ലക്ഷങ്ങൾ മുടക്കി തോട്ടിലെ
ചെളിവാരും , എൽ. എൻ. ജി.
ടെർമിനലുകൾ അതേ തോട്ടിൽ
ചെളിയെറിഞ്ഞ് നിറയ്ക്കും
എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തും സംസ്ഥാന മേജർ ഇറിഗേഷൻ വകുപ്പും ലക്ഷങ്ങൾ മുടക്കി ഡ്രഡ്ജ് ചെയ്ത് ആഴം കൂട്ടിയ ആർ എം പി തോട്ടിലേക്ക് എൽ എൻ ജി ടെർമിനൽ വക ചെളിയഭിഷേകം.
വൈപ്പിൻ അഴിമുഖത്തുനിന്നു ആരംഭിക്കുന്ന ആർ എം പി തോടിന് ഒരേ വീതിയിൽ ആറു കിലോ മീറ്ററോളം നീളമുണ്ട് .എളങ്കുന്നപ്പുഴ പഞ്ചായത്തിൻറെ ഹൃദയഭാഗത്ത്കൂടി ഒഴുകുന്ന ഈ തോട് വഴിയാണ് പുതുവൈപ്പ് പ്രദേശത്തെ മഴവെള്ളം ഒഴുകി പോകുന്നതും വെള്ളക്കെട്ട് നിയന്ത്രണ വിധേയമാക്കുന്നതും.
ഈ തോടിൻറെ മുഖവാരം വൈപ്പിൻ അഴിമുഖത്തതായതിനാൽ മിക്കപ്പോഴും മണ്ണ് വീണ് ആഴം കുറഞ്ഞുപോകുക പതിവാണ്.മഴക്കാലത്തിന് മുൻപ് മുഖവാരം ആഴം കൂട്ടിയാൽ മാത്രമേ പുതുവൈപ്പിൽനിന്നുള്ള മഴവെള്ളം കടലിലേക്ക് ഒഴുകിപ്പോകുകയുള്ളൂ.
പ്രദേശവാസികളുടെ നിരന്തരമായ മുറവിളിയെത്തുടർന്നു ഒന്നരമാസം മുൻപാണ് ഇവിടെ ഡ്രെഡ്ജിങ് നടത്തി ആഴം കൂട്ടിയത്.
എന്നാൽ എൽ എൻ ജി ടെർമിനൽ ജെട്ടി പരിസരത്ത് ആഴം കൂട്ടുവാൻ വേണ്ടി നടത്തുന്ന ഡ്രെഡ്ജിങിലെ മണ്ണും ചെളിയും വന്നു വീഴുന്നത് ആർ എം പി തോട്ടിലേക്കായതിനാൽആഴം കൂട്ടിയ തോടു വീണ്ടും നികർന്നുകഴിഞ്ഞു.കൂടാതെ ഡ്രെഡ്ജിങ് നടത്തി നിക്ഷേപിക്കുന്ന ചതുപ്പിലെ വെള്ളവും ചെളിയും ഒഴുകിപ്പോകുവാൻ മറ്റൊരു പൈപ്പും തോടിന്റെ മുഖവാരത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇതും മണ്ണ് വീഴ്ചയ്ക്ക് കരണമാകുന്നു. ഒന്നര രണ്ട് മീറ്ററോളം ആഴം കൂട്ടിയ മുഖവാരത്തിന് ഇപ്പോൾ രണ്ട് അടിയോളം മാത്രമേ ആഴമുള്ളൂ.
സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ വിജ്‍ഞാപന പ്രകാരം സംരക്ഷിത പ്രദേശമായ ആർ എം പി തോടിന്റെ കരയിലുള്ള കണ്ടല്കാടുകളെ നശിപ്പിക്കുന്ന ഈ ഡ്രെഡ്ജിങ് അനധികൃതമാണെന്നാണ് പരിസ്ഥിതി പ്രവർത്തകരായ കെ എസ് മുരളിയും സി ജി ബിജുവും പറയുന്നത്.
മുഖവാരം മണ്ണുവീണ് നികർന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് വഞ്ചിയുമായി കടലിൽ പോകുന്നതിനും തടസ്സം നേരിടുന്നു.അശാസ്ത്രീയമായ ഡ്രെഡ്ജിങ് നിർത്തി പുതുവൈപ്പിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്നും ആർ എം പി തോടിന്റെ ആഴം നിലനിർത്തുവാൻ ശാസ്ത്രീയമായ പഠനം നടത്തി ശാശ്വത പരിഹാരം കാണണമെന്നും കോൺഗ്രസ്സ് വൈപ്പിൻ ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ എസ് ബെന്നി ആവശ്യപ്പെട്ടു.
ഫ്രാൻസിസ് ചമ്മണി
Comments