ഫാ. ജോഷി മയ്യാറ്റിൽ
ഫ്രാൻസിസ് പാപ്പായുടെ പേപ്പസി ഏറെ സവിശേഷതകളുള്ളതാണ്. ഏഴുനൂറ്റാണ്ടുകളായി ഒരു മാർപ്പാപ്പയും എടുത്തണിയാൻ ധൈര്യപ്പെടാതിരുന്ന വി. ഫ്രാൻസിസ് അസ്സീസിയുടെ നാമം ഏറ്റുവാങ്ങിയ നിമിഷംമുതൽ ആ സവിശേഷത പ്രകടമാണ്. ദരിദ്രരെ കരുണയുടെ സുവിശേഷം പ്രായോഗികമായി അറിയിക്കുന്ന ക്രിസ്തുശൈലി അദ്ദേഹത്തിന്റെ മുഖമുദ്രയാണ്. ഒപ്പം, പ്രപഞ്ചത്തോടുള്ള മനുഷ്യന്റെ പെരുമാറ്റം ദൈവത്തിനു മഹത്ത്വമായിത്തീരണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. അഭയാർത്ഥികളുടെ സഹനപർവം ഹൃദയത്തിൽ പേറുന്ന പാപ്പാ എന്നും അവരുടെ വക്കാലത്തുകാരനാണ്. ലോകത്തിന്റെ ഏകരക്ഷകനായ യേശുക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള ഓരോ ക്രൈസ്തവന്റെയും ഉത്തരവാദിത്വത്തെക്കുറിച്ച് നിരന്തരം പ്രബോധിപ്പിച്ചുകൊണ്ട് അദ്ദേഹം സഭയെ പ്രേഷിതമാനസാന്തരത്തിലേക്ക് ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു. ഉത്ഥിതനായ ക്രിസ്തുവിന്റെ പ്രസരിപ്പും ഉന്മേഷവും ആകർഷകത്വവും നമ്മുടെ പ്രേഷിതശൈലിയാക്കാൻ അദ്ദേഹം നമ്മെ വെല്ലുവിളിക്കുകയാണ്.
ദരിദ്രർക്കു സദ്വാർത്തയായ യേശുക്രിസ്തുവിന്റെ (ലൂക്കാ 4,18) പ്രതിപുരുഷൻ സഭയ്ക്കും ലോകത്തിനുമുഴുവനും നല്കുന്ന മാതൃകയും സന്ദേശവും ആഹ്വാനവും ദരിദ്രോന്മുഖതയുടേതാണ്. ദരിദ്രസമാനമായ ജീവിതശൈലി എന്നും കാത്തുസൂക്ഷിച്ചിട്ടുള്ള പാപ്പയ്ക്ക് വത്തിക്കാനിലും ലളിതജീവിതം തുടരാൻ ഒരു ബുദ്ധിമുട്ടും ഇതുവരെ ഉണ്ടായിട്ടില്ല. തനിക്കു താമസിക്കാനായി പേപ്പൽ വസതി ത്യജിച്ച്, സാന്താ മാർത്ത തിരഞ്ഞെടുത്ത ആദ്യനടപടിയിൽത്തന്നെ ഫ്രാൻസിസിന്റെ ചൈതന്യം സുവിദിതമായിരുന്നു. അദ്ദേഹത്തിന്റെ പ്രബോധനരേഖകളിലെല്ലാം ദരിദ്രർ മുഖ്യസ്ഥാനത്തുണ്ട്. വത്തിക്കാൻ ഹാളുകളിലേക്ക് ദരിദ്രരെ പ്രത്യേകം ക്ഷണിച്ച് അവരോടൊത്തു ഭക്ഷിക്കുകയും അവരെ പ്രബോധിപ്പിക്കുകയും അവരുടെ വാക്കുകൾ കേൾക്കുകയും ചെയ്യുന്ന രീതി വത്തിക്കാന് ഇതിനകം ഒരു ശീലമായിക്കഴിഞ്ഞു. ജോൺപോൾ രണ്ടാമൻ പാപ്പ വത്തിക്കാൻമതിൽക്കെട്ടിനുള്ളിൽ സ്ഥാപിച്ച മദർതെരേസ സിസ്റ്റേഴ്‌സിന്റെ മഠത്തിന്റെ മേൽനോട്ടത്തിൽ എല്ലാ ദിവസവും നടക്കുന്ന ഭക്ഷണവിതരണത്തിനു പുറമേയാണിത് എന്നോർക്കണം. കോവിഡുകാലത്താണ് വത്തിക്കാന്റെ ദരിദ്രരോടുള്ള കരുതലിന് പുതുപുത്തൻ മാനങ്ങളുണ്ടായത്. റോമിൽ അലഞ്ഞുനടക്കുന്നവരും നിയമപരമായ രേഖകൾ കൈയിലില്ലാത്തവരുമായ എല്ലാവർക്കുമായി കോവിഡുവാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്തിയതും അതിനായി സെന്റ് പീറ്റേഴ്‌സ് ചത്വരത്തിന്റെ ഒരു ഭാഗം സംവരണംചെയ്തതും പാപ്പയുടെ പ്രത്യേകതാത്പര്യപ്രകാരമാണ്.
വിപണികേന്ദ്രീകൃതമായ സമ്പദ്ഘടനയുടെ മനുഷ്യത്വരാഹിത്യം തുറന്നുകാണിക്കുന്നതിൽ തീരെ ഡിപ്ലോമസി കാണിക്കാത്ത ഒരു പാപ്പയാണിത്. 2013-ൽ 'സുവിശേഷത്തിന്റെ ആനന്ദം' എന്ന അപ്പസ്‌തോലികാഹ്വാനത്തിൽ കാപ്പിറ്റലിസ്റ്റു വ്യവസ്ഥിതിയെക്കുറിച്ച് ഫ്രാൻസിസ് പാപ്പ നടത്തിയ ചില നിരീക്ഷണങ്ങളാണ് 'വത്തിക്കാനിലെ കമ്മ്യൂണിസ്റ്റുകാരൻ' എന്ന കളിപ്പേര് അദ്ദേഹത്തിനു നല്കാൻ റഷ് ലിംബോയെപ്പോലുള്ള ചില അമേരിക്കൻ വിമർശകരെ പ്രേരിപ്പിച്ചത്. എന്നാൽ അദ്ദേഹം 2015-ൽ പ്രസിദ്ധീകരിച്ച 'ലവുദാത്തൊ സീ', 2020-ൽ പുറപ്പെടുവിച്ച''ഫ്രത്തെല്ലി തൂത്തി' എന്നീ ചാക്രികലേഖനങ്ങളിൽ പൂർവാധികം ശക്തിയോടെ ഈ വിഷയത്തിലുള്ള തന്റെ നിലപാട് അവതരിപ്പിച്ചിട്ടുണ്ട്. കാപ്പിറ്റലിസത്തെക്കുറിച്ചുള്ള പാപ്പയുടെ നിരീക്ഷണങ്ങൾ കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തിനുള്ള അംഗീകാരമായിട്ടാണ് പലരും വ്യാഖ്യാനിക്കുന്നത്. എന്നാൽ, വിപണിയെ കേന്ദ്രീകരിക്കുന്ന കാപ്പിറ്റലിസവും അധികാരത്തെ കേന്ദ്രീകരിക്കുന്ന കമ്മ്യൂണിസവും സഭയ്ക്ക് ഒരുപോലെ അനഭിമതങ്ങളാണെന്ന് 'റേരും നൊവാരും' മുതൽ 'ഫ്രത്തെല്ലി തൂത്തി' വരെ നീളുന്ന സഭാപ്രബോധനങ്ങൾ വായിച്ചാൽ മനസ്സിലാകും. ക്രൈസ്തവസോഷ്യലിസത്തിന്റെ ശക്തനായ വക്താവും മാതൃകയുമാണ് ഫ്രാൻസിസ് പാപ്പ.
സഭയിൽ സ്ത്രീശക്തീകരണത്തിന്റെ പ്രായോഗികനിലപാടുകൾ പാപ്പായുടെ നിയമനങ്ങളിൽ കാണാം. വത്തിക്കാന്റെ സാമ്പത്തികഇടപാടുകളുടെ മേൽനോട്ടത്തിനായി ആറോളം വനിതകളെയാണ് 2020-ൽ പാപ്പ നിയമിച്ചത്. വത്തിക്കാൻ മ്യൂസിയം ഡയറക്ടറായും മാധ്യമവിഭാഗത്തിന്റെ ഉപാധ്യക്ഷയായും ഡപ്യൂട്ടി വിദേശകാര്യമന്ത്രിയായും സ്ത്രീകൾ നിയോഗിക്കപ്പെട്ടത് പലരും അദ്ഭുതത്തോടെയാണ് കണ്ടത്. മെത്രാന്മാരുടെ സിനഡിനുള്ള രണ്ട് ഡെപ്യൂട്ടിസെക്രട്ടറിമാരിൽ ഒരാളായി സി. നത്താലി ബെഖ്വായെ 2021 ഫെബ്രുവരിയിൽ നിയമിച്ചത് ലോകശ്രദ്ധ പിടിച്ചുപറ്റി. കൂടാതെ, വത്തിക്കാന്റെ അപ്പീൽ കോടതിയിൽ പ്രൊമോട്ടർ ഓഫ് ജസ്റ്റിസ് ആയി ആദ്യമായി ഒരു വനിത നിയോഗിക്കപ്പെട്ടു. ഇറ്റാലിയൻ മജിസ്റ്റ്രേറ്റായിരുന്ന കാത്തിയ സുമ്മാറിയയാണത്. ഏറ്റവുമൊടുവിൽ, വിശുദ്ധഗ്രന്ഥസംബന്ധിയായ ഔദ്യോഗികപഠനങ്ങൾ നടത്താനും സഭാനിലപാടുകൾ രൂപീകരിക്കാനും ഉത്തരവാദിത്വമുള്ള പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷന്റെ സെക്രട്ടറിയായി സി. നൂറിയ കൽദൂക്കിനെ അവരോധിച്ച നടപടി പലർക്കും അതിശയമാണ് സമ്മാനിച്ചത്.
ലെംഗികാരോപണങ്ങളുടെ കാറ്റിലും കോളിലും ആടിയുലഞ്ഞുകൊണ്ടിരുന്ന സഭാനൗകയ്ക്ക് ആ മേഖലയിൽ എത്ര വലിയ സ്വച്ഛതയാണ് ചുരുങ്ങിയ സമയംകൊണ്ടു പാപ്പാ നേടിത്തന്നത്! ഏറെ വ്യക്തതയോടും കൃത്യതയോടും നിഷ്ഠയോടുംകൂടെ അദ്ദേഹം എടുത്ത 'സീറോ ടോളറൻസ്' പോളിസിയാണ് ആ സ്വച്ഛത സാധ്യമാക്കിയത്. ധൂർത്തിനും ആഡംബരത്തിനുമെതിരേ പാപ്പാ സ്വീകരിച്ച കടുത്ത നടപടികൾ ഏതാനും മെത്രാന്മാരുടെതന്നെ കസേര തെറിപ്പിച്ചത് വിസ്മയത്തോടെ നോക്കിനിന്നവരാണ് നമ്മൾ. കർദിനാൾമാരും മെത്രാന്മാരും വൈദികരും ഉൾപ്പെടെ എല്ലാ അജപാലകരോടുമായി പാപ്പാ ചെയ്ത വിവിധതരം ആഹ്വാനങ്ങൾ ഇതുവരെ കേട്ടുകേൾവിയില്ലാത്തവയായിരുന്നു. വത്തിക്കാൻ കൂരിയയെ സംശുദ്ധമാക്കാൻ പാപ്പ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികൾ ഒരു ഭരണകർത്താവ് എന്ന നിലയിൽ അദ്ദേഹത്തിനുള്ള ഇച്ഛാശക്തിയും കാര്യക്ഷമതയും വ്യക്തമാക്കുന്നതാണ്. ഇവയെല്ലാം പാപ്പായ്ക്ക് ശത്രുക്കളെ സമ്മാനിച്ചില്ലെങ്കിലല്ലേ അതിശയമുള്ളൂ!
അതേസമയം, പരസ്യപാപികളായി മുദ്രകുത്തപ്പെട്ടവരെയെല്ലാം കൂടെ ചേർത്തുനിറുത്തുന്ന ഒരു അജപാലനശൈലിയുടെ ഉടമയും വക്താവുമായി പാപ്പായെ ഏവർക്കും കാണാനാകുന്നു. ''അവരെ വിധിക്കാൻ ഞാൻ ആരാണ്'' എന്ന പാപ്പയുടെ ചോദ്യം പലരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചെങ്കിലും പാപത്തെ വെറുത്ത് പാപിയെ സ്‌നേഹിക്കുന്ന ക്രിസ്തുവിന്റെ ശൈലിതന്നെയാണ് അതിൽ നിഴലിച്ചത്. 'അമോരിസ് ലെത്തീസിയാ'യിലെ വിവാദപരമായ 351-ാം അടിക്കുറിപ്പിലൂടെ പാപ്പ ആത്യന്തികമായി പറയാൻ ശ്രമിക്കുന്നത് വൈവാഹികഅപഭ്രംശത്തിൽപ്പെട്ട ഒരു വ്യക്തിയോടും ''പുകഞ്ഞകൊള്ളി പുറത്ത്'' എന്ന നയമായിരിക്കരുത് അജപാലകരുടേത് എന്നാണ്. ഓരോ വ്യക്തിയെയും കരുണയോടെ സമീപിക്കണമെന്നും അപഭ്രംശത്തിന്റെ സാഹചര്യങ്ങൾ വസ്തുനിഷ്ഠമായി പഠിക്കണമെന്നും സാധ്യമായ അജപാലനപരമായ കരുതലുകൾ അവരുടെനേർക്ക് വേണമെന്നുമാണ് പാപ്പയുടെ നിലപാട്.
സത്യത്തിൽ, ഡോഗ്മയുടെ മേഖലയിലല്ല, അജപാലനശൈലിയുടെ മേഖലയിലാണ് അദ്ദേഹം കൈവയ്ക്കുന്നത്. വ്യക്തികൾക്കു പ്രാധാന്യം നല്കുന്നതും പാവപ്പെട്ടവർക്കു മുൻഗണനയുള്ളതും കരുണാമയവും പ്രേഷിതപരവുമായ ഒരു അജപാലനത്തിന്റെ വക്താവാണ് ഫ്രാൻസിസ് പാപ്പാ. സുശക്തവും സുധീരവും സുതാര്യവും ക്രിസ്തുകേന്ദ്രീകൃതവുമായ തന്റെ നിലപാടുകൾക്ക് അദ്ദേഹം കൊടുക്കുന്ന വിലയാണ് നിരന്തരം നേരിടേണ്ടിവരുന്ന നിരവധിയായ വാചികാക്രമണങ്ങൾ! ആരോപണങ്ങളും ദുർവ്യാഖ്യാനങ്ങളുമെല്ലാം തനിക്കുനേരേ ഉയരുമ്പോഴും ഒന്നും കൂസാതെ മുന്നോട്ടു പോകാനുള്ള ആ കരുത്ത് പ്രാർത്ഥനയിൽനിന്നുള്ളതുതന്നെ, സംശയമില്ല.
അപ്പോളോയുടേത്, കേപ്പായുടേത്, പൗലോസിന്റേത്
ആഗോളസഭയിൽ യാഥാസ്ഥിതികരെന്നും ഉൽപതിഷ്ണുക്കളെന്നുമുള്ള ചേരിതിരിവ് ഇന്ന് ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആഗോളവത്കരണത്തിന്റെ ഒരു ഉപോത്പന്നമായി വേണം അതിനെ കാണാൻ. ആത്മീയമേഖലയിലെ അമേരിക്കൻ സാമ്രാജ്യത്വവ്യാപനത്തിന്റെ പ്രതിഫലനമായിപ്പോലും ചിലരെങ്കിലും അതിനെ വ്യാഖ്യാനിക്കുന്നുണ്ട്. ഏതായാലും ഒരു കാര്യം വ്യക്തം: സഭൈക്യത്തിനായി പ്രാർത്ഥിച്ച ഈശോയുടെ (യോഹ 17) മനസ്സനുസരിച്ചുള്ളതല്ല ഈ വിഭാഗീയത. ഉറവിടങ്ങളിലേക്കുള്ള തിരിച്ചുപോക്കും (return to the sources) അധുനാധുനീകരണവും (aggiornamento) മുഖ്യലക്ഷ്യങ്ങളായുണ്ടായിരുന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യത്തിൽപ്പെട്ടതുമല്ല ഈ ധ്രുവീകരണം.
ഫ്രാൻസിസ് പാപ്പാ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതുമുതൽ സാത്താന്റെ വിഭാഗീയ തന്ത്രങ്ങൾ പല കോണുകളിലും നിന്നു പ്രബലപ്പെടാൻ ശ്രമിക്കുന്നതായി കാണുന്നു. പാപ്പായ്‌ക്കെതിരേ സമാനതകളില്ലാത്ത ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ബെനഡിക്ട് പതിനാറാമൻ പാപ്പായാണ് സഭയിലെ അവസാനത്തെ പാപ്പായെന്നും ഫ്രാൻസിസ് പാപ്പാ വ്യാജപ്രവാചകനാണെന്നും സ്ഥാപിച്ചെടുക്കാൻ അയർലണ്ടുകാരി മേരി കാർബെറിയും കെല്ലി ബോറിങ്ങ് എന്ന ദൈവശാസ്ത്രജ്ഞനും ചേർന്നു നടത്തിയ ആശയപ്രചാരണത്തിൽ മലയാളികളിൽ ചിലരെങ്കിലും പെട്ടുപോയി. ബുക്ക് ഓഫ് ട്രൂത്ത് എന്ന പുസ്തകം മലയാളത്തിൽ പരിഭാഷപ്പെടുത്തി സൗജന്യമായി വിതരണം ചെയ്യാൻ ഇവിടെ ഒരു ഗൂഢസംഘംതന്നെ പ്രവർത്തനസജ്ജമായി. സഭയുടെ നാലു സ്വഭാവസവിശേഷതകളിൽ ഒന്നായ 'ഏകം' എന്ന ആശയത്തിനു വിരുദ്ധമാണല്ലോ 'അവശിഷ്ടസഭ' എന്ന സംജ്ഞതന്നെ! വിശ്വാസപ്രമാണമെങ്കിലും നേരേ ചൊവ്വേ ചൊല്ലാൻ അറിയാവുന്നവർക്ക് ഇത്തരം ആശയങ്ങൾക്ക് എളുപ്പം ഇരകളായിത്തീരാൻ കഴിയില്ല എന്നതാണ് സത്യം.
സ്വവർഗവിവാഹത്തിന് കൗദാശികസ്ഥാനം നല്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജർമൻ സഭയിലെ മെത്രാന്മാരും വൈദികരുമുൾപ്പെടെയുള്ള സഭാംഗങ്ങൾ ഈമാസം പത്താം തീയതി പരസ്യസമരത്തിന് ഇറങ്ങുമെന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോൾ ഇക്കാര്യത്തിൽ പലർക്കും ആശങ്കയുണ്ട്. വിശുദ്ധഗ്രന്ഥത്തിന്റെയും സഭാപാരമ്പര്യത്തിന്റെയും വിശ്വാസബോധ്യങ്ങളെ ശക്തിപ്രകടനത്തിനുമുന്നിൽ അടിയറവയ്ക്കാൻ സഭയ്ക്കാകുമോ? ഇക്കാര്യത്തിൽ പാപ്പയുടെ പ്രതികരണവും നിലപാടും എന്തായിരിക്കും എന്ന ജിജ്ഞാസ യിലാണ് പലരും. ''അവരെ വിധിക്കാൻ ഞാനാര്'' എന്ന പഴയചോദ്യത്തിന് എന്തെല്ലാം അർത്ഥതലങ്ങൾ താൻ ഉദ്ദേശിച്ചിട്ടുണ്ട് എന്നു വ്യക്തമാക്കാൻ പാപ്പയ്ക്കുള്ള ഈ സുവർണാവസരം കൃത്യതയോടെയും വ്യക്തതയോടെയും അദ്ദേഹം ഉപയോഗിക്കും എന്നു പ്രതീക്ഷിക്കാം.
മാർപ്പാപ്പ ക്രിസ്തുവിന്റെ പ്രതിപുരുഷനായിരിക്കുമ്പോൾത്തന്നെ നമ്മുടെ സഹവിശ്വാസിയും കൂടിയാണ്. പാപ്പായ്ക്ക് ഏറെ പ്രാർത്ഥന ആവശ്യമുണ്ടെന്ന സത്യം തന്റെ പേപ്പസിയുടെ ആദ്യനിമിഷംമുതൽ ഫ്രാൻസിസ് പാപ്പാതന്നെ വ്യക്തമാക്കിയിട്ടുള്ളതും ആവർത്തിച്ചാവർത്തിച്ച് നമ്മെ അനുസ്മരിപ്പിക്കുന്നതുമാണല്ലോ. ഈശോപോലും പത്രോസിനുവേണ്ടി പ്രാർത്ഥിച്ചു (ലൂക്കാ 22,32). എങ്കിൽ, എത്രയധികമായി നാം അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കണം!
Comments