Foto

മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ

ലോക മനുഷ്യാവകാശ ദിനം

മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ

ജോബി ബേബി,നഴ്‌സ്‌,കുവൈറ്റ്

ഇന്ന് ഡിസംബർ 10-ലോക മനുഷ്യാവകാശ ദിനം.മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനവും ആദ്യത്തെ ആഗോള വിശദീകരണവും 1948ഡിസംബർ 10-ന് ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ചതും പ്രഖ്യാപിച്ചതും ബഹുമാനിക്കാനാണ് ഈ തീയതി തിരഞ്ഞെടുത്തത്.സാർവത്രികമായി സംരക്ഷിക്കപ്പെടേണ്ട എല്ലാ മനുഷ്യരുടേയും മൗലികാവകാശങ്ങളാണ് മനുഷ്യാവാകാശ ദിനത്തിന്റെ രൂപരേഖ.ആശങ്കാ ജനകമായ വിഷയങ്ങളിൽ പൊതുജനങ്ങളെ ബോധവത്‌കരിക്കുന്നതിനും ആഗോള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുംവേണ്ടി രാഷ്ട്രീയ ഇച്ഛാശക്തിയും വിഭവങ്ങളും സമാഹരിച്ചു മാനവികതയുടെ നേട്ടങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങളാണ് അന്താരാഷ്ട്ര ദിനങ്ങൾ.

സ്വാതന്ത്ര്യം,സമത്വം,അന്തസ്സ് എന്നിവയുമായി ബന്ധപ്പെട്ട അവകാശങ്ങൾ നഷ്ടപ്പെടില്ല എന്ന് ഉറപ്പുവരുത്തുകയാണ് അന്താരാഷ്ട്ര മനുഷ്യാവാകാശ ദിനത്തിന്റെ പ്രധാന ലക്ഷ്യം.ജാതി,മതം,വംശം,ലിംഗഭേദം,നിറം,ഭാഷ എന്നിവ കണക്കിലെടുക്കാതെ ഓരോ മനുഷ്യനും പ്രാധാന്യം നൽകണമെന്ന് ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു.ലോകത്ത്‌ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മറ്റൊരു മനുഷ്യാവകാശദിനംകൂടി കടന്ന് പോകുന്നത്.അത്‌ കൊണ്ട് തന്നെ ഈ വർഷത്തെ തീം -”അവകാശങ്ങൾ എങ്ങനെയാണ് സമൂഹത്തിലെ സമാധാനത്തിനും  പ്രശ്നങ്ങളില്ലാത്ത സമൂഹമായി ഭാവി  തലമുറയിലേക്ക് കൊടുക്കുവാനും കഴിയുകയെന്നത്  ആലോചിക്കുക”എന്നതാണ്.ആഗോള ഐക്യദാർഢ്യം കൈവരിക്കുന്നതിനായി നാം അന്വേഷിക്കുന്ന ലോകത്തെ പുനർനിർമ്മിക്കാൻ കഴിയുന്ന തരത്തിൽ മനുഷ്യാവകാശങ്ങളുടെ പ്രാധാന്യം കെട്ടിയുറപ്പിക്കാനുള്ള അവസരമായി ഈ ദിവസത്തെ ഉപയോഗിക്കാനായി ആഹ്വനം ചെയ്ത അജണ്ടകൾ-ഏതെങ്കിലും തരത്തിലുള്ള വിവേചനം അവസാനിപ്പിക്കുക,അസമത്വങ്ങൾ പരിഹരിക്കുക,പങ്കാളിത്വവും ഐക്യദാർഢ്യവും പ്രോത്സാഹിപ്പിക്കുക,സുസ്ഥിരവികസനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ്.

മെച്ചപ്പെട്ട വീണ്ടെടുക്കലിനും കൂടുതൽ ഊർജ്ജസ്വലവും നീതിപൂർവവുമായ സമൂഹത്തെ പുനർനിർമ്മിച്ചു ആഗോള ഐക്യദാർഢ്യവും മാനവികതയും നിറഞ്ഞ ഒരു പുതുലോകം നിർമ്മിക്കാനുള്ള അവസരമാണ്‌ ഈ ദിനത്തിലൂടെ നമ്മുക്ക് ലഭിക്കുന്നത്.വീണ്ടെടുക്കൽ ശ്രമങ്ങളിൽ മനുഷ്യാവകാശങ്ങൾ കേന്ദ്രമാണെന്ന് ഉറപ്പ് വരുത്തിക്കൊണ്ട് മെച്ചപ്പെട്ട രീതിയിൽ പടുത്തുയർത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് വ്യക്തമായ പ്രാധാന്യം നൽകണം.എല്ലാവർക്കും തുല്യ അവസരങ്ങൾ സൃഷ്ടിക്കുവാനും കോവിഡ്-19തുറന്ന് കാട്ടിയതും ചൂഷണം ചെയ്യപ്പെടുന്നതുമായ പരാചയങ്ങൾ പരിഹരിക്കാനും ഉറച്ചതും ആസൂത്രിതവും അന്തർജനപരവുമായ അസമത്വങ്ങൾ,ഒഴിവാക്കൽ,വിവേചനം എന്നിവ പരിഹരിക്കുന്നതിന് മനുഷ്യാവകാശ മാനദണ്ഡങ്ങൾ പ്രയോഗിക്കാൻ കഴിയുമെങ്കിൽ മാത്രമേ ഓരോ വ്യക്തിക്കും അയാളുടെ പൊതു ആഗോള ലക്ഷ്യത്തിൽ എത്താൻ കഴിയുകയുള്ളൂ.നമ്മൾ ആഗ്രഹിക്കുന്ന ലോകം സൃഷ്ടിക്കുന്നതിൽ മനുഷ്യാവകാശത്തിന്റെ പ്രാധാന്യം,ആഗോള ഐക്യദാർഢ്യം,പങ്കുവയ്ക്കപ്പെടേണ്ടതിന്റെ ആവശ്യകത എന്നിവ യു.എൻ ആവർത്തിച്ച് വ്യക്തമാക്കുന്നു.

ഓരോ മനുഷ്യനുമുണ്ട് അവകാശങ്ങൾ.ഒരു വിത്തിനു മുളക്കാനും തളിർക്കാനും വൃക്ഷമാകാനും ഉള്ളതുപോലെ.ഓരോ ജീവനും നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്.ജീവിക്കാനുള്ള അവകാശങ്ങൾ,ജീവൻ നിലനിത്താനുള്ള അവകാശങ്ങൾ,സമത്വത്തിനുള്ള അവകാശങ്ങൾ ഇവയെല്ലാം ഇന്ത്യൻ ഭരണഘടന ഓരോ ഇന്ത്യൻ പൗരനും അനുവദിച്ചു നൽകിയിട്ടുള്ളതാണ്.എന്നാൽ അതൊക്കെ ഓരോ മനുഷ്യനും അർഹമായ രീതിയിൽ ലഭിക്കുന്നുണ്ടോ എന്ന് പലപ്പോഴും ചിന്തിക്കേണ്ട സാഹചര്യങ്ങൾ നിരവധിയാണ്.അത്‌ ഇന്ത്യയിൽ മാത്രമല്ല വിദേശങ്ങളിലും നിരന്തരം സംഭവിക്കുന്നു.മനുഷ്യരായി പിറന്ന എല്ലാവർക്കും ഒരേതരത്തിലുള്ള അവകാശങ്ങൾക്ക് അർഹതയുണ്ട് എന്നും ഈ ദിനം ഓർമ്മിപ്പിക്കുന്നു.ഇന്ന് ലോകത്താകെ കണ്ട് കൊണ്ടിരിക്കുന്ന വർണ്ണ വിവേചനം,ജാതി വിവേചനം എന്നിവ മൂലം മനുഷ്യാവകാശ ലംഘനം നടന്ന് കൊണ്ടിരിക്കുന്നു.ഇവയെ വേരോടെ പിഴുതെറിയാൻ പുരോഗമന സമൂഹം തയ്യാറാകണം.ഇത്തരം വിവേചനങൾ അതിജീവിച്ചു സാംസ്കാരികമായി ഉയരാൻ നമ്മുക്ക് കൂട്ടായി പ്രവർത്തിക്കാം.
 

Foto

Comments

leave a reply