സിനിമകളെ നിയന്ത്രിക്കുന്നതാര്?
രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യമുള്‍പ്പെടെ നിരവധി സ്വാതന്ത്ര്യങ്ങളുണ്ട്. സിനിമകളോടനുബന്ധിച്ചുള്ള ആവിഷ്ക്കാര സ്വാതന്ത്ര്യം മൗലീകാവകാശമാണ്. അതേസമയം ഒരുവന്‍റെ മൗലീകാവകാശം അപരന്‍റെ അവകാശങ്ങളേയോ, രാജ്യത്തെ നിയമങ്ങളേയോ ഖണ്ഡിക്കുന്നതാകരുത്. സിനിമകള്‍ നിര്‍മ്മിക്കുമ്പോള്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകുന്നതിനുവേണ്ടിയാണ് സിനിമാട്ടോഗ്രാഫി നിയമം 1952, സിനിമാട്ടോഗ്രാഫി ചട്ടങ്ങള്‍ 1983, സിനിമ സംബന്ധിയായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ 1991 എന്നിവ നിലവിലുള്ളത്.
ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കറ്റ് എന്ന അധികാരകേന്ദ്രമാണ് സിനിമകള്‍ പ്രദര്‍ശനയോഗ്യമാണോ എന്ന് അറിയിക്കുന്നത്. ബോര്‍ഡ് ഓഫ് സര്‍ട്ടിഫിക്കറ്റ് എന്ന സംവിധാനത്തിന് ഒരു ചെയര്‍മാനും, 12 മുതല്‍ 25 വരെ അംഗങ്ങളുമാണുള്ളത് . ഒമ്പത് പ്രാദേശീക ഓഫീസുകള്‍ ബോര്‍ഡ് ഫിലിം സര്‍ട്ടിഫിക്കറ്റ് സംവിധാനത്തിനുണ്ട്, കേരളത്തില്‍ തിരുവനന്തപുരത്താണ് റീജിനല്‍ (പ്രാദേശീക) ഓഫീസ് ഉള്ളത്. സിനിമയുടെ ഉള്ളടക്കം അനുസരിച്ച് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ - യു, യു.എ, യു.എ.എസ്, എന്നിങ്ങനെയാണ് നല്കുന്നത്.
എന്തൊക്കെയാണ് പാടില്ലാത്തത് ?
സിനിമയുടെ പ്രദര്‍ശനയോഗ്യതാസര്‍ട്ടിഫിക്കറ്റ് നല്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെട്ടുവരുന്ന കാര്യങ്ങളില്‍ വകുപ്പ് 5 (ബി) -യില്‍ ആണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പറയുന്നത്. പൊതു പ്രദര്‍ശനത്തിന് ഒരു സിനിമ എപ്പോഴൊക്കെയാണ് യോഗ്യമല്ലാത്തത് എന്നു ചോദിച്ചാല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കറ്റ് എന്ന അധികാരകേന്ദ്രം സര്‍ട്ടിഫിക്കറ്റ് നല്കുന്നതിന് ചില നിബന്ധനകള്‍ പരിശോധിക്കും. രാജ്യത്തിന്‍റെ ഐക്യത്തിനും, അഖണ്ഡതയ്ക്കും, തടസ്സമാകുന്നവ, രാജ്യസുരക്ഷ, അയല്‍രാജ്യങ്ങളുമായുള്ള സുഹൃത്ത്ബന്ധം, പൊതുക്രമം, മാന്യത, ധാര്‍മ്മികത, മാനഹാനി അല്ലെങ്കില്‍ കോടതിയലക്ഷ്യം എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുന്നവ, എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നവ, എന്നിങ്ങനെയൊക്കെയുള്ള സിനിമകള്‍ പൊതുപ്രദര്‍ശനത്തിന് യോഗ്യമല്ല. ഇത്തരത്തില്‍ പൊതുപ്രദര്‍ശനത്തിന് യോഗ്യമല്ല എന്ന് ബോര്‍ഡ് ഓഫ് ഫിലിം കണ്ടെത്തുകയാണെങ്കില്‍ ആ തീരുമാനത്തിനെതിരെ ട്രൈബ്യൂണലില്‍ അപ്പീല്‍ നല്കാം.
1983-ല്‍ രൂപീകരിച്ച ചട്ടങ്ങള്‍ പ്രകാരം സിനിമകളുടെ നിയന്ത്രണം മാത്രമല്ല ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കറ്റ് സംബന്ധമായ അധികാരകേന്ദ്രത്തിനുള്ളത്. സിനിമകള്‍ സംബന്ധിച്ച പൊതുജനങ്ങള്‍ക്ക് പറയുവാനുള്ളത് എന്ത് എന്ന് മനസ്സിലാക്കുന്നതിനും, പൊതുജനങ്ങളുടെ പ്രതികരണങ്ങള്‍ എങ്ങനെ എന്നും മനസ്സിലാക്കുന്നതിനും, പ്രത്യേക ചട്ടം തന്നെ ഈ നിയമത്തിലുണ്ട്. സിനിമകള്‍ സര്‍ട്ടിഫൈ ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ദൃഢീകരിക്കുന്നത് സംബന്ധിച്ചും, മറ്റു കാര്യങ്ങള്‍ക്കുമായും, വിവിധ ബോധവത്ക്കരണപരിപാടികള്‍ നടത്തുക, എഴുത്തുകാരില്‍ നിന്നും സാമൂഹിക-സാമുദായിക നേതാക്കളില്‍ നിന്നും അത്തരത്തില്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ നിന്നും വിവരങ്ങള്‍ ആരായുക, പ്രാദേശീകതലത്തിലും, ദേശീയതലത്തിലും, പഠനങ്ങള്‍ നടത്തുക, വിവിധ തരത്തിലുള്ള സിനിമകളെപ്പറ്റിയുളള പ്രതികരണങ്ങളെക്കുറിച്ച രേഖകള്‍ ഉണ്ടാക്കക, എന്നിവയൊക്കെ ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. ഈ കാര്യങ്ങളൊക്കെ ബോര്‍ഡിന്‍റെ ചുമതലയായിട്ടുകൂടി കണക്കാക്കപ്പെടും.
ഒരിക്കൽ അനുമതി ലഭിച്ച സിനിമകൾക്കെതിരെ പിന്നീടെന്തുചെയ്യാം ?
സിനിമാട്ടോഗ്രാഫി നിയമപ്രകാരം ഒരിക്കല്‍ പ്രദര്‍ശനത്തിനു യോഗ്യമെന്നു കണ്ട് പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്കെതിരെ എന്തു നടപടി എടുക്കാനാകും എന്നു ചോദിച്ചാല്‍ ഇത്തരം സിനിമകള്‍ക്കെതിരെ ഏതെങ്കിലും പരാതി ബോര്‍ഡിനു ലഭിച്ചുകഴിഞ്ഞാല്‍, ബോര്‍ഡ് ആ പരാതി കേന്ദ്രസര്‍ക്കാരിന്‍റെ ബന്ധപ്പെട്ട മന്ത്രാലയത്തിലേക്ക് കൈമാറണം. കേന്ദ്രസര്‍ക്കാര്‍ ആ പരാതി പരിഗണക്കേണ്ടതാണ് എന്നു കാണുകയാണെങ്കില്‍ ബോര്‍ഡിന്‍റെ ചെയര്‍മാനോട് മേല്‍പ്പറഞ്ഞ സിനിമയുടെ സര്‍ട്ടിഫിക്കറ്റ് പുന:പരിശോധിക്കാന്‍ ഉത്തരവിടുകയും ചെയ്യണം. അത്തരം പുന:പരിശോധനാ ഉത്തരവുകള്‍ കേന്ദ്രസര്‍ക്കാരിന് നേരിട്ടു ലഭിച്ചിരിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലോ, ബോര്‍ഡ് മുഖാന്തിരം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലോ ആകാവുന്നതാണ്. ഇത്തരത്തിലുള്ള പുന: പരിശ്ശോധന, ചട്ടങ്ങള്‍ പ്രകാരം ചെയ്യെണ്ടതായിട്ടു വരും.
നിയമത്തിനും, ചട്ടത്തിനും, പുറമേ, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൂടി പുറപ്പെടുവിച്ചിട്ടുണ്ട്. ആ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം സിനിമയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്നതുതന്നെ പൊതുസമൂഹത്തോട് മൂല്യബോധ്യത്തോടെ ഉത്തരവാദിത്വപൂര്‍വ്വം പ്രവര്‍ത്തിക്കുക എന്നുള്ളതാണ്. അതേസമയം, ആവിഷ്ക്കാരസ്വാതന്ത്ര്യം യാതൊരു തരത്തിലും ഹനിക്കപ്പെടുകയുമരുത്. ആരോഗ്യകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കുന്നതിനും, കഴിയുന്നത്ര നല്ല നിലവാരം പുലത്തുന്നതുമാകണം സിനിമ എന്നതാണ് ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നത്. നിലവിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, അക്രമങ്ങള്‍, മുതലായവയൊന്നും പ്രോത്സാഹിപ്പിക്കുകയോ, ന്യായീകരിക്കുകയോ, മഹത്വവത്ക്കരിക്കുകയോ, ചെയ്യരുത്, ക്രിമിനലുകളുടെ പ്രവര്‍ത്തനരീതികള്‍ മുതലായവ പ്രോത്സാഹിപ്പിക്കാതിരിക്കുക, കുട്ടികളെ അക്രമങ്ങളുടെ ഭാഗമായി ഇരകളാക്കുക, പരമാവധി അക്രമങ്ങളും, ക്രൂരതയും, മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളും ഒഴിവാക്കുക എന്നിവയൊക്കെ ഉള്‍പ്പെടുന്നു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതും മഹത്വവത്ക്കരിക്കുന്നതുമായ സീനുകള്‍, മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്ന സീനുകള്‍, പുകവലി മുതലായവ പ്രോത്സാഹിപ്പിക്കുന്ന സീനുകള്‍, എന്നിവയൊക്കെ ഒഴിവാക്കേണ്ടതാണ്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള സീനുകളും, ഒഴിവാക്കണം എന്നാണ് ചട്ടം. അതുപോലെ തന്നെ വംശീയമായോ, മതപരമായോ ഏതെങ്കിലും വിഭാഗങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ള വാക്കുകളും, പ്രവര്‍ത്തികളും ഉണ്ടാകരുത് എന്നും ചട്ടങ്ങളില്‍ പറയുന്നു. വര്‍ഗ്ഗീയത പരത്തുന്നത്, അശാസ്ത്രീയകാര്യങ്ങള്‍ പരത്തുന്നത്, ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നിവയൊക്കെ പ്രോത്സാഹിപ്പിക്കരുതെന്ന കാര്യങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നു.
വിമർശനവിധേയമായ സിനിമകള്‍
പല കാരണങ്ങളാല്‍ ചിലപ്പോഴെല്ലാം സിനിമകള്‍ വിമര്‍ശന വിധേയമാകാറുണ്ട്. ചില സിനിമകള്‍ ഇറങ്ങുന്നതിനു മുമ്പേ തന്നെ മതിയായ പരസ്യം ലഭിക്കുന്നതിനും ഇത്തരത്തിലുള്ള വിവാദങ്ങള്‍ വരുത്താറുമുണ്ട്. മറ്റു പലതാകട്ടെ, രാഷ്ട്രീയ ഉദ്ദേശത്തോടുകൂടിയോ, മതപരമായ മറ്റെന്തെങ്കിലും രാഷട്രീയ താല്പര്യങ്ങളോടുകൂടിയോ, മറ്റെന്തെങ്കിലും ലക്ഷ്യത്തോടുകൂടിയൊ,വിവാദങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഏതു തരത്തിലുള്ള വിവാദങ്ങള്‍ ആണെങ്കിലും ബോര്‍ഡ് ഓഫ് സര്‍ട്ടിഫിക്കറ്റ് നല്കേണ്ട സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെടുത്തി ചട്ടങ്ങളിലും, നിയമങ്ങളിലും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും പറയുന്ന കാര്യങ്ങള്‍ ലംഘിക്കുന്ന സിനിമാപ്രദര്‍ശനങ്ങള്‍ക്കെതിരെ എതൊരു വ്യക്തിക്കും പരാതി നല്കാവന്നതാണ്. ചട്ടം 32 പ്രകാരം പ്രദര്‍ശിക്കപ്പെട്ട സിനിമ പുന: പരിശോധിക്കുന്നതിന് ബോര്‍ഡിനു നേരിട്ടു പരാതി നല്കാം. ബോര്‍ഡ് അത്തരം പരാതി പുന:പരിശോധനാ നടപടികളുമായി മുന്നോട്ടുപോകേണ്ടതായിവരും.
സിനിമാസംബന്ധമായ വ്യവഹാരങ്ങളില്‍ പലപ്പോഴും കോടതി ഇടപെടാത്ത വാര്‍ത്തകളും ശ്രദ്ധയില്‍ ഉണ്ടാകും. ആവിഷ്ക്കാരസ്വതന്ത്ര്യം തടസ്സപ്പെടുത്തുന്ന കാര്യങ്ങള്‍ പരമാവധി സൂക്ഷിച്ചു മാത്രമാണ് കോടതികള്‍ ഇടപെടാറുള്ളത്. ആവിഷ്ക്കാരസ്വാതന്ത്ര്യം സംബന്ധിച്ച് പൗരന്‍റെ മൗലീകാവകാശം സംരക്ഷിക്കുന്നതിന് ധാര്‍മ്മീകത, മതപരമായ കാര്യങ്ങള്‍, മുതലായവയുടെ പേരില്‍ സര്‍ക്കാരുകള്‍ ഇടപെട്ടു വരുന്നുണ്ട്. അത്തരത്തിലുള്ള ഇടപെടലുകള്‍ ഭരണഘടനാപരമായ സംരക്ഷണമാണെന്നും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഭരണഘടനാപരമായ അത്തരം സംരക്ഷണങ്ങള്‍ ഭൂരിപക്ഷത്തിന്‍റെ വികാരത്തിലുള്ള മതപരമായ ആശയങ്ങളോ, മറ്റു നിലവാരങ്ങളോ സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമല്ല. ന്യൂനപക്ഷത്തിന്‍റെ ആവിഷ്ക്കാരസ്വാതന്ത്ര്യം മൂലം ഉണ്ടാകുന്ന ഇത്തരം കലാപ്രവര്‍ത്തനങ്ങള്‍ കൂടി സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നതാണ് നിയമപരമായ വ്യാഖ്യാന്ങ്ങളുടെ അകെത്തുക. സിനിമ, പുസ്തകം, നാടകം, നോവല്‍ എന്നിവയിലെല്ലാം കലാകാരന്‍റെ സ്വന്തം സ്വാതന്ത്ര്യവും, ആവിഷ്ക്കാരസ്വാതന്ത്ര്യമാണ് എന്നാണ് രാജ്യത്തെ പരമോന്നനനീതിപീഠമുള്‍പ്പെടെ പലവുരു പറഞ്ഞിട്ടുള്ളത്.
അഡ്വ. ഷെറി ജെ തോമസ്
Video Courtesy : Filmkopath
Comments