൽ ടെർമിനേഷൻ ഒൊഫ് പ്രെഗ്നൻസി ആക്ട് എന്ന നിയമമായി . അങ്ങനെ നിയമവിധേയമായി ജീവനെടുക്കുന്നത് കുറ്റകരമല്ലാത്ത സാഹചര്യം ഉണ്ടായി. 64-ൽ നിയോഗിക്കപ്പെട്ട ഷാ കമ്മിറ്റി വിവിധ സാമൂഹിക-സാംസ്‌ക്കാരിക നൈയാമിക ആരോഗ്യപരമായ ഘടകങ്ങൾ പരിശോധിച്ചാണ് നിർദ്ദേശങ്ങളും, ശുപാർശകളും നല്കിയത്.
മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് നിയമം നിരന്തരമായി ഭേദഗതികൾക്ക് വിധേയമാവുകയും, നിരവധി ചട്ടങ്ങളും, മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ടാകുകയും ചെയ്തു. 20 ആഴ്ചവരെയുള്ള ഭ്രൂണത്തെ ഇല്ലാതാക്കുന്നതിന് നിബന്ധനകളോടുകൂടി അനുവാദം നല്കുന്നുണ്ട് ഈ നിയമം. ഗർഭധാരണം തുടരുന്നത് ഗർഭിണിയുടെ ശാരീരിക-മാനസിക ആരോഗ്യത്തിന് ഹാനികരമാകുമെങ്കിൽ, കുട്ടിയുടെ ജീവിതത്തിന് അപകടാവസ്ഥ ഉണ്ട് അതല്ലെങ്കിൽ ജനിച്ചാൽ തന്നെയും, ശാരീരിക-മാനസിക അപാകതകൾ ഉണ്ടാകും, എന്നു കണ്ടാൽ, ബലാത്സംഗത്തിലൂടെ ഉണ്ടായ ഗർഭധാരണം (അത് സ്ത്രീക്ക് മാനസിക ആഘാതം ഉണ്ടാക്കി എന്ന അനുമാനത്തിൽ), ഗർഭനിരോധനമാർഗങ്ങളുടെ പരാജയം മൂലം ഉണ്ടാകുന്ന ഗർഭധാരണം (സ്ത്രീയുടെ മാനസികാരോഗ്യത്തിന് ബുദ്ധിമുട്ടാകും എന്ന നിഗമനത്തിൽ), ഇത്തരം സാഹചര്യങ്ങളിലാണ് ഗർഭനിരോധനം അനുവദിക്കുന്നത്.
എന്നാൽ അതിനുശേഷവും നിരവധി സാഹചര്യങ്ങളിൽ ഗർഭച്ഛിദ്രങ്ങൾ അനുവദിക്കുന്ന കോടതിവിധികളും നിയമപരമായ ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. 2014 കാലങ്ങളിലും മറ്റുമായി ഭേദഗതികളും മാർഗ്ഗനിർദ്ദേശങ്ങളും ഈ വിഷയത്തിൽ ഉണ്ടായിട്ടുണ്ട്. 32 ആഴ്ചകൾ വളർച്ചയെത്തിയ ഭ്രൂണങ്ങൾ പോലും കോടതിയുടെ ഉത്തരവിനെതുടർന്ന് ഗർഭച്ഛിദ്രം നടത്തിയ കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഭ്രൂണത്തിന് മാരകമായ രോഗങ്ങളും, അപാകതകളും ഉണ്ടാകും എന്ന റിപ്പോർട്ടുകളാണ് ഇവ അനുവദിക്കാനുള്ള കാരണങ്ങൾ. അതേസമയം പ്രായക്കുറവുകൊണ്ട് പക്വത വരാത്തത് കാരണമാക്കി ഗർഭച്ഛിദ്രം നടത്താൻ കോടതിയെ സമീപിച്ച്, അത് അനുവദിക്കാത്ത സാഹചര്യങ്ങളും ഉണ്ട്. കർശനമായ മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള തീരുമാനങ്ങൾ കോടതി അനുവദിക്കാറുള്ളത്. ഈയിടെ കേരള ഹൈക്കോടതി അനുവദിച്ച ഒരു കേസിലും, കോടതി കർക്കശമായ അനേ്വഷണങ്ങൾ നടത്തിയതിനുശേഷമാണ് ഉത്തരവ് നല്കിയത്. ഭ്രൂണം ജീവനോടെ തുടരുന്നത് ഗർഭിണിയുടെ ജീവന് അപകടകരമാകുന്നത് അല്ലെങ്കിൽ ശാരീരിക-മാനസികമായ അപകടങ്ങൾ ഉണ്ടാക്കുന്നത് എന്നൊക്കെയുളള പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഉത്തരവുകൾ നൽകുന്നത്.
അഡ്വ . ഷെറി തോമസ്
Comments