Foto

സ്വാതന്ത്ര്യത്തിന്റെ മൗലിക സ്തംഭങ്ങൾ, യേശുവാകുന്ന സത്യവും കൃപയും

സ്വാതന്ത്ര്യത്തിന്റെ  മൗലിക സ്തംഭങ്ങൾ, യേശുവാകുന്ന സത്യവും  കൃപയും

"എന്താണ് ക്രിസ്തീയ സ്വാതന്ത്ര്യം?....... നഷ്ടപ്പെടുമ്പോൾ മാത്രം, യഥാർത്ഥത്തിൽ, ഒരുവൻ വില മനസ്സിലാക്കുന്ന ഒരു നിധിയാണ് സ്വാതന്ത്ര്യം. സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ ശീലിച്ചിരിക്കുന്ന നമ്മിൽ പലരും അതിനെ കാണുന്നത് ഒരു ദാനവും കാത്തുസൂക്ഷിക്കേണ്ട ഒരു പൈതൃകവും എന്നതിലുപരി നേടിയെടുത്ത അവകാശമായിട്ടാണ്." ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണം.


ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനിൽ ഈ ബുധനാഴ്ചയും  പ്രതിവാരപൊതുദര്‍ശനം അനുവദിച്ചു. വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ സമീപത്തുള്ള പോൾ ആറാമൻ ഹാൾ ആയിരുന്നു  വേദി. റോമാപുരി മഴയിൽകുതിർന്ന ഒരു ദിനമായിരുന്നെങ്കിലും വിവിധ രാജ്യക്കാരും ഭാഷാക്കാരുമായിരുന്ന നിരവധി തീര്‍ത്ഥാടകരും സന്ദര്‍ശകരും ഈ പൊതുകൂടിക്കാഴ്ചാ പരിപാടിയിൽ പങ്കുചേരുന്നതിന് എത്തിയിരുന്നു. ഹാളിൽ പ്രവേശിച്ച പാപ്പായെ ജനങ്ങൾ സസന്തോഷം ആനന്ദാരവങ്ങളോടും കരഘോഷത്തോടുംകൂടി വരവേറ്റു.  എല്ലാവരെയും അഭിവാദ്യം ചെയ്ത പാപ്പാ, റോമിലെ സമയം രാവിലെ ഏതാണ്ട് 09.30 ആയപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിയോടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

ഗലാത്തിയാക്കാർക്കുള്ള ലേഖനം അദ്ധ്യായം 4,4-5; 5,1

“കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ അയച്ചു. അവൻ സ്ത്രീയിൽനിന്നു ജാതനായി; നിയമത്തിന് അധീനനായി ജീവിച്ചു. അങ്ങനെ, നമ്മെ പുത്രന്മാരായി ദത്തെടുക്കേണ്ടതിന് അവൻ നിയമത്തിന് അധീനരായിക്കഴിഞ്ഞവരെ വിമുക്തരാക്കി..... സ്വാതന്ത്ര്യത്തിലേക്കു ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട് നിങ്ങൾ സ്ഥിരതയോടെ നിൽക്കുവിൻ. അടിമത്തത്തിന്റെ  നുകത്തിന് ഇനിയും നിങ്ങൾ വിധേയരാകരുത്”

ഈ വായനയെത്തുടർന്ന് ജനങ്ങളെ സംബോധനചെയ്ത പാപ്പാ, പൗലോസപ്പോസ്തലന്‍ ഗലാത്തിയക്കാര്‍ക്കെഴുതിയ ലേഖനത്തിലെ ആശയങ്ങളെ അധികരിച്ച് താൻ നടത്തിപ്പോരുന്ന പ്രബോധന പരമ്പരയിൽ സ്വാതന്ത്ര്യത്തെക്കുറിച്ച്, ക്രിസ്തു പ്രദാനം ചെയ്ത സ്വാതന്ത്ര്യത്തെക്കുറിച്ച് വിശകലനം ചെയ്തു. പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ മുഖ്യ പ്രഭാഷണം  ഇപ്രകാരം വിവർത്തനം ചെയ്യാം:

എന്താണ് ക്രിസ്തീയ സ്വാതന്ത്ര്യം?

ഗലാത്യക്കാർക്കുള്ള ലേഖനത്തെ അധികരിച്ചുള്ള വിചിന്തനം നാം വീണ്ടും തുടരുകയാണ്. ഗലാത്യർക്കുള്ള കത്തിൽ, വിശുദ്ധ പൗലോസ് ക്രൈസ്തവ സ്വാതന്ത്ര്യത്തെക്കുറിച്ച് അനശ്വരമായ വാക്കുകൾ കുറിച്ചുവച്ചിരിക്കുന്നു. എന്താണ് ക്രിസ്തീയ സ്വാതന്ത്ര്യം? ഇന്ന് നമ്മൾ ഇതിനെക്കുറിച്ചാണ് ചിന്തിക്കുക. നഷ്ടപ്പെട്ടപ്പെടുമ്പോൾ മാത്രം യഥാർത്ഥത്തിൽ ഒരുവൻ വില തിരിച്ചറിയുന്ന ഒരു നിധിയാണ് സ്വാതന്ത്ര്യം. സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ ശീലിച്ചിരിക്കുന്ന നമ്മിൽ പലരും അതിനെ കാണുന്നത് ഒരു ദാനവും കാത്തുസൂക്ഷിക്കേണ്ട ഒരു പൈതൃകവും എന്നതിലുപരി  നേടിയെടുത്ത അവകാശമായിട്ടാണ്. നൂറ്റാണ്ടുകളായി, സ്വാതന്ത്ര്യം എന്ന വിഷയത്തെ ചുറ്റിപ്പറ്റിയുള്ള എത്രയെത്ര തെറ്റിദ്ധാരണകൾ, വിഭിന്ന വീക്ഷണങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്!

 സ്വാതന്ത്ര്യത്തിൽ അചഞ്ചലരായിരിക്കുക

ക്രിസ്തുവിന്റെ സത്യം അറിയുകയും അംഗീകരിക്കുകയും ചെയ്ത ആ  ക്രിസ്ത്യാനികൾ, അതിനു ശേഷം സ്വാതന്ത്ര്യത്തിൽ നിന്ന് അടിമത്തത്തിലേക്ക് നയിക്കുന്ന വഞ്ചനാപരമായ നിർദ്ദേശങ്ങളാൽ ആകർഷിക്കപ്പെടുന്നതിന് സ്വയം അനുവദിക്കുന്നത്, ഗലാത്യരുടെ കാര്യത്തിൽ,  അപ്പോസ്തലന് സഹിക്കാൻ കഴിയുമായിരുന്നില്ല: അവർ യേശുവിന്റെ വിമോചനദായക സാന്നിദ്ധ്യത്തിൽ നിന്ന് പാപത്തിന്റെയും നൈയ്യാമികവാദത്തിന്റെയും അടിമത്തം തുടങ്ങിയവയിലേക്ക് കടക്കുന്നു. നൈയ്യാമികവാദം ഇന്നും നിയമാനുസാരിത്വത്തിൽ, ധര്‍മ്മാധര്‍മ്മവിവേചനവിദ്യയിൽ അഭയം തേടുന്ന, നമ്മുടെ, നിരവധി ക്രൈസ്തവരുടെയും  ഒരു പ്രശ്നമാണ്. ആകയാൽ, “അടിമത്തത്തിന്റെ നുകത്തിന് വിധേയരാകാതെ”  (ഗലാത്തിയർ 5:1) മാമ്മോദീസാവഴി ലഭിച്ച സ്വാതന്ത്ര്യത്തിൽ ഉറച്ചുനിൽക്കാൻ പൗലോസ് ക്രൈസ്തവരെ ക്ഷണിക്കുന്നു. പൗലോസ് സ്വാതന്ത്ര്യത്തിൽ അഭിമാനംകൊള്ളുന്നു. പൗലോസ്ശ്ലീഹാ എഴുതുന്നു, “നമ്മെ അടിമകളാക്കുകയെന്ന ലക്ഷ്യത്തോടെ” ചില "കള്ളസഹോദരന്മാർ" സമൂഹത്തിൽ നുഴഞ്ഞുകയറി "ചാരപ്പണി നടത്തുന്നുണ്ട്" (ഗലാത്തിയർ 2:4). ഇതെക്കുറിച്ച് പൗലോസിനറിയാം. അവന് അത് സഹിക്കാൻ കഴിയില്ല. ക്രിസ്തുവിലുള്ള സ്വാതന്ത്ര്യത്തെ നിരാകരിക്കുന്ന ഒരു പ്രഘോഷണം ഒരിക്കലും സുവിശേഷാനുസൃതമാകില്ല. നമുക്ക് ഒരിക്കലും യേശുവിന്റെ നാമത്തിൽ നിർബന്ധിക്കാൻ കഴിയില്ല, നമ്മെ സ്വതന്ത്രരാക്കുന്ന യേശുവിന്റെ നാമത്തിൽ ആരെയും അടിമയാക്കാൻ കഴിയില്ല.

സത്യത്തിന്റെ ഉറവിടം  യേശു

എന്നാൽ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വിശുദ്ധ പൗലോസിന്റെ പ്രബോധനം സർവ്വോപരി സകാരാത്മകമാണ്. യോഹന്നാന്റെ സുവിശേഷത്തിൽ നാം കാണുന്ന യേശുവിന്റെ ഉദ്ബോധനങ്ങൾ അപ്പോസ്തലൻ മുന്നോട്ടുവയ്ക്കുന്നു: "നിങ്ങൾ എന്റെ വചനത്തിൽ നിലനിൽക്കുമെങ്കിൽ, നിങ്ങൾ യഥാർത്ഥത്തിൽ എന്റെ ശിഷ്യന്മാരാണ്; നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും"(8,31-32). അതിനാൽ, നമ്മെ സ്വതന്ത്രരാക്കുന്ന സത്യത്തിന്റെ ഉറവിടമായ യേശുവിൽ, സർവ്വോപരി, നിലനിൽക്കുക എന്നതാണ് ഓർമ്മപ്പെടുത്തൽ. അതിനാൽ, ക്രിസ്തീയ സ്വാതന്ത്ര്യം രണ്ട് അടിസ്ഥാന സ്തംഭങ്ങളിൽ സ്ഥാപിതമാണ്: ആദ്യത്തേത്, കർത്താവായ യേശുവിന്റെ കൃപ; രണ്ടാമത്തേത്, ക്രിസ്തു നമുക്ക് വെളിപ്പെടുത്തുന്ന, അവിടന്നുതന്നെയായ, സത്യം. സ്വാതന്ത്ര്യം, അത് നമുക്ക് മാമ്മോദീസായിൽ നല്കപ്പെട്ട ദാനമാണ്.

എല്ലാത്തിനുമുപരിയായി, അത് കർത്താവിന്റെ  ഒരു ദാനമാണ്. ഗലാത്യർക്ക്, അവരെപ്പോലെ തന്നെ നമുക്കും, ലഭിച്ച സ്വാതന്ത്ര്യം   യേശുവിന്റെ മരണത്തോത്ഥാനങ്ങളുടെ ഫലമാണ്. അപ്പോസ്തലൻ തന്റെ എല്ലാ പ്രബോധനങ്ങളും തന്റെ ഗതകാല ജീവിത ബന്ധങ്ങളിൽ നിന്ന് തന്നെ മോചിപ്പിച്ച ക്രിസ്തുവിൽ കേന്ദ്രീകരിക്കുന്നു: അവനിൽ നിന്ന് മാത്രമേ ആത്മാവിനനുസൃതമായ ജീവിതത്തിന്റെ  നൂതന ഫലങ്ങൾ ലഭിക്കൂ. വാസ്തവത്തിൽ, പാപത്തിന്റെ അടിമത്തത്തിൽ നിന്നുള്ളതായ യഥാർത്ഥ സ്വാതന്ത്ര്യം ക്രിസ്തുവിന്റെ കുരിശിൽ നിന്നാണ് പ്രവഹിച്ചത്. യേശു സ്വയം തറയ്ക്കപ്പെടാൻ അനുവദിച്ച അവിടെത്തന്നെ ദൈവം മനുഷ്യന്റെ സമൂലമായ വിമോചനത്തിന്റെ ഉറവിടം സ്ഥാപിച്ചു. ഇത് നമ്മെ നിരന്തരം ആശ്ചര്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു: നമുക്ക് എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെട്ട സ്ഥലം, അതായത് മരണം സ്വാതന്ത്ര്യത്തിന്റെ സ്രോതസ്സായി മാറിയേക്കാം. ഇതാണ് ദൈവസ്നേഹത്തിന്റെ രഹസ്യം! യേശു തന്നെ അത് ഈ വാക്കുകളിലൂടെ പ്രഖ്യാപിച്ചിരുന്നു: "ഞാൻ തിരിച്ചെടുക്കുന്നതിനായി എൻറെ ജീവൻ നൽകുന്നതിനാൽ പിതാവ് എന്നെ സ്നേഹിക്കുന്നു. ആരും അത് എന്നിൽ നിന്ന് പിടിച്ചെടുക്കുകയില്ല: ഞാൻ അത് സ്വമനസ്സാ സമർപ്പിക്കുകയാണ്. അത് നൽകാനും തിരിച്ചെടുക്കാനുമുള്ള അധികാരം എനിക്ക് ഉണ്ട്" (യോഹന്നാൻ. 10:17-18). മരണത്തിന് സ്വയം കീഴടങ്ങുന്നതിലൂടെ യേശു തന്റെ പൂർണ്ണ സ്വാതന്ത്ര്യം സാക്ഷാത്ക്കരിക്കുന്നു; ഈ രീതിയിൽ മാത്രമേ തനിക്ക് എല്ലാവർക്കും വേണ്ടി ജീവൻ നേടാൻ കഴിയൂ എന്ന് അവിടത്തേക്കറിയാം.

അപ്പോസ്തലന്റെ സാക്ഷ്യം പ്രചോദനം

സ്നേഹത്തിന്റെ ഈ രഹസ്യം പൗലോസ് വ്യക്തിപരമായി നേരിട്ട് അനുഭവിച്ചറിഞ്ഞു. അതുകൊണ്ടാണ് അദ്ദേഹം ഗലാത്യരോട് വളരെ ധീരമായ ഒരു ഭാവത്തോടെ ഇങ്ങനെ പറയുന്നത്: "ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടു" (ഗലാത്തിയർ 2:19). കർത്താവുമായുള്ള പരമമായ ഐക്യത്തിന്റെ ആ കർമ്മത്തിൽ, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം തനിക്ക് ലഭിച്ചുവെന്ന് അവിടന്നറിയുന്നു: സ്വാതന്ത്ര്യം. കുരിശിൽ, വാസ്തവത്തിൽ, അവിടന്ന് "ജഡത്തെ അതിന്റെ അഭിനിവേശങ്ങളോടും ആഗ്രഹങ്ങളോടും കൂടി" (5:24) ആണിയടിച്ചു. അപ്പോസ്തലന്റെ വിശ്വാസം എത്രമാത്രം സജീവമായിരുന്നുവെന്ന്, യേശുവുമായുള്ള അടുപ്പം എത്ര വലുതായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും, അതേസമയം, ഒരു വശത്ത്, നമുക്ക് ഇത് ഇല്ലെന്ന അവബോധം നാം പുലർത്തുമ്പോൾ, മറുവശത്ത്, അപ്പോസ്തലന്റെ സാക്ഷ്യം നമുക്ക് പ്രചോദനം പകരുന്നു.

ക്രിസ്തുവിന്റെ കൃപയിലേക്ക് നമ്മെത്തന്നെ തുറക്കണം

സ്വാതന്ത്ര്യത്തിന്റെ രണ്ടാമത്തെ സ്തംഭം സത്യമാണ്. ഇതിലും, വിശ്വാസത്തിന്റെ സത്യം ഒരു അമൂർത്ത സിദ്ധാന്തമല്ല, പ്രത്യുത, വൈയക്തിക ജീവിതത്തിന്റെ ദൈനംദിന-ആകമാന പൊരുളിനെ നേരിട്ട് സ്പർശിക്കുന്ന ജീവനുള്ള ക്രിസ്തുവിന്റെ യാഥാർത്ഥ്യമാണെന്ന് ഓർക്കേണ്ടതുണ്ട്. വിദ്യഭ്യാസമില്ലാത്ത, എഴുതാനോ  വായിക്കാനോ  അറിയാത്ത എത്രയോ പേർ ക്രിസ്തുവിന്റെ ഈ സന്ദേശം മനസ്സിലാക്കിയിരിക്കുന്നു. നമ്മെ സ്വതന്ത്രരാക്കുന്ന ഈ ജ്ഞാനം അവയ്ക്കുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തെ പരിവർത്തനം ചെയ്യുകയും അവനെ നന്മയിലേക്ക് നയിക്കുകയും ചെയ്യുന്നതിന് ആനുപാതികമായിട്ടാണ് സാതന്ത്ര്യം നമ്മെ സ്വതന്ത്രരാക്കുന്നത്. യഥാർത്ഥത്തിൽ സ്വതന്ത്രരാകാൻ നമ്മൾ നമ്മെത്തന്നെ ഒരു മാനസിക തലത്തിൽ അറിയുക മാത്രമല്ല, എല്ലാറ്റിനുമുപരിയായി നമ്മുടെ ഉള്ളിൽ, അഗാധമായ സത്യം ഉളവാക്കുകയും വേണം. അവിടെ, ഹൃദയത്തിൽ, ക്രിസ്തുവിന്റെ കൃപയിലേക്ക് നമ്മെത്തന്നെ തുറക്കണം. നമ്മൾ യഥാർത്ഥത്തിൽ എന്താണെന്നതിലേക്ക് കൂടുതൽ ആഴത്തിൽ പോകാൻ നമ്മെ കഴിവുറ്റവരാക്കുന്ന സത്യം നമ്മെ അസ്വസ്ഥരാക്കണം, അത് നമ്മോട് നിരന്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കണം. ഈ വിധത്തിൽ നമ്മൾ, സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പാത ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ആയാസകരമായ യാത്രയാണെന്ന് കണ്ടെത്തുന്നു. കുരിശിൽ നിന്നുള്ള സ്നേഹം നമ്മെ നയിക്കുകയും താങ്ങിനിർത്തുകയും ചെയ്യുന്ന ഒരു യാത്രയാണത്: നമുക്ക് സത്യം വെളിപ്പെടുത്തിത്തരുന്നതും നമുക്ക് സ്വാതന്ത്ര്യം നൽകുന്നതുമായ സ്നേഹം. ഇത് സന്തോഷസരണിയാണ്. സ്വാതന്ത്ര്യം നമ്മെ സ്വതന്ത്രരാക്കുന്നു, നമുക്ക് സന്തോഷം പ്രദാനം  ചെയ്യുന്നു.

സമാപനാഭിവാദ്യങ്ങൾ

പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്റെ അവസാനം അതിന്റെ സംഗ്രഹം ഇംഗ്ലീഷിലും  അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. പൊതുദർശനപരിപാടിയുടെ സമാപനത്തിൽ പാപ്പാ, പതിവുപോലെ, പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ അഭിവാദ്യം ചെയ്തു.

ഒക്ടോബർ 7-ന് വ്യാഴാഴ്‌ച, ജപമാലനാഥയുടെ തിരുന്നാൾ തിരുസഭ ആചരിക്കുന്നത് തദ്ദവസരത്തിൽ അനുസ്മരിച്ച പാപ്പാ ക്രൈസ്തവജനതയുടെ പാരമ്പര്യത്തിന് അത്രമാത്രം പ്രിയങ്കരമായ ഈ പ്രാർത്ഥന, അതായത്, കൊന്തനമസ്ക്കാരം, അമൂല്യമായി സൂക്ഷിക്കാൻ എല്ലാവരെയും ക്ഷണിച്ചു. തുടർന്ന് പാപ്പാ എല്ലാവർക്കും തന്റെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

Comments

leave a reply